അദ്ധ്യായം 1

1 ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.
3 അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.
4 ദുഷ്ടന്മാർ അങ്ങനെയല്ല; അവർ കാറ്റു പാറ്റുന്ന പതിർപോലെയത്രേ.
5 ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവർന്നു നിൽക്കുകയില്ല.
6 യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
അദ്ധ്യായം 2

1 ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?
2 യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:
3 നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.
4 സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.
5 അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
6 എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
7 ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
8 എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
9 ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.
11 ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.
12 അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.
അദ്ധ്യായം 3

1 യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു.
2 അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.
3 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
4 ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.
5 ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
7 യഹോവേ, എഴുന്നേൽക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞു.
8 രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.
അദ്ധ്യായം 4

1 എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കേണമേ.
2 പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.
3 യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.
4 നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ. സേലാ.
5 നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വെപ്പിൻ.
6 നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ.
7 ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.
അദ്ധ്യായം 5

1 യഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ;
2 എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നതു.
3 യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കേണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
4 നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല.
5 അഹങ്കാരികൾ നിന്റെ സന്നിധിയിൽ നിൽക്കയില്ല; നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.
6 ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവെക്കു അറെപ്പാകുന്നു;
7 ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.
8 യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.
9 അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു.
10 ദൈവമേ അവരെ കുറ്റംവിധിക്കേണമേ; തങ്ങളുടെ ആലോചനകളാൽ തന്നേ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വംനിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നതു.
11 എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും;
12 യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;
അദ്ധ്യായം 6

1 യഹോവേ, നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.
2 യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു. എന്നെ സൌഖ്യമാക്കേണമേ.
3 എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?
4 യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
5 മരണത്തിൽ നിന്നെക്കുറിച്ചു ഓർമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും?
6 എന്റെ ഞരക്കംകൊണ്ടു ഞാൻ തകർന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു.
7 ദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു; എന്റെ സകലവൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.
8 നീതികേടു പ്രവർത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിൻ; യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
9 യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാർത്ഥന കൈക്കൊള്ളും.
10 എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും.
അദ്ധ്യായം 7

1 എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.
2 അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.
3 എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,
4 എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ -
5 ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ.
6 യഹോവേ, കോപത്തോടെ എഴുന്നേൽക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിർത്തുനിൽക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
7 ജാതികളുടെ സംഘം നിന്നെ ചുറ്റിനിൽക്കട്ടെ; നീ അവർക്കു മീതെ കൂടി ഉയരത്തിലേക്കു മടങ്ങേണമേ.
8 യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;
9 ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.
10 എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു; അവൻ ഹൃദയപരമാർത്ഥികളെ രക്ഷിക്കുന്നു.
11 ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.
12 മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂർച്ചകൂട്ടും; അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.
13 അവൻ മരണാസ്‌ത്രങ്ങളെ അവന്റെ നേരെ തൊടുത്തു. തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു.
14 ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.
15 അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻ തന്നേ വീണു.
16 അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാൽക്കാരം അവന്റെ നെറുകയിൽ തന്നേ വീഴും.
17 ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.
അദ്ധ്യായം 8

1 ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
2 നിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു.
3 നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
4 മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
5 നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
6 നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;
7 ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും
8 ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.
9 ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
അദ്ധ്യായം 9

1 ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും.
2 ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.
3 എന്റെ ശത്രുക്കൾ പിൻവാങ്ങുകയിൽ ഇടറിവീണു, നിന്റെ സന്നിധിയിൽ നശിച്ചുപോകും.
4 നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തിൽ ഇരിക്കുന്നു;
5 നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
6 ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
7 എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.
8 അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.
9 യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
10 നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
11 സീയോനിൽ വസിക്കുന്ന യഹോവെക്കു സ്തോത്രം പാടുവിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ.
12 രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല.
13 യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.
14 ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ.
15 ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണു പോയി; അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നേ അകപ്പെട്ടിരിക്കുന്നു.
16 യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.
18 ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.
19 യഹോവേ, എഴുന്നേൽക്കേണമേ, മർത്യൻ പ്രബലനാകരുതേ; ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.
20 യഹോവേ, തങ്ങൾ മർത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന്നു അവർക്കു ഭയം വരുത്തേണമേ. സേലാ.
അദ്ധ്യായം 10

1 യഹോവേ, നീ ദൂരത്തു നിൽക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?
2 ദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു; അവർ നിരൂപിച്ച ഉപായങ്ങളിൽ അവർ തന്നേ പിടിപെടട്ടെ.
3 ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.
4 ദുഷ്ടൻ ഉന്നതഭാവത്തോടെ: അവൻ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.
5 അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികൾ അവൻ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു.
6 ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.
7 അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.
8 അവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവെച്ചു അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വെച്ചിരിക്കുന്നു.
9 സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവൻ മറവിടത്തിൽ പതുങ്ങുന്നു; എളിയവനെ പിടിപ്പാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു.
10 അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു.
11 ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറെച്ചിരിക്കുന്നു; അവൻ ഒരുനാളും കാണുകയില്ല എന്നു അവൻ ഹൃദയത്തിൽ പറയുന്നു.
12 യഹോവേ, എഴുന്നേൽക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ.
13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു?
14 നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‍വാൻ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താൻ നിങ്കൽ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.
15 ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.
16 യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികൾ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു.
17 ഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു
18 യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേൾക്കയും ചെയ്യുന്നു.
അദ്ധ്യായം 11

1 ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകുവിൻ എന്നു നിങ്ങൾ എന്നോടു പറയുന്നതു എങ്ങനെ?
2 ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്തു എയ്യേണ്ടതിന്നു വില്ലു കുലെച്ചു അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.
3 അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?
4 യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കണ്പോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.
5 യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
6 ദുഷ്ടന്മാരുടെമേൽ അവൻ കണികളെ വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.
7 യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.
അദ്ധ്യായം 12

1 യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;
2 ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവർ സംസാരിക്കുന്നു.
3 കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
4 ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആർ എന്നു അവർ പറയുന്നു.
5 എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീർഘ ശ്വാസവുംനിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
6 യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.
7 യഹോവേ, നീ അവരെ കാത്തുകൊള്ളും; ഈ തലമുറയിൽനിന്നു നീ അവരെ എന്നും സൂക്ഷിക്കും. മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്വം പ്രബലപ്പെടുമ്പോൾ ദുഷ്ടന്മാർ എല്ലാടവും സഞ്ചരിക്കുന്നു.
8
അദ്ധ്യായം 13

1 യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?
2 എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരം പിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?
3 എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിപ്പാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.
4 ഞാൻ അവനെ തോല്പിച്ചുകളഞ്ഞു എന്നു എന്റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കയുമരുതേ.
5 ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.
6 യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടും.
അദ്ധ്യായം 14

1 ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ളേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല.
2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.
4 നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല.
5 അവർ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ.
6 നിങ്ങൾ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.
7 സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.
അദ്ധ്യായം 15

1 യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും?
2 നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.
3 നാവുകൊണ്ടു കരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
4 വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ; സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ;
5 തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും കുറ്റുമില്ലാത്തവന്നു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല.
അദ്ധ്യായം 16

1 ദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കയാൽ എന്നെ കാത്തുകൊള്ളേണമേ,
2 ഞാൻ യഹോവയോടു പറഞ്ഞതു: നീ എന്റെ കർത്താവാകുന്നു; നീ ഒഴികെ എനിക്കു ഒരു നന്മയും ഇല്ല.
3 ഭൂമിയിലെ വിശുദ്ധന്മാരോ അവർ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാർ തന്നേ.
4 അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല.
5 എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.
6 അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.
7 എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
8 ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.
9 അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും.
10 നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.
11 ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.
അദ്ധ്യായം 17

1 യഹോവേ, ന്യായത്തെ കേൾക്കേണമേ, എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ.
2 എനിക്കുള്ള വിധി നിന്റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണു നേർ കാണുമാറാകട്ടെ.
3 നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
4 മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
5 എന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നേ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല.
6 ദൈവമേ, ഞാൻ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേൾക്കേണമേ.
7 നിന്നെ ശരണമാക്കുന്നവരെ അവരോടു എതിർക്കുന്നവരുടെ കയ്യിൽനിന്നു നിന്റെ വലങ്കയ്യാൽ രക്ഷിക്കുന്നവനായുള്ളോവേ, നിന്റെ അത്ഭുതകാരുണ്യം കാണിക്കേണമേ.
8 കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും
9 എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറെച്ചുകൊള്ളേണമേ.
10 അവർ തങ്ങളുടെ ഹൃദയത്തെ അടെച്ചിരിക്കുന്നു; വായികൊണ്ടു വമ്പു പറയുന്നു.
11 അവർ ഇപ്പോൾ ഞങ്ങളുടെ കാലടി തുടർന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവെക്കുന്നു.
12 കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.
13 യഹോവേ, എഴുന്നേറ്റു അവനോടെതിർത്തു അവനെ തള്ളിയിടേണമേ. യഹോവേ, എന്റെ പ്രാണനെ നിന്റെ വാൾകൊണ്ടു ദുഷ്ടന്റെ കയ്യിൽനിന്നും
14 തൃക്കൈകൊണ്ടു ലൌകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ; നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു; അവർക്കു പുത്രസമ്പത്തു ധാരാളം ഉണ്ടു; തങ്ങളുടെ ധനശിഷ്ടം അവർ കുഞ്ഞുങ്ങൾക്കു വെച്ചേക്കുന്നു.
15 ഞാനോ, നീതിയിൽ നിന്റെ മുഖത്തെ കാണും; ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും.
അദ്ധ്യായം 18

1 എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
2 യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.
3 സ്തൂത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും.
4 മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.
5 പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു.
6 എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി.
7 ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; അവൻ കോപിക്കയാൽ അവകുലുങ്ങിപ്പോയി.
8 അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി; അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.
9 അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാൽക്കീഴുണ്ടായിരുന്നു.
10 അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.
11 അവൻ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.
12 അവന്റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളിൽകൂടി പൊഴിഞ്ഞു.
13 യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.
14 അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നൽ അയച്ചു അവരെ തോല്പിച്ചു.
15 യഹോവേ, നിന്റെ ഭർത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീർത്തോടുകൾ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
16 അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു
17 ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവരായിരുന്നു.
18 എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
19 അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
20 യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
21 ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
22 അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ടു; അവന്റെ ചട്ടങ്ങളെ ഞാൻ വിട്ടുനടന്നിട്ടുമില്ല.
23 ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.
24 യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള വെടിപ്പിൻ പ്രകാരവും എനിക്കു പകരം നല്കി.
25 ദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കൻ;
26 നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.
27 എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
28 നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
29 നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
30 ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.
31 യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?
32 എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീർക്കുകയും ചെയ്യുന്ന ദൈവം തന്നേ.
33 അവൻ എന്റെ കാലുകളെ മാൻ പേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.
34 അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലെക്കുന്നു.
35 നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
36 ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
37 ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
38 അവർക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്റെ കാൽകീഴിൽ വീണിരിക്കുന്നു.
39 യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
40 എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.
41 അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവൻ ഉത്തരമരുളിയതുമില്ല.
42 ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു.
43 ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
44 അവർ കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാർ എന്നോടു അനുസരണഭാവം കാണിക്കും.
45 അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്നു അവർ വിറെച്ചും കൊണ്ടു വരുന്നു.
46 യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നേ.
47 ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
48 അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കയ്യിൽ നിന്നു നീ എന്നെ വിടുവിക്കുന്നു.
49 അതുകൊണ്ടു യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.
50 അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നേക്കും തന്നേ.
അദ്ധ്യായം 19

1 ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
2 പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.
3 ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.
4 ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.
5 അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.
6 ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏൽക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.
7 യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
8 യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9 യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.
10 അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.
11 അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു.
12 തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.
13 സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.
14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.
അദ്ധ്യായം 20

1 യഹോവ കഷ്ടകാലത്തിൽ നിനക്കു ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.
2 അവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ. സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ.
3 നിന്റെ വഴിപാടുകളെ ഒക്കെയും അവൻ ഓർക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.
4 നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ.
5 ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവർത്തിക്കുമാറാകട്ടെ.
6 യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന്നു ഉത്തരമരുളും.
7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.
8 അവർ കുനിഞ്ഞു വീണുപോയി; എന്നാൽ ഞങ്ങൾ എഴുന്നേറ്റു നിവിർന്നു നില്ക്കുന്നു.
9 യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളേണമേ.
അദ്ധ്യായം 21

1 യഹോവേ, രാജാവു നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.
2 അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.
3 നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയിൽ വെക്കുന്നു.
4 അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ തന്നേ.
5 നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
6 നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
7 രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും.
8 നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും.
9 നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
10 നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.
11 അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.
12 നീ അവരെ പുറം കാട്ടുമാറാക്കും അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.
13 യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കേണമേ; ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.
അദ്ധ്യായം 22

1 എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?
2 എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്കു ഒട്ടും മൌനതയില്ല.
3 യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.
4 ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു; അവർ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.
5 അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.
6 ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താൽ നിന്ദിതനും തന്നേ.
7 എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവർ അധരം മലർത്തി തല കുലുക്കുന്നു;
8 യഹോവയിങ്കൽ നിന്നെത്തന്നേ സമർപ്പിക്ക! അവൻ അവനെ രക്ഷിക്കട്ടെ! അവൻ അവനെ വിടുവിക്കട്ടെ! അവനിൽ പ്രസാദമുണ്ടല്ലോ.
9 നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്കുമാറാക്കി.
10 ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.
11 കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.
12 അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻ കൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.
14 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.
15 എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.
16 നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.
17 എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവർ എന്നെ ഉറ്റുനോക്കുന്നു.
18 എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.
19 നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
20 വാളിങ്കൽനിന്നു എന്റെ പ്രാണനെയും നായുടെ കയ്യിൽനിന്നു എന്റെ ജീവനെയും വിടുവിക്കേണമേ.
21 സിംഹത്തിന്റെ വായിൽനിന്നു എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്കു ഉത്തരമരുളുന്നു.
22 ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും: സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും.
23 യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ.
24 അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തതു.
25 മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു. അവന്റെ ഭക്തന്മാർ കാൺകെ ഞാൻ എന്റെ നേർച്ചകളെ കഴിക്കും.
26 എളിയവർ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.
27 ഭൂമിയുടെ അറുതികൾ ഒക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.
28 രാജത്വം യഹോവെക്കുള്ളതല്ലോ; അവൻ ജാതികളെ ഭരിക്കുന്നു.
29 ഭൂമിയിൽ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്കു ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാൻ കഴിയാത്തവനും കൂടെ.
30 ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീർത്തിക്കും.
31 അവർ വന്നു, ജനിപ്പാനുള്ള ജനത്തോടു അവൻ നിവർത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വർണ്ണിക്കും.
അദ്ധ്യായം 23

