രാജാക്കന്മാർ 1

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22


അദ്ധ്യായം 1

1 ദാവീദ്‍രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.
2 ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനിൽക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു.
3 അങ്ങനെ അവർ സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
4 ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല.
5 അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടു: ഞാൻ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
6 അവന്റെ അപ്പൻ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലും: നീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെ ശേഷം ആയിരുന്നു അവൻ ജനിച്ചതു.
7 അവൻ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവർ അദോനീയാവിന്നു പിന്തുണയായിരുന്നു.
8 എന്നാൽ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല.
9 അദോനീയാവു ഏൻ-രോഗേലിന്നു സമീപത്തു സോഹേലെത്ത് എന്ന കല്ലിന്നരികെ വെച്ചു ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.
10 എങ്കിലും നാഥാൻ പ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
11 എന്നാൽ നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞതു: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.
12 ആകയാൽ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാൻ നിനക്കു ആലോചന പറഞ്ഞുതരാം.
13 നീ ദാവീദ്‍രാജാവിന്റെ അടുക്കൽ ചെന്നു: യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായിവാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവു വാഴുന്നതു എന്തു എന്നു അവനോടു ചോദിക്ക.
14 നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്കു ഉറപ്പിച്ചുകൊള്ളാം.
15 അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവു വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിന്നു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.
16 ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു.
17 അവൾ അവനോടു പറഞ്ഞതു: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോടു സത്യം ചെയ്തുവല്ലോ.
18 ഇപ്പോൾ ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവു അറിയുന്നതുമില്ല.
19 അവൻ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല.
20 യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു നീ അറിയിക്കേണ്ടതിന്നു എല്ലായിസ്രായേലിന്റെയും കണ്ണു നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
21 അല്ലാഞ്ഞാൽ, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.
22 അവൾ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇതാ, നാഥാൻ പ്രവാചകൻ വരുന്നു.
23 നാഥാൻ പ്രവാചകൻ വന്നിരിക്കുന്നു എന്നു രാജാവിനോടു അറിയിച്ചു. അവൻ രാജസന്നിധിയിൽ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
24 നാഥാൻ പറഞ്ഞതെന്തെന്നാൽ: യജമാനനായ രാജാവേ, അദോനീയാവു എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?
25 അവൻ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവർ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: അദോനീയാരാജാവേ, ജയജയ എന്നു പറയുന്നു.
26 എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
27 യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നതു?
28 ബത്ത്-ശേബയെ വിളിപ്പിൻ എന്നു ദാവീദ്‍രാജാവു കല്പിച്ചു. അവൾ രാജസന്നിധിയിൽചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.
29 എന്നാറെ രാജാവു: എന്റെ ജീവനെ സകലകഷ്ടത്തിൽനിന്നും വീണ്ടെുത്തിരിക്കുന്ന യഹോവയാണ,
30 നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.
31 അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്റെ യജമാനനായ ദാവീദ്‍രാജാവു ദീർഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.
32 പിന്നെ ദാവീദ്: പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിൻ എന്നു കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നുനിന്നു.
33 രാജാവു അവരോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്റെ മകനായ ശാലോമോനെ എന്റെ കോവർകഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിൻ.
34 അവിടെവെച്ചു സാദോൿ പുരോഹിതനും നാഥാൻ പ്രവാചകനും അവനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: ശലമോൻ രാജാവേ, ജയജയ എന്നു ഘോഷിച്ചുപറവിൻ.
35 അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്നു എന്റെ സിംഹാസനത്തിൽ ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ അവനെ നിയമിച്ചിരിക്കുന്നു.
36 അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവു രാജാവിനോടു: ആമേൻ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.
37 യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‍രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
38 അങ്ങനെ സാദോൿ പുരോഹിതനും നാഥാൻ പ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ളേത്യരും ചെന്നു ദാവീദ്‍രാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമേനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,
39 സാദോൿ പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും ശലോമോൻ രാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു.
40 പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമികുലുങ്ങുമാറു അത്യന്തം സന്തോഷിച്ചു.
41 അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അതു കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു.
42 അവൻ പറയുമ്പോൾ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവു അവനോടു: അകത്തുവരിക; നീ യോഗ്യപുരുഷൻ; നീ നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
43 യോനാഥാൻ അദോനീയാവോടു ഉത്തരം പറഞ്ഞതു: നമ്മുടെ യജമാനനായ ദാവീദ്‌രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.
44 രാജാവു സാദോൿ പുരോഹിതനെയും നാഥാൻ പ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ളേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി.
45 സാദോൿ പുരോഹിതനും നാഥാൻ പ്രവാചകനും അവനെ ഗീഹോനിൽവെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവർ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം.
46 അത്രയുമല്ല ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു;
47 രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‍രാജാവിനെ അഭിവന്ദനം ചെയ്‍വാൻ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽകൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.
48 രാജാവു തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്നു എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
49 ഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഓരോരുത്തൻ താന്താന്റെ വഴിക്കുപോയി.
50 അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
51 അദോനീയാവു ശലോമോൻ രാജാവിനെ പേടിക്കുന്നു; ശലോമോൻ രാജാവു അടിയനെ വാൾകൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോൻ വർത്തമാനം കേട്ടു.
52 അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്നു ശലോമോൻ കല്പിച്ചു.
53 അങ്ങനെ ശലോമോൻ രാജാവു ആളയച്ചു അവർ അവനെ യാഗപീഠത്തിങ്കൽനിന്നു ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻ രാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോടു: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്നു കല്പിച്ചു.
അദ്ധ്യായം 2

1 ദാവീദിന്നു മരണകാലം അടുത്തുവന്നപ്പോൾ അവൻ തന്റെ മകനായ ശലോമോനോടു കല്പിച്ചതു എന്തെന്നാൽ:
2 ഞാൻ സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നീ ധൈര്യംപൂണ്ടു പുരുഷനായിരിക്ക.
3 നീ എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും സകലത്തിലും നീ കൃതാർത്ഥനാകേണ്ടതിന്നും നിന്റെ മക്കൾ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ എന്റെ മുമ്പാകെ സത്യമായി നടന്നു തങ്ങളുടെ വഴി സൂക്ഷിച്ചാൽ യിസ്രായേലിന്റെ രാജാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്കു ഇല്ലാതെ പോകയില്ല എന്നു യഹോവ എന്നോടു അരുളിച്ചെയ്ത വചനം താൻ ഉറപ്പിക്കേണ്ടതിന്നുമായി
4 മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ചുംകൊണ്ടു അവന്റെ ആജ്ഞ അനുസരിച്ചുകൊൾക.
5 വിശേഷിച്ചു സെരൂയയുടെ മകൻ യോവാബ് എന്നോടു ചെയ്തതു, യിസ്രായേലിന്റെ രണ്ടു സേനാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനോടും യേഥെരിന്റെ മകൻ അമാസയോടും ചെയ്തതു തന്നേ നീയും അറിയുന്നുവല്ലോ; അവൻ അവരെ കൊന്നു സമാധാനസമയത്തു യുദ്ധരക്തം ചൊരിഞ്ഞു യുദ്ധരക്തം തന്റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ.
6 ആകയാൽ നീ ജ്ഞാനം പ്രയോഗിച്ചു അവന്റെ നരയെ സമാധാനത്തോടെ പാതാളത്തിൽ ഇറങ്ങുവാൻ സമ്മതിക്കരുതു.
7 എന്നാൽ ഗിലെയാദ്യനായ ബർസില്ലായിയുടെ മക്കൾക്കു നീ ദയകാണിക്കേണം; അവർ നിന്റെ മേശയിങ്കൽ ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ ഇരിക്കട്ടെ; നിന്റെ സഹോദരനായ അബ്ശാലോമിന്റെ മുമ്പിൽനിന്നു ഞാൻ ഓടിപ്പോകുമ്പോൾ അവർ അങ്ങനെ തന്നേ എന്നോടും പെരുമാറി.
8 പിന്നെ ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി എന്നൊരുവൻ ഉണ്ടല്ലോ; ഞാൻ മഹനയീമിലേക്കു പോകുന്ന ദിവസം അവൻ എന്നെ കഠിനശാപത്തോടെ ശപിച്ചു; എങ്കിലും അവൻ യോർദ്ദാങ്കൽ എന്നെ എതിരേറ്റുവന്നതുകൊണ്ടു അവനെ വാൾകൊണ്ടു കൊല്ലുകയില്ല എന്നു ഞാൻ യഹോവാനാമത്തിൽ അവനോടു സത്യംചെയ്തു.
9 എന്നാൽ നീ അവനെ ശിക്ഷിക്കാതെ വിടരുതു; നീ ബുദ്ധിമാനല്ലോ; അവനോടു എന്തു ചെയ്യേണമെന്നു നീ അറിയും; അവന്റെ നരയെ രക്തത്തോടെ പാതാളത്തിലേക്കു അയക്കുക.
10 പിന്നെ ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു.
11 ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവൻ ഹെബ്രോനിൽ ഏഴു സംവത്സരവും യെരൂശലേമിൽ മുപ്പത്തുമൂന്നു സംവത്സരവും വാണു.
12 ശലോമോൻ തന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു; അവന്റെ രാജത്വം ഏറ്റവും സ്ഥിരമായിവന്നു.
13 എന്നാൽ ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു ശലോമോന്റെ അമ്മയായ ബത്ത്-ശേബയെ ചെന്നുകണ്ടു; നിന്റെ വരവു ശുഭമോ എന്നു അവൾ ചോദിച്ചതിന്നു: ശുഭം തന്നേ എന്നു അവൻ പറഞ്ഞു.
14 എനിക്കു നിന്നോടു ഒരു കാര്യം പറവാനുണ്ടു എന്നു അവൻ പറഞ്ഞു. പറക എന്നു അവൾ പറഞ്ഞു.
15 അവൻ പറഞ്ഞതു എന്തെന്നാൽ: രാജത്വം എനിക്കുള്ളതായിരുന്നു; ഞാൻ വാഴേണ്ടതിന്നു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞു എന്റെ സഹോദരന്നു ആയിപ്പോയി; യഹോവയാൽ അതു അവന്നു ലഭിച്ചു.
16 എന്നാൽ ഇപ്പോൾ ഞാൻ നിന്നോടു ഒരു കാര്യം അപേക്ഷിക്കുന്നു; അതു തള്ളിക്കളയരുതേ. നീ പറക എന്നു അവൾ പറഞ്ഞു.
17 അപ്പോൾ അവൻ: ശൂനേംകാരത്തിയായ അബീശഗിനെ എനിക്കു ഭാര്യയായിട്ടു തരുവാൻ ശലോമോൻ രാജാവിനോടു പറയേണമേ; അവൻ നിന്റെ അപേക്ഷ തള്ളുകയില്ലല്ലോ എന്നു പറഞ്ഞു.
18 ആകട്ടെ; ഞാൻ നിനക്കുവേണ്ടി രാജാവിനോടു സംസാരിക്കാം എന്നു ബത്ത്-ശേബ പറഞ്ഞു.
19 അങ്ങനെ ബത്ത്-ശേബ അദോനീയാവിന്നുവേണ്ടി ശലോമോൻ രാജാവിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ ചെന്നു. രാജാവു എഴുന്നേറ്റു അവളെ എതിരേറ്റുചെന്നു വന്ദനം ചെയ്തു തന്റെ സിംഹാസനത്തിൽ ഇരുന്നു രാജമാതാവിന്നു ഇരിപ്പാൻ കൊടുപ്പിച്ചു; അവൾ അവന്റെ വലത്തുഭാഗത്തു ഇരുന്നു.
20 ഞാൻ നിന്നോടു ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; എന്റെ അപേക്ഷ തള്ളിക്കളയരുതു എന്നു അവൾ പറഞ്ഞു. രാജാവു അവളോടു: എന്റെ അമ്മേ, ചോദിച്ചാലും; ഞാൻ നിന്റെ അപേക്ഷ തള്ളുകയില്ല എന്നു പറഞ്ഞു.
21 അപ്പോൾ അവൾ: ശൂനേംകാരത്തിയായ അബീശഗിനെ നിന്റെ സഹോദരനായ അദോനീയാവിന്നു ഭാര്യയായിട്ടു കൊടുക്കേണം എന്നു പറഞ്ഞു.
22 ശലോമോൻ രാജാവു തന്റെ അമ്മയോടു: ശൂനേംകാരത്തിയായ അബീശഗിനെ അദോനീയാവിന്നു വേണ്ടി ചോദിക്കുന്നതു എന്തു? രാജത്വത്തെയും അവന്നുവേണ്ടി ചോദിക്കരുതോ? അവൻ എന്റെ ജ്യേഷ്ഠനല്ലോ; അവന്നും പുരോഹിതൻ അബ്യാഥാരിന്നും സെരൂയയുടെ മകൻ യോവാബിന്നും വേണ്ടി തന്നേ എന്നു ഉത്തരം പറഞ്ഞു.
23 അദോനീയാവു ഈ കാര്യം ചോദിച്ചതു തന്റെ ജീവനാശത്തിന്നായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ;
24 ആകയാൽ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുത്തി തന്റെ വാഗ്ദാനപ്രകാരം എനിക്കു ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നു തന്നേ അദോനീയാവു മരിക്കേണം എന്നു ശലോമോൻ രാജാവു കല്പിച്ചു യഹോവനാമത്തിൽ സത്യം ചെയ്തു.
25 പിന്നെ ശലോമോൻ രാജാവു യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു; അവൻ അവനെ വെട്ടിക്കൊന്നുകളഞ്ഞു.
26 അബ്യാഥാർപുരോഹിതനോടു രാജാവു: നീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊൾക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്റെ അപ്പൻ അനുഭവിച്ച സകലകഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാൻ ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു.
27 ഇങ്ങനെ യഹോവ ശീലോവിൽവെച്ചു ഏലിയുടെ കുടുംബത്തെക്കുറിച്ചു അരുളിച്ചെയ്ത വചനത്തിന്നു നിവൃത്തിവരേണ്ടതിന്നു ശലോമോൻ അബ്യാഥാരിനെ യഹോവയുടെ പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
28 ഈ വർത്തമാനം യോവാബിന്നു എത്തിയപ്പോൾ--യോവാബ് അബ്ശാലോമിന്റെ പക്ഷം ചേർന്നിരുന്നില്ലെങ്കിലും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നു--അവൻ യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
29 യോവാബ് യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്റെ അടുക്കൽ നില്ക്കുന്നു എന്നു ശലോമോൻ രാജാവിന്നു അറിവുകിട്ടി. അപ്പോൾ ശലോമോൻ യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു കല്പിച്ചു.
30 ബെനായാവു യെഹോവയുടെ കൂടാരത്തിൽ ചെന്നു: നീ പുറത്തുവരിക എന്നു രാജാവു കല്പിക്കുന്നു എന്നു അവനോടു പറഞ്ഞു. ഇല്ല; ഞാൻ ഇവിടെ തന്നെ മരിക്കും എന്നു അവൻ പറഞ്ഞു. ബെനായാവു ചെന്നു: യോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവൻ എന്നോടു ഉത്തരം പറഞ്ഞു എന്നു രാജാവിനെ ബോധിപ്പിച്ചു.
31 രാജാവു അവനോടു കല്പിച്ചതു: അവൻ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണം കൂടാതെ ചിന്നിയ രക്തം നീ ഇങ്ങനെ എങ്കൽ നിന്നും എന്റെ പിതൃഭവനത്തിങ്കൽനിന്നും നീക്കിക്കളക.
32 അവന്റെ രക്തപാതകം യഹോവ അവന്റെ തലമേൽ തന്നേ വരുത്തും; യിസ്രായേലിന്റെ സേനാധിപതിയായ നേരിന്റെ മകൻ അബ്നേർ, യെഹൂദയുടെ സേനാധിപതിയായ യേഥെരിന്റെ മകൻ അമാസാ എന്നിങ്ങനെ തന്നെക്കാൾ നീതിയും സൽഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവൻ എന്റെ അപ്പനായ ദാവീദ് അറിയാതെ വാൾകൊണ്ടു വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.
33 അവരുടെ രക്തം എന്നേക്കും യോവാബിന്റെയും അവന്റെ സന്തതിയുടെയും തലമേൽ ഇരിക്കും; ദാവീദിന്നും അവന്റെ സന്തതിക്കും ഗൃഹത്തിന്നും സിംഹാസനത്തിന്നും യഹോവയിങ്കൽനിന്നു എന്നേക്കും സമാധാനം ഉണ്ടാകും.
34 അങ്ങനെ യെഹോയാദയുടെ മകനായ ബെനായാവു ചെന്നു അവനെ വെട്ടിക്കൊന്നു; മരുഭൂമിയിലെ അവന്റെ വീട്ടിൽ അവനെ അടക്കംചെയ്തു.
35 രാജാവു അവന്നു പകരം യെഹോയാദയുടെ മകനായ ബെനായാവെ സേനാധിപതിയാക്കി അബ്യാഥാരിന്നു പകരം സാദോൿ പുരോഹിതനെയും നിയമിച്ചു.
36 പിന്നെ രാജാവു ആളയച്ചു ശിമെയിയെ വരുത്തി അവനോടു: നീ യെരൂശലേമിൽ നിനക്കു ഒരു വീടു പണിതു പാർത്തുകൊൾക; അവിടെനിന്നു പുറത്തെങ്ങും പോകരുതു.
37 പുറത്തിറങ്ങി കിദ്രോൻ തോടു കടക്കുന്ന നാളിൽ നീ മരിക്കേണ്ടിവരും എന്നു തീർച്ചയായി അറിഞ്ഞുകൊൾക; നിന്റെ രക്തം നിന്റെ തലമേൽ തന്നേ ഇരിക്കും എന്നു കല്പിച്ചു.
38 ശിമെയി രാജാവിനോടു: അതു നല്ലവാക്കു; യജമാനനായ രാജാവു കല്പിച്ചതുപോലെ അടിയൻ ചെയ്തുകൊള്ളാം എന്നു പറഞ്ഞു. അങ്ങനെ ശിമെയി കുറെക്കാലം യെരൂശലേമിൽ പാർത്തു.
39 മൂന്നു സംവത്സരം കഴിഞ്ഞപ്പോൾ ശിമെയിയുടെ രണ്ടു അടിമകൾ മാഖയുടെ മകനായ ആഖീശ് എന്ന ഗത്ത്‌രാജാവിന്റെ അടുക്കൽ ഓടിപ്പോയി; തന്റെ അടിമകൾ ഗത്തിൽ ഉണ്ടെന്നു ശിമെയിക്കു അറിവുകിട്ടി.
40 അപ്പോൾ ശിമെയി എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു പുറപ്പെട്ടു അടിമകളെ അന്വേഷിപ്പാൻ ഗത്തിൽ ആഖീശിന്റെ അടുക്കൽ പോയി; അങ്ങനെ ശിമെയി ചെന്നു അടിമകളെ ഗത്തിൽനിന്നു കൊണ്ടു വന്നു.
41 ശിമെയി യെരൂശലേം വിട്ടു ഗത്തിൽ പോയി മടങ്ങിവന്നു എന്നു ശലോമോന്നു അറിവുകിട്ടി.
42 അപ്പോൾ രാജാവു ആളയച്ചു ശിമെയിയെ വരുത്തി അവനോടു: നീ പുറത്തിറങ്ങി എവിടെയെങ്കിലും പോകുന്നനാളിൽ മരിക്കേണ്ടിവരുമെന്നു തീർച്ചയായി അറിഞ്ഞുകൊൾക എന്നു ഞാൻ നിന്നെക്കൊണ്ടു യഹോവാനാമത്തിൽ സത്യം ചെയ്യിച്ചു സാക്ഷീകരിക്കയും ഞാൻ കേട്ട വാക്കു നല്ലതെന്നു നീ എന്നോടു പറകയും ചെയ്തില്ലയോ?
43 അങ്ങനെയിരിക്കെ നീ യഹോവയുടെ ആണയും ഞാൻ നിന്നോടു കല്പിച്ച കല്പനയും പ്രമാണിക്കാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.
44 പിന്നെ രാജാവു ശിമെയിയോടു: നീ എന്റെ അപ്പനായ ദാവീദിനോടു ചെയ്തതും നിനക്കു ഓർമ്മയുള്ളതും ആയ ദോഷമൊക്കെയും നീ അറിയുന്നുവല്ലോ; യഹോവ നിന്റെ ദോഷം നിന്റെ തലമേൽ തന്നേ വരുത്തും.
45 എന്നാൽ ശലോമോൻ രാജാവു അനുഗ്രഹിക്കപ്പെട്ടവനും ദാവീദിന്റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരവുമായിരിക്കും എന്നു പറഞ്ഞിട്ടു
46 രാജാവു യെഹോയാദയുടെ മകൻ ബെനായാവോടു കല്പിച്ചു; അവൻ ചെന്നു അവനെ വെട്ടിക്കൊന്നു. അങ്ങനെ രാജത്വം ശലോമോന്റെ കയ്യിൽ സ്ഥിരമായി.
അദ്ധ്യായം 3