1 യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
2 പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
3 എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
4 കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
5 എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
6 നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
അദ്ധ്യായം 24

1 ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.
2 സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.
3 യഹോവയുടെ പർവ്വതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?
4 വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.
5 അവൻ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
6 ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ. സേലാ.
7 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
8 മഹത്വത്തിന്റെ രാജാവു ആർ? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.
9 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
10 മഹത്വത്തിന്റെ രാജാവു ആർ? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.
അദ്ധ്യായം 25

1 യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു;
2 എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.
3 നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
4 യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
5 നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.
6 യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
7 എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഓർക്കേണമേ.
8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേർവ്വഴികാണിക്കുന്നു.
9 സൌമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൌമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്കു അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.
11 യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
12 യഹോവാഭക്തനായ പുരുഷൻ ആർ? അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവന്നു കാണിച്ചുകൊടുക്കും.
13 അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.
14 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.
15 എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽനിന്നു വിടുവിക്കും.
16 എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
17 എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.
18 എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.
19 എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
20 എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.
22 ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.
അദ്ധ്യായം 26

1 യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.
2 യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.
3 നിന്റെ ദയ എന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്നു; നിന്റെ സത്യത്തിൽ ഞാൻ നടന്നുമിരിക്കുന്നു.
4 വ്യർത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
5 ദുഷ്‌പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാൻ ഇരിക്കയുമില്ല.
6 സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വർണ്ണിക്കേണ്ടതിന്നും
7 ഞാൻ കുറ്റമില്ലായ്മയിൽ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു.
8 യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.
9 പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
10 അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ടു; അവരുടെ വലങ്കൈ കോഴ നിറഞ്ഞിരിക്കുന്നു.
11 ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ.
12 എന്റെ കാലടി സമനിലത്തു നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.
അദ്ധ്യായം 27

1 യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
2 എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ എന്റെ മാംസം തിന്നുവാൻ എന്നോടു അടുക്കുമ്പോൾ ഇടറിവീഴും.
3 ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.
4 ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.
5 അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും; പാറമേൽ എന്നെ ഉയർത്തും.
6 ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്റെ തല ഉയരും; ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും; ഞാൻ യഹോവെക്കു പാടി കീർത്തനം ചെയ്യും.
7 യഹോവേ, ഞാൻ ഉറക്കെ, വിളിക്കുമ്പോൾ കേൾക്കേണമേ; എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ.
8 “എന്റെ മുഖം അന്വേഷിപ്പിന്” എന്നു നിങ്കൽനിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.
9 നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെകോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.
10 എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.
11 യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.
12 എന്റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ; കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിർത്തുനില്ക്കുന്നു.
13 ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കിൽ കഷ്ടം!
14 യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.
അദ്ധ്യായം 28

1 യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായുള്ളോവേ, നീ കേൾക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ തന്നേ.
2 ഞാൻ എന്റെ കൈകളെ വിശുദ്ധാന്തർമ്മന്ദിരത്തിങ്കലേക്കുയർത്തി നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.
3 ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവർ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ടു.
4 അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവർക്കു കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവർക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ;
5 യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവർ വിവേചിക്കായ്കകൊണ്ടു അവൻ അവരെ പണിയാതെ ഇടിച്ചുകളയും.
6 യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.
8 യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.
9 നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.
അദ്ധ്യായം 29

1 ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ, യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിൻ.
2 യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ.
3 യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.
4 യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.
6 അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിർയ്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.
7 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.
8 യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുവിനെ നടുക്കുന്നു.
9 യഹോവയുടെ ശബ്ദം മാൻ പേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തിൽ സകലവും മഹത്വം എന്നു ചൊല്ലുന്നു.
10 യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.
11 യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.
അദ്ധ്യായം 30

1 യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല.
2 എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൌഖ്യമാക്കുകയും ചെയ്തു.
3 യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു; ഞാൻ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു.
4 യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിൻ.
5 അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
6 ഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാൻ പറഞ്ഞു.
7 യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറെച്ചു നില്ക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറെച്ചു, ഞാൻ ഭ്രമിച്ചുപോയി.
8 യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാൻ യാചിച്ചു.
9 ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ?
10 യഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.
11 നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.
12 ഞാൻ മൌനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
അദ്ധ്യായം 31

1 യഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.
2 നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ;
3 നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ;
4 അവർ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയിൽനിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുർഗ്ഗമാകുന്നുവല്ലോ.
5 നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
6 മിത്ഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകെക്കുന്നു; ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.
7 ഞാൻ നിന്റെ ദയയിൽ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.
8 ശത്രുവിന്റെ കയ്യിൽ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിർത്തിയിരിക്കുന്നു.
9 യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ടു എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.
10 എന്റെ ആയുസ്സു ദുഃഖംകൊണ്ടും എന്റെ സംവത്സരങ്ങൾ നെടുവീർപ്പുകൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ അകൃത്യംനിമിത്തം എന്റെ ബലം ക്ഷീണിച്ചും എന്റെ അസ്ഥികൾ ക്ഷയിച്ചും ഇരിക്കുന്നു.
11 എന്റെ സകലവൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു; എന്റെ അയൽക്കാർക്കു അതിനിന്ദിതൻ തന്നേ; എന്റെ മുഖപരിചയക്കാർക്കു ഞാൻ ഭയഹേതു വായ്ഭവിച്ചു; എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ടു ഓടിപ്പോകുന്നു.
12 മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.
13 ചുറ്റും ഭീതി എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്നു കേട്ടിരിക്കുന്നു; അവർ എനിക്കു വിരോധമായി കൂടി ആലോചനചെയ്തു, എന്റെ ജീവനെ എടുത്തുകളവാൻ നിരൂപിച്ചു.
14 എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാൻ പറഞ്ഞു.
15 എന്റെ കാലഗതികൾ നിന്റെ കയ്യിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ.
16 അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാൽ എന്നെ രക്ഷിക്കേണമേ.
17 യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ടു ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ചു പാതാളത്തിൽ മൌനമായിരിക്കട്ടെ.
18 നീതിമാന്നു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ മിണ്ടാതെയായ്പോകട്ടെ.
19 നിന്റെ ഭക്തന്മാർക്കു വേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യ പുത്രന്മാർ കാൺകെ നീ പ്രവർത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.
20 നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടിൽനിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവിൽ മറെക്കും. നീ അവരെ നാവുകളുടെ വക്കാണത്തിൽനിന്നു രക്ഷിച്ചു ഒരു കൂടാരത്തിന്നകത്തു ഒളിപ്പിക്കും.
21 യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു.
22 ഞാൻ നിന്റെ ദൃഷ്ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു. എങ്കിലും ഞാൻ നിന്നെ വിളിച്ചപേക്ഷിച്ചപ്പോൾ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.
23 യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവർത്തിക്കുന്നവന്നു ധാരാളം പകരം കൊടുക്കുന്നു.
24 യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.
അദ്ധ്യായം 32

1 ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ.
2 യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
3 ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;
4 രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനൽക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ.
5 ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.
6 ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അതു അവന്റെ അടുക്കലോളം എത്തുകയില്ല.
7 നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷം കൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.
8 ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.
9 നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല.
10 ദുഷ്ടന്നു വളരെ വേദനകൾ ഉണ്ടു; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.
11 നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ; ഹൃദയപരമാർത്ഥികൾ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിൻ.
അദ്ധ്യായം 33

1 നീതിമാന്മാരേ, യഹോവിൽ ഘോഷിച്ചുല്ലസിപ്പിൻ; സ്തുതിക്കുന്നതു നേരുള്ളവർക്കു ഉചിതമല്ലോ.
2 കിന്നരംകൊണ്ടു യഹോവെക്കു സ്തോത്രം ചെയ്‍വിൻ; പത്തു കമ്പിയുള്ള വീണകൊണ്ടു അവന്നു സ്തുതി പാടുവിൻ.
3 അവന്നു പുതിയ പാട്ടു പാടുവിൻ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിൻ.
4 യഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു.
5 അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
6 യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;
7 അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.
8 സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.
9 അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.
10 യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.
11 യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു.
12 യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.
13 യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു.
14 അവൻ തന്റെ വാസസ്ഥലത്തുനിന്നു സർവ്വഭൂവാസികളെയും നോക്കുന്നു.
15 അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെ ഒക്കെയും അവൻ ഗ്രഹിക്കുന്നു.
16 സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരൻ രക്ഷപ്പെടുന്നതുമില്ല.
17 ജായത്തിന്നു കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യംമെകാണ്ടു അതു വിടുവിക്കുന്നതുമില്ല.
18 യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
19 അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.
20 നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.
21 അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും.
22 യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവെക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.
അദ്ധ്യായം 34

1 ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.
2 എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവർ അതു കേട്ടു സന്തോഷിക്കും.
3 എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക.
4 ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.
5 അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
6 ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.
7 യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
8 യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.
9 യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ; അവന്റെ ഭക്തന്മാർക്കു ഒന്നിന്നും മുട്ടില്ലല്ലോ.
10 ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല.
11 മക്കളേ, വന്നു എനിക്കു ചെവിതരുവിൻ; യഹോവയോടുള്ള ഭക്തിയെ ഞാൻ ഉപദേശിച്ചുതരാം.
12 ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ?
13 ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക;
14 ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.
15 യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
16 ദുഷ്‌പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവർക്കു പ്രതികൂലമായിരിക്കുന്നു.
17 നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
18 ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
19 നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
20 അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല.
21 അനർത്ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകെക്കുന്നവർ ശിക്ഷ അനുഭവിക്കും.
22 യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.
അദ്ധ്യായം 35

1 യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പെരുതേണമേ.
2 നീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേൽക്കേണമേ.
3 നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടെച്ചുകളയേണമേ; ഞാൻ നിന്റെ രക്ഷയാകുന്നു എന്നു എന്റെ പ്രാണനോടു പറയേണമേ.
4 എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്കു ലജ്ജയും അപമാനവും വരട്ടെ; എനിക്കു അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞു നാണിച്ചു പോകട്ടെ.
5 അവർ കാറ്റിന്നു മുമ്പിലെ പതിർപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ.
6 അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ.
7 കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവെച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണന്നായി കുഴി കുഴിച്ചിരിക്കുന്നു.
8 അവൻ വിചാരിയാതെ അവന്നു അപായം ഭവിക്കട്ടെ; അവൻ ഒളിച്ചുവെച്ച വലയിൽ അവൻ തന്നേ കുടുങ്ങട്ടെ; അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ.
9 എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയിൽ സന്തോഷിക്കും;
10 യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും.
11 കള്ളസ്സാക്ഷികൾ എഴുന്നേറ്റു ഞാൻ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു.
12 അവർ എനിക്കു നന്മെക്കു പകരം തിന്മചെയ്തു എന്റെ പ്രാണന്നു അനാഥത്വം വരുത്തുന്നു.
13 ഞാനോ, അവർ ദീനമായ്ക്കിടന്നപ്പോൾ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാൻ ആത്മതപനം ചെയ്തു; എന്റെ പ്രാർത്ഥന എന്റെ മാർവ്വിടത്തിലേക്കു മടങ്ങിവന്നു.
14 അവൻ എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ പെരുമാറി; അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ചു കുനിഞ്ഞുനടന്നു.
15 അവരോ എന്റെ വീഴ്ചയിങ്കൽ സന്തോഷിച്ചു കൂട്ടംകൂടി; ഞാൻ അറിയാത്ത അധമന്മാർ എനിക്കു വിരോധമായി കൂടിവന്നു. അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
16 അടിയന്തരങ്ങളിൽ കോമാളികളായ വഷളന്മാരെപ്പോലെ അവർ എന്റെ നേരെ പല്ലു കടിക്കുന്നു.
17 കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തിൽനിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ.
18 ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.
19 വെറുതെ എനിക്കു ശത്രുക്കളായവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകെക്കുന്നവർ കണ്ണിമെക്കയുമരുതേ.
20 അവർ സമാധാനവാക്കു സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.
21 അവർ എന്റെ നേരെ വായ്പിളർന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു.
22 യഹോവേ, നീ കണ്ടുവല്ലോ; മൌനമായിരിക്കരുതേ; കർത്താവേ, എന്നോടകന്നിരിക്കരുതേ,
23 എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ, ഉണർന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ.
24 എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ; അവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ.
25 അവർ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.
26 എന്റെ അനർത്ഥത്തിൽ സന്തോഷിയക്കുന്നവർ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ, എന്റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ.
27 എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ. തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ.
28 എന്റെ നാവു നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വർണ്ണിക്കും.
അദ്ധ്യായം 36

1 ദുഷ്ടന്നു തന്റെ ഹൃദയത്തിൽ പാപാദേശമുണ്ടു; അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല.
2 തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല എന്നിങ്ങനെ അവ തന്നോടു തന്നേ മധുരവാക്കു പറയുന്നു.
3 അവന്റെ വായിലെ വാക്കുകൾ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.
4 അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയിൽ അവൻ നില്ക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.
5 യഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.
6 നിന്റെ നീതി ദിവ്യപർവ്വതങ്ങളെപ്പോലെയും നിന്റെ ന്യായവിധികൾ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
7 ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
8 നിന്റെ ആലയത്തിലെ പുഷ്ടി അവർ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.
9 നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.
10 നിന്നെ അറിയുന്നവർക്കു നിന്റെ ദയയും ഹൃദയപരമാർത്ഥികൾക്കു നിന്റെ നീതിയും ദീർഘമാക്കേണമേ.
11 ഡംഭികളുടെ കാൽ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.
12 ദുഷ്‌പ്രവൃത്തിക്കാർ അവിടെത്തന്നേ വീഴുന്നു: അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്പാൻ കഴിയുന്നതുമില്ല.
അദ്ധ്യായം 37

1 ദുഷ്‌പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.
2 അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
3 യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക. യഹോവയിൽ തന്നേ രസിച്ചുകൊൾക;
4 അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
5 നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.
6 അവൻ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
7 യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.
8 കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞു പോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.
9 ദുഷ്‌പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
10 കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
11 എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
12 ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു.
13 കർത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാർഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.
14
15 അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നേ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.
16 അനേകദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.
17 ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.
18 യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.
19 ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവർ തൃപ്തരായിരിക്കും,
20 എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു; അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.
21 ദുഷ്ടൻ വായ്പ വാങ്ങുന്നു തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.
22 അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
24 അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.
25 ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
26 അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
27 ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും.
28 യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
29 നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;
30 നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു.
31 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു; അവന്റെ കാലടികൾ വഴുതുകയില്ല.
32 ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാൻ നോക്കുന്നു.
33 യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റംവിധിക്കയുമില്ല.
34 യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.
35 ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു.
36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
37 നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.
38 എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.
39 നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; കഷ്ടകാലത്തു അവൻ അവരുടെ ദുർഗ്ഗം ആകുന്നു.
40 യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കകൊണ്ടു അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.
അദ്ധ്യായം 38

1 യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.
2 നിന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു; നിന്റെ കൈ എന്റെ മേൽ ഭാരമായിരിക്കുന്നു.
3 നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തിൽ സൌഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.
4 എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.
5 എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.
6 ഞാൻ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.
7 എന്റെ അരയിൽ വരൾച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിൽ സൌഖ്യമില്ല.
8 ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു. കർത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.
9
10 എന്റെ നെഞ്ചിടിക്കുന്നു; ഞാൻ വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.
11 എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനില്ക്കുന്നു; എന്റെ ചാർച്ചക്കാരും അകന്നുനില്ക്കുന്നു.
12 എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കണിവെക്കുന്നു; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.
13 എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
14 ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.
15 യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.
16 അവർ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പു പറയുമല്ലോ.
17 ഞാൻ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
18 ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.
19 എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ. എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു.
20 ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി നന്മെക്കു പകരം തിന്മ ചെയ്യുന്നു.
21 യഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.
22 എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.
അദ്ധ്യായം 39

1 നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാൻ പറഞ്ഞു.
2 ഞാൻ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൌനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു.
3 എന്റെ ഉള്ളിൽ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു.
4 യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.
5 ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.
6 മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല.
7 എന്നാൽ കർത്താവേ, ഞാൻ ഏതിന്നായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു.
8 എന്റെ സകലലംഘനങ്ങളിൽനിന്നും എന്നെ വിടുവിക്കേണമേ; എന്നെ ഭോഷന്റെ നിന്ദയാക്കി വെക്കരുതേ.
9 ഞാൻ വായ് തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയതു.
10 നിന്റെ ബാധ എങ്കൽനിന്നു നീക്കേണമേ; നിന്റെ കയ്യുടെ അടിയാൽ ഞാൻ ക്ഷയിച്ചിരിക്കുന്നു.
11 അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാൽ ശിക്ഷിക്കുമ്പോൾ നീ അവന്റെ സൌന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.
12 യഹോവേ, എന്റെ പ്രാർത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ; ഞാൻ എന്റെ സകലപിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.
13 ഞാൻ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിന്നു മുമ്പെ ഉന്മേഷം പ്രാപിക്കേണ്ടതിന്നു നിന്റെ നോട്ടം എങ്കൽനിന്നു മാറ്റേണമേ.
അദ്ധ്യായം 40

1 ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.
2 നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി.
3 അവൻ എന്റെ വായിൽ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.
4 യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
5 എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.
6 ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
7 അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;
8 എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.
9 ഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാൻ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.
10 ഞാൻ നിന്റെ നീതിയെ എന്റെ ഹൃദയത്തിൽ മറച്ചുവെച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാൻ മഹാസഭെക്കു മറെച്ചതുമില്ല.
11 യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
12 സംഖ്യയില്ലാത്ത അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു.
13 യഹോവേ, എന്നെ വിടുവിപ്പാൻ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
14 എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏൽക്കട്ടെ.
15 നന്നായി, നന്നായി എന്നു എന്നോടു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.
16 നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ യഹോവ മഹത്വമുള്ളവൻ എന്നു എപ്പോഴും പറയട്ടെ.
17 ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.
അദ്ധ്യായം 41

1 എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
2 യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല;
3 യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.
4 യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൌഖ്യമാക്കേണമേ; നിന്നോടല്ലോ ഞാൻ പാപം ചെയ്തതു എന്നു ഞാൻ പറഞ്ഞു.
5 അവൻ എപ്പോൾ മരിച്ചു അവന്റെ പേർ നശിക്കും എന്നു എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു ദോഷം പറയുന്നു.
6 ഒരുത്തൻ എന്നെ കാണ്മാൻ വന്നാൽ അവൻ കപടവാക്കു പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കന്നു; അവൻ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.
7 എന്നെ പകെക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; അവർ എനിക്കു ദോഷം ചിന്തിക്കുന്നു.
8 ഒരു ദുർവ്യാധി അവന്നു പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി; ഇനി അവൻ എഴുന്നേൽക്കയില്ല എന്നു അവർ പറയുന്നു.
9 ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.
10 ഞാൻ അവർക്കു പകരം ചെയ്യേണ്ടതിന്നു യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ.
11 എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ നിനക്കു എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാൻ അറിയുന്നു.
12 നീ എന്റെ നഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു, നിന്റെ മുമ്പിൽ എന്നേക്കും എന്നെ നിർത്തിക്കൊള്ളുന്നു.
13 യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.
അദ്ധ്യായം 42

1 മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു.
2 എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും.
3 നിന്റെ ദൈവം എവിടെ എന്നു അവർ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായ്തീർന്നിരിക്കുന്നു.
4 ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നതു ഓർത്തു എന്റെ ഉള്ളം എന്നിൽ പകരുന്നു.
5 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.
6 എന്റെ ദൈവമേ, എന്റെ ആത്മാവു എന്നിൽ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ടു യോർദ്ദാൻ പ്രദേശത്തും ഹെർമ്മോൻ പർവ്വതങ്ങളിലും മിസാർമലയിലുംവെച്ചു ഞാൻ നിന്നെ ഓർക്കുന്നു;
7 നിന്റെ നീർച്ചാട്ടങ്ങളുടെ ഇരെച്ചലാൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു.
8 യഹോവ പകൽനേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ.
9 നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും.
10 നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകർക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.
11 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.
അദ്ധ്യായം 43

1 ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്നു എന്നെ വിടുവിക്കേണമേ.
2 നീ എന്റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്തു?
3 നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.
4 ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരംകെണ്ടു ഞാൻ നിന്നെ സ്തുതിക്കും.
5 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.
അദ്ധ്യായം 44

1 ദൈവമേ, പൂർവ്വകാലത്തു ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ നീ ചെയ്ത പ്രവൃത്തി അവർ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ടു ഞങ്ങൾ കേട്ടുമിരിക്കുന്നു;
2 നിന്റെ കൈകൊണ്ടു നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി.
3 തങ്ങളുടെ വാളുകൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവർ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.
4 ദൈവമേ, നീ എന്റെ രാജാവാകുന്നു; യാക്കോബിന്നു രക്ഷ കല്പിക്കേണമേ.
5 നിന്നാൽ ഞങ്ങൾ വൈരികളെ തള്ളിയിടും; ഞങ്ങളോടു എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും.
6 ഞാൻ എന്റെ വില്ലിൽ ആശ്രയിക്കയില്ല; എന്റെ വാൾ എന്നെ രക്ഷിക്കയുമില്ല.
7 നീയത്രേ ഞങ്ങളെ വൈരികളുടെ കയ്യിൽ നിന്നു രക്ഷിച്ചതു; ഞങ്ങളെ പകെച്ചവരെ നീ ലജ്ജിപ്പിച്ചുമിരിക്കുന്നു;
8 ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു; നിന്റെ നാമത്തിന്നു എന്നും സ്തോത്രം ചെയ്യുന്നു. സേലാ.
9 ഇപ്പോഴോ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.
10 വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറം കാട്ടുമാറാക്കുന്നു; ഞങ്ങളെ പകെക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.
11 ഭക്ഷണത്തിന്നുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജാതികളുടെ ഇടയിൽ ഞങ്ങളെ ചിന്നിച്ചിരിക്കുന്നു.
12 നീ നിന്റെ ജനത്തെ വിലവാങ്ങാതെ വില്ക്കുന്നു. അവരുടെ വിലകൊണ്ടു സമ്പത്തു വർദ്ധിപ്പിക്കുന്നതുമില്ല.
13 നീ ഞങ്ങളെ അയൽക്കാർക്കു അപമാനവിഷയവും ചുറ്റുമുള്ളവർക്കു നിന്ദയും പരിഹാസവും ആക്കുന്നു.
14 നീ ജാതികളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിന്നും വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിന്നും വിഷയം ആക്കുന്നു.
15 നിന്ദിച്ചു ദുഷിക്കുന്നവന്റെ വാക്കു ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തമായും
16 എന്റെ അപമാനം ഇടവിടാതെ എന്റെ മുമ്പിൽ ഇരിക്കുന്നു; എന്റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു.
17 ഇതൊക്കെയും ഞങ്ങൾക്കു ഭവിച്ചു; ഞങ്ങളോ നിന്നെ മറന്നിട്ടില്ല; നിന്റെ നിയമത്തോടു അവിശ്വസ്തത കാണിച്ചിട്ടുമില്ല.
18 നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവെച്ചു തകർത്തുകളവാനും കൂരിരുട്ടുകൊണ്ടു ഞങ്ങളെ മൂടുവാനും തക്കവണ്ണം
19 ഞങ്ങളുടെ ഹൃദയം പിന്തിരികയോ ഞങ്ങളുടെ കാലടികൾ നിന്റെ വഴി വിട്ടു മാറുകയോ ചെയ്തിട്ടില്ല.
20 ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ ഞങ്ങൾ മറക്കയോ ഞങ്ങളുടെ കൈകളെ അന്യദൈവത്തിങ്കലേക്കു മലർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ
21 ദൈവം അതു ശോധന ചെയ്യാതിരിക്കുമോ? അവൻ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ.
22 നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.
23 കർത്താവേ, ഉണരേണമേ; നീ ഉറങ്ങുന്നതു എന്തു? എഴുന്നേൽക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.
24 നീ നിന്റെ മുഖത്തെ മറെക്കുന്നതും ഞങ്ങളുടെ കഷ്ടവും പീഡയും മറന്നുകളയുന്നതും എന്തു?
25 ഞങ്ങൾ നിലത്തോളം കുനിഞ്ഞിരിക്കുന്നു; ഞങ്ങളുടെ വയറു ഭൂമിയോടു പറ്റിയിരിക്കുന്നു.
26 ഞങ്ങളുടെ സഹായത്തിന്നായി എഴുന്നേൽക്കേണമേ; നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ;
അദ്ധ്യായം 45

1 എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.
2 നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
3 വീരനായുള്ളോവേ, നിന്റെ വാൾ അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.
4 സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.
5 നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; ജാതികൾ നിന്റെ കീഴിൽ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.
6 ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
7 നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
8 നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
9 നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞു നില്ക്കുന്നു.
10 അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവി ചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.
11 അപ്പോൾ രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക.
12 സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.
13 അ:ന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻ കസവുകൊണ്ടുള്ളതു.
14 അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.
15 സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.
16 നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
17 ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതു കൊണ്ടു ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
അദ്ധ്യായം 46

1 ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
2 അതുകൊണ്ടു ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,
3 അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
4 ഒരു നദി ഉണ്ടു; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.
5 ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും.
6 ജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
7 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. സേലാ.
8 വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!
9 അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.
10 മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
11 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു. സേലാ.
അദ്ധ്യായം 47

1 സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.
2 അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.
3 അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.
4 അവൻ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ ശ്ളാഘ്യഭൂമിയെ തന്നേ.
5 ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു.
6 ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.
7 ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.
8 ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
9 വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.
അദ്ധ്യായം 48

1 നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
2 മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻ പർവ്വതം ഉയരംകൊണ്ടു മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
3 അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.
4 ഇതാ, രാജാക്കന്മാർ കൂട്ടം കൂടി; അവർ ഒന്നിച്ചു കടന്നുപോയി.
5 അവർ അതു കണ്ടു അമ്പരന്നു, അവർ പരിഭ്രമിച്ചു ഓടിപ്പോയി.
6 അവർക്കു അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവൾക്കെന്നപോലെ വേദന പിടിച്ചു.
7 നീ കിഴക്കൻ കാറ്റുകൊണ്ടു തർശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു. നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.
8
9 ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.
10 ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.
11 നിന്റെ ന്യായവിധികൾനിമിത്തം സീയോൻ പർവ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നു.
12 സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‍വിൻ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ.
13 വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിൻ.
14 ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.
അദ്ധ്യായം 49

1 സകല ജാതികളുമായുള്ളോരേ, ഇതു കേൾപ്പിൻ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ.
2 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.
3 എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.
4 ഞാൻ സദൃശവാക്യത്തിന്നു എന്റെ ചെവിചായക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും.
5 അകൃത്യം എന്റെ കുതികാലിനെ പിന്തുടർന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാൻ ഭയപ്പെടുന്നതു എന്തിന്നു?
6 അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു.
7 സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു
8 അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല.
9 അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.
10 ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവർക്കു വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.
11 തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തർഗ്ഗതം; തങ്ങളുടെ നിലങ്ങൾക്കു അവർ തങ്ങളുടെ പേരിടുന്നു.
12 എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനിൽക്കയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യൻ.
13 ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളിൽ ഇഷ്ടപ്പെടുന്നു. സേലാ
14 അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം.
15 എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും. സേലാ.
16 ഒരുത്തൻ ധനവാനായിത്തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുതു.
17 അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിൻചെല്ലുകയുമില്ല.
18 അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു പറഞ്ഞു; നീ നിനക്കു തന്നേ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.
19 അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല.
20 മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ.
അദ്ധ്യായം 50

1 ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
2 സൌന്ദര്യത്തിന്റെ പൂർണ്ണതയായ സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു.
3 നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല; അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു.
4 തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു അവൻ മേലിൽനിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
5 യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.
6 ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാൽ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.
7 എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.
8 നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു.
9 നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല.
10 കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
11 മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.
13 ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
14 ദൈവത്തിന്നു സ്തോത്രയാഗം അർപ്പിക്ക; അത്യുന്നതന്നു നിന്റെ നേർച്ചകളെ കഴിക്ക.
15 കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
16 എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം?
17 നീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.
18 കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
19 നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു.
20 നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു.
21 ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവെക്കും.
22 ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.
23 സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.
അദ്ധ്യായം 51

1 ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
2 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
3 എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
4 നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
5 ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.
6 അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
7 ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
8 സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
9 എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
10 ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.
11 നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.
12 നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.
13 അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികൾ നിങ്കലേക്കു മനംതിരിയും.
14 എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.
15 കർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും.
16 ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല.
17 ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
18 നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;
19 അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.
അദ്ധ്യായം 52

1 വീരാ, നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തു? ദൈവത്തിന്റെ ദയ നിരന്തരമാകുന്നു.
2 ചതിവു ചെയ്യുന്നവനെ, മൂർച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.
3 നീ നന്മയെക്കാൾ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.
4 നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.
5 ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്നു അവൻ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിർമ്മൂലമാക്കും. സേലാ.
6 നീതിമാന്മാർ കണ്ടു ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും.
7 ദൈവത്തെ തന്റെ ശരണമാക്കാതെ തന്റെ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കയും ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കയും ചെയ്ത മനുഷ്യൻ അതാ എന്നു പറയും,
8 ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.
9 നീ അതു ചെയ്തിരിക്കകൊണ്ടു ഞാൻ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവെക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ.
അദ്ധ്യായം 53