1 അനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്നു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.
2 എന്നാൽ ആ കാലംവരെ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ടു ജനം പൂജാഗിരികളിൽവെച്ചു യാഗം കഴിച്ചുപോന്നു.
3 ശലോമോൻ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു എങ്കിലും അവൻ പൂജാഗിരികളിൽവെച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
4 രാജാവു ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അതു പ്രധാനപൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു.
5 ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു.
6 അതിന്നു ശലോമോൻ പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന്നു ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു.
7 എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല.
8 നീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു.
9 ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും.
10 ശലോമോൻ ഈ കാര്യം ചോദിച്ചതു കർത്താവിന്നു പ്രസാദമായി.
11 ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു
12 ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെശേഷം ഉണ്ടാകയും ഇല്ല.
13 ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.
14 നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സും തരും.
15 ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അതു സ്വപനം എന്നു കണ്ടു. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെനിന്നു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു തന്റെ സകലഭൃത്യന്മാർക്കും വിരുന്നു കഴിച്ചു.
16 അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകൾ രാജാവിന്റെ അടുക്കൽ വന്നു അവന്റെ മുമ്പാകെ നിന്നു.
17 അവരിൽ ഒരുത്തി പറഞ്ഞതു: തമ്പുരാനെ, അടിയനും, ഇവളും ഒരു വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവെച്ചു ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു.
18 ഞാൻ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചായിരുന്നു; ഞങ്ങൾ രണ്ടുപോരും ഒഴികെ ആ വീട്ടിൽ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല.
19 എന്നാൽ രാത്രി ഇവൾ തന്റെ മകന്റെ മേൽ കിടന്നുപോയതുകൊണ്ടു അവൻ മരിച്ചു പോയി.
20 അവൾ അർദ്ധരാത്രി എഴുന്നേറ്റു, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്നു അടിയന്റെ മകനെ എടുത്തു അവളുടെ പള്ളെക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളെക്കലും കിടത്തി.
21 രാവിലെ കുഞ്ഞിന്നു മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയൻ സൂക്ഷിച്ചുനോക്കിയാറെ അതു അടിയൻ പ്രസവിച്ച കുഞ്ഞല്ല.
22 അതിന്നു മറ്റെ സ്ത്രീ: അങ്ങനെയല്ല; ജീവനുള്ളതു എന്റെ കുഞ്ഞു; മരിച്ചതു നിന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇവളോ: മരിച്ചതു നിന്റെ കുഞ്ഞു; ജീവനുള്ളതു എന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു.
23 അപ്പോൾ രാജാവു കല്പിച്ചതു: ജീവനുള്ളതു എന്റെ കുഞ്ഞു, മരിച്ചതു നിന്റെ കുഞ്ഞു എന്നു ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്റെ കുഞ്ഞു, ജീവനുള്ളതു എന്റെ കുഞ്ഞു എന്നു മറ്റേവൾ പറയുന്നു.
24 ഒരു വാൾ കൊണ്ടുവരുവിൻ എന്നു രാജാവു കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു.
25 അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്നു പാതി ഒരുത്തിക്കും പാതി മറ്റേവൾക്കും കൊടുപ്പിൻ എന്നു കല്പിച്ചു.
26 ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടു: അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊൾവിൻ എന്നു പറഞ്ഞു. മറ്റേവളോ: എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ എന്നു പറഞ്ഞു.
27 അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ കൊല്ലരുതു; അവൾക്കു കൊടുപ്പിൻ; അവൾ തന്നേ അതിന്റെ തള്ള എന്നു കല്പിച്ചു.
28 രാജാവു കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‍വാൻ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ടു എന്നു കണ്ടു അവനെ ഭയപ്പെട്ടു.
അദ്ധ്യായം 4

1 അങ്ങനെ ശലോമോൻ രാജാവു എല്ലാ യിസ്രായേലിന്നും രാജാവായി.
2 അവന്നുണ്ടായിരുന്ന പ്രഭുക്കന്മാർ ആരെന്നാൽ: സാദോക്കിന്റെ മകൻ അസര്യാവു പുരോഹിതൻ.
3 ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാർ; അഹീലൂദിന്റെ മകൻ യെഹോശാഫാത്ത് മന്ത്രി;
4 യെഹോയാദയുടെ മകൻ ബെനായാവു സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;
5 നാഥാന്റെ മകനായ അസര്യാവു കാര്യക്കാരന്മാരുടെ മേധാവി; നാഥാന്റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;
6 അഹീശാർ രാജഗൃഹവിചാരകൻ; അബ്ദയുടെ കെൻ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.
7 രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസത്തേക്കു ഭോജനപദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കും.
8 അവരുടെ പേരാവിതു: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ;
9 മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ;
10 അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു;
11 നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു;
12 അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാൻ മുതൽ ആബേൽ-മെഹോലാവരെയും യൊൿ മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാൻ മുഴുവനും ആയിരുന്നു;
13 ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അര്ഗ്ഗോബ് ദേശവും ആയിരുന്നു,
14 മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്;
15 നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്റെ മകളായ ബാശെമത്തിനെ ഭാര്യയായി പരിഗ്രഹിച്ചു;
16 ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകൻ ബാനാ;
17 യിസ്സാഖാരിൽ പാരൂഹിന്റെ മകനായ യെഹോശാഫാത്ത്;
18 ബെന്യാമീനിൽ ഏലയുടെ മകനായ ശിമെയി; അമോര്യ രാജാവായ സീഹോന്റെയും
19 ബാശാൻ രാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയദ് ദേശത്തു ഹൂരിന്റെ മകൻ ഗേബെർ; ആ ദേശത്തു ഒരു കാര്യക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
20 യെഹൂദയും യിസ്രായേലും കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.
21 നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു.
22 ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും
23 മാൻ, ഇളമാൻ, മ്ളാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
24 നദിക്കു ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.
25 ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു.
26 ശലോമോന്നു തന്റെ രഥങ്ങൾക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.
27 കാര്യക്കാരന്മാർ ഓരോരുത്തൻ ഓരോ മാസത്തേക്കു ശലോമോൻ രാജാവിന്റെ പന്തിഭോജനത്തിന്നു കൂടുന്ന എല്ലാവർക്കും വേണ്ടുന്ന ഭോജനപദാർത്ഥങ്ങൾ കുറവുകൂടാതെ എത്തിച്ചുകൊടുക്കും.
28 അവർ കുതിരകൾക്കും തുരഗങ്ങൾക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവൻ ഇരിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും.
29 ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടൽക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു.
30 സകലപൂർവ്വ ദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.
31 സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീർത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു.
32 അവൻ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങൾ ആയിരത്തഞ്ചു ആയിരുന്നു.
33 ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.
34 ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കൽ നിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേൾപ്പാൻ വന്നു.
അദ്ധ്യായം 5

1 ശലോമോനെ അവന്റെ അപ്പന്നു പകരം രാജാവായിട്ടു അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹീരാം കേട്ടിട്ടു ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു.
2 ശലോമോൻ ഹീരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ:
3 എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ അവന്റെ കാൽക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ അവന്നു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ.
4 എന്നാൽ ഇപ്പോൾ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു.
5 ആകയാൽ ഇതാ, ഞാൻ നിനക്കു പകരം നിന്റെ സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയുമെന്നു യഹോവ എന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതു പോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ ഞാൻ വിചാരിക്കുന്നു.
6 ആകയാൽ ലെബാനോനിൽനിന്നു എനിക്കായി ദേവദാരുമരം മുറിപ്പാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാർക്കും നീ പറയുന്ന കൂലി ഞാൻ എത്തിച്ചു തരാം; സീദോന്യരെപ്പോലെ മരം മുറിപ്പാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.
7 ഹീരാം ശലോമോന്റെ വാക്കു കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: ഈ മഹാജനത്തെ വാഴുവാൻ ദാവീദിന്നു ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
8 ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ഇച്ഛിച്ചതു ഒക്കെയും ഞാൻ ചെയ്യാം.
9 എന്റെ വേലക്കാർ ലെബാനോനിൽനിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം ഞാൻ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ചു കെട്ടഴിപ്പിച്ചുതരാം; നീ ഏറ്റുവാങ്ങേണം; എന്നാൽ എന്റെ ഗൃഹത്തിന്നു ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്റെ ഇഷ്ടവും നിവർത്തിക്കേണം.
10 അങ്ങനെ ഹീരാം ശലോമോന്നു ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെ ഒക്കെയും കൊടുത്തു പോന്നു.
11 ശലോമോൻ ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരംവകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന്നു ആണ്ടുതോറും കൊടുക്കും.
12 യഹോവ ശലോമോനോടു അരുളിച്ചെയ്തതുപോലെ അവന്നു ജ്ഞാനം നൽകി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഉടമ്പടിയും ചെയ്തു.
13 ശലോമോൻ രാജാവു യിസ്രായേലിൽനിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയ വേലക്കാർ മുപ്പതിനായിരംപേരായിരുന്നു.
14 അവൻ അവരെ മാസംതോറും പതിനായിരംപേർവീതം മാറി മാറി ലെബാനോനിലേക്കു അയച്ചു; അവർ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം ഊഴിയവേലക്കാർക്കു മേധാവി ആയിരുന്നു.
15 വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാനകാര്യക്കാരന്മാരൊഴികെ
16 ശലോമോന്നു എഴുപതിനായിരം ചുമട്ടുകാരും മലയിൽ എണ്പതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.
17 ആലയത്തിന്നു ചെത്തിയ കല്ലുകൊണ്ടു അടിസ്ഥാനം ഇടുവാൻ അവർ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയകല്ലു വെട്ടി.
18 ശലോമോന്റെ ശില്പികളും, ഹീരാമിന്റെ ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി മരവും കല്ലും ചെത്തി ഒരുക്കി.
അദ്ധ്യായം 6