1 ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയന്നു; അവർ വഷളന്മാരായി, മ്ളേച്ഛമായ നീതികേടു പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല.
2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
3 എല്ലാവരും പിൻവാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തൻ പോലും ഇല്ല.
4 നീതികേടു പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോടു അവർ പ്രാർത്ഥിക്കുന്നില്ല.
5 ഭയമില്ലാതിരുന്നേടത്തു അവർക്കു മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു.
6 സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.
അദ്ധ്യായം 54

1 ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചുതരേണമേ.
2 ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.
3 അന്യജാതിക്കാർ എന്നോടു എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.
4 ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.
5 അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.
6 സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലതു എന്നു ചൊല്ലി ഞാൻ അതിന്നു സ്തോത്രം ചെയ്യും.
7 അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടു രസിക്കും.
അദ്ധ്യായം 55

1 ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ.
2 എനിക്കു ചെവിതന്നു ഉത്തരമരുളേണമേ; ശത്രുവിന്റെ ആരവംനിമിത്തവും ദുഷ്ടന്റെ പീഡനിമിത്തവും ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.
3 അവർ എന്റെ മേൽ നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.
4 എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു.
5 ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
6 പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാൻ പറഞ്ഞു.
7 അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ.
8 കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാൻ ഒരു സങ്കേതത്തിലേക്കു ഓടിപ്പോകുമായിരുന്നു!
9 കർത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.
10 രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ടു.
11 ദുഷ്ടത അതിന്റെ നടുവിൽ ഉണ്ടു; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.
12 എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.
13 നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.
14 നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.
15 മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവർ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.
16 ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.
17 ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും.
18 എന്നോടു കയർത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവൻ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;
19 ദൈവം കേട്ടു അവർക്കു ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവൻ തന്നേ. സേലാ. അവർക്കു മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
20 തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവൻ ലംഘിച്ചുമിരിക്കുന്നു.
21 അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.
22 നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരു നാളും സമ്മതിക്കയില്ല.
23 ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നിൽ ആശ്രയിക്കും.
അദ്ധ്യായം 56

1 ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; അവർ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു
2 എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു; ഗർവ്വത്തോടെ എന്നോടു പൊരുതുന്നവർ അനേകരല്ലോ.
3 ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.
4 ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്‍വാൻ കഴിയും?
5 ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു.
6 അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
7 നീതികേടിനാൽ അവർ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്റെ കോപത്തിൽ ജാതികളെ തള്ളിയിടേണമേ.
8 നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?
9 ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നേ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാൻ അറിയുന്നു.
10 ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും.
11 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‍വാൻ കഴിയും?
12 ദൈവമേ, നിനക്കുള്ള നേർച്ചകൾക്കു ഞാൻ കടമ്പെട്ടിരിക്കുന്നു; ഞാൻ നിനക്കു സ്തോത്രയാഗങ്ങളെ അർപ്പിക്കും.
13 ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.
അദ്ധ്യായം 57

1 ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാൻ നിന്നെ ശരണംപ്രാപിക്കുന്നു; അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുവോളം ഞാൻ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
2 അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി സകലവും നിർവ്വഹിക്കുന്ന ദൈവത്തെ തന്നേ.
3 എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾ അവൻ സ്വർഗ്ഗത്തിൽനിന്നു കൈനീട്ടി എന്നെ രക്ഷിക്കും. സേലാ. ദൈവം തന്റെ ദയയും വിശ്വസ്തതയും അയക്കുന്നു.
4 എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു; പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂർച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ.
5 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.
6 അവർ എന്റെ കാലടികൾക്കു ഒരു വലവിരിച്ചു, എന്റെ മനസ്സു ഇടിഞ്ഞിരിക്കുന്നു; അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; അതിൽ അവർ തന്നെ വീണു. സേലാ.
7 എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.
8 എൻ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിൻ! ഞാൻ അതികാലത്തെ ഉണരും.
9 കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം ചെയ്യും.
10 നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.
11 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.
അദ്ധ്യായം 58

1 ദേവന്മാരേ, നിങ്ങൾ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങൾ പരമാർത്ഥമായി വിധിക്കുന്നുവോ?
2 നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു; ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠുരത തൂക്കിക്കൊടുക്കുന്നു.
3 ദുഷ്ടന്മാർ ഗർഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു; അവർ ജനനംമുതൽ ഭോഷ്കു പറഞ്ഞു തെറ്റി നടക്കുന്നു.
4 അവരുടെ വിഷം സർപ്പവിഷംപോലെ; അവർ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു.
5 എത്ര സാമർത്ഥ്യത്തോടെ മന്ത്രം ചൊല്ലിയാലും മന്ത്രവാദികളുടെ വാക്കു അതു കേൾക്കയില്ല.
6 ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകർക്കേണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകർത്തുകളയേണമേ.
7 ഒഴുകിപ്പോകുന്ന വെള്ളംപോലെ അവർ ഉരുകിപ്പോകട്ടെ. അവൻ തന്റെ അമ്പുകളെ തൊടുക്കുമ്പോൾ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.
8 അലിഞ്ഞു പോയ്പോകുന്ന അച്ചുപോലെ അവർ ആകട്ടെ; ഗർഭം അലസിപ്പോയ സ്ത്രീയുടെ പ്രജപോലെ അവർ സൂര്യനെ കാണാതിരിക്കട്ടെ.
9 നിങ്ങളുടെ കലങ്ങൾക്കു മുൾതീ തട്ടുമ്മുമ്പെ പച്ചയും വെന്തതുമെല്ലാം ഒരുപോലെ അവൻ ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും
10 നീതിമാൻ പ്രതിക്രിയ കണ്ടു ആനന്ദിക്കും; അവൻ തന്റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും.
11 ആകയാൽ: നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യർ പറയും.
അദ്ധ്യായം 59

1 എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നോടു എതിർക്കുന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ.
2 നീതികേടു പ്രവർത്തിക്കുന്നവരുടെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കൽനിന്നു എന്നെ രക്ഷിക്കേണമേ.
3 ഇതാ, അവർ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
4 എന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാൻ ഉണർന്നു കടാക്ഷിക്കേണമേ.
5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജാതികളെയും സന്ദർശിക്കേണ്ടതിന്നു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ. സേലാ.
6 സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവർ പട്ടണത്തിന്നു ചുറ്റും നടക്കുന്നു.
7 അവർ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ടു; ആർ കേൾക്കും എന്നു അവർ പറയുന്നു.
8 എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
9 എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
10 എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
11 അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, നിന്റെ ശക്തികൊണ്ടു അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.
12 അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവർ പറയുന്ന ശാപവും ഭോഷ്കുംനിമിത്തവും അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപ്പെട്ടുപോകട്ടെ.
13 കോപത്തോടെ അവരെ സംഹരിക്കേണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.
14 സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവർ നഗരത്തിന്നു ചുറ്റും നടക്കുന്നു.
15 അവർ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു, തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും താമസിക്കുന്നു.
16 ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
17 എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
അദ്ധ്യായം 60

1 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.
2 നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാൽ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.
3 നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
4 സത്യം നിമിത്തം ഉയർത്തേണ്ടതിന്നു നീ നിന്റെ ഭക്തന്മാർക്കു ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.
5 നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ.
6 ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
7 ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
8 മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!
9 ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആർ വഴി നടത്തും?
10 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
11 വൈരിയുടെനേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ.
12 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.
അദ്ധ്യായം 61

1 ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ. എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ.
2 എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.
3 നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
4 ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.
5 ദൈവമേ, നീ എന്റെ നേർച്ചകളെ കേട്ടു, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.
6 നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.
7 അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,
8 അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കയും എന്റെ നേർച്ചകളെ നാൾതോറും കഴിക്കയും ചെയ്യും.>
അദ്ധ്യായം 62

1 എന്റെ ഉള്ളം ദൈവത്തെ നോക്കി മൌനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു.
2 അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല.
3 നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?
4 അവന്റെ പദവിയിൽനിന്നു അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നതു; അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ടു അവർ ശപിക്കുന്നു. സേലാ.
5 എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.
6 അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല.
7 എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.
8 ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.
9 സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.
10 പീഡനത്തിൽ ആശ്രയിക്കരുതു; കവർച്ചയിൽ മയങ്ങിപ്പോകരുതു; സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സു വെക്കരുതു;
11 ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു. ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
12 കർത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.
അദ്ധ്യായം 63

1 ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.
2 അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു.
3 നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.
4 എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.
5 എന്റെ കിടക്കയിൽ നിന്നെ ഓർക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ
6 എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.
7 നീ എനിക്കു സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
8 എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.
9 എന്നാൽ അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.
10 അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും; കുറുനരികൾക്കു അവർ ഇരയായ്തീരും.
11 എന്നാൽ രാജാവു ദൈവത്തിൽ സന്തോഷിക്കും അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.
അദ്ധ്യായം 64

1 ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കേണമേ; ശത്രുഭയത്തിൽനിന്നു എന്റെ ജീവനെ പാലിക്കേണമേ;
2 ദുഷ്കർമ്മികളുടെ ഗൂഢാലോചനയിലും നീതികേടു പ്രവർത്തിക്കുന്നവരുടെ കലഹത്തിലും ഞാൻ അകപ്പെടാതവണ്ണം എന്നെ മറെച്ചു കൊള്ളേണമേ.
3 അവർ തങ്ങളുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്നു എയ്യേണ്ടതിന്നു
4 അവർ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കയും ശങ്കിക്കാതെ പെട്ടെന്നു അവനെ എയ്തുകളകയും ചെയ്യുന്നു.
5 ദുഷ്കാര്യത്തിൽ അവർ തങ്ങളെ തന്നേ ഉറപ്പിക്കുന്നു; ഒളിച്ചു കണിവെക്കുവാൻ തമ്മിൽ പറഞ്ഞൊക്കുന്നു; നമ്മെ ആർ കാണും എന്നു അവർ പറയുന്നു.
6 അവർ ദ്രോഹസൂത്രങ്ങളെ കണ്ടുപിടിക്കുന്നു; നമുക്കു ഒരു സൂക്ഷ്മസൂത്രം സാധിച്ചുപോയി എന്നു പറയുന്നു; ഓരോരുത്തന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നേ.
7 എന്നാൽ ദൈവം അവരെ എയ്യും; അമ്പുകൊണ്ടു അവർ പെട്ടന്നു മുറിവേല്ക്കും.
8 അങ്ങനെ സ്വന്തനാവു അവർക്കു വിരോധമായിരിക്കയാൽ അവർ ഇടറിവീഴുവാൻ ഇടയാകും; അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.
9 അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ടു ദൈവത്തിന്റെ പ്രവൃത്തിയെ പ്രസ്താവിക്കും; അവന്റെ പ്രവൃത്തിയെ അവർ ചിന്തിക്കും.
10 നീതിമാൻ യഹോവയിൽ ആനന്ദിച്ചു അവനെ ശരണമാക്കും; ഹൃദയപരമാർത്ഥികൾ എല്ലാവരും പുകഴും.
അദ്ധ്യായം 65

1 ദൈവമേ, സീയോനിൽ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നേ നേർച്ച കഴിക്കുന്നു.
2 പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.
3 എന്റെ അകൃത്യങ്ങൾ എന്റെ നേരെ അതിബലമായിരിക്കുന്നു; നീയോ ഞങ്ങളുടെ അതിക്രമങ്ങൾക്കു പരിഹാരം വരുത്തും.
4 നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.
5 ഭൂമിയുടെ എല്ലാഅറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിന്നും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്കു ഉത്തരമരുളുന്നു.
6 അവൻ ബലം അരെക്കു കെട്ടിക്കൊണ്ടു തന്റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു.
7 അവൻ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.
8 ഭൂസീമാവാസികളും നിന്റെ ലക്ഷ്യങ്ങൾ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമനത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.
9 നീ ഭൂമിയെ സന്ദർശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്കു ധാന്യം കൊടുക്കുന്നു.
10 നീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു; നീ അതിന്റെ കട്ട ഉടെച്ചുനിരത്തുന്നു; മഴയാൽ നീ അതിനെ കുതിർക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.
11 നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു; നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു.
12 മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; കുന്നുകൾ ഉല്ലാസം ധരിക്കുന്നു.
13 മേച്ചല്പുറങ്ങൾ ആട്ടിൻ കൂട്ടങ്ങൾകൊണ്ടു നിറെഞ്ഞിരിക്കുന്നു; താഴ്വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവർ ആർക്കുകയും പാടുകയും ചെയ്യുന്നു.
അദ്ധ്യായം 66

1 സർവ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ;
2 അവന്റെ നാമത്തിന്റെ മഹത്വം കീർത്തിപ്പിൻ; അവന്റെ സ്തുതി മഹത്വീകരിപ്പിൻ.
3 നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം. നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും;
4 സർവ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവർ നിന്റെ നാമത്തിന്നു കീർത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിൻ. സേലാ.
5 വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.
6 അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം അവനിൽ സന്തോഷിച്ചു.
7 അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു. അവന്റെ കണ്ണു ജാതികളെ നോക്കുന്നു; മത്സരക്കാർ തങ്ങളെ തന്നേ ഉയർത്തരുതേ. സേലാ.
8 വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; അവന്റെ സ്തുതിയെ ഉച്ചത്തിൽ കേൾപ്പിപ്പിൻ.
9 അവൻ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
10 ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
11 നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.
12 നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
13 ഞാൻ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും; എന്റെ നേർച്ചകളെ ഞാൻ നിനക്കു കഴിക്കും.
14 ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ അവയെ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു.
15 ഞാൻ ആട്ടുകൊറ്റന്മാരുടെ സൌരഭ്യവാസനയോടു കൂടെ തടിപ്പിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ.
16 സകലഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം.
17 ഞാൻ എന്റെ വായ് കൊണ്ടു അവനോടു നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.
18 ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു.
19 എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
20 എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കൽനിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
അദ്ധ്യായം 67

1 ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; അവൻ തന്റെ മുഖത്തെ നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
2 നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകലജാതികളുടെ ഇടയിലും അറിയേണ്ടതിന്നു തന്നേ.
3 ദൈവമേ, ജാതികൾ നിന്നെ സ്തുതിക്കും; സകലജാതികളും നിന്നെ സ്തുതിക്കും.
4 ജാതികൾ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ചു ഭൂമിയിലെ ജാതികളെ ഭരിക്കുന്നുവല്ലോ. സേലാ.
5 ദൈവമേ ജാതികൾ നിന്നെ സ്തുതിക്കും; സകല ജാതികളും നിന്നെ സ്തുതിക്കും.
6 ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.
7 ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികൾ ഒക്കെയും അവനെ ഭയപ്പെടും.
അദ്ധ്യായം 68

1 ദൈവം എഴുന്നേല്ക്കുന്നു; അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു; അവനെ പകെക്കുന്നവരും അവന്റെ മുമ്പിൽ നിന്നു ഓടിപ്പോകുന്നു.
2 പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കൽ മെഴുകു ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു.
3 എങ്കിലും നീതിമാന്മാർ സന്തോഷിച്ചു ദൈവ സന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും.
4 ദൈവത്തിന്നു പാടുവിൻ, അവന്റെ നാമത്തിന്നു സ്തുതി പാടുവിൻ; മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിപ്പിൻ.
5 ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു.
6 ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൌഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും.
7 ദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു മരുഭൂമിയിൽകൂടി നടകൊണ്ടപ്പോൾ - സേലാ -
8 ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി.
9 ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.
10 നിന്റെ കൂട്ടം അതിൽ പാർത്തു; ദൈവമേ, നിന്റെ ദയയാൽ നീ അതു എളിയവർക്കുവേണ്ടി ഒരുക്കിവെച്ചു.
11 കർത്താവു ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു.
12 സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.
13 നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
14 സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.
15 ബാശാൻ പർവ്വതം ദൈവത്തിന്റെ പർവ്വതം ആകുന്നു. ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.
16 കൊടുമുടികളേറിയ പർവ്വതങ്ങളേ, ദൈവം വസിപ്പാൻ ഇച്ഛിച്ചിരിക്കുന്ന പർവ്വതത്തെ നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നതു എന്തു? യഹോവ അതിൽ എന്നേക്കും വസിക്കും.
17 ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടികോടിയുമാകുന്നു; കർത്താവു അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നേ.
18 നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു.
19 നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.
20 ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവെക്കുള്ളവ തന്നേ.
21 അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകർത്തുകളയും.
22 നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിന്നും അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന്നു ഓഹരി കിട്ടേണ്ടതിന്നും
23 ഞാൻ അവരെ ബാശാനിൽനിന്നു മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളിൽനിന്നു അവരെ മടക്കിവരുത്തും.
24 ദൈവമേ, അവർ നിന്റെ എഴുന്നെള്ളത്തുകണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നെള്ളത്തു തന്നേ.
25 സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു.
26 യിസ്രായേലിന്റെ ഉറവിൽനിന്നുള്ളോരേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.
27 അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻ പ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ടു.
28 നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.
29 യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാർ നിനക്കു കാഴ്ച കൊണ്ടുവരും.
30 ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജാതികൾ വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ.
31 മിസ്രയീമിൽനിന്നു മഹത്തുക്കൾ വരും; കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.
32 ഭൂമിയിലെ രാജ്യങ്ങളെ ദൈവത്തിന്നു പാട്ടുപാടുവിൻ; കർത്താവിന്നു കീർത്തനം ചെയ്‍വിൻ. സേലാ.
33 പുരാതനസ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവന്നു പാടുവിൻ! ഇതാ, അവൻ തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേൾപ്പിക്കുന്നു.
34 ദൈവത്തിന്നു ശക്തി കൊടുപ്പിൻ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.
35 ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്നു നീ ഭയങ്കരനായ്‍വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന്നു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
അദ്ധ്യായം 69

1 ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.
2 ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു.
3 എന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.
4 കാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ കവർച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.
5 ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല.
6 സൈന്യങ്ങളുടെ യഹോവയായ കർത്താവേ, നിങ്കൽ പ്രത്യാശവെക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
7 നിന്റെ നിമിത്തം ഞാൻ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
8 എന്റെ സഹോദരന്മാർക്കു ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്കു അന്യനും ആയി തീർന്നിരിക്കുന്നു.
9 നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.
10 ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീർന്നു;
11 ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാൻ അവർക്കു പഴഞ്ചൊല്ലായ്തീർന്നു.
12 പട്ടണവാതിൽക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.
13 ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽ തന്നേ, എനിക്കുത്തരമരുളേണമേ.
14 ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ.
15 ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ.
16 യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;
17 അടിയന്നു തിരുമുഖം മറെക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കയാൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ.
18 എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കേണമേ.
19 എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു.
20 നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
21 അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.
22 അവരുടെ മേശ അവരുടെ മുമ്പിൽ കണിയായും അവർ സുഖത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.
23 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.
24 നിന്റെ ക്രോധം അവരുടെമേൽ പകരേണമേ. നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
25 അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.
26 നീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവർ വിവിരക്കുന്നു.
27 അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവർ പ്രാപിക്കരുതേ.
28 ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.
29 ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.
30 ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.
31 അതു യഹോവെക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
32 സൌമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
33 യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
34 ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.
35 ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും; അവർ അവിടെ പാർത്തു അതിനെ കൈവശമാക്കും.
36 അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.
അദ്ധ്യായം 70

1 ദൈവമേ, എന്നെ വിടുവിപ്പാൻ, യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
2 എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏൽക്കട്ടെ.
3 നന്നായി നന്നായി എന്നു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
4 നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.
5 ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കൽ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ,
അദ്ധ്യായം 71

1 യഹോവ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.
2 നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ രക്ഷിക്കേണമേ.
3 ഞാൻ എപ്പോഴും വന്നു പാർക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
4 എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യിൽ നിന്നും എന്നെ വിടുവിക്കേണമേ.
5 യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.
6 ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്നു എന്നെ എടുത്തവൻ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
7 ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
8 എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
9 വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.
10 എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ കൂടിയാലോചിക്കുന്നു.
11 ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്നു പിടിപ്പിൻ; വിടുവിപ്പാൻ ആരുമില്ല എന്നു അവർ പറയുന്നു.
12 ദൈവമേ, എന്നോടു അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
13 എന്റെ പ്രാണന്നു വിരോധികളായവർ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
14 ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.
15 എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.
16 ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.
17 ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.
18 ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
19 ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?
20 അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.
21 നീ എന്റെ മഹത്വം വർദ്ധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.
22 എന്റെ ദൈവമേ, ഞാനും വീണകൊണ്ടു നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാൻ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും.
23 ഞാൻ നിനക്കു സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
24 എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
അദ്ധ്യായം 72

1 ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ.
2 അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.
3 നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.
4 ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ;
5 സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.
6 അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.
7 അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.
8 അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.
9 മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ.
10 തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.
11 സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.
12 അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.
13 എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.
14 അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.
15 അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.
16 ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.
17 അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും.
18 താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
19 അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ.
20 യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ, അവസാനിച്ചിരിക്കുന്നു.
അദ്ധ്യായം 73

1 ദൈവം യിസ്രായേലിന്നു, നിർമ്മലഹൃദയമുള്ളവർക്കു തന്നേ, നല്ലവൻ ആകുന്നു നിശ്ചയം.
2 എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറക്കുറെ വഴുതിപ്പോയി.
3 ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.
4 അവർക്കു വേദന ഒട്ടുമില്ലല്ലോ; അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു.
5 അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നതുമില്ല.
6 ആകയാൽ ഡംഭം അവർക്കു മാലയായിരിക്കുന്നു; ബലാൽക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.
7 അവരുടെ കണ്ണുകൾ പുഷ്ടികൊണ്ടു ഉന്തിനില്ക്കുന്നു. അവരുടെ ഹൃദയത്തിലെ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു.
8 അവർ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.
9 അവർ വായ് ആകാശത്തോളം ഉയർത്തുന്നു; അവരുടെ നാവു ഭൂമിയിൽ സഞ്ചരിക്കുന്നു.
10 അതുകൊണ്ടു അവർ തന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു; അവർ ധാരാളം വെള്ളം വലിച്ചു കുടിക്കുന്നു.
11 ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന്നു അറിവുണ്ടോ? എന്നു അവർ പറയുന്നു.
12 ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വർദ്ധിപ്പിക്കുന്നു.
13 എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർത്ഥമത്രേ.
14 ഞാൻ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.
15 ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.
16 ഞാൻ ഇതു ഗ്രഹിപ്പാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി;
17 ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.
18 നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു.
19 എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! അവർ മെരുൾചകളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
20 ഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കർത്താവേ, നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും.
21 ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ
22 ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.
23 എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു.
24 നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.
25 സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.
26 എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.
27 ഇതാ, നിന്നോടു അകന്നിരിക്കുന്നവർ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.
28 എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്നു ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.
അദ്ധ്യായം 74

1 ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു?
2 നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോൻ പർവ്വതത്തെയും ഓർക്കേണമേ.
3 നിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
4 നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; തങ്ങളുടെ കൊടികളെ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
5 അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
6 ഇതാ, അവർ മഴുകൊണ്ടും ചുറ്റികകൊണ്ടും അതിന്റെ ചിത്രപ്പണികളെ ആകപ്പാടെ തകർത്തുകളയുന്നു.
7 അവർ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
8 നാം അവരെ നശിപ്പിച്ചുകളക എന്നു അവർ ഉള്ളംകൊണ്ടു പറഞ്ഞു. ദേശത്തിൽ ദൈവത്തിന്റെ എല്ലാപള്ളികളെയും ചുട്ടുകളഞ്ഞു.
9 ഞങ്ങൾ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇതു എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
10 ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
11 നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? നിന്റെ മടിയിൽനിന്നു അതു എടുത്തു അവരെ മുടിക്കേണമേ.
12 ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യേ അവൻ രക്ഷ പ്രവർത്തിക്കുന്നു.
13 നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടെച്ചുകളഞ്ഞു.
14 ലിവ്യാഥാന്റെ തലകളെ നീ തകർത്തു; മരുവാസികളായ ജനത്തിന്നു അതിനെ ആഹാരമായി കൊടുത്തു.
15 നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.
16 പകൽ നിനക്കുള്ളതു; രാവും നിനക്കുള്ളതു; വെളിച്ചത്തെയും സൂര്യനെയും നീ ചമെച്ചിരിക്കുന്നു.
17 ഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
18 യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഓർക്കേണമേ.
19 നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന്നു ഏല്പിക്കരുതേ; നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
20 നിന്റെ നിയമത്തെ കടാക്ഷിക്കേണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു.
21 പീഡിതൻ ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.
22 ദൈവമേ, എഴുന്നേറ്റു നിന്റെ വ്യവഹാരം നടത്തേണമേ; മൂഢൻ ഇടവിടാതെ നിന്നെ നിന്ദിക്കുന്നതു ഓക്കേണമേ.
23 നിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുന്നു.
അദ്ധ്യായം 75

1 ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
2 സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
3 ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.
4 ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
5 നിങ്ങളുടെ കൊമ്പു മേലോട്ടു ഉയർത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.
6 കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നതു.
7 ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
8 യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
9 ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.
10 ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചു കളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.
അദ്ധ്യായം 76

1 ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു.
2 അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
3 അവിടെവെച്ചു അവൻ വില്ലിന്റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകർത്തുകളഞ്ഞു. സേലാ.
4 ശാശ്വതപർവ്വതങ്ങളെക്കാൾ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.
5 ധൈര്യശാലികളെ കൊള്ളയിട്ടു അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികൾക്കു ആർക്കും കൈക്കരുത്തില്ലാതെപോയി.
6 യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു.
7 നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നിൽക്കാകുന്നവൻ ആർ?
8 സ്വർഗ്ഗത്തിൽനിന്നു നീ വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാൻ
9 ദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ടു അമർന്നിരുന്നു. സേലാ.
10 മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരെക്കു കെട്ടിക്കൊള്ളും.
11 നിങ്ങളുടെ ദൈവമായ യഹോവെക്കു നേരുകയും നിവർത്തിക്കയും ചെയ്‍വിൻ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ.
12 അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്കു അവൻ ഭയങ്കരനാകുന്നു.
അദ്ധ്യായം 77

1 ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവൻ എനിക്കു ചെവിതരും.
2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു. രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
3 ഞാൻ ദൈവത്തെ ഓർത്തു വ്യാകുലപ്പെടുന്നു; ഞാൻ ധ്യാനിച്ചു, എന്റെ ആത്മാവു വിഷാദിക്കുന്നു. സേലാ.
4 നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാൻ കഴിയാതവണ്ണം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.
5 ഞാൻ പൂർവ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.
6 രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു; എന്റെ ഹൃദയംകൊണ്ടു ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.
7 കർത്താവു എന്നേക്കും തള്ളിക്കളയുമോ? അവൻ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?
8 അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?
9 ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ? അവൻ കോപത്തിൽ തന്റെ കരുണ അടെച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.
10 എന്നാൽ അതു എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നേ എന്നു ഞാൻ പറഞ്ഞു.
11 ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.
12 ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.
13 ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
14 നീ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു; നിന്റെ ബലത്തെ നീ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.
15 തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നേ. സേലാ.
16 ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു, വെള്ളങ്ങൾ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറെച്ചുപോയി.
17 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.
18 നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.
19 നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; നിന്റെ കാൽചുവടുകളെ അറിയാതെയുമിരുന്നു.
20 മോശെയുടെയും അഹരോന്റെയും കയ്യാൽ നീ നിന്റെ ജനത്തെ ഒരു ആട്ടിൻ കൂട്ടത്തെ പോലെ നടത്തി.
അദ്ധ്യായം 78