1 യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ നാനൂറ്റെണ്പതാം സംവത്സരത്തിൽ യിസ്രായേലിൽ ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസമായ സീവ് മാസത്തിൽ അവൻ യഹോവയുടെ ആലയം പണിവാൻ തുടങ്ങി.
2 ശലോമോൻ രാജാവു യഹോവെക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു
3 ആലയമായ മന്ദിരത്തിന്റെ മുഖമണ്ഡപം ആലയവീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും ആലയത്തിന്റെ മുൻ വശത്തു പത്തു മുഴം വീതിയും ഉള്ളതായിരുന്നു.
4 അവൻ ആലയത്തിന്നു ജാലം ഇണക്കിയ കിളിവാതിലുകളെയും ഉണ്ടാക്കി.
5 മന്ദിരവും അന്തർമ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേർത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയിൽ ചുറ്റും അറകളും ഉണ്ടാക്കി.
6 താഴത്തെ പുറവാരം അഞ്ചു മുഴവും നടുവിലത്തേതു ആറു മുഴവും മൂന്നാമത്തേതു ഏഴു മുഴവും വീതിയുള്ളതായിരുന്നു; തുലാങ്ങൾ ആലയഭിത്തികളിൽ അകത്തു ചെല്ലാതിരിപ്പാൻ അവൻ ആലയത്തിന്റെ ചുറ്റും പുറമെ ഗളം പണിതു.
7 വെട്ടുകുഴിയിൽവെച്ചു തന്നേ കുറവുതീർത്ത കല്ലുകൊണ്ടു ആലയം പണിതതിനാൽ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കൽ കേൾപ്പാനില്ലായിരുന്നു.
8 താഴത്തെ പുറവാരത്തിന്റെ വാതിൽ ആലയത്തിന്റെ വലത്തുഭാഗത്തു ആയിരുന്നു; ചുഴൽകോവണിയിൽകൂടെ നടുവിലെ പുറവാരത്തിലേക്കും നടുവിലത്തേതിൽനിന്നു മൂന്നാമത്തെ പുറവാരത്തിലേക്കും കയറാം.
9 അങ്ങനെ അവൻ ആലയം പണിതുതീർത്തു; ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയുംകൊണ്ടു ആലയത്തിന്നു മച്ചിട്ടു.
10 ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകൾ അയ്യഞ്ചു മുഴം ഉയരത്തിൽ അവൻ പണിതു ദേവദാരുത്തുലാങ്ങൾകൊണ്ടു ആലയത്തോടു ഇണെച്ചു.
11 ശലോമോന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
12 നീ പണിയുന്ന ഈ ആലയം ഉണ്ടല്ലോ; നീ എന്റെ ചട്ടങ്ങളെ ആചരിച്ചു എന്റെ വിധികളെ അനുസരിച്ചു എന്റെ കല്പനകളൊക്കെയും പ്രമാണിച്ചു നടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്ത വചനം നിന്നിൽ നിവർത്തിക്കും.
13 ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.
14 അങ്ങനെ ശലോമോൻ ആലയം പണിതുതീർത്തു.
15 അവൻ ആലയത്തിന്റെ ചുവർ അകത്തെവശം ദേവദാരുപ്പലകകൊണ്ടു പണിതു; ഇങ്ങനെ അവർ ആലയത്തിന്റെ നിലംമുതൽ മച്ചുവരെ അകത്തെ വശം മരംകൊണ്ടു നിറെച്ചു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ടു തളമിട്ടു.
16 ആലയത്തിന്റെ പിൻവശം ഇരുപതു മുഴം നീളത്തിൽ നിലം മുതൽ ഉത്തരം വരെ ദേവദാരുപ്പലകകൊണ്ടു പണിതു: ഇങ്ങനെയാകുന്നു അന്തർമ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉൾവശം പണിതതു.
17 അന്തർമ്മന്ദിരത്തിന്റെ മുൻഭാഗത്തുള്ള മന്ദിരമായ ആലയത്തിന്നു നാല്പതു മുഴം നിളമുണ്ടായിരുന്നു.
18 ആലയത്തിന്റെ അകത്തെ ചുവരിന്മേൽ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടർന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ലു അശേഷം കാണ്മാനുണ്ടായിരുന്നില്ല.
19 ആലയത്തിന്റെ അകത്തു യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിന്നു അവൻ ഒരു അന്തർമ്മന്ദിരം ചമെച്ചു.
20 അന്തർമ്മന്ദിരത്തിന്റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.
21 ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്റെ മുൻ വശത്തു വിലങ്ങത്തിൽ പൊൻ ചങ്ങല കൊളുത്തി അന്തർമ്മന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു.
22 അങ്ങനെ അവൻ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്നുള്ള പീഠവും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു.
23 അന്തർമ്മന്ദിരത്തിൽ അവൻ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെയും ഉണ്ടാക്കി.
24 ഒരു കെരൂബിന്റെ ഒരു ചിറകു അഞ്ചു മുഴം, കെരൂബിന്റെ മറ്റെ ചിറകു അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്റെ അറ്റം മുതൽ മറ്റെ ചിറകിന്റെ അറ്റംവരെ പത്തു മുഴം.
25 മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ.
26 ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റെ കെരൂബിന്നും അങ്ങനെ തന്നേ.
27 അവൻ കെരൂബുകളെ അന്തരാലയത്തിന്റെ നടുവിൽ നിർത്തി; കെരൂബുകളുടെ ചിറകു വിടർന്നിരുന്നു; ഒന്നിന്റെ ചിറകു ഒരു ചുവരോടും മറ്റേതിന്റെ ചിറകു മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവിൽ അവയുടെ ചിറകു ഒന്നോടൊന്നു തൊട്ടിരുന്നു.
28 കെരൂബുകളെയും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു.
29 അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ ചുവരുകളിലെല്ലാം ചുറ്റും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.
30 അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ തളവും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു.
31 അവൻ അന്തർമ്മന്ദിരത്തിന്റെ വാതിലിന്നു ഒലിവുമരംകൊണ്ടു കതകു ഉണ്ടാക്കി; കുറമ്പടിയും കട്ടളക്കാലും ചുവരിന്റെ അഞ്ചിൽ ഒരു അംശമായിരുന്നു.
32 ഒലിവ് മരം കൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങൾ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്നു പൊതിഞ്ഞു
33 അവ്വണ്ണം തന്നേ അവൻ മന്ദിരത്തിന്റെ വാതിലിന്നും ഒലിവുമരംകൊണ്ടു കട്ടള ഉണ്ടാക്കി; അതു ചുവരിന്റെ നാലിൽ ഒരംശമായിരുന്നു.
34 അതിന്റെ കതകു രണ്ടും സരളമരംകൊണ്ടായിരുന്നു. ഒരു കതകിന്നു രണ്ടു മടകൂപാളിയും മറ്റെ കതകിന്നു രണ്ടു മടകൂപാളിയും ഉണ്ടായിരുന്നു.
35 അവൻ അവയിൽ കെരൂബ്, ഈന്തപ്പന, വിടർന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി രൂപങ്ങളുടെമേൽ പൊന്നു പൊതിഞ്ഞു.
36 അവൻ അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ടു ഒരു വരിയുമായിട്ടു പണിതു.
37 നാലാം ആണ്ടു സീവ് മാസത്തിൽ യഹോവയുടെ ആലയത്തിന്നു അടിസ്ഥാനം ഇടുകയും പതിനൊന്നാം ആണ്ടു എട്ടാം മാസമായ ബൂൽ മാസത്തിൽ ആലയം അതിന്റെ സകലഭാഗങ്ങളുമായി അതിന്റെ മാതൃകപ്രകാരമൊക്കെയും പണിതുതീർക്കുകയും ചെയ്തു. അങ്ങനെ അവൻ ഏഴാണ്ടുകൊണ്ടു അതു പണിതുതീർത്തു.
38
അദ്ധ്യായം 7

1 ശലോമോൻ തന്റെ അരമന പതിമ്മൂന്നു ആണ്ടുകൊണ്ടു പണിതു അരമനപ്പണി മുഴുവനും തീർത്തു.
2 അവൻ ലെബാനോൻ വനഗൃഹവും പണിതു; അതിന്നു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരു ഉത്തരംവെച്ചു പണിതു.
3 ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേൽ തുലാം വെച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.
4 മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരെ ആയിരുന്നു.
5 വാതിലും കട്ടളയും എല്ലാം സമചതുരവും കിളിവാതിൽ മൂന്നു നിരയായി നേർക്കുനേരെയും ആയിരുന്നു.
6 അവൻ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻ വശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.
7 ന്യായം വിധിക്കേണ്ടതിന്നു ആസ്ഥാനമണ്ഡപമായിട്ടു ഒരു സിംഹാസനമണ്ഡപവും പണിതു: അതിന്നു ആസകലം ദേവദാരുപ്പലകകൊണ്ടു അടിത്തട്ടിട്ടു.
8 ഇതിന്റെ പണിപോലെ തന്നേ അവൻ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.
9 ഇവ ഒക്കെയും അടിസ്ഥാനം മുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ടു അറുത്തെടുത്തവിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.
10 അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.
11 മേൽപണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.
12 യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിന്നും ആലയത്തിന്റെ മണ്ഡപത്തിന്നും ഉണ്ടായിരുന്നതു പോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.
13 ശലോമോൻ രാജാവു സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി.
14 അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ അപ്പനോ സോർയ്യനായ ഒരു മൂശാരിയത്രേ: അവൻ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്‍വാൻ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻ രാജാവിന്റെ അടുക്കൽ വന്നു, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു.
15 അവർ രണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഓരോന്നിന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവും ഉണ്ടായിരുന്നു.
16 സ്തംഭങ്ങളുടെ തലെക്കൽ വെപ്പാൻ അവൻ താമ്രംകൊണ്ടു രണ്ടു പോതിക വാർത്തുണ്ടാക്കി; പോതിക ഓരോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു.
17 സ്തംഭങ്ങളുടെ തലെക്കലെ പോതികെക്കു വലപോലെയുള്ള വിചിത്രപ്പണിയും മാലയും ഉണ്ടായിരുന്നു. പോതിക ഓരോന്നിന്നും ഇങ്ങനെ ഏഴേഴുണ്ടായിരുന്നു.
18 അങ്ങനെ അവൻ സ്തംഭങ്ങളെ ഉണ്ടാക്കി; അവയുടെ തലെക്കലുള്ള പോതിക മൂടത്തക്കവണ്ണം ഒരു പോതികയുടെ വലപ്പണിക്കു മീതെ രണ്ടു വരി മാതളപ്പഴം ഉണ്ടാക്കി; മറ്റെ പോതികെക്കും അവൻ അങ്ങനെ തന്നേ ഉണ്ടാക്കി.
19 മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലെക്കലെ പോതിക താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു.
20 രണ്ടു സ്തംഭത്തിന്റെയും തലെക്കൽ പോതിക ഉണ്ടായിരുന്നു. ഒരു പോതികെക്കു വലപ്പണിക്കരികെ കുംഭത്തോടു ചേർന്നു ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റെ പോതികെക്കും അങ്ങനെ തന്നെ.
21 അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതിൽക്കൽ നിറുത്തി; അവൻ വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീൻ എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു.
22 സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീർന്നു.
23 അവൻ ഒരു കടൽ വാർത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടു വക്കുപത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതുമുഴം നൂലളവും ഉണ്ടായിരുന്നു.
24 അതിന്റെ വക്കിന്നു താഴെ, പുറത്തു, മുഴം ഒന്നിന്നു പത്തു കുമിഴ് വീതം കടലിന്നു ചുറ്റും ഉണ്ടായിരുന്നു; അതു വാർത്തപ്പോൾ തന്നെ കുമിഴും രണ്ടുനിരയായി വാർത്തിരുന്നു.
25 അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു; അവയിൽ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടൽ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗം ഒക്കെയും അകത്തോട്ടു ആയിരുന്നു.
26 അതിന്റെ കനം നാലംഗുലം; അതിന്റെ വക്കുപാനപാത്രത്തിന്റെ വകൂപോലെ താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളും.
27 അവൻ താമ്രംകൊണ്ടു പത്തു പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന്നു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.
28 പീഠങ്ങളുടെ പണി എങ്ങനെയെന്നാൽ: അവക്കുചട്ടപ്പലക ഉണ്ടായിരുന്നു; ചട്ടപ്പലക ചട്ടങ്ങളിൽ ആയിരുന്നു.
29 ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും ഉണ്ടായിരുന്നു; ചട്ടങ്ങളിൽ അവ്വണ്ണം സിംഹങ്ങൾക്കും കാളകൾക്കും മീതെയും താഴെയും തോരണപണിയും ഉണ്ടായിരുന്നു.
30 ഓരോ പീഠത്തിന്നും താമ്രം കൊണ്ടുള്ള നന്നാലു ചക്രവും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; അതിന്റെ നാലു കോണിലും കാലുകൾ ഉണ്ടായിരുന്നു. തൊട്ടിയുടെ കീഴെ കാൽ ഓരോന്നിന്നും പുറവശത്തു തോരണപ്പണിയോടുകൂടി വാർത്തിരുന്നു.
31 അതിന്റെ വായ് ചട്ടക്കൂട്ടിന്നു അകത്തും മേലോട്ടും ഒരു മുഴം ഉയരമുള്ളതും ആയിരുന്നു; അതിന്റെ വായ് പീഠത്തിന്റെ പണിപോലെയും ഒന്നര മുഴം വൃത്തത്തിലും ആയിരുന്നു; അതിന്റെ വായക്കു കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകാരമല്ല, ചതുരശ്രം ആയിരുന്നു.
32 ചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.
33 ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരന്നു; അവയുടെ അച്ചതണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാർപ്പു പണി ആയിരുന്നു.
34 ഓരോ പീഠത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകൾ പീഠത്തിൽനിന്നു തന്നേ ഉള്ളവ ആയിരുന്നു.
35 ഓരോ പീഠത്തിന്റെയും തലെക്കൽ അര മുഴം ഉയരമുള്ള വളയവും ഓരോ പീഠത്തിന്റെയും മേലറ്റത്തു അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതിൽനിന്നു തന്നേ ആയിരുന്നു.
36 അതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതിൽ ഇടം ഉണ്ടായിരുന്നതുപോലെ അവൻ കെരൂബ്, സിംഹം ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി.
37 ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവെക്കു ഒക്കെയും വാർപ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു.
38 അവൻ താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പതു ബത്ത് വെള്ളം കൊള്ളും; ഓരോ തൊട്ടി നന്നാലു മുഴം. പത്തു പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വെച്ചു.
39 അവൻ അഞ്ചു പീഠം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചു പീഠം ആലയത്തിന്റെ ഇടത്തുഭാഗത്തും വെച്ചു; കടലോ അവൻ ആലയത്തിന്റെ വലത്തു ഭാഗത്തു തെക്കുകിഴക്കായി വെച്ചു.
40 പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോൻ രാജാവിന്നു വേണ്ടി ചെയ്ത പണികളൊക്കെയും തീർത്തു.
41 രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലെക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാൻ രണ്ടു വലപ്പണി,
42 സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം,
43 പത്തു പീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി,
44 ഒരു കടൽ, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള,
45 കലങ്ങൾ, ചട്ടുകങ്ങൾ, കലശങ്ങൾ എന്നിവ തന്നേ. യഹോവയുടെ ആലയം വക ശലോമോൻ രാജാവിന്നു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു.
46 യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിന്നും സാരെഥാന്നും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാർപ്പിച്ചു.
47 ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ടു ശലോമോൻ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.
48 ശലോമോൻ യഹോവയുടെ ആലയത്തിന്നുള്ള സകലഉപകരണങ്ങളും ഉണ്ടാക്കി; പൊൻ പീഠം, കാഴ്ചയപ്പം വെക്കുന്ന പൊൻ മേശ,
49 അന്തർമ്മന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ,
50 ദീപങ്ങൾ, ചവണകൾ, തങ്കം കൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകൾക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നേ.
51 അങ്ങനെ ശലോമോൻ രാജാവു യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽവെച്ചു.
അദ്ധ്യായം 8