1 എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ; എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ.
2 ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും.
3 നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു.
4 നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
5 അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു.
6 വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും
7 അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും
8 തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.
9 ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.
10 അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല. അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.
11 അവർ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു.
12 അവൻ മിസ്രയീംദേശത്തു, സോവാൻ വയലിൽവെച്ചു അവരുടെ പിതാക്കന്മാർ കാൺകെ, അത്ഭുതം പ്രവർത്തിച്ചു.
13 അവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽകൂടി അവരെ കടത്തി; അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി.
14 പകൽസമയത്തു അവൻ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
15 അവൻ മരുഭൂമിയിൽ പാറകളെ പിളർന്നു ആഴികളാൽ എന്നപോലെ അവർക്കു ധാരാളം കുടിപ്പാൻ കൊടുത്തു.
16 പാറയിൽനിന്നു അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.
17 എങ്കിലും അവർ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയിൽവെച്ചു മത്സരിച്ചുകൊണ്ടിരുന്നു.
18 തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.
19 അവർ ദൈവത്തിന്നു വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിന്നു കഴിയുമോ?
20 അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പംകൂടെ തരുവാൻ അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവൻ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.
21 ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
22 അവർ ദൈവത്തിൽ വിശ്വസിക്കയും അവന്റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നേ.
23 അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.
24 അവർക്കു തിന്മാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു.
25 മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
26 അവൻ ആകാശത്തിൽ കിഴക്കൻ കാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റു വരുത്തി.
27 അവൻ അവർക്കു പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;
28 അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
29 അങ്ങനെ അവർ തിന്നു തൃപ്തരായ്തീർന്നു; അവർ ആഗ്രഹിച്ചതു അവൻ അവർക്കു കൊടുത്തു.
30 അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നേ,
31 ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൌവനക്കാരെ സംഹരിച്ചു.
32 ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
33 അതുകൊണ്ടു അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
34 അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; അവർ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും.
35 ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.
36 എങ്കിലും അവർ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷ്കുപറയും.
37 അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല, അവന്റെ നിയമത്തോടു അവർ വിശ്വസ്തത കാണിച്ചതുമില്ല.
38 എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.
39 അവർ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവൻ ഓർത്തു.
40 മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!
41 അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.
42 മിസ്രയീമിൽ അടയാളങ്ങളെയും സോവാൻ വയലിൽ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും
43 അവൻ ശത്രുവിൻ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല.
44 അവൻ അവരുടെ നദികളെയും തോടുകളെയും അവർക്കു കുടിപ്പാൻ വഹിയാതവണ്ണം രക്തമാക്കി തീർത്തു.
45 അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു.
46 അവരുടെ വിള അവൻ തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
47 അവൻ അവരുടെ മുന്തിരിവള്ളികളെ കൽമഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
48 അവൻ അവരുടെ കന്നുകാലികളെ കൽമഴെക്കും അവരുടെ ആട്ടിൻ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.
49 അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ.
50 അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.
51 അവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.
52 എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻ കൂട്ടത്തെപ്പോലെ അവരെ നടത്തി.
53 അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്കു പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.
54 അവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു.
55 അവരുടെ മുമ്പിൽനിന്നു അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവർക്കു അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു.
56 എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല.
57 അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു.
58 അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷ്ണത ജനിപ്പിച്ചു.
59 ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
60 ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.
61 തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു.
62 അവൻ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു.
63 അവരുടെ യൌവനക്കാർ തീക്കു ഇരയായിതീർന്നു; അവരുടെ കന്യകമാർക്കു വിവാഹഗീതം ഉണ്ടായതുമില്ല.
64 അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല.
65 അപ്പോൾ കർത്താവു ഉറക്കുണർന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു.
66 അവൻ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവർക്കു നിത്യനിന്ദവരുത്തുകയും ചെയ്തു.
67 എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
68 അവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു.
69 താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വര്ഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
70 അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി.
71 തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.
72 അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.
അദ്ധ്യായം 79

1 ദൈവമേ, ജാതികൾ നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവർ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
2 അവർ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഇരയായി കൊടുത്തിരിക്കുന്നു.
3 അവരുടെ രക്തത്തെ വെള്ളംപോലെ അവർ യെരൂശലേമിന്നു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നതുമില്ല.
4 ഞങ്ങൾ ഞങ്ങളുടെ അയൽക്കാർക്കു അപമാനവും ചുറ്റുമുള്ളവർക്കു നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു.
5 യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
6 നിന്നെ അറിയാത്ത ജാതികളുടെമോലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ.
7 അവർ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.
8 ഞങ്ങളുടെ പൂർവ്വന്മാരുടെ അകൃത്യങ്ങളെ ഞങ്ങൾക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
9 ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്വത്തിന്നായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ചു, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.
10 അവരുടെ ദൈവം എവിടെ എന്നു ജാതികൾ പറയുന്നതു എന്തിന്നു? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങൾ കാൺകെ ജാതികളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ.
11 ബദ്ധന്മാരുടെ ദീർഘശ്വാസം നിന്റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന്നു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാൽ രക്ഷിക്കേണമേ.
12 കർത്താവേ, ഞങ്ങളുടെ അയൽക്കാർ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്കു പകരം കൊടുക്കേണമേ.
13 എന്നാൽ നിന്റെ ജനവും നിന്റെ മേച്ചല്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും.
അദ്ധ്യായം 80

1 ആട്ടിൻ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
2 എഫ്രയീമും ബെന്യാമീനും മനശ്ശെയും കാൺകെ നിന്റെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.
3 ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
4 സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാർത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?
5 നീ അവർക്കു കണ്ണുനീരിന്റെ അപ്പം തിന്മാൻ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീർ അവർക്കു കുടിപ്പാനും കൊടുത്തിരിക്കുന്നു.
6 നീ ഞങ്ങളെ ഞങ്ങളുടെ അയൽക്കാർക്കു വഴക്കാക്കിതീർക്കുന്നു; ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.
7 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
8 നീ മിസ്രയീമിൽനിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.
9 നീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടർന്നു.
10 അതിന്റെ നിഴൽകൊണ്ടു പർവ്വതങ്ങൾ മൂടിയിരുന്നു; അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾ പോലെയും ആയിരുന്നു.
11 അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
12 വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാൻ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു?
13 കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അതു തിന്നുകളയുന്നു.
14 സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.
15 നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളർത്തിയ തയ്യെയും പാലിക്കേണമേ.
16 അതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്റെ മുഖത്തിന്റെ ഭർത്സനത്താൽ അവർ നശിച്ചുപോകുന്നു.
17 നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.
18 എന്നാൽ ഞങ്ങൾ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാൽ ഞങ്ങൾ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
19 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
അദ്ധ്യായം 81

1 നമ്മുടെ ബലമായ ദൈവത്തിന്നു ഘോഷിപ്പിൻ; യാക്കോബിന്റെ ദൈവത്തിന്നു ആർപ്പിടുവിൻ.
2 തപ്പും ഇമ്പമായുള്ള കിന്നരവു വീണയും എടുത്തു സംഗീതം തുടങ്ങുവിൻ.
3 അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൌർണ്ണമാസിയിലും കാഹളം ഊതുവിൻ.
4 ഇതു യിസ്രായേലിന്നു ഒരു ചട്ടവും യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.
5 മിസ്രയീംദേശത്തിന്റെ നേരെ പുറപ്പെട്ടപ്പോൾ ദൈവം അതു യോസേഫിന്നു ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു.
6 ഞാൻ അവന്റെ തോളിൽനിന്നു ചുമടുനീക്കി; അവന്റെ കൈകൾ കൊട്ട വിട്ടു ഒഴിഞ്ഞു.
7 കഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവിൽനിന്നു ഞാൻ നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിങ്കൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.
8 എന്റെ ജനമേ, കേൾക്ക, ഞാൻ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു.
9 അന്യദൈവം നിനക്കു ഉണ്ടാകരുതു; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുതു.
10 മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറെക്കും.
11 എന്നാൽ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല. യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.
12 അതുകൊണ്ടു അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു ഞാൻ അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു.
13 അയ്യോ എന്റെ ജനം എന്റെ വാക്കു കേൾക്കയും യിസ്രായേൽ എന്റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.
14 എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു.
15 യഹോവയെ പകെക്കുന്നവർ അവന്നു കീഴടങ്ങുമായിരുന്നു; എന്നാൽ ഇവരുടെ ശുഭകാലം എന്നേക്കും നില്ക്കുമായിരുന്നു.
16 അവൻ മേത്തരമായ കോതമ്പുകൊണ്ടു അവരെ പോഷിപ്പിക്കുമായിരുന്നു; ഞാൻ പാറയിൽനിന്നുള്ള തേൻ കൊണ്ടു നിനക്കു തൃപ്തിവരുത്തുമായിരുന്നു.
അദ്ധ്യായം 82

1 ദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
2 നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും? സേലാ.
3 എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിൻ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിൻ.
4 എളിയവനെയും ദരിദ്രനെയും രക്ഷിപ്പിൻ; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിപ്പിൻ.
5 അവർക്കു അറിവില്ല, ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ ഒക്കെയും ഇളകിയിരിക്കുന്നു.
6 നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.
7 എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ പട്ടുപോകും.
8 ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകലജാതികളെയും അവകാശമാക്കികൊള്ളുമല്ലോ.
അദ്ധ്യായം 83

1 ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ.
2 ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു.
3 അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.
4 വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.
5 അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.
6 ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗർയ്യരും കൂടെ,
7 ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും;
8 അശ്ശൂരും അവരോടു യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്കു സഹായമായിരുന്നു സേലാ.
9 മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോൻ തോട്ടിങ്കൽവെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ.
10 അവർ എൻ ദോരിൽവെച്ചു നശിച്ചുപോയി; അവർ നിലത്തിന്നു വളമായി തീർന്നു.
11 അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ.
12 നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവർ പറഞ്ഞുവല്ലോ.
13 എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ.
14 വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
15 നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ.
16 യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കേണമേ.
17 അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.
18 അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.
അദ്ധ്യായം 84

1 സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!
2 എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
3 കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗ പീഠങ്ങളെ തന്നേ.
4 നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
5 ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങിനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ടു.
6 കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അതു അനുഗ്രഹപൂർണ്ണമായ്തീരുന്നു.
7 അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.
8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ.
9 ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കേണമേ;
10 നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.
11 യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല.
12 സൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
അദ്ധ്യായം 85

1 യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.
2 നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം ഒക്കെയും നീ മൂടിക്കളഞ്ഞു. സേലാ.
3 നിന്റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു; നിന്റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു.
4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കേണമേ.
5 നീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം ദീർഘിച്ചിരിക്കുമോ?
6 നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?
7 യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്റെ രക്ഷ ഞങ്ങൾക്കു നല്കേണമേ.
8 യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും; അവർ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.
9 തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന്നു അവന്റെ രക്ഷ അവന്റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.
10 ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.
11 വിശ്വസ്തത ഭൂമിയിൽനിന്നു മുളെക്കുന്നു; നീതി സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു.
12 യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും.
13 നീതി അവന്നു മുമ്പായി നടക്കയും അവന്റെ കാൽചുവടുകളുടെ വഴി നോക്കുകയും ചെയ്യും.
അദ്ധ്യായം 86

1 യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു.
2 എന്റെ പ്രാണനെ കാക്കേണമേ; ഞാൻ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
3 കർത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാൻ നിന്നോടു നിലവിളിക്കുന്നു.
4 അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു.
5 കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.
6 യഹോവേ, എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ. എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.
7 നീ എനിക്കുത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.
8 കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.
9 കർത്താവേ, നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.
10 നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.
11 യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.
12 എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
13 എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തിൽ നിന്നു രക്ഷിച്ചിരിക്കുന്നു.
14 ദൈവമേ, അഹങ്കാരികൾ എന്നോടു എതിർത്തിരിക്കുന്നു. ഘോരന്മാരുടെ കൂട്ടം എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. അവർ നിന്നെ ലക്ഷ്യമാക്കുന്നതുമില്ല.
15 നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നേ.
16 എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപയുണ്ടാകേണമേ; നിന്റെ ദാസന്നു നിന്റെ ശക്തി തന്നു, നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.
17 എന്നെ പകെക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിന്നു നന്മെക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ചു ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.
അദ്ധ്യായം 87

1 യഹോവ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ച നഗരത്തെ,
2 സീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
3 ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. സേലാ.
4 ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവൻ അവിടെ ജനിച്ചു.
5 ഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും; അത്യുന്നതൻ തന്നേ അതിനെ സ്ഥാപിച്ചിരിക്കുന്നു.
6 യഹോവ വംശങ്ങളെ എഴുതുമ്പോൾ: ഇവൻ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും സേലാ.
7 എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.
അദ്ധ്യായം 88

1 എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു;
2 എന്റെ പ്രാർത്ഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.
3 എന്റെ പ്രാണൻ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോടു സമീപിക്കുന്നു.
4 കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാൻ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
5 ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഓർക്കുന്നില്ല; അവർ നിന്റെ കയ്യിൽനിന്നു അറ്റുപോയിരിക്കുന്നു.
6 നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
7 നിന്റെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു. നിന്റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു. സേലാ.
8 എന്റെ പരിചയക്കാരെ നീ എന്നോടു അകറ്റി, എന്നെ അവർക്കു വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാൻ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.
9 എന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാൻ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലർത്തുകയും ചെയ്യുന്നു.
10 നീ മരിച്ചവർക്കു അത്ഭുതങ്ങൾ കാണിച്ചുകൊടുക്കുമോ? മൃതന്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.
11 ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ?
12 അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതയും വെളിപ്പെടുമോ?
13 എന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു.
14 യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?
15 ബാല്യംമുതൽ ഞാൻ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാൻ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.
16 നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഘോരത്വങ്ങൾ എന്നെ സംഹരിച്ചിരിക്കുന്നു.
17 അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.
18 സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാർ അന്ധകാരമത്രേ.
അദ്ധ്യായം 89

1 യഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
2 ദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാൻ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.
3 എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.
4 നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.
5 യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.
6 സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?
7 ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവർക്കും മീതെ ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.
8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
9 നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു.
10 നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
11 ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
12 ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു;
13 നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.
14 നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
15 ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
16 അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.
17 നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയർന്നിരിക്കുന്നു.
18 നമ്മുടെ പരിച യഹോവെക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.
19 അന്നു നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാൻ വീരനായ ഒരുത്തന്നു സഹായം നല്കുകയും ജനത്തിൽനിന്നു ഒരു വൃതനെ ഉയർത്തുകയും ചെയ്തു.
20 ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.
21 എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
22 ശത്രു അവനെ തോല്പിക്കയില്ല; വഷളൻ അവനെ പീഡിപ്പിക്കയും ഇല്ല.
23 ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,
24 എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പു ഉയർന്നിരിക്കും.
25 അവന്റെ കയ്യെ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.
26 അവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.
27 ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.
28 ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും.
29 ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.
30 അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും
31 എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ
32 ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.
33 എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.
34 ഞാൻ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.
35 ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാൻ ഭോഷ്കുപറകയില്ല.
36 അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.
37 അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.
38 എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.
39 നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
40 നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
41 വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.
42 നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
43 അവന്റെ വാളിൻ വായ്ത്തലയെ നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.
44 അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.
45 അവന്റെ യൌവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.
46 യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
47 എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓർക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
48 ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.
49 കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ?
50 കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ; എന്റെ മാർവ്വിടത്തിൽ ഞാൻ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.
51 യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ. അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
52 യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.
അദ്ധ്യായം 90

1 കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
2 പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
3 നീ മർത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിൻ എന്നും അരുളിച്ചെയ്യുന്നു.
4 ആയിരം സംവത്സരം നിന്റെ ദൃഷ്ടിയില്‍ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
5 നീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; അവർ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
6 അതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.
7 ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചും പോകുന്നു.
8 നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു.
9 ഞങ്ങളുടെ നാളുകളൊക്കയും നിന്റെ ക്രോധത്തിൽ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു.
10 ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.
11 നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ?
12 ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.
13 യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.
14 കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.
15 നീ ഞങ്ങളെ ക്ളേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.
16 നിന്റെ ദാസന്മാർക്കു നിന്റെ പ്രവൃത്തിയും അവരുടെ മക്കൾക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.
17 ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ.
അദ്ധ്യായം 91

1 അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
2 യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
3 അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
4 തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
5 രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
6 ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
7 നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
8 നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
10 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
12 നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.
13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.
15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
16 ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.
അദ്ധ്യായം 92

1 യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും
2 പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും
3 രാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വർണ്ണിക്കുന്നതും നല്ലതു.
4 യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.
5 യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നേ.
6 മൃഗപ്രായനായ മനുഷ്യൻ അതു അറിയുന്നില്ല; മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല.
7 ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.
8 നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
9 യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.
10 എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
11 എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോടു എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ചു കേട്ടും രസിക്കും.
12 നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
13 യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും.
14 വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.
15 യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നെ.
അദ്ധ്യായം 93

1 യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു.
2 നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നേ.
3 യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകളെ ഉയർത്തുന്നു.
4 സമുദ്രത്തിലെ വൻ തിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.
5 നിന്റെ സാക്ഷ്യങ്ങൾ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ.
അദ്ധ്യായം 94

1 പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.
2 ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേൽക്കേണമേ; ഡംഭികൾക്കു നീ പ്രതികാരം ചെയ്യേണമേ.
3 യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?
4 അവർ ശകാരിച്ചു ധാർഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും വമ്പു പറയുന്നു.
5 യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.
6 അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവർ ഹിംസിക്കുന്നു.
7 യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവർ പറയുന്നു.
8 ജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊൾവിൻ; ഭോഷന്മാരേ, നിങ്ങൾക്കു എപ്പോൾ ബുദ്ധിവരും?
9 ചെവിയെ നട്ടവൻ കേൾക്കയില്ലയോ? കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ?
10 ജാതികളെ ശിക്ഷിക്കുന്നവൻ ശാസിക്കയില്ലയോ? അവൻ മനുഷ്യർക്കു ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?
11 മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.
12 യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം അനർത്ഥദിവസത്തിൽ നീ അവനെ വിശ്രമിപ്പിക്കേണ്ടതിന്നു
13 നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
14 യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.
15 ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും; പരമാർത്ഥഹൃദയമുള്ളവരൊക്കെയും അതിനോടു യോജിക്കും.
16 ദുഷ്കർമ്മികളുടെ നേരെ ആർ എനിക്കു വേണ്ടി എഴുന്നേല്ക്കും? നീതികേടു പ്രവർത്തിക്കുന്നവരോടു ആർ എനിക്കു വേണ്ടി എതിർത്തുനില്ക്കും?
17 യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ വേഗം മൌനവാസം ചെയ്യുമായിരുന്നു.
18 എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.
19 എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.
20 നിയമത്തിന്നു വിരോധമായി കഷ്ടത നിർമ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?
21 നീതിമാന്റെ പ്രാണന്നു വിരോധമായി അവർ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവർ ശിക്ഷെക്കു വിധിക്കുന്നു.
22 എങ്കിലും യഹോവ എനിക്കു ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.
23 അവൻ അവരുടെ നീതികേടു അവരുടെമേൽ തന്നേ വരുത്തും; അവരുടെ ദുഷ്ടതയിൽ തന്നേ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.
അദ്ധ്യായം 95

1 വരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആർപ്പിടുക.
2 നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന്നു ഘോഷിക്ക.
3 യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ.
4 ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.
5 സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു.
6 വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
7 അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.
8 ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.
9 അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു.
10 നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു.
11 ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.
അദ്ധ്യായം 96

1 യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു പാടുവിൻ.
2 യഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.
3 ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിവരിപ്പിൻ.
4 യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
5 ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
6 ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു.
7 ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ; മഹത്വവും ബലവും യഹോവെക്കു കൊടുപ്പിൻ.
8 യഹോവെക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിൻ; തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
9 വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ.
10 യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ; ഭൂലോകവും ഇളകാതെ ഉറെച്ചുനില്ക്കുന്നു; അവൻ ജാതികളെ നേരോടെ വിധിക്കും.
11 ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ.
12 വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.
13 യഹോവയുടെ സന്നിധിയിൽ തന്നേ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.
അദ്ധ്യായം 97

1 യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.
2 മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.
3 തീ അവന്നു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.
4 അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറെക്കുന്നു.
5 യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.
6 ആകാശം അവന്റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകലജാതികളും അവന്റെ മഹത്വത്തെ കാണുന്നു.
7 കാഹളങ്ങളോടും തൂർയ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിൻ!
8 സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
9 യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ, സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നേ.
10 യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു.
11 നീതിമാന്നു പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്കു സന്തോഷവും ഉദിക്കും.
12 നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിൻ.
അദ്ധ്യായം 98

1 യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; അവൻ അത്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.
2 യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികൾ കാൺകെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.
3 അവൻ യിസ്രായേൽഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഓർത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.
4 സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ; പൊട്ടിഘോഷിച്ചു കീർത്തനം ചെയ്‍വിൻ.
5 കിന്നരത്തോടെ യഹോവെക്കു കീർത്തനം ചെയ്‍വിൻ; കിന്നരത്തോടും സംഗീതസ്വരത്തോടും കൂടെ തന്നേ.
6 കാഹളങ്ങളോടും തൂർയ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിൻ!
7 സമുദ്രവും അതിന്റെ നിറെവും ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ.
8 പ്രവാഹങ്ങൾ കൈകൊട്ടട്ടെ; പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.
9 അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.
അദ്ധ്യായം 99

1 യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
2 യഹോവ സീയോനിൽ വലിയവനും സകലജാതികൾക്കും മീതെ ഉന്നതനും ആകുന്നു.
3 അവൻ പരിശുദ്ധൻ എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
4 ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു. നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ; അവൻ പരിശുദ്ധൻ ആകുന്നു.
6 അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവർ യഹോവയോടു അപേക്ഷിച്ചു; അവൻ അവർക്കു ഉത്തരമരുളി.
7 മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.
8 ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി; നീ അവർക്കു ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികൾക്കു പ്രതികാരകനും ആയിരുന്നു.
9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിപ്പിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.
അദ്ധ്യായം 100

1 സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ.
2 സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.
3 യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.
4 അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.
5 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
അദ്ധ്യായം 101

1 ഞാൻ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാൻ നിനക്കു കീർത്തനം പാടും.
2 ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും; എപ്പോൾ നീ എന്റെ അടുക്കൽ വരും? ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
3 ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അതു എന്നോടു ചേർന്നു പറ്റുകയില്ല.
4 വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാൻ അറികയില്ല.
5 കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹായിക്കയില്ല.
6 ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
7 വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കയില്ല; ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറെച്ചുനിൽക്കയില്ല.
8 യഹോവയുടെ നഗരത്തിൽനിന്നു സകല ദുഷ്‌പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന്നു ദേശത്തിലെ ദുഷ്ടന്മാരെ ഒക്കെയും ഞാൻ രാവിലെതോറും നശിപ്പിക്കും.
അദ്ധ്യായം 102

1 യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.
2 കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ.
3 എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോല വെന്തിരിക്കുന്നു.
4 എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണംകഴിപ്പാൻ മറന്നുപോകുന്നു.
5 എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.
6 ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ.
7 ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.
8 എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവർ എന്റെ പേർ ചൊല്ലി ശപിക്കുന്നു.
9 ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;
10 നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ.
11 എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
12 നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.
13 നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു.
14 നിന്റെ ദാസന്മാർക്കു അവളുടെ കല്ലുകളോടു താല്പര്യവും അവളുടെ പൂഴിയോടു അലിവും തോന്നുന്നു.
15 യഹോവ സീയോനെ പണികയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും
16 അവൻ അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ടു
17 ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.
18 വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവെക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
19 യഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോൾ
20 സീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിന്നു
21 ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും
22 യഹോവ തന്റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി സ്വർഗ്ഗത്തിൽനിന്നു ഭൂമിയെ തൃക്കൺപാർത്തുവല്ലോ.
23 അവൻ വഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവൻ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.
24 എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാൻ പറഞ്ഞു; നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.
25 പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
26 അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.
27 നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.
28 നിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും.
അദ്ധ്യായം 103

1 എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.
2 എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.
3 അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;
4 അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.
5 നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.
6 യഹോവ സകലപീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.
7 അവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു.
8 യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ.
9 അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.
10 അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.
11 ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.
12 ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
13 അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
14 അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.
15 മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു.
16 കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.
17 യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
18 അവന്റെ നിയമത്തെ പ്രാണിക്കുന്നവർക്കും അവന്റെ കല്പനകളെ ഓർത്തു ആചരിക്കുന്നവർക്കും തന്നേ.
19 യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
20 അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
21 അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ;
22 അവന്റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള അവന്റെ സകലപ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.
അദ്ധ്യായം 104

1 എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;
2 വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.
3 അവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.
4 അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
5 അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചരിക്കുന്നു.
6 നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നു.
7 അവ നിന്റെ ശാസനയാൽ ഓടിപ്പോയി; നിന്റെ ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു -
8 മലകൾ പൊങ്ങി, താഴ്വരകൾ താണു - നീ അവെക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;
9 ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവെക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു.
10 അവൻ ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു.
11 അവയിൽനിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീർക്കുന്നു;
12 അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
13 അവൻ തന്റെ മാളികകളിൽ നിന്നു മലകളെ നനെക്കുന്നു; ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.
14 അവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു;
15 അവൻ ഭൂമിയിൽനിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
16 യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നേ.
17 അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.
18 ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
19 അവൻ കാലനിർണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമാനത്തെ അറിയുന്നു.
20 നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.
21 ബാലസിംഹങ്ങൾ ഇരെക്കായി അലറുന്നു; അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു.
22 സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.
23 മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ.
24 യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.
25 വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു.
26 അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ടു.
27 തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.
28 നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവെക്കു നന്മകൊണ്ടു തൃപ്തിവരുന്നു.
29 തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;
30 നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.
31 യഹോവയുടെ മഹത്വം എന്നേക്കും നില്ക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
32 അവൻ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു; അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.
33 എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവെക്കു പാടും; ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിർത്തനം പാടും.
34 എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും.
35 പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിൻ.
അദ്ധ്യായം 105

1 യഹോവെക്കു സ്തോത്രംചെയ്‍വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ.
2 അവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ; അവന്റെ സകലഅത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിൻ.
3 അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
4 യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ.
5 അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവൻ തിരഞ്ഞെടുത്ത യാക്കോബിൻ മക്കളുമായുള്ളോരേ,
6 അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ.
7 അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ടു.
8 അവൻ തന്റെ നിയമത്തെ എന്നേക്കും താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓർക്കുന്നു.
9 അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
10 അതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.
11 നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻ ദേശം തരും എന്നരുളിച്ചെയ്തു.
12 അവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.
13 അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
14 അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു:
15 എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
16 അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
17 അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.
18 യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന്നു ശോധന വരികയും ചെയ്യുവോളം
19 അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
20 രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
21 അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും അവന്റെ മന്ത്രിമാർക്കു ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
22 തന്റെ ഭവനത്തിന്നു അവനെ കർത്താവായും തന്റെ സർവ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.
23 അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു.
24 ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
25 തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
26 അവൻ തന്റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
27 ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
28 അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവർ അവന്റെ വചനത്തോടു മറുത്തതുമില്ല;
29 അവൻ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
30 അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
31 അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
32 അവൻ അവർക്കു മഴെക്കു പകരം കൽമഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു.
33 അവൻ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
34 അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
35 അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
36 അവൻ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സർവ്വവീര്യത്തിൻ ആദ്യഫലത്തെയും സംഹരിച്ചു.
37 അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
38 അവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേൽ വീണിരുന്നു.
39 അവൻ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിന്നായി തീ നിറുത്തി.
40 അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ടും അവർക്കു തൃപ്തിവരുത്തി.
41 അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
42 അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.
43 അവൻ തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.
44 അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു
45 അവൻ ജാതികളുടെ ദേശങ്ങളെ അവർക്കു കൊടുത്തു; അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിൻ.
അദ്ധ്യായം 106

1 യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു.
2 യഹോവയുടെ വീര്യപ്രവൃത്തികളെ ആർ വർണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആർ വിവരിക്കും?
3 ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവനും ഭാഗ്യവാന്മാർ.
4 യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും
5 നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദർശിക്കേണമേ.
6 ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.
7 ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓർക്കാതെയും കടൽക്കരയിൽ, ചെങ്കടൽക്കരയിൽവെച്ചു തന്നേ മത്സരിച്ചു.
8 എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
9 അവൻ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവൻ അവരെ മരുഭൂമിയിൽകൂടി എന്നപോലെ ആഴിയിൽകൂടി നടത്തി.
10 അവൻ പകയന്റെ കയ്യിൽനിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യിൽനിന്നു അവരെ വീണ്ടെടുത്തു.
11 വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല.
12 അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.
13 എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.
14 മരുഭൂമിയിൽവെച്ചു അവർ ഏറ്റവും മോഹിച്ചു; നിർജ്ജനപ്രദേശത്തു അവർ ദൈവത്തെ പരീക്ഷിച്ചു.
15 അവർ അപേക്ഷിച്ചതു അവൻ അവർക്കുകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.
16 പാളയത്തിൽവെച്ചു അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
17 ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
18 അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
19 അവർ ഹോരേബിൽവെച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
20 ഇങ്ങനെ അവർ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീർത്തു.
21 മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും
22 ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു.
23 ആകയാൽ അവരെ നശിപ്പിക്കുമെന്നു അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
24 അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.
25 അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു.
26 അതുകൊണ്ടു അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും
27 അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു.
28 അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു.
29 ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവർക്കു തട്ടി.
30 അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിർത്തലാകയും ചെയ്തു.
31 അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.
32 മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.
33 അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
34 യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ അവർ ജാതികളെ നശിപ്പിച്ചില്ല.
35 അവർ ജാതികളോടു ഇടകലർന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.
36 അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവർക്കൊരു കണിയായി തീർന്നു.
37 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്കു ബലികഴിച്ചു.
38 അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീർന്നു.
39 ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു, തങ്ങളുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു.
40 അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവൻ തന്റെ അവകാശത്തെ വെറുത്തു.
41 അവൻ അവരെ ജാതികളുടെ കയ്യിൽ ഏല്പിച്ചു; അവരെ പകെച്ചവർ അവരെ ഭരിച്ചു.
42 അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്കു കീഴടങ്ങേണ്ടിവന്നു.
43 പലപ്പോഴും അവൻ അവരെ വിടുവിച്ചു; എങ്കിലും അവർ തങ്ങളുടെ ആലോചനയാൽ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതിപ്രാപിച്ചു.
44 എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ അവൻ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.
45 അവൻ അവർക്കായി തന്റെ നിയമത്തെ ഓർത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.
46 അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.
47 ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വാനും നിന്റെ സ്തുതിയിൽ പ്രശംസിപ്പാനും ജാതികളുടെ ഇടയിൽനിന്നു ഞങ്ങളെ ശേഖരിക്കേണമേ.
48 യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിൻ.
അദ്ധ്യായം 107