1 പിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽ നിന്നു കൊണ്ടുവരേണ്ടതിന്നു ശലോമോൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകല ഗോത്രപ്രധാനികളെയും യെരൂശലേമിൽ ശലോമോൻ രാജാവിന്റെ അടുക്കൽ കൂട്ടിവരുത്തി.
2 യിസ്രായേൽപുരുഷന്മാർ ഒക്കെയും ഏഴാംമാസമായ ഏഥാനീംമാസത്തിലെ ഉത്സവത്തിൽ ശലോമോൻ രാജാവിന്റെ അടുക്കൽ വന്നുകൂടി.
3 യിസ്രായേൽമൂപ്പന്മാർ ഒക്കെയും വന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.
4 അവർ യഹോവയുടെ പെട്ടകവും സമാഗമനക്കുടാരവും കൂടാരത്തിലെ വിശുദ്ധഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവയെ കൊണ്ടുവന്നതു.
5 ശലോമോൻ രാജാവും അവന്റെ അടുക്കൽ വന്നുകൂടിയ യിസ്രായേൽസഭ ഒക്കെയും അവനോടുകൂടെ പെട്ടകത്തിന്നു മുമ്പിൽ എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗംകഴിച്ചു.
6 പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തു, കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെച്ചു.
7 കെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകു വിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു.
8 തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറങ്ങൾ അന്തർമ്മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധമന്ദിരത്തിൽ നിന്നു കാണും; എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവഇന്നുവരെയും അവിടെ ഇരിക്കുന്നു.
9 യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽ വെച്ചു അതിൽ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല;
10 പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെട്ടപ്പോൾ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.
11 യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.
12 അപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;
13 എങ്കിലും ഞാൻ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാൻ ഒരു സ്ഥലം, പണിതിരിക്കുന്നു എന്നു പറഞ്ഞു.
14 പിന്നെ യിസ്രായേൽസഭ മുഴുവനും നിന്നുകൊണ്ടിരിക്കെ രാജാവു മുഖം തിരിച്ചു യിസ്രായേലിന്റെ സർവ്വസഭയെയും അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാൽ:
15 എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
16 എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാൽ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാൻ ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു എന്നു അവൻ അരുളിച്ചെയ്തു.
17 യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.
18 എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു: എന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; അങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു.
19 എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.
20 അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയവും പണിതിരിക്കുന്നു.
21 യഹോവ നമ്മുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്നപ്പോൾ, അവരോടു ചെയ്ത നിയമം ഇരിക്കുന്ന പെട്ടകത്തിന്നു ഞാൻ അതിൽ ഒരു സ്ഥലം ഒരിക്കിയിരിക്കുന്നു.
22 അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും സമക്ഷത്തു നിന്നുകൊണ്ടു ആകാശത്തിലേക്കു കൈ മലർത്തി പറഞ്ഞതു എന്തെന്നാൽ:
23 യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.
24 നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിർവത്തിച്ചുമിരിക്കുന്നു.
25 ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടക്കത്തക്കവണ്ണം തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവർത്തിക്കേണമേ.
26 ഇപ്പോൾ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.
27 എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?
28 എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ ഇന്നു തിരുമുമ്പിൽ കഴിക്കുന്ന നിലവിളയും പ്രാർത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.
29 അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കൺപാർത്തരുളേണമേ,
30 ഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേൾക്കേണമേ. നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ.
31 ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ
32 നീ സ്വർഗ്ഗത്തിൽ കേട്ടു പ്രവർത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവന്നു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.
33 നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയകനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ടു ഈ ആലയത്തിൽവെച്ചു നിന്നോടു പ്രാർ്ത്ഥിക്കയും യാചിക്കയും ചെയ്താൽ
34 നീ സ്വർഗ്ഗത്തിൽ കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കു അവരെ മടക്കിവരുത്തേണമേ.
35 അവർ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടഞ്ഞു മഴപെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാർത്ഥിച്ചു നിന്റെ നാമത്തെ സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതരികയും ചെയ്താൽ
36 നീ സ്വർഗ്ഗത്തിൽ കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു, അവർ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ.
37 ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്തു അവരെ നിരോധിച്ചാൽ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ യാതൊരുത്തനെങ്കിലും
38 നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ മനഃപീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലർത്തുകയും ചെയ്താൽ
39 നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു ക്ഷമിക്കയും
40 ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.
41 അത്രയുമല്ല, നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരൻ ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും --
42 അവർ നിന്റെ മഹത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കയ്യെയും കുറിച്ചു കേൾക്കുമല്ലാ-- ഈ ആലയത്തിങങ്കലേക്കു നോക്കി പ്രാർത്ഥിക്കയും ചെയ്താൽ
43 നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു, ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്ന പോലെ നിന്നെ ഭയപ്പെടുവാനും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ.
44 നീ നിന്റെ ജനത്തെ അയയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുവിനോടു യുദ്ധം ചെയ്‍വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും നിന്റെ നാമത്തിന്നു ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു യഹോവയോടു പ്രാർത്ഥിച്ചാൽ
45 നീ സ്വർഗ്ഗത്തിൽ അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ.
46 അവർ നിന്നോടു പാപം ചെയ്കയും--പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ--നീ അവരോടു കോപിച്ചു അവരെ ശത്രുവിന്നു ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ശത്രുവിന്റെ ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ
47 അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ ഉണർന്നു മനംതിരിഞ്ഞു, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവെച്ചു: ഞങ്ങൾ പാപം ചെയ്തു അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു
48 നിന്നോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവെച്ചു അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു, നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കു, നീ തിരഞ്ഞെടുത്ത നഗരത്തിങ്കലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിങ്കലേക്കും നോക്കി നിന്നോടു പ്രാർത്ഥിക്കയും ചെയ്താൽ
49 നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുത്തു,
50 നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു, അവർ നിന്നോടു ചെയ്ത ദ്രോഹങ്ങളൊക്കെയും ക്ഷമിക്കയും അവരെ ബദ്ധന്മാരായി കൊണ്ടുപോയവർക്കു അവരോടു കരുണതോന്നത്തക്കവണ്ണം അവർക്കു അവരോടു കരുണ ലഭിക്കുമാറാക്കുകയും ചെയ്യേണമേ.
51 അവർ മിസ്രയീം എന്ന ഇരുമ്പുലയുടെ നടുവിൽനിന്നു നീ കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും ആകുന്നുവല്ലോ.
52 അവർ നിന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും നീ കേൾക്കേണ്ടതിന്നു അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കൺ പാർത്തരുളേണമേ.
53 കർത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നു കൊണ്ടുവന്നപ്പോൾ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.
54 ശലോമോൻ യഹോവയോടു ഈ പ്രാർത്ഥനയും യാചനയും എല്ലാം കഴിച്ചുതീർന്നശേഷം അവൻ യഹോവയുടെ യാഗപീഠത്തിൽ മുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലർത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.
55 അവൻ നിന്നുകൊണ്ടു യിസ്രായേൽസഭയെ ഒക്കെയും ഉച്ചത്തിൽ ആശീർവ്വദിച്ചു പറഞ്ഞതു എന്തെന്നാൽ:
56 താൻ വാഗ്ദാനം ചെയ്തതുപോലെ ഒക്കെയും തന്റെ ജനമായ യിസ്രായേലിന്നു സ്വസ്ഥത നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ തന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്ത അവന്റെ നല്ല വാഗ്ദാനങ്ങളെല്ലാറ്റിലും വെച്ചു ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ.
57 നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടു ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ അവൻ നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യരുതെ.
58 നാം അവന്റെ എല്ലാവഴികളിലും നടക്കേണ്ടതിന്നും അവൻ നമ്മുടെ പിതാക്കന്മാരോടു കല്പിച്ച അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കേണ്ടതിന്നും നമ്മുടെ ഹൃദയത്തെ തങ്കലേക്കു ചായുമാറാക്കട്ടെ.
59 യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു
60 അവൻ തന്റെ ദാസന്നും തന്റെ ജനമായ യിസ്രായേലിന്നും അന്നന്നു ആവശ്യമുള്ളതുപോലെ ന്യായം പാലിച്ചുകൊടുപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ മുമ്പാകെ ആപേക്ഷിച്ചിരിക്കുന്ന എന്റെ ഈ വചനങ്ങൾ രാവും പകലും നമ്മുടെ ദൈവമായ യഹോവയുടെ സന്നിധാനത്തിൽ ഇരിക്കുമാറാകട്ടെ.
61 ആകയാൽ ഇന്നുള്ളതുപോലെ നിങ്ങൾ അവന്റെ ചട്ടങ്ങൾ അനുസരിച്ചുനടപ്പാനും അവന്റെ കല്പനകൾ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരിക്കട്ടെ.
62 പിന്നെ രാജാവും എല്ലായിസ്രായേലും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു.
63 ശലോമോൻ യഹോവെക്കു ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ടു അർപ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേൽമക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു.
64 യഹോവയുടെ സന്നിധിയിൽ ഉണ്ടായിരുന്ന താമ്ര യാഗപീഠം ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ് എന്നിവ കൊള്ളുന്നതിന്നു പോരാതിരുന്നതുകൊണ്ടു രാജാവു അന്നു യഹോവയുടെ ആലയത്തിന്റെ മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു അവിടെ ഹോമയാഗവും ഭോജനയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.
65 ശലോമോനും അവനോടുകൂടെ ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരെയുള്ള എല്ലാ യിസ്രായേലും വലിയൊരു സഭയായി ആ സമയത്തു നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസവും പിന്നെയും ഏഴു ദിവസവും ഇങ്ങനെ പതിന്നാലും ദിവസം ഉത്സവം ആചരിച്ചു.
66 എട്ടാംദിവസം അവൻ ജനത്തെ വിട്ടയച്ചു; അവർ രാജാവിനെ അഭിനന്ദിച്ചു, യഹോവ തന്റെ ദാസനായ ദാവീദിന്നു, തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത എല്ലാനന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
അദ്ധ്യായം 9

1 യഹോവയുടെ ആലയവും രാജധാനിയും മറ്റും തനിക്കു ഉണ്ടാക്കുവാൻ മനസ്സും താല്പര്യവും ഉണ്ടായിരുന്നതൊക്കെയും ശലോമോൻ പണിതു തീർന്നശേഷം
2 യഹോവ ഗിബെയോനിൽവെച്ചു ശലോമോന്നു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവന്നു പ്രത്യക്ഷനായി.
3 യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാൻ തക്കവണ്ണം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.
4 ഞാൻ നിന്നോടു കല്പിച്ചതൊക്കെയും ചെയ്‍വാൻ തക്കവണ്ണം എന്റെ മുമ്പാകെ ഹൃദയനിർമ്മലതയോടും പരമാർത്ഥതയോടും കൂടെ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുകയും എന്റെ ചട്ടങ്ങളും
5 വിധികളും പ്രമാണിക്കയും ചെയ്താൽ യിസ്രായേലിന്റെ രാജാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്കു ഇല്ലാതെപോകയില്ല എന്നു ഞാൻ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതുപോലെ യിസ്രായേലിലുള്ള നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും.
6 നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാൽ
7 ഞാൻ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നു വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും.
8 ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി: യഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തിയതു എന്തു എന്നു ചോദിക്കും.
9 അവർ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ടു യഹോവ ഈ അനർത്ഥം ഒക്കെയും അവർക്കു വരുത്തിയിരിക്കുന്നു എന്നു അതിന്നു ഉത്തരം പറയും.
10 ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം
11 സോർരാജാവായ ഹീരാം ശലോമോന്നു അവന്റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോൻ രാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു.
12 ശലോമോൻ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവന്നു ബോധിച്ചില്ല, സഹോദരാ,
13 നീ എനിക്കു തന്ന ഈ പട്ടണങ്ങൾ എന്തു എന്നു അവൻ പറഞ്ഞു. അവെക്കു ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു.
14 ഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.
15 ശലോമോൻ രാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം:
16 മിസ്രയീംരാജാവായ ഫറവോൻ ചെന്നു, ഗേസെർ പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതിൽ പാർത്തിരുന്ന കനാന്യരെ കൊന്നു, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു സ്ത്രീധനമായി കൊടുത്തിരുന്നു.
17 അങ്ങനെ ശലോമോൻ ഗേസെരും
18 താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള
19 തദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും ശലോമോൻ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തിൽ എല്ലാടവും പണിവാൻ ആഗ്രഹിച്ചതൊക്കെയും പണിതു
20 അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജാതിയെയും
21 യിസ്രായേൽമക്കൾക്കു നിർമ്മൂലമാക്കുവാൻ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി; അവർ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.
22 യിസ്രായേൽമക്കളിൽ നിന്നോ ശലോമോൻ ആരെയും ദാസ്യവേലക്കാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതിമാരും ആയിരുന്നു.
23 അഞ്ഞൂറ്റമ്പതുപേർ ശലോമോന്റെ വേലയെടുത്ത ജനത്തിന്നു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.
24 ഫറവോന്റെ മകൾ ദാവീദിന്റെ നഗരത്തിൽനിന്നു ശലോമോൻ അവൾക്കുവേണ്ടി പണിതിരുന്ന അരമനയിൽ പാർപ്പാൻ വന്നശേഷം അവൻ മില്ലോ പണിതു.
25 ശലോമോൻ യഹോവെക്കു പണിതിരുന്ന യാഗപീഠത്തിന്മേൽ അവർ ആണ്ടിൽ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടും. ഇങ്ങനെ അവൻ യഹോവയുടെ ആലയം തീർത്തു.
26 ശലോമോൻ രാജാവു എദോംദേശത്തു ചെങ്കടല്കരയിൽ ഏലോത്തിന്നു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകൾ പണിതു.
27 ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പൽക്കാരായ തന്റെ ദാസന്മാരെ അയച്ചു.
28 അവർ ഓഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോൻ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
അദ്ധ്യായം 10

1 ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്നുള്ള കീർത്തികേട്ടിട്ടു കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിന്നു വന്നു.
2 അവൾ അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകളങ്ങളോടുംകൂടെ യെരൂശലേമിൽവന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.
3 അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു. സമാധാനം പറവാൻ കഴിയാതെ ഒന്നും രാജാവിന്നു മറപൊരുളായിരുന്നില്ല.
4 ശെബാരാജ്ഞി ശലോമോന്റെ സകലജ്ഞാനവും അവൻ പണിത അരമനയും
5 അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
6 അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ.
7 ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.
8 നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.
9 നിന്നെ യിസ്രായേലിന്റെ രാജാസനത്തിൽ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിന്നു നിന്നെ രാജാവാക്കിയിരിക്കുന്നു.
10 അവൾ രാജാവിന്നു നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻ രാജാവിന്നു കൊടുത്ത സുഗന്ധവർഗ്ഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല.
11 ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്നു അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.
12 രാജാവു ചന്ദനംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ വന്നിട്ടില്ല, കണ്ടിട്ടുമില്ല.
13 ശലോമോൻ രാജാവു സ്വമേധയാ ശെബാരാജ്ഞിക്കു രാജൌചിത്യംപോലെ കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം ശലോമോൻ രാജാവു അവൾക്കു കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
14 ശലോമോന്നു സഞ്ചാരവ്യാപാരികളാലും വർത്തകന്മാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകലരാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതു കൂടാതെ
15 ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.
16 ശലോമോൻ രാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വൻ പരിച ഉണ്ടാക്കി; ഓരോ പരിചെക്കു അറുനൂറുശേക്കൽ പൊന്നു ചെലവായി.
17 അടിച്ചുപരത്തിയ പൊന്നുകൊണ്ടു അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറു പരിചെക്കു മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവു ലെബാനോൻ വനഗൃഹത്തിൽ വെച്ചു.
18 രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
19 സിംഹാസനത്തിന്നു ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തലപുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
20 ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടാക്കിയിരുന്നില്ല.
21 ശലോമോൻ രാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിന്നു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
22 രാജാവിന്നു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവ കൊണ്ടുവന്നു.
23 ഇങ്ങനെ ശലോമോൻ രാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
24 ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന്നു സകലദേശക്കാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.
25 അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊൻ പാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
26 ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു: അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.
27 രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.
28 ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും.
29 അവർ മിസ്രയീമിൽനിന്നു രഥം ഒന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശേക്കൽ വില കൊടുത്തു വാങ്ങികൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.
അദ്ധ്യായം 11

1 ശലോമോൻ രാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.
2 നിങ്ങൾക്കു അവരോടു കൂടിക്കലർച്ച അരുതു; അവർക്കു നിങ്ങളോടും കൂടിക്കലർച്ച അരുതു; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്ത അന്യജാതികളിൽനിന്നുള്ളവരെ തന്നേ; അവരോടു ശലോമോൻ സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു.
3 അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.
4 എങ്ങനെയെന്നാൽ: ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.
5 ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മിൽക്കോമിനെയും ചെന്നു സേവിച്ചു
6 തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണ്ണമായി അനുസരിക്കാതെ ശലോമോൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
7 അന്നു ശലോമോൻ യെരൂശലേമിന്നു എതിരെയുള്ള മലയിൽ മോവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മോലേക്കിന്നും ഓരോ പൂജാഗിരി പണിതു.
8 തങ്ങളുടെ ദേവന്മാർക്കു ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരത്തികളായ സകലഭാര്യമാർക്കും വേണ്ടി അവൻ അങ്ങനെ ചെയ്തു.
9 തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോൻ തന്റെ ഹൃദയം തിരിക്കയും
10 യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ അവനോടു കോപിച്ചു.
11 യഹോവ ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാൽ: എന്റെ നിയമവും ഞാൻ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരിൽ ഇരിക്കകൊണ്ടു ഞാൻ രാജത്വം നിങ്കൽ നിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസന്നു കൊടുക്കും.
12 എങ്കിലും നിന്റെ അപ്പനായ ദാവീദിൻ നിമിത്തം ഞാൻ നിന്റെ ജീവകാലത്തു അതു ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കയ്യിൽനിന്നു അതിനെ പറിച്ചുകളയും.
13 എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്റെ ദാസനായ ദാവീദിൻ നിമിത്തവും ഞാൻ തിരഞ്ഞെടുത്ത യെരൂശലേമിൻ നിമിത്തവും ഒരു ഗോത്രത്തെ ഞാൻ നിന്റെ മകന്നു കൊടുക്കും.
14 യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവൻ എദോം രാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു.
15 ദാവീദ് എദോമ്യരെ നിഗ്രഹിച്ചകാലത്തു സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കംചെയ്‍വാൻ ചെന്നു എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിച്ചപ്പോൾ--
16 എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലായിസ്രായേലും അവിടെ ആറുമാസം പാർത്തിരുന്നു--
17 ഹദദ് എന്നവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി മിസ്രയീമിലേക്കു ഓടിപ്പോയി; ഹദദ് അന്നു പൈതൽ ആയിരുന്നു.
18 അവർ മിദ്യാനിൽ നിന്നു പുറപ്പെട്ടു പാറാനിൽ എത്തി; പാറാനിൽനിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമിൽ മിസ്രയീംരാജാവായ ഫറവോന്റെ അടുക്കൽ ചെന്നു; അവൻ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.
19 ഫറവോന്നു ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ടു അവൻ തന്റെ ഭാര്യയായ തഹ്പെനേസ്രാജ്ഞിയുടെ സഹോദരിയെ അവന്നു ഭാര്യയായി കൊടുത്തു.
20 തഹ്പെനേസിന്റെ സഹോദരി അവന്നു ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു; അവനെ തഹ്പെനേസ് മുലകുടി മാറ്റി ഫറവോന്റെ അരമനയിൽ വളർത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയിൽ ഫറവോന്റെ പുത്രന്മാരോടുകൂടെ ആയിരുന്നു.
21 ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമിൽ കേട്ടിട്ടു ഫറവോനോടു: ഞാൻ എന്റെ ദേശത്തേക്കു യാത്രയാകേണ്ടതിന്നു എന്നെ അയക്കേണം എന്നു പറഞ്ഞു.
22 ഫറവോൻ അവനോടു: നീ സ്വദേശത്തേക്കു പോകുവാൻ താല്പര്യപ്പെടേണ്ടതിന്നു എന്റെ അടുക്കൽ നിനക്കു എന്തു കുറവുള്ള എന്നു ചോദിച്ചു; അതിന്നു അവൻ: ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം എന്നു പറഞ്ഞു.
23 ദൈവം അവന്റെ നേരെ എല്യാദാവിന്റെ മകനായ രെസോൻ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവൻ സോബാരാജാവായ ഹദദേസർ എന്ന തന്റെ യജമാനനെ വിട്ടു ഓടിപ്പോയിരുന്നു.
24 ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോൾ അവൻ തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീർന്നു; അവർ ദമ്മേശെക്കിൽ ചെന്നു അവിടെ പാർത്തു ദമ്മേശെക്കിൽ വാണു.
25 ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്നു പ്രതിയോഗി ആയിരുന്നു; അവൻ യിസ്രായേലിനെ വെറുത്തു അരാമിൽ രാജാവായിവാണു.
26 സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.
27 അവൻ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോൻ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തു.
28 എന്നാൽ യൊരോബെയാം ബഹു പ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു; ഈ യൌവനക്കാരൻ പരിശ്രമശീലൻ എന്നു കണ്ടിട്ടു ശലോമോൻ യോസേഫ്ഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയിൽ ഏല്പിച്ചു.
29 ആ കാലത്തു ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്നു വരുമ്പോൾ ശിലോന്യനായ അഹിയാപ്രവാചകൻ വഴിയിൽവെച്ചു അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലിൽ തനിച്ചായിരുന്നു.
30 അഹിയാവു താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി:
31 യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാൽ: പത്തു ഖണ്ഡം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ രാജത്വം ശലോമോന്റെ കയ്യിൽനിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.
32 എന്നാൽ എന്റെ ദാസനായ ദാവീദിൻ നിമിത്തവും ഞാൻ എല്ലായിസ്രായേൽഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യെരൂശലേം നഗരം നിമിത്തവും ഒരു ഗോത്രം അവന്നു ഇരിക്കും.
33 അവർ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മിൽക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്‍വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവർ എന്റെ വഴികളിൽ നടക്കാതെ ഇരിക്കയും ചെയ്തതു കൊണ്ടു തന്നേ.
34 എന്നാൽ രാജത്വം മുഴുവനും ഞാൻ അവന്റെ കയ്യിൽനിന്നു എടുക്കയില്ല; ഞാൻ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസൻ ദാവീദ് നിമിത്തം ഞാൻ അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വെച്ചേക്കും.
35 എങ്കിലും അവന്റെ മകന്റെ കയ്യിൽനിന്നു ഞാൻ രാജത്വം എടുത്തു നിനക്കു തരും; പത്തു ഗോത്രങ്ങളെ തന്നേ.
36 എന്റെ നാമം സ്ഥാപിക്കേണ്ടതിന്നു ഞാൻ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തിൽ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന്നു എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാൻ അവന്റെ മകന്നു ഒരു ഗോത്രത്തെ കൊടുക്കും.
37 നീയോ നിന്റെ ഇഷ്ടംപോലെ ഒക്കെയും വാണു യിസ്രായേലിന്നു രാജാവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ എടുത്തിരിക്കുന്നു.
38 ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ കേട്ടു എന്റെ വഴികളിൽ നടന്നു എന്റെ ദാസനായ ദാവീദ് ചെയ്തതു പോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു കൊണ്ടു എനിക്കു പ്രസാദമായുള്ളതു ചെയ്താൽ ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിന്നു പണിതതുപോലെ നിനക്കു സ്ഥിരമായോരു ഗൃഹം പണിതു യിസ്രായേലിനെ നിനക്കു തരും.
39 ദാവീദിന്റെ സന്തതിയെയോ ഞാൻ ഇതു നിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും.
40 അതുകൊണ്ടു ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റു മിസ്രയീമിൽ ശീശക്ൿ എന്ന മിസ്രയീംരാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ മിസ്രയീമിൽ ആയിരുന്നു.
41 ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
42 ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.
43 ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.
അദ്ധ്യായം 12

1 രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു എല്ലായിസ്രായേലും ശെഖേമിൽ വന്നിരുന്നതുകൊണ്ടു അവനും ശെഖേമിൽ ചെന്നു.
2 നെബാത്തിന്റെ മകനായ യൊരോബെയാം മിസ്രയീമിൽ അതു കേട്ടാറെ ശലോമോൻ രാജാവിന്റെ സന്നിധിയിൽനിന്നു യൊരോബെയാം മിസ്രയീമിൽ ഓടിപ്പോയി അവിടെ പാർത്തിരിക്കുമ്പോൾ
3 അവർ ആളയച്ചു അവനെ വിളിപ്പിച്ചിരുന്നു--യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്നു രെഹബെയാമിനോടു സംസാരിച്ചു:
4 നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
5 അവൻ അവരോടു: നിങ്ങൾ പോയി മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
6 രെഹബെയാം രാജാവു തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്തു അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
7 അതിന്നു അവർ അവനോടു: നീ ഇന്നു ഈ ജനത്തിന്നു വഴിപ്പെട്ടു അവരെ സേവിച്ചു അവരോടു നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
8 എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൌവ്വനക്കാരോടു ആലോചിച്ചു:
9 നിന്റെ അപ്പൻ ഞങ്ങളുടെ മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടു നാം ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.
10 അവനോടുകൂടെ വളർന്നിരുന്ന യൌവ്വനക്കാർ അവനോടു: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അതു ഞങ്ങൾക്കു ഭാരം കുറെച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോടു: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാൾ വണ്ണമുള്ളതായിരിക്കും.
11 എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
12 മൂന്നാം ദിവസം എന്റെ അടുക്കൽ വീണ്ടും വരുവിൻ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ ചെന്നു.
13 എന്നാൽ രാജാവു ജനത്തോടു കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചനയെ അവൻ ത്യജിച്ചു.
14 യൌവ്വനക്കാരുടെ ആലോചനപോലെ അവരോടു: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.
15 ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശിലോന്യനായ അഹിയാവുമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം യഹോവയുടെ ഹിതത്താൽ സംഭവിച്ചു.
16 രാജാവു തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്നു എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോടു: ദാവീദിങ്കൽ ഞങ്ങൾക്കു എന്തു ഓഹരി ഉള്ളു? യിശ്ശായിയുടെ മകങ്കൽ ഞങ്ങൾക്കു അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്നുത്തരം പറഞ്ഞു, യിസ്രായേൽ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
17 യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായ്തീർന്നു.
18 പിന്നെ രെഹബെയാംരാജാവു ഊഴിയവേലെക്കു മേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാൽ യിസ്രായേലൊക്കെയും അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്കു ഓടിപ്പോന്നു.
19 ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മതസരിച്ചു നില്ക്കുന്നു.
20 യൊരോബെയാം മടങ്ങിവന്നു എന്നു യിസ്രായേലൊക്കെയും കേട്ടപ്പോൾ അവർ ആളയച്ചു അവനെ സഭയിലേക്കു വിളിപ്പിച്ചു അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; യെഹൂദാഗോത്രം മാത്രം അല്ലാതെ മറ്റാരും ദാവീദ് ഗൃഹത്തിന്റെ പക്ഷം ചേർന്നില്ല.
21 രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽഗൃഹത്തോടു യുദ്ധംചെയ്തു രാജത്വം ശലോമോന്റെ മകനായ രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു അവൻ യെഹൂദാഗൃഹം മുഴുവനിലും ബെന്യാമീന്റെ ഗോത്രത്തിലുംനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെണ്പതിനായിരംപേരെ ശേഖരിച്ചു.
22 എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
23 നീ ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദയുടെയും ബെന്യാമീന്റെയും സകലഗൃഹത്തോടും ശേഷം ജനത്തോടും പറക; നിങ്ങൾ പുറപ്പെടരുതു;
24 നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽമക്കളോടു യുദ്ധം ചെയ്കയുമരുതു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ ഉണ്ടായിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാടു അനുസരിച്ചു യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി.
25 അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടിൽ ശെഖേം പണിതു അവിടെ പാർത്തു. അവൻ അവിടെനിന്നു പുറപ്പെട്ടു പെനൂവേലും പണിതു.
26 എന്നാൽ യൊരോബെയാം തന്റെ മനസ്സിൽ: രാജത്വം വീണ്ടും ദാവീദ്ഗൃഹത്തിന്നു ആയിപ്പോകും;
27 ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാൻ ചെന്നാൽ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവർ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു.
28 ആകയാൽ രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങൾ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു.
29 അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
30 ഈ കാര്യം പാപഹേതുവായിത്തീർന്നു; ജനം ഒന്നിന്റെ മുമ്പിൽ നമസ്കരിപ്പാൻ ദാൻവരെ ചെന്നു.
31 അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.
32 യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കൽ ചെന്നു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്കു യാഗം കഴിക്കേണ്ടതിന്നു അവൻ ബേഥേലിലും അങ്ങനെ തന്നേ ചെയ്തു; താൻ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവൻ ബേഥേലിൽ ആക്കി.
33 അവൻ സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി താൻ ബേഥേലിൽ ഉണ്ടാക്കിയ യാഗപീഠത്തിങ്കൽ ചെന്നു യിസ്രായേൽമക്കൾക്കു ഒരു ഉത്സവം നിയമിച്ചു, പീഠത്തിന്നരികെ ചെന്നു ധൂപം കാട്ടി.
അദ്ധ്യായം 13

1 യൊരോബെയാം ധൂപം കാട്ടുവാൻ പീഠത്തിന്നരികെ നില്ക്കുമ്പോൾ തന്നേ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ യെഹൂദയിൽ നിന്നു ബേഥേലിലേക്കു വന്നു.
2 അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോടു: യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദ്ഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്റെ മേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേൽ വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു.
3 അവൻ അന്നു ഒരു അടയാളവും കൊടുത്തു; ഇതാ, ഈ യാഗപീഠം പിളർന്നു അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇതു യഹോവ കല്പിച്ച അടയാളം എന്നു പറഞ്ഞു.
4 ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിന്നു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവു കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്നു കൈ നീട്ടി: അവനെ പിടിപ്പിൻ എന്നു കല്പിച്ചു; എങ്കിലും അവന്റെ നേരെ നിട്ടിയ കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാൻ കഴിവില്ലാതെ ആയി.
5 ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്നു ചാരം യാഗപീഠത്തിൽനിന്നു തൂകിപ്പോയി.
6 രാജാവു ദൈവപുരുഷനോടു: നീ നിന്റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈമടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർത്ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോടു അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.
7 രാജാവു ദൈവപുരുഷനോടു: നീ എന്നോടുകൂടെ അരമനയിൽ വന്നു അല്പം ആശ്വസിച്ചുകൊൾക; ഞാൻ നിനക്കു ഒരു സമ്മാനം തരും എന്നു പറഞ്ഞു.
8 ദൈവപുരുഷൻ രാജാവിനോടു: നിന്റെ അരമനയിൽ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തു വെച്ചു ഞാൻ അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല.
9 നീ അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു; പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
10 അങ്ങനെ അവൻ ബേഥേലിലേക്കു വന്ന വഴിയായി മടങ്ങാതെ മറ്റൊരുവഴിയായി പോയി.
11 ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു; അവന്റെ പുത്രന്മാർ വന്നു ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോടു പറഞ്ഞു; അവൻ രാജാവിനോടു പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു.
12 അവരുടെ അപ്പൻ അവരോടു: അവൻ ഏതു വഴിക്കു പോയി എന്നു ചോദിച്ചു; യെഹൂദയിൽനിന്നു വന്നു ദൈവപുരുഷൻ പോയ വഴി അവന്റെ പുത്രന്മാർ കണ്ടിരുന്നു.
13 അവൻ തന്റെ പുത്രന്മാരോടു: കഴുതെക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു, അവർ കഴുതെക്കു കോപ്പിട്ടുകൊടുത്തു; അവൻ അതിന്റെ പുറത്തു കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു;
14 അവൻ ഒരു കരുവേലകത്തിൻ കീഴെ ഇരിക്കുന്നതു കണ്ടു: നീ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോ എന്നു അവനോടു ചോദിച്ചു.
15 അവൻ അതേ എന്നു പറഞ്ഞു. അവൻ അവനോടു: നീ എന്നോടുകൂടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കേണം എന്നു പറഞ്ഞു.
16 അതിന്നു അവൻ: എനിക്കു നിന്നോടുകൂടെ പോരികയോ നിന്റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവെച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല.
17 നീ അവിടെവെച്ചു അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു, പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
18 അതിന്നു അവൻ: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു വരിക എന്നു ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവൻ പറഞ്ഞതോ ഭോഷ്കായിരുന്നു.
19 അങ്ങനെ അവൻ അവനോടുകൂടെ ചെന്നു, അവന്റെ വീട്ടിൽവെച്ചു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു.
20 അവൻ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
21 അവർ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോടു: നീ യഹോവയുടെ വചനം മറുത്തു നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിരുന്ന
22 കല്പന പ്രമാണിക്കാതെ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്നു അവൻ നിന്നോടു കല്പിച്ച സ്ഥലത്തു നീ മടങ്ങിവന്നു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ടു നിന്റെ ശവം നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു വിളിച്ചുപറഞ്ഞു.
23 അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നുവേണ്ടി കഴുതെക്കു കോപ്പിട്ടുകൊടുത്തു;
24 അവൻ പോകുമ്പോൾ വഴിയിൽ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്റെ ശവം വഴിയിൽ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു.
25 വഴിപോകുന്ന ആളുകൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്നു അറിയിച്ചു.
26 അവനെ വഴിയിൽ നിന്നു കൂട്ടിക്കൊണ്ടു വന്ന പ്രവാചകൻ അതു കേട്ടപ്പോൾ: അവൻ യഹോവയുടെ വചനം മറുത്ത ദൈവപുരുഷൻ തന്നേ; യഹോവ അവനോടു അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന്നു ഏല്പിച്ചു; അതു അവനെ കീറി കൊന്നുകളഞ്ഞു എന്നു പറഞ്ഞു.
27 പിന്നെ അവൻ തന്റെ പുത്രന്മാരോടു: കഴുതെക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു.
28 അവർ കോപ്പിട്ടുകൊടുത്തു. അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല.
29 പ്രവാചകൻ ദൈവപുരുഷന്റെ ശവം എടുത്തു കഴുതപ്പുറത്തു വെച്ചു കൊണ്ടുവന്നു; വൃദ്ധനായ പ്രവാചകൻ തന്റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്തു.
30 അവന്റെ ശവം അവൻ തന്റെ സ്വന്ത കല്ലറയിൽ വെച്ചിട്ടു അവനെക്കുറിച്ചു: അയ്യോ എന്റെ സഹോദരാ, എന്നിങ്ങനെ പറഞ്ഞു അവർ വിലാപം കഴിച്ചു.
31 അവനെ അടക്കം ചെയ്തശേഷം അവൻ തന്റെ പുത്രന്മാരോടു: ഞാൻ മരിച്ചശേഷം നിങ്ങൾ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽ തന്നേ അടക്കം ചെയ്യേണം; അവന്റെ അസ്ഥികളുടെ അരികെ എന്റെ അസ്ഥികളും ഇടേണം.
32 അവൻ ബേഥേലിലെ യാഗപീഠത്തിന്നും ശമര്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങൾക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും എന്നു പറഞ്ഞു.
33 ഈ കാര്യം കഴിഞ്ഞിട്ടും യൊരോബെയാം തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതെ പിന്നെയും സർവ്വജനത്തിൽനിന്നും പൂജാഗിരിപുരോഹിതന്മാരെ നിയമിച്ചു; തനിക്കു ബോധിച്ചവരെ കരപൂരണം കഴിപ്പിച്ചു; അവർ പൂജാഗിരിപുരോഹിതന്മാരായ്തീർന്നു.
34 യൊരോബെയാംഗൃഹത്തെ ഭൂമിയിൽനിന്നു ഛേദിച്ചു മുടിച്ചുകളയത്തക്കവണ്ണം ഈ കാര്യം അവർക്കു പാപമായ്തീർന്നു.
അദ്ധ്യായം 14

1 ആ കാലത്തു യൊരോബെയാമിന്റെ മകനായ അബീയാവു ദീനം പിടിച്ചു കിടപ്പിലായി.
2 യൊരോബെയാം തന്റെ ഭാര്യയോടു: നീ യൊരോബെയാമിന്റെ ഭാര്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു, പോകേണം; ഈ ജനത്തിന്നു ഞാൻ രാജാവാകും എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ.
3 നിന്റെ കയ്യിൽ പത്തു അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്തു അവന്റെ അടുക്കൽ ചെല്ലുക. കുട്ടിയുടെ കാര്യം എന്താകും എന്നു അവൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു.
4 യൊരോബെയാമിന്റെ ഭാര്യ അങ്ങനെ തന്നേ ചെയ്തു; അവൾ പുറപ്പെട്ടു ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന്നു വാർദ്ധക്യം നിമിത്തം കണ്ണു മങ്ങിയിരിരുന്നതുകൊണ്ടു കാണ്മാൻ വഹിയാതെയിരുന്നു.
5 എന്നാൽ യഹോവ അഹീയാവോടു: യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാൻ വരുന്നു; അവൻ ദീനമായി കിടക്കുന്നു; നീ അവളോടു ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്തു വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും എന്നു അരുളിച്ചെയ്തു.
6 അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹിയാവു കേട്ടിട്ടു പറഞ്ഞതെന്തെന്നൽ: യൊരോബെയാമിന്റെ ഭാര്യയേ, അകത്തു വരിക; നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നതു എന്തിന്നു? കഠിനവർത്തമാനം നിന്നെ അറിയിപ്പാൻ എനിക്കു നിയോഗം ഉണ്ടു.
7 നീ ചെന്നു യൊരോബെയാമിനോടു പറയേണ്ടുന്നതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജനത്തിന്റെ ഇടയിൽനിന്നു നിന്നെ ഉയർത്തി, എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കി.
8 രാജത്വം ദാവീദ് ഗൃഹത്തിൽനിന്നു കീറിയെടുത്തു നിനക്കുതന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‍വാൻ പൂർണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ
9 നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന്നു ചെന്നു നിനക്കു അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞു.
10 അതു കൊണ്ടു ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന്നു അനർത്ഥം വരുത്തി, യൊരോബെയാമിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലിൽനിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.
11 യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽ വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.
12 ആകയാൽ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിന്നകത്തു ചവിട്ടുമ്പോൾ കുട്ടി മരിച്ചു പോകും.
13 യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തിൽവെച്ചു അവനിൽമാത്രം യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും.
14 യഹോവ തനിക്കു യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്നു യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാൽ ഇപ്പോൾ തന്നേ എന്തു?
15 യിസ്രായേൽ അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോയെ കോപിപ്പിച്ചതുകൊണ്ടു ഓട വെള്ളത്തിൽ ആടുന്നതുപോലെ അവർ ആടത്തക്കവണ്ണം യഹോവ അവരെ ആടിച്ചു അവരുടെ പിതാക്കന്മാർക്കു താൻ കൊടുത്ത ഈ നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും.
16 പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.
17 എന്നാറെ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ടു തിർസ്സയിൽവന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോൾ കുട്ടി മരിച്ചു.
18 യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു.
19 യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
20 യൊരോബെയാം വാണകാലം ഇരുപത്തുരണ്ടു സംവത്സരം ആയിരുന്നു; അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന്നു പകരം രാജാവായി.
21 ശലോമോന്റെ മകനായ രെഹബെയാം യെഹൂദയിൽ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോൾ അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലായിസ്രായേൽഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നുപേർ.
22 യെഹൂദാ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവർ ചെയ്ത പാപങ്ങൾകൊണ്ടു അവരുടെ പിതാക്കന്മാർ ചെയ്തതിനെക്കാൾ അധികം അവനെ ക്രുദ്ധിപ്പിച്ചു.
23 എങ്ങനെയെന്നാൽ അവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിൻ കീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.
24 പുരുഷമൈഥുനക്കാരും ദേശത്തു ഉണ്ടായിരുന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ളേച്ഛതളും അവർ അനുകരിച്ചു.
25 എന്നാൽ രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ മിസ്രയീംരാജാവായ ശീശൿ യെരൂശലേമിന്റെ നേരെ വന്നു,
26 യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനയിലെ ഭണ്ഡാരവും എല്ലാം കവർന്നു; അവൻ ആസകലം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻ പരിചകളും എടുത്തുകൊണ്ടുപോയി.
27 ഇവെക്കു പകരം രെഹബെയാംരാജാവു താമ്രം കൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു.
28 രാജാവു യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയിൽ തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും.
29 രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ?
30 രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
31 രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവന്റെ മകനായ അബീയാം അവന്നു പകരം രാജാവായി.
അദ്ധ്യായം 15

1 നെബാത്തിന്റെ മകനായ യൊരോബെയാം രാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബിയാം യെഹൂദയിൽ വാണുതുടങ്ങി.
2 അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേർ; അവൾ അബീശാലോമിന്റെ മകൾ ആയിരുന്നു.
3 തന്റെ അപ്പൻ മുമ്പെ ചെയ്തിരുന്ന സകലപാപങ്ങളിലും അവൻ നടന്നു; അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അവന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.
4 എങ്കിലും ദാവീദിൻ നിമിത്തം അവന്റെ ദൈവമായ യഹോവ അവന്റെ മകനെ അവന്റെ അനന്തരവനായി ഉയർത്തിയും യെരൂശലേമിനെ നിലനിർത്തിയുംകൊണ്ടു അവന്നു യെരൂശലേമിൽ ഒരു ദീപം നല്കി.
5 ദാവീദ് യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തിൽ മാത്രമല്ലാതെ അവൻ തന്നോടു കല്പിച്ചതിൽ ഒന്നും തന്റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല.
6 രെഹബെയാമും യൊരോബെയാമും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
7 അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.
8 അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി.
9 യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി.
10 അവൻ നാല്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേർ; അവൾ അബിശാലോമിന്റെ മകൾ ആയിരുന്നു.
11 ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
12 അവൻ പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.
13 തന്റെ അമ്മയായ മയഖ അശേരെക്കു ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതു കൊണ്ടു അവൻ അവളെ രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ളേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോൻ തോട്ടിന്നരികെവെച്ചു ചുട്ടുകളഞ്ഞു.
14 എന്നാൽ പൂജാഗിരികൾക്കു നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിങ്കൽ ഏകാഗ്രമായിരുന്നു.
15 വെള്ളി, പൊന്നു, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവൻ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.
16 ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
17 യിസ്രായേൽരാജാവായ ബയെശാ യെഹൂദയുടെ നേരെ വന്നു, യെഹൂദാരാജാവായ ആസയുടെ അടുക്കൽ പോക്കുവരുത്തിന്നു ആരെയും സമ്മതിക്കാതിരിക്കേണ്ടതിന്നു രാമയെ പണിതു ഉറപ്പിച്ചു.
18 അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ശേഷിച്ചിരുന്ന എല്ലാ വെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്റെ ഭൃത്യന്മാരുടെ കയ്യിൽ ഏല്പിച്ചു; ആസാരാജാവു ദമ്മേശെക്കിൽ പാർത്ത ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിന്നു അവയെ കൊടുത്തയച്ചു:
19 എനിക്കും നിനക്കും, എന്റെ അപ്പന്നും നിന്റെ അപ്പന്നും തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാൻ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രയേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു.
20 ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷകേട്ടു, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ചു ഈയോനും ദാനും ആബേൽ-ബേത്ത്-മയഖയും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.
21 ബയെശാ അതു കേട്ടപ്പോൾ രാമാ പണിയുന്നതു നിർത്തി തിർസ്സയിൽ തന്നേ പാർത്തു.
22 ആസാരാജാവു ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്നു ബയെശാ പണിതു ഉറപ്പിച്ച രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവു അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.
23 ആസയുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും അവൻ പട്ടണങ്ങൾ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാർദ്ധക്യകാലത്തു അവന്റെ കാലുകൾക്കു ദീനംപിടിച്ചു.
24 ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി.
25 യെഹൂദാരാജാവായ ആസയുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ നാദാബ് യിസ്രായേലിൽ രാജാവായി; അവൻ രണ്ടു സംവത്സരം യിസ്രായേലിൽ വാണു.
26 അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.
27 എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹിയാവിന്റെ മകനായ ബയെശാ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോനിൽവെച്ചു അവനെ കൊന്നു; നാദാബും എല്ലാ യിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു.
28 ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടിൽ കൊന്നു; അവന്നു പകരം രാജാവായി.
29 അവൻ രാജാവായ ഉടനെ യൊരോബെയാം ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; യഹോവ ശിലോന്യനായ അഹിയാവു എന്ന തന്റെ ദാസൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിന്നു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു.
30 യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങൾ നിമിത്തവും അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതുനിമിത്തവും തന്നേ.
31 നാദാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
32 ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
33 യെഹൂദാരാജാവായ ആസയുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകനായ ബയെശാ എല്ലായിസ്രായേലിന്നും രാജാവായി തിർസ്സയിൽ ഇരുപത്തുനാലു സംവത്സരം വാണു.
34 അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.
അദ്ധ്യായം 16

1 ബയെശകൂ വിരോധമായി ഹനാനിയുടെ മകൻ യേഹൂവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
2 ഞാൻ നിന്നെ പൊടിയിൽനിന്നു ഉയർത്തി എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കിവെച്ചു; നീയോ യൊരോബെയാമിന്റെ വഴിയിൽ നടക്കയും തങ്ങളുടെ പാപങ്ങളാൽ എന്നെ കോപിപ്പിക്കത്തക്കവണ്ണം എന്റെ ജനമായ യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്കയാൽ
3 ഇതാ ഞാൻ ബയെശയെയും അവന്റെ ഗൃഹത്തെയും അശേഷം അടിച്ചുവാരിക്കളയും; നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെ ആക്കും.
4 ബയെശയുടെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും.
5 ബയെശയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതും അവന്റെ പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
6 ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിർസ്സയിൽ അടക്കംചെയ്തു; അവന്റെ മകൻ ഏലാ അവന്നു പകരം രാജാവായി.
7 ബയെശാ യൊരോബെയാംഗൃഹത്തെപ്പോലെ ഇരുന്നു തന്റെ കൈകളുടെ പ്രവൃത്തിയാൽ യഹോവയെ ക്രുദ്ധിപ്പിച്ചു യഹോവെക്കു അനിഷ്ടമായുള്ളതൊക്കെയും ചെയ്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടു അവന്നും അവന്റെ ഗൃഹത്തിന്നും വിരോധമായി ഹനാനിയുടെ മകനായ യേഹൂപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായിരുന്നു.
8 യെഹൂദാരാജാവായ ആസയുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സയിൽ രണ്ടു സംവത്സരം വാണു.
9 എന്നാൽ രഥങ്ങളിൽ പകുതിക്കു അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യൻ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവൻ തിർസ്സയിൽ തിർസ്സാരാജധാനിവിചാരകനായ അർസ്സയുടെ വീട്ടിൽ കുടിച്ചു ലഹരിപിടിച്ചിരിക്കുമ്പോൾ
10 സിമ്രി അകത്തു കടന്നു യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ അവനെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
11 അവൻ രാജാവായി സിംഹാസനത്തിൽ ഇരുന്ന ഉടനെ ബയെശയുടെ ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; അവന്നാകട്ടെ അവന്റെ ചാർച്ചക്കാർക്കാകട്ടെ പുരുഷപ്രജയായ ഒന്നിനെയും അവൻ ശേഷിപ്പിച്ചില്ല.
12 അങ്ങനെ ബയെശയും അവന്റെ മകൻ ഏലയും തങ്ങളുടെ മിത്ഥ്യാമൂർത്തികളാൽ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു, തങ്ങൾ ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ സകല പാപങ്ങളും നിമിത്തം
13 യഹോവ യേഹൂപ്രവാചകൻ മുഖാന്തരം ബയെശകൂ വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.
14 ഏലയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
15 യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ സിമ്രി തിർസ്സയിൽ ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോൻ നിരോധിച്ചിരിക്കയായിരുന്നു.
16 സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോൾ എല്ലായിസ്രായേലും അന്നു തന്നേ പാളയത്തിൽവെച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിന്നു രാജാവാക്കി വാഴിച്ചു.
17 ഉടനെ ഒമ്രി എല്ലായിസ്രായേലുമായി ഗിബ്ബെഥോൻ വിട്ടുചെന്നു തിർസ്സയെ നിരോധിച്ചു.
18 പട്ടണം പിടിപെട്ടു എന്നു സിമ്രി കണ്ടപ്പോൾ രാജധാനിയുടെ ഉൾമുറിയിൽ കടന്നു രാജധാനിക്കു തീവെച്ചു അതിൽ മരിച്ചുകളഞ്ഞു.
19 അവൻ യെരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു പ്രവൃത്തിച്ചു, ഇങ്ങനെ താൻ ചെയ്ത പാപങ്ങൾനിമിത്തം തന്നേ.
20 സിമ്രിയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
21 അന്നു യിസ്രായേൽ ജനം രണ്ടു ഭാഗമായി പിരിഞ്ഞു; പാതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന്നു അവന്റെ പക്ഷം ചേർന്നു; പാതി ജനം ഒമ്രിയുടെ പക്ഷം ചേർന്നു.
22 എന്നാൽ ഒമ്രിയുടെ പക്ഷം ചേർന്ന ജനം ഗീനത്തിന്റെ മകനായ തിബ്നിയുടെ പക്ഷം ചേർന്ന ജനത്തെ തോല്പിച്ചു; അങ്ങനെ തിബ്നി പട്ടുപോകയും ഒമ്രി രാജാവാകയും ചെയ്തു.
23 യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിർസ്സയിൽ അവൻ ആറു സംവത്സരം വാണു.
24 പിന്നെ അവൻ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു.
25 ഒമ്രി യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവർത്തിച്ചു.
26 എങ്ങനെയെന്നാൽ: അവൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാവഴിയിലും യിസ്രായേലിന്റെ ദൈവമായ യഹോവയെ തങ്ങളുടെ മിത്ഥ്യാമൂർത്തികളാൽ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച പാപങ്ങളിലും നടന്നു.
27 ഒമ്രി ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്ത പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
28 ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകനായ ആഹാബ് അവന്നു പകരം രാജാവായി.
29 യെഹൂദാരാജാവായ ആസയുടെ മുപ്പത്തെട്ടാം ആണ്ടിൽ ഒമ്രിയുടെ മകനായ ആഹാബ് യിസ്രായേലിൽ രാജാവായി; ഒമ്രിയുടെ മകനായ ആഹാബ് ശമര്യയിൽ യിസ്രായേലിനെ ഇരുപത്തുരണ്ടു സംവത്സരം വാണു.
30 ഒമ്രിയുടെ മകനായ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
31 നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നതു പോരാ എന്നു തോന്നുമാറു അവൻ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസേബെലിനെ ഭാര്യയായി പരിഗ്രഹിക്കയും ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്തു.
32 താൻ ശമര്യയിൽ പണിത ബാലിന്റെ ക്ഷേത്രത്തിൽ അവൻ ബാലിന്നു ഒരു ബലിപീഠം ഉണ്ടാക്കി.
33 ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ ആഹാബ് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിക്കത്തക്കവണ്ണം തനിക്കു മുമ്പുണ്ടായിരുന്ന എല്ലായിസ്രായേൽരാജാക്കന്മാരെക്കാളും അധികം ദോഷം പ്രവർത്തിച്ചു.
34 അവന്റെ കാലത്തു ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോൾ അവന്നു അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വെച്ചപ്പോൾ ശെഗൂബു എന്ന ഇളയമകനും നഷ്ടംവന്നു.
അദ്ധ്യായം 17

1 എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.
2 പിന്നെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
3 നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക.
4 തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു.
5 അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവൻ ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാർത്തു.
6 കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ കുടിക്കും.
7 എന്നാൽ ദേശത്തു മഴ പെയ്യായ്കയാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.
8 അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
9 നീ എഴുന്നേറ്റു സീദോനോടു ചേർന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാർക്ക; നിന്നെ പുലർത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാൻ കല്പിച്ചിരിക്കുന്നു.
10 അങ്ങനെ അവൻ എഴുന്നേറ്റു സാരെഫാത്തിന്നു പോയി. അവൻ പട്ടണവാതിൽക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളെ വിളിച്ചു: എനിക്കു കുടിപ്പാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.
11 അവൾ കൊണ്ടുവരുവാൻ പോകുമ്പോൾ ഒരു കഷണം അപ്പവും കൂടെ നിന്റെ കയ്യിൽ കൊണ്ടുപോരേണമേ എന്നു അവൻ അവളോടു വിളിച്ചുപറഞ്ഞു.
12 അതിന്നു അവൾ: നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.
13 ഏലീയാവു അവളോടു: ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊൾക.
14 യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
15 അവൾ ചെന്നു ഏലീയാവു പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തികഴിച്ചു.
16 യഹോവ ഏലീയാവുമുഖാന്തരം അരുളിച്ചെയ്ത വചന പ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.
17 അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകൻ ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ടു അവനിൽ ശ്വാസം ഇല്ലാതെയായി.
18 അപ്പോൾ അവൾ ഏലീയാവോടു: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ പാപം ഓർപ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കൽ വന്നതു എന്നു പറഞ്ഞു.
19 അവൻ അവളോടു: നിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്തു താൻ പാർത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്നു തന്റെ കട്ടിലിന്മേൽ കിടത്തി.
20 അവൻ യഹോവയോടു: എന്റെ ദൈവമായ യഹോവേ, ഞാൻ വന്നു പാർക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാൻ തക്കവണ്ണം നീ അവൾക്കു അനർത്ഥം വരുത്തിയോ എന്നു പ്രാർത്ഥിച്ചുപറഞ്ഞു.
21 പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർത്ഥിച്ചു.
22 യഹോവ ഏലീയാവിന്റെ പ്രാർത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്നു അവൻ ജീവിച്ചു.
23 ഏലീയാവു കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു ഏലിയാവു പറഞ്ഞു.
24 സ്ത്രീ ഏലീയാവോടു: നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു എന്നു പറഞ്ഞു.
അദ്ധ്യായം 18

1 ഏറിയനാൾ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തിൽ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നു പറഞ്ഞു.
2 ഏലീയാവു ആഹാബിന്നു തന്നെത്താൻ കാണിപ്പാൻ പോയി; ക്ഷാമമോ ശമര്യയിൽ കഠിനമായിരുന്നു.
3 ആകയാൽ ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവെ ആളയച്ചുവരുത്തി; ഓബദ്യാവോ യഹോവയിങ്കൽ മഹാഭക്തനായിരുന്നു.
4 ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
5 ആഹാബ് ഓബദ്യാവോടു: നീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.
6 അവർ ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന്നു അതിനെ തമ്മിൽ പകുത്തു; ആഹാബ് തനിച്ചു ഒരു വഴിക്കു പോയി, ഓബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി,
7 ഓബദ്യാവു വഴിയിൽ ഇരിക്കുമ്പോൾ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗം വീണു: എന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.
8 അവൻ അവനോടു: അതേ, ഞാൻ തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.
9 അതിന്നു അവൻ പറഞ്ഞതു: അടിയനെ കൊല്ലേണ്ടതിന്നു അഹാബിന്റെ കയ്യിൽ ഏല്പിപ്പാൻ അടിയൻ എന്തു പാപം ചെയ്തു?
10 നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.
11 ഇങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ.
12 ഞാൻ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാൻ ആഹാബിനോടു ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താൽ അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവഭക്തൻ ആകുന്നു.
13 ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഞാൻ യഹോവയുടെ പ്രവാചകന്മാരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനൻ അറിഞ്ഞിട്ടില്ലയോ?
14 അങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ.
15 അതിന്നു ഏലീയാവു: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.
16 അങ്ങനെ ഓബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാൻ ചെന്നു.
17 ആഹാബ് ഏലീയാവെ കണ്ടപ്പോൾ അവനോടു: ആർ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
18 അതിന്നു അവൻ പറഞ്ഞതു: യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.
19 എന്നാൽ ഇപ്പോൾ ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക.
20 അങ്ങനെ ആഹാബ് എല്ലായിസ്രായേൽമക്കളുടെയും അടുക്കൽ ആളയച്ചു കർമ്മേൽപർവ്വതത്തിൽ ആ പ്രവാചകന്മാരെ കൂട്ടിവരുത്തി.
21 അപ്പോൾ ഏലീയാവു അടുത്തുചെന്നു സർവ്വജനത്തോടും: നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു; എന്നാൽ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
22 പിന്നെ ഏലീയാവു ജനത്തോടു പറഞ്ഞതു: യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പതുപേരുണ്ടു.
23 ഞങ്ങൾക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വെക്കാം;
24 നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ; അതിന്നു ജനം എല്ലാം:
25 അതു നല്ലവാക്കു എന്നു ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവു ബാലിന്റെ പ്രവാചകന്മാരോടു: നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്തു ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ എന്നു പറഞ്ഞു.
26 അങ്ങനെ അവർക്കു കൊടുത്ത കാളയെ അവർ എടുത്തു ഒരുക്കി: ബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
27 ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു.
28 അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.
29 ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവർ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.
30 അപ്പോൾ ഏലീയാവു: എന്റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;
31 നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു,
32 കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടു ഉണ്ടാക്കി.
33 പിന്നെ അവൻ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിൻ മീതെ വെച്ചു; നാലു തൊട്ടിയിൽ വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ എന്നു പറഞ്ഞു.
34 രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്നു അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്നു അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു.
35 വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറെച്ചു.
36 ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവയമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.
37 യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു.
38 ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.
39 ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.
40 ഏലീയാവു അവരോടു: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോൻ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.
41 പിന്നെ ഏലീയാവു ആഹാബിനോടു: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു.
42 ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ചു തന്റെ ബാല്യക്കാരനോടു:
43 നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവൻ ചെന്നു നോക്കീട്ടു: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ: പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു.
44 ഏഴാം പ്രാവശ്യമോ അവൻ: ഇതാ, കടലിൽനിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: നീ ചെന്നു ആഹാബിനോടു: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.
45 ക്ഷണത്തിൽ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.
46 എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കിയുംകൊണ്ടു യിസ്രായേലിൽ എത്തുംവരെ ആഹാബിന്നു മുമ്പായി ഓടി.
അദ്ധ്യായം 19

1 ഏലീയാവു ചെയ്തതൊക്കെയും അവൻ സകല പ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു.
2 ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.
3 അവൻ ഭയപ്പെട്ടു എഴുന്നേറ്റു ജീവരക്ഷെക്കായി പുറപ്പെട്ടു യെഹൂദെക്കുൾപ്പെട്ട ബേർ-ശേബയിൽ ചെന്നു അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.
4 താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.
5 അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്നു ഒരു ദൂതൻ അവനെ തട്ടി അവനോടു: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു.
6 അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലെക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നുകുടിച്ചു പിന്നെയും കിടന്നുറങ്ങി.
7 യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യം വന്നു അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‍വാനുണ്ടല്ലോ എന്നു പറഞ്ഞു.
8 അവൻ എഴുന്നേറ്റു തിന്നുകുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടന്നു.
9 അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാർത്തു; അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോടു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിച്ചു.
10 അതിന്നു അവൻ: സൈന്യങ്ങളുടെ ദൈവമായ യഹോവെക്കു വേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു എന്നു പറഞ്ഞു.
11 നീ പുറത്തു വന്നു പർവ്വതത്തിൽ യഹോവയുടെ മുമ്പാകെ നിൽക്ക എന്നു അവൻ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റു യഹോവയുടെ മുമ്പിൽ പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്റെ ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.
12 ഭൂകമ്പത്തിന്റെ ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി.
13 ഏലീയാവു അതു കേട്ടിട്ടു തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്നു ഗുഹാമുഖത്തുനിന്നു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു.
14 അതിന്നു അവൻ: സൈന്യങ്ങളുടെ ദൈവമായ യഹോവെക്കു വേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു, നിന്റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവൻ ജീവഹാനി വരുത്തുവാൻ നോക്കുന്നു എന്നു പറഞ്ഞു.
15 യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമിവഴിയായി മടങ്ങിപ്പോക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിന്നു രാജാവായിട്ടു അഭിഷേകം ചെയ്ക.
16 നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽനിന്നുള്ള സാഫാത്തിന്റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം.
17 ഹസായേലിന്റെ വാളിന്നു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്റെ വാളിന്നു തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.
18 എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.
19 അങ്ങനെ അവൻ അവിടെനിന്നു പറപ്പെട്ടു സാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ടു ഏർ കാള പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ താൻ തന്നേ ആയിരുന്നു; ഏലീയാവു അവന്റെ അരികെ ചെന്നു തന്റെ പുതപ്പു അവന്റെ മേൽ ഇട്ടു.
20 അവൻ കാളയെ വിട്ടു ഏലീയാവിന്റെ പിന്നാലെ ഓടി: ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചു കൊള്ളട്ടെ; അതിന്റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം എന്നു പറഞ്ഞു. അതിന്നു അവൻ: പോയി വരിക; എന്നാൽ ഞാൻ നിനക്കു എന്തു ചെയ്തിരിക്കുന്നു എന്നോർക്ക എന്നു പറഞ്ഞു.
21 അങ്ങനെ അവൻ അവനെ വിട്ടു ചെന്നു ഒരു ഏർ കാളയെ പിടിച്ചു അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിന്നു കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റു ഏലീയാവിന്റെ പിന്നാലെ ചെന്നു അവന്നു ശുശ്രൂഷകനായ്തീർന്നു.


<

അദ്ധ്യായം 20

1 അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു.
2 അവൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ചു അവനോടു:
3 നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളതു; നിന്റെ സൌന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവർ എന്നിങ്ങനെ ബെൻ-ഹദദ് പറയുന്നു എന്നു പറയിച്ചു.
4 അതിന്നു യിസ്രായേൽരാജാവു: എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നേ എന്നു മറുപടി പറഞ്ഞയച്ചു.
5 ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: നിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ;
6 നാളെ ഈ നേരത്തു ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്തു നിനക്കു ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.
7 അപ്പോൾ യിസ്രായേൽരാജാവു ദേശത്തുള്ള എല്ലാമൂപ്പന്മാരെയും വരുത്തി: അവൻ ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്മിൻ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും, അവൻ ആളയച്ചു ചോദിച്ചു; എന്നാൽ ഞാൻ വിരോധിച്ചില്ല എന്നു പറഞ്ഞു.
8 എല്ലാമൂപ്പന്മാരും സകലജനവും അവനോടു: നീ കേൾക്കരുതു, സമ്മതിക്കയും അരുതു എന്നു പറഞ്ഞു.
9 ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോടു: നിങ്ങൾ എന്റെ യജമാനനായ രാജാവിനോടു: നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്‍വാൻ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു ഈ മറുപടി ബോധിപ്പിച്ചു
10 ബെൻ-ഹദദ് അവന്റെ അടുക്കൽ ആളയച്ചു: എന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിന്നും കൈക്കു ഓരോ പിടിവാരുവാൻ ശമര്യയിലെ പൊടി മതിയാകുമെങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറയിച്ചു.
11 അതിന്നു യിസ്രായേൽരാജാവു: വാൾ അരെക്കു കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുതു എന്നു അവനോടു പറവിൻ എന്നു ഉത്തരം പറഞ്ഞു.
12 എന്നാൽ അവനും രാജാക്കന്മാരും മണിപ്പന്തലിൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോടു: ഒരുങ്ങിക്കൊൾവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ പട്ടണത്തിന്നു നേരെ യുദ്ധത്തിന്നൊരുങ്ങി.
13 എന്നാൽ ഒരു പ്രവാചകൻ യിസ്രായേൽ രാജാവായ ആഹാബിന്റെ അടുക്കൽ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്നു അതിനെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.
14 ആരെക്കൊണ്ടു എന്നു ആഹാബ് ചോദിച്ചതിന്നു അവൻ: ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആർ പട തുടങ്ങേണം എന്നു ചോദിച്ചതിന്നു: നീ തന്നേ എന്നു അവൻ ഉത്തരം പറഞ്ഞു.
15 അവൻ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണി നോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അവരുടെശേഷം അവൻ യിസ്രായേൽമക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേർ എന്നു കണ്ടു.
16 അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലിൽ കുടിച്ചുമത്തനായിരുന്നു.
17 ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് ആളയച്ചു അന്വേഷിച്ചാറെ ശമര്യയിൽ നിന്നു ആളുകൾ വരുന്നുണ്ടെന്നു അറിവുകിട്ടി.
18 അപ്പോൾ അവൻ: അവർ സമാധാനത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ; അവർ യുദ്ധത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു.
19 പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടർന്നുപോന്ന സൈന്യവും ആയിരുന്നു.
20 അവർ ഓരോരുത്തൻ താന്താന്റെ നേരെ വരുന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാം രാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി.
21 പിന്നെ യിസ്രായേൽരാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.
22 അതിന്റെ ശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്നു അവനോടു: ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊൾക; ഇനിയത്തെ ആണ്ടിൽ അരാംരാജാവു നിന്റെ നേരെ പുറപ്പെട്ടുവരും എന്നു പറഞ്ഞു.
23 അരാംരാജാവിനോടു അവന്റെ ഭൃത്യന്മാർ പറഞ്ഞതു: അവരുടെ ദേവന്മാർ പർവ്വതദേവന്മാരാകുന്നു. അതുകൊണ്ടത്രെ അവർ നമ്മെ തോല്പിച്ചതു; സമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.
24 അതുകൊണ്ടു നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവനവന്റെ സ്ഥാനത്തുനിന്നു മാറ്റി അവർക്കു പകരം ദേശാധിപതിമാരെ നിയമിക്കേണം.
25 പിന്നെ നിനക്കു നഷ്ടമായ്പോയ സൈന്യത്തിന്നു സമമായോരു സൈന്യത്തെയും കുതിരപ്പടെക്കു സമമായ കുതിരപ്പടയെയും രഥങ്ങൾക്കു സമമായ രഥങ്ങളെയും ഒരുക്കിക്കൊൾക; എന്നിട്ടു നാം സമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്ക; നാം അവരെ തോല്പിക്കും നിശ്ചയം. അവൻ അവരുടെ വാക്കു കേട്ടു അങ്ങനെ തന്നേ ചെയ്തു.
26 പിറ്റെ ആണ്ടിൽ ബെൻ-ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധംചെയ്‍വാൻ അഫേക്കിന്നു പുറപ്പെട്ടുവന്നു.
27 യിസ്രായേല്യരെയും എണ്ണിനോക്കി; അവർ ഭക്ഷണപദാർത്ഥങ്ങൾ എടുത്തു അവരുടെ നേരെ പുറപ്പെട്ടു; യിസ്രായേല്യർ ആട്ടിൻ കുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരെ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.
28 ഒരു ദൈവപുരുഷൻ അടുത്തുവന്നു യിസ്രായേൽ രാജാവിനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പർവ്വതദേവനാകുന്നു; താഴ്വരദേവനല്ല എന്നു അരാമ്യർ പറകകൊണ്ടു ഞാൻ ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നേ എന്നു നിങ്ങൾ അറിയും എന്നു പറഞ്ഞു.
29 എന്നാൽ അവർ അവരുടെ നേരെ ഏഴുദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം പടയുണ്ടായി; യിസ്രായേല്യർ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒരു ദിവസം തന്നേ കൊന്നു.
30 ശേഷിച്ചവർ അഫേൿ പട്ടണത്തിലേക്കു ഓടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയിൽ ഒളിച്ചു.
31 അവന്റെ ഭൃത്യന്മാർ അവനോടു: യിസ്രായേൽ ഗൃഹത്തിലെ രാജാക്കന്മാർ ദയയുള്ള രാജാക്കന്മാർ എന്നു ഞങ്ങൾ കേട്ടിട്ടുണ്ടു; ഞങ്ങൾ അരെക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടു രക്ഷിക്കും എന്നു പറഞ്ഞു.
32 അങ്ങനെ അവർ അരെക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു: എന്റെ ജീവനെ രക്ഷിക്കേണമേ എന്നു നിന്റെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: അവൻ ജീവനോടെ ഇരിക്കുന്നുവോ? അവൻ എന്റെ സഹോദരൻ തന്നേ എന്നു പറഞ്ഞു.
33 ആ പുരുഷന്മാർ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചു: അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ് എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്കു വന്നു; അവൻ അവനെ രഥത്തിൽ കയറ്റി.
34 അവൻ അവനോടു: എന്റെ അപ്പൻ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്റെ അപ്പൻ ശമര്യയിൽ ഉണ്ടാക്കിയതു പോലെ നീ ദമ്മേശെക്കിൽ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊൾക എന്നു പറഞ്ഞു. അതിന്നു ആഹാബ്: ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയക്കാം എന്നു പറഞ്ഞു. അങ്ങനെ അവൻ അവനോടു ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.
35 എന്നാൽ പ്രവാചകശിഷ്യന്മാരിൽ ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാൽ അവന്നു അവനെ അടിപ്പാൻ മനസ്സായില്ല.
36 അവൻ അവനോടു: നീ യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവൻ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.
37 പിന്നെ അവൻ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവൻ അവനെ അടിച്ചു മുറിവേല്പിച്ചു.
38 പ്രവാചകൻ ചെന്നു വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവു കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷംമാറിനിന്നു.
39 രാജാവു കടന്നു പോകുമ്പോൾ അവൻ രാജാവിനോടു വിളിച്ചുപറഞ്ഞതു: അടിയൻ പടയുടെ നടുവിൽ ചെന്നിരുന്നു; അപ്പോൾ ഇതാ, ഒരുത്തൻ തിരിഞ്ഞു എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്നു: ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്റെ ജീവൻ അവന്റെ ജീവന്നു പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.
40 എന്നാൽ അടിയൻ അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോൾ അവനെ കാണാതെപോയി. അതിന്നു യിസ്രായേൽരാജാവു അവനോടു: നിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീർച്ചയാക്കിയല്ലോ എന്നു പറഞ്ഞു.
41 തൽക്ഷണം അവൻ കണ്ണിന്മേൽ നിന്നു തലപ്പാവു നീക്കി; അപ്പോൾ അവൻ ഒരു പ്രവാചകനെന്നു യിസ്രായേൽരാജാവു അറിഞ്ഞു.
42 അവൻ അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാശത്തിന്നായിട്ടു ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവൻ അവന്റെ ജീവന്നും നിന്റെ ജനം അവന്റെ ജനത്തിന്നും പകരമായിരിക്കും എന്നു പറഞ്ഞു.
43 അതുകൊണ്ടു യിസ്രായേൽരാജാവു വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ടു ശമര്യയിൽ എത്തി.
അദ്ധ്യായം 21

1 അതിന്റെ ശേഷം സംഭവിച്ചതു: യിസ്രെയേല്യനായ നാബോത്തിന്നു യിസ്രെയേലിൽ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്തു ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
2 ആഹാബ് നാബോത്തിനോടു: നിന്റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാൻ തരേണം; അതു എന്റെ അരമനെക്കു സമീപമല്ലോ. അതിന്നു പകരം ഞാൻ അതിനെക്കാൾ വിശേഷമായോരു മുന്തിരിത്തോട്ടം നിനക്കു തരാം; അല്ല, നിനക്കു സമ്മതമെങ്കിൽ ഞാൻ അതിന്റെ വില നിനക്കു പണമായിട്ടു തരാം എന്നു പറഞ്ഞു.
3 നാബോത്ത് ആഹാബിനോടു: ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാൻ യഹോവ സംഗതിവരുത്തരുതേ എന്നു പറഞ്ഞു.
4 യിസ്രെയേല്യനായ നാബോത്ത്: എന്റെ പിതാക്കന്മാരുടെ അവകാശം ഞാൻ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ചു കിടന്നു.
5 അപ്പോൾ അവന്റെ ഭാര്യ ഈസേബെൽ അവന്റെ അടുക്കൽ വന്നു: ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
6 അവൻ അവളോടു: ഞാൻ യിസ്രെയേല്യനായ നാബോത്തിനോടു: നിന്റെ മുന്തിരിത്തോട്ടം എനിക്കു വിലെക്കു തരേണം; അല്ല, നിനക്കു സമ്മതമെങ്കിൽ അതിന്നു പകരം വേറെ മുന്തിരത്തോട്ടം ഞാൻ നിനക്കു തരാമെന്നു പറഞ്ഞു; എന്നാൽ അവൻ: ഞാൻ എന്റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു.
7 അവന്റെ ഭാര്യ ഈസേബെൽ അവനോടു: നീ ഇന്നു യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരും എന്നു പറഞ്ഞു.
8 അങ്ങനെ അവൾ ആഹാബിന്റെ പേർവെച്ചു എഴുത്തു എഴുതി അവന്റെ മുദ്രകൊണ്ടു മുദ്രയിട്ടു; എഴുത്തു നാബോത്തിന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാർക്കും പ്രധാനികൾക്കും അയച്ചു.
9 എഴുത്തിൽ അവൾ എഴുതിയിരുന്നതെന്തെന്നാൽ: നിങ്ങൾ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലം കൊടുത്തു ഇരുത്തുവിൻ.
10 നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിർത്തി: അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിൻ; പിന്നെ നിങ്ങൾ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.
11 അവന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാരും പ്രധാനികളുമായ പൌരന്മാർ ഈസേബെൽ പറഞ്ഞയച്ചതു പോലെയും അവൾ കൊടുത്തയച്ച എഴുത്തിൽ എഴുതിയിരുന്നതുപോലെയും ചെയ്തു.
12 അവർ ഉപവാസം പ്രസിദ്ധംചെയ്തു, നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.
13 നീചന്മാരായ രണ്ടു ആളുകൾ വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.
14 നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു അവർ ഈസേബെലിന്നു വർത്തമാനം പറഞ്ഞയച്ചു.
15 നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു ഈസേബെൽ കേട്ടപ്പോൾ അവൾ ആഹാബിനോടു: നീ എഴുന്നേറ്റു നിനക്കു വിലെക്കു തരുവാൻ മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊൾക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി എന്നു പറഞ്ഞു.
16 നാബോത്ത് മരിച്ചു എന്നു കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റു യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്കു പോയി.
17 എന്നാൽ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നുണ്ടായതെന്തെന്നാൽ:
18 നീ എഴുന്നേറ്റു ശമര്യയിലെ യിസ്രായേൽരാജാവായ ആഹാബിനെ എതിരേല്പാൻ ചെല്ലുക; ഇതാ, അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്കു പോയിരിക്കുന്നു.
19 നീ അവനോടു: നീ കുലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക.
20 ആഹാബ് ഏലീയാവോടു: എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതെന്തെന്നാൽ: അതേ, ഞാൻ കണ്ടെത്തി. യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‍വാൻ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു
21 ഞാൻ നിന്റെ മേൽ അനർത്ഥം വരുത്തും; നിന്നെ അശേഷം നിർമ്മൂലമാക്കി യിസ്രായേലിൽ അഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാൻ നിഗ്രഹിച്ചുകളയും.
22 നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
23 ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു: നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ചു തിന്നുകളയും.
24 ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽ വെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും.
25 എന്നാൽ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‍വാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെൽ അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു.
26 യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കക്കളഞ്ഞ അമോര്യർ ചെയ്തതുപോലെയൊക്കെയും അവൻ വിഗ്രഹങ്ങളെ ചെന്നു സേവിച്ചു മഹാമ്ളേച്ഛത പ്രവർത്തിച്ചു.
27 ആഹാബ് ആ വാക്കു കേട്ടപ്പോൾ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ടു ഉപവസിച്ചു, രട്ടിൽ തന്നേ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു.
28 അപ്പോൾ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നു ഉണ്ടായി:
29 ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതു കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ടു ഞാൻ അവന്റെ ജീവകാലത്തു അനർത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്തു അവന്റെ ഗൃഹത്തിന്നു അനർത്ഥം വരുത്തും എന്നു കല്പിച്ചു.
അദ്ധ്യായം 22

1 അരാമും യിസ്രായേലും മൂന്നു സംവത്സരം തമ്മിൽ യുദ്ധം കൂടാതെ പാർത്തു.
2 മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു.
3 യിസ്രായേൽരാജാവു തന്റെ ഭൃത്യന്മാരോടു: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കയ്യിൽ നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
4 അവൻ യെഹോശാഫാത്തിനോടു: നീ എന്നോടുകൂടെ ഗിലെയാദിലെരാമോത്തിൽ യുദ്ധത്തിന്നു പോരുമോ? എന്നു ചോദിച്ചു. അതിന്നു യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
5 എന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.
6 അങ്ങനെ യിസ്രായേൽരാജാവു ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോടു: ഞാൻ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവർ പുറപ്പെടുക; കർത്താവു അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
7 എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു യഹോവയുടെ പ്രവാചകനായിട്ടു ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.
8 അതിന്നു യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: നാം യഹോവയോടു അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി യിമ്ളയുടെ മകനായ മീഖായാവു എന്നൊരുത്തൻ ഉണ്ടു. എന്നാൽ അവൻ എന്നെക്കുറിച്ചു ഗണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.
9 അങ്ങനെ യിസ്രായേൽരാജാവു ഒരു ഷണ്ഡനെ വിളിച്ചു, യിമ്ളയുടെ മകനായ മീഖായാവെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാൻ കല്പിച്ചു.
10 യിസ്രായേൽ രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.
11 കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പു കൊണ്ടു കൊമ്പു ഉണ്ടാക്കി: ഇവകൊണ്ടു നീ അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
12 പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
13 മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോടു: നോകൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.
14 അതിന്നു മീഖായാവു: യഹോവയാണ, യഹോവ എന്നോടു അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു.
15 അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവു അവനോടു: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർത്ഥരാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു.
16 രാജാവു അവനോടു: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നും എത്ര പ്രാവശ്യം ഞാൻ നിന്നോടു സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.
17 അതിന്നു അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നതു ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; അവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.
18 അപ്പോൾ യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
19 അതിന്നു അവൻ പറഞ്ഞതു: എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.
20 ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽവെച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു.
21 എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു.
22 ഏതിനാൽ എന്നു യഹോവ ചോദിച്ചതിന്നു അവൻ: ഞാൻ പുറപ്പെട്ടു അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കും സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവൻ കല്പിച്ചു.
23 ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനർത്ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
24 അപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവിന്റെ ചെകിട്ടത്തു അടിച്ചു: നിന്നോടു അരുളിച്ചെയ്‍വാൻ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.
25 അതിന്നു മീഖായാവു: നീ ഒളിപ്പാനായിട്ടു അറ തേടി നടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു.
26 അപ്പോൾ യിസ്രായേൽരാജാവു പറഞ്ഞതു: മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്നു ഇവനെ കാരാഗൃഹത്തിൽ ആക്കി,
27 ഞാൻ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക.
28 അതിന്നു മീഖായാവു: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ എന്നെക്കൊണ്ടു അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ എന്നും അവൻ പറഞ്ഞു.
29 അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.
30 യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഞാൻ വേഷംമാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവു വോഷംമാറി പടയിൽ കടന്നു.
31 എന്നാൽ അരാംരാജാവു തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടു: നിങ്ങൾ യിസ്രായേൽ രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.
32 ആകയാൽ രഥനായകന്മാർ യെഹോശാഥാത്തിനെ കണ്ടപ്പോൾ: ഇവൻ തന്നേ യിസ്രായേൽരാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു.
33 അവൻ യിസ്രായേൽരാജവല്ല എന്നു രഥനായകന്മാർ കണ്ടിട്ടു അവനെ വിട്ടുമാറി പോന്നു.
34 എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേൽരാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവൻ തന്റെ സാരഥിയോടു: നിന്റെ കൈ തിരിച്ചു എന്നെ പടയിൽ നിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
35 അന്നു പട കഠിനമായി തീർന്നതുകൊണ്ടു രാജാവു അരാമ്യർക്കു എതിരെ രഥത്തിൽ നിവിർന്നുനിന്നു; സന്ധ്യാസമയത്തു അവൻ മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിന്നകത്തു ഒഴുകിയിരുന്നു.
36 സൂര്യൻ അസ്തമിക്കുമ്പോൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.
37 അങ്ങനെ രാജാവു മരിച്ചു; അവനെ ശമര്യയിലേക്കു കൊണ്ടുവന്നു; അവർ രാജാവിനെ ശമര്യയിൽ അടക്കം ചെയ്തു.
38 രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
39 ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
40 ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
41 ആസയുടെ മകനായ യഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി.
42 യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.
43 അവൻ തന്റെ അപ്പനായ ആസയുടെ എല്ലാവഴിയിലും നടന്നു; അതു വിട്ടുമാറാതെ യഹോവെക്കു പ്രസാദമായതു ചെയ്തു. പൂജാഗിരികൾക്കുമാത്രം നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു.
44 യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു സഖ്യത ചെയ്തു.
45 യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
46 തന്റെ അപ്പനായ ആസയുടെ കാലത്തു ശേഷിച്ചിരുന്ന പുരുഷമൈഥുനക്കാരെ അവൻ ദേശത്തുനിന്നു നീക്കിക്കളഞ്ഞു.
47 ആ കാലത്തു എദോമിൽ രാജാവില്ലായ്കകൊണ്ടു ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.
48 ഓഫീരിൽ പൊന്നിന്നു പോകേണ്ടതിന്നു യെഹോശാഫാത്ത് തർശീശ് കപ്പലുകളെ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബരൽവെച്ചു ഉടഞ്ഞുപോയതുകൊണ്ടു അവെക്കു പോകുവാൻ കഴിഞ്ഞില്ല.
49 അന്നേരം ആഹാബിന്റെ മകനായ അഹസ്യാവു യെഹോശാഫാത്തിനോടു: എന്റെ ദാസന്മാർ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന്നു മനസ്സില്ലായിരുന്നു.
50 യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടു കൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.
51 ആഹാബിന്റെ മകനായ അഹസ്യാവു യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ആണ്ടിൽ ശമര്യയിൽ യിസ്രായേലിന്നു രാജാവായി; യിസ്രായേലിൽ രണ്ടു സംവത്സരം വാണു.
52 അവൻ തന്റെ അപ്പന്റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ വഴിയിലും നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
53 അവൻ ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്റെ അപ്പൻ ചെയ്തതുപോലെ ഒക്കെയും യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.