1 യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!
2 യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
3 ദേശങ്ങളിൽനിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.
4 അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; പാർപ്പാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.
5 അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.
6 അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.
7 അവർ പാർപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്നു അവൻ അവരെ ചൊവ്വെയുള്ള വഴിയിൽ നടത്തി.
8 അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
9 അവൻ ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.
10 ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു ഇരുളിലും അന്ധതമസ്സിലും ഇരുന്നു
11 അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -
12 അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി; അവർ ഇടറിവീണു; സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല.
13 അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്നു അവരെ രക്ഷിച്ചു.
14 അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.
15 അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
16 അവൻ താമ്രകതകുകളെ തകർത്തു, ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു.
17 ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.
18 അവർക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോടു സമീപിച്ചിരുന്നു.
19 അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.
20 അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.
21 അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
22 അവർ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വർണ്ണിക്കയും ചെയ്യട്ടെ.
23 കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,
24 അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു.
25 അവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.
26 അവർ ആകാശത്തിലേക്കു ഉയർന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി.
27 അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
28 അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.
29 അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
30 ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്തു അവൻ അവരെ എത്തിച്ചു.
31 അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
32 അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കയും ചെയ്യട്ടേ.
33 നിവാസികളുടെ ദുഷ്ടതനിമിത്തം അവൻ നദികളെ മരുഭൂമിയും
34 നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവർന്നിലവും ആക്കി.
35 അവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.
36 വിശന്നവരെ അവൻ അവിടെ പാർപ്പിച്ചു; അവർ പാർപ്പാൻ പട്ടണം ഉണ്ടാക്കുകയും നിലം വിതെക്കയും
37 മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും നമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.
38 അവൻ അനുഗ്രഹിച്ചിട്ടു അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല.
39 പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.
40 അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദപകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.
41 അവൻ ദരിദ്രനെ പീഡയിൽനിന്നു ഉയർത്തി അവന്റെ കുലങ്ങളെ ആട്ടിൻ കൂട്ടംപോലെ ആക്കി.
42 നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവർ ഒക്കെയും വായ്പൊത്തും.
43 ജ്ഞാനമുള്ളവർ ഇവയെ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെ ചിന്തിക്കും.
അദ്ധ്യായം 108

1 ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനംകൊണ്ടു ഞാൻ കീർത്തനം പാടും.
2 വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ; ഞാൻ അതികാലത്തെ ഉണരും.
3 യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം പാടും.
4 നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
5 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നേ.
6 നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ.
7 ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
8 ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
9 മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത ദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.
10 ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആർ വഴിനടത്തും?
11 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
12 വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ.
13 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.
അദ്ധ്യായം 109

1 എന്റെ പുകഴ്ചയായ ദൈവമേ, മൌനമായിരിക്കരുതേ.
2 ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ടു അവർ എന്നോടു സംസാരിച്ചിരിക്കുന്നു.
3 അവർ ദ്വേഷവാക്കുകൾകൊണ്ടു എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു.
4 എന്റെ സ്നേഹത്തിന്നു പകരം അവർ വൈരം കാണിക്കുന്നു; ഞാനോ പ്രാർത്ഥന ചെയ്തുകൊണ്ടിരിക്കുന്നു.
5 നന്മെക്കു പകരം തിന്മയും സ്നേഹത്തിന്നു പകരം ദ്വേഷവും അവർ എന്നോടു കാണിച്ചിരിക്കുന്നു.
6 നീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്റെ വലത്തുഭാഗത്തു നിൽക്കട്ടെ.
7 അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാർത്ഥന പാപമായി തീരട്ടെ.
8 അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏൽക്കട്ടെ.
9 അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയി തീരട്ടെ.
10 അവന്റെ മക്കൾ അലഞ്ഞു തെണ്ടിനടക്കട്ടെ. തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ടു ഇരന്നു നടക്കട്ടെ;
11 കടക്കാരൻ അവന്നുള്ളതൊക്കെയും കൊണ്ടു പോകട്ടെ; അന്യജാതിക്കാർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.
12 അവന്നു ദയ കാണിപ്പാൻ ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോടു ആർക്കും കൃപ തോന്നരുതേ.
13 അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നേ അവരുടെ പേർ മാഞ്ഞു പോകട്ടെ;
14 അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
15 അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓർമ്മ അവൻ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു തന്നേ.
16 അവൻ ദയ കാണിപ്പാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
17 ശാപം അവന്നു പ്രിയമായിരുന്നു; അതു അവന്നു ഭവിച്ചു; അനുഗ്രഹം അവന്നു അപ്രിയമായിരുന്നു; അതു അവനെ വിട്ടകന്നു പോയി.
18 അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.
19 അതു അവന്നു പുതെക്കുന്ന വസ്ത്രംപോലെയും നിത്യം അരെക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.
20 ഇതു എന്റെ എതിരാളികൾക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു.
21 നീയോ കർത്താവായ യഹോവേ, നിന്റെ നാമത്തിന്നടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ടു എന്നെ വിടുവിക്കേണമേ.
22 ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു.
23 ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു.
24 എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.
25 ഞാൻ അവർക്കു ഒരു നിന്ദയായ്തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.
26 എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്റെ ദയെക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ.
27 യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിന്നു തന്നേ.
28 അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;
29 എന്റെ എതിരാളികൾ നിന്ദ ധരിക്കും; പുതെപ്പു പുതെക്കുംപോലെ അവർ ലജ്ജ പുതെക്കും.
30 ഞാൻ എന്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും.
31 അവൻ എളിയവനെ ശിക്ഷെക്കു വിധിക്കുന്നവരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു.
അദ്ധ്യായം 110

1 യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
2 നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.
3 നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.
4 നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
5 നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.
6 അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.
7 അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ടു അവൻ തല ഉയർത്തും.
അദ്ധ്യായം 111

1 യഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും.
2 യഹോവയുടെ പ്രവൃത്തികൾ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.
3 അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
4 അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ.
5 തന്റെ ഭക്തന്മാർക്കു അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു.
6 ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.
7 അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു;
8 അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ.
9 അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
10 അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു. [11] യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
അദ്ധ്യായം 112

1 യഹോവയെ സ്തുതിപ്പിൻ. യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
2 അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
3 ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
4 നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
5 കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും.
6 അവൻ ഒരു നാളും കുലുങ്ങിപ്പോകയില്ല; നീതിമാൻ എന്നേക്കും ഓർമ്മയിൽ ഇരിക്കും.
7 ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചു ഉറെച്ചിരിക്കും.
8 അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.
9 അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും.
10 ദുഷ്ടൻ അതു കണ്ടു വ്യസനിക്കും; അവൻ പല്ലുകടിച്ചു ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.
അദ്ധ്യായം 113

1 യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ.
2 യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നേ.
3 സൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
4 യഹോവ സകലജാതികൾക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയർന്നിരിക്കുന്നു.
5 ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?
6 ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.
7 അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്തു;
8 പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു.
9 അവൻ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.
അദ്ധ്യായം 114

1 യഹോവയെ സ്തുതിപ്പിൻ. യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിൻ ഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ
2 യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യവുമായി തീർന്നു.
3 സമുദ്രം കണ്ടു ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി.
4 പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
5 സമുദ്രമേ, നീ ഓടുന്നതെന്തു? യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്തു?
6 പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു.
7 ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, യാക്കോബിൻ ദൈവത്തിന്റെ സന്നിധിയിൽ വിറെക്ക.
8 അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
അദ്ധ്യായം 115

1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.
2 അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു?
3 നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.
4 അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.
5 അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
6 അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
7 അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.
8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു;
10 അഹരോൻ ഗൃഹമേ, യഹോവയിൽ ആശ്രയിക്ക. അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
11 യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ; അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
12 യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻ ഗൃഹത്തെ അനുഗ്രഹിക്കും.
13 അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
14 യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.
15 ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
16 സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.
17 മരിച്ചവരും മൌനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല,
18 നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ.
അദ്ധ്യായം 116

1 യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു.
2 അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും
3 മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു.
4 അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
5 യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നേ.
6 യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു.
7 എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.
8 നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
9 ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.
10 ഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു.
11 സകലമനുഷ്യരും ഭോഷ്കുപറയുന്നു എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.
12 യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?
13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
14 യഹോവെക്കു ഞാൻ എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും.
15 തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു.
16 യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നേ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.
17 ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
18 യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും
19 ഞാൻ യഹോവെക്കു എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിപ്പിൻ.
അദ്ധ്യായം 117

1 സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.
2 നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിൻ.
അദ്ധ്യായം 118

1 യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
2 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യിസ്രായേൽ പറയട്ടെ.
3 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു അഹരോൻ ഗൃഹം പറയട്ടെ.
4 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യഹോവാഭക്തർ പറയട്ടെ.
5 ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
6 യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?
7 എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും.
8 മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
10 സകലജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
11 അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
12 അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുൾതീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
13 ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
14 യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവൻ എനിക്കു രക്ഷയായും തീർന്നു.
15 ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
17 ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.
18 യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവൻ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.
19 നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്നു യഹോവെക്കു സ്തോത്രം ചെയ്യും.
20 യഹോവയുടെ വാതിൽ ഇതു തന്നേ; നീതിമാന്മാർ അതിൽകൂടി കടക്കും.
21 നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും.
22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു.
23 ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.
24 ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.
25 യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ.
26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
27 യഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിൻ.
28 നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും.
29 യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.
അദ്ധ്യായം 119

1 യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ.
2 അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.
3 അവർ നീതികേടു പ്രവർത്തിക്കാതെ അവന്റെ വഴികളിൽതന്നേ നടക്കുന്നു.
4 നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.
5 നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു.
6 നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാൻ ലജ്ജിച്ചുപോകയില്ല.
7 നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഞാൻ പരമാർത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.
8 ഞാൻ നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ.ബേത്ത്. ബെത്ത്
9 ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ.
10 ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്കു ഇടവരരുതേ.
11 ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.
12 യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.
13 ഞാൻ എന്റെ അധരങ്ങൾകൊണ്ടു നിന്റെ വായുടെ വിധികളെ ഒക്കെയും വർണ്ണിക്കുന്നു.
14 ഞാൻ സർവ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു.
15 ഞാൻ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.
16 ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. ഗീമെൽ. ഗീമെൽ
17 ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; എന്നാൽ ഞാൻ നിന്റെ വചനം പ്രാമണിക്കും.
18 നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ.
19 ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ.
20 നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകർന്നിരിക്കുന്നു.
21 നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർത്സിക്കുന്നു.
22 നിന്ദയും അപമാനവും എന്നോടു അകറ്റേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു.
23 പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.
24 നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്. ദാലെത്ത്
25 എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
26 എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
27 നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.
28 എന്റെ പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിർത്തേണമേ.
29 ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.
30 വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പിൽ വെച്ചിരിക്കുന്നു.
31 ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.
32 നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും.ഹേ. ഹെ
33 യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും.
34 ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.
35 നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ.
36 ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ. എന്റെ ഹൃദയം ചായുമാറാക്കേണമേ.
37 വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ.
38 നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവർത്തിക്കേണമേ.
39 ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികൾ നല്ലവയല്ലോ.
40 ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ.വൌ. വൌ
41 യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.
42 ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും.
43 ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്നു നീക്കിക്കളയരുതേ.
44 അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
45 നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാൻ വിശാലതയിൽ നടക്കും.
46 ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
47 ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു.
48 എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാൻ കൈകളെ ഉയർത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കുന്നു.സയിൻ. സയിൻ
49 നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഓർക്കേണമേ.
50 നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയിൽ എനിക്കു ആശ്വാസമാകുന്നു.
51 അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.
52 യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെതന്നെ ആശ്വസിപ്പിക്കുന്നു.
53 നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർ നിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു.
54 ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.
55 യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.
56 ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു.ഹേത്ത്. ഹേത്ത്
57 യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.
58 പൂർണ്ണഹൃദയത്തോടേ ഞാൻ നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.
59 ഞാൻ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
60 നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു;
61 ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.
62 നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്തോത്രം ചെയ്‍വാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും.
63 നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവർക്കും ഞാൻ കൂട്ടാളിയാകുന്നു.
64 യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.തേത്ത്. തെത്ത്
65 യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു.
66 നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.
67 കഷ്ടതയിൽ ആകുന്നതിന്നു മുമ്പെ ഞാൻ തെറ്റിപ്പോയി; ഇപ്പോഴോ ഞാൻ നിന്റെ വചനത്തെ പ്രമാണിക്കുന്നു.
68 നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
69 അഹങ്കാരികൾ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.
70 അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു. ഞാനോ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
71 നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നതു എനിക്കു ഗുണമായി.
72 ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.യോദ്. യോദ്
73 തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.
74 തിരുവചനത്തിൽ ഞാൻ പ്രത്യാശ വെച്ചിരിക്കയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു.
75 യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.
76 അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.
77 ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ രസിക്കുന്നു.
78 അഹങ്കാരികൾ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചുപോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു.
79 നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ.
80 ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.കഫ്. കഫ്
81 ഞാൻ നിന്റെ രക്ഷയെ കാത്തു മൂർച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
82 എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.
83 പുകയത്തു വെച്ച തുരുത്തിപോലെ ഞാൻ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല.
84 അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും?
85 നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.
86 നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ.
87 അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും.
88 നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.ലാമെദ്. ലാമെദ്
89 യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.
90 നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.
91 അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ.
92 നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.
93 ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു.
94 ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.
95 ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.
96 സകലസമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീർണ്ണമായിരിക്കുന്നു.മേം. മേം
97 നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.
98 നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു.
99 നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു.
100 നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാൻ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.
101 നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാൻ സകലദുർമ്മാർഗ്ഗത്തിൽനിന്നും കാൽ വിലക്കുന്നു.
102 നീ എന്നെ ഉപദേശിച്ചിരിക്കയാൽ ഞാൻ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല.
103 തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു.
104 നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.നൂൻ നൂൻ
105 നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.
106 നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.
107 ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
108 യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ.
109 ഞാൻ പ്രാണത്യാഗം ചെയ്‍വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.
110 ദുഷ്ടന്മാർ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.
111 ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
112 നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.സാമെക് സാമെൿ
113 ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
114 നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു.
115 എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന്നു ദുഷ്കർമ്മികളേ, എന്നെ വിട്ടകന്നു പോകുവിൻ.
116 ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.
117 ഞാൻ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളിൽ ഞാൻ നിരന്തരം രസിക്കും.
118 നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.
119 ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു.
120 നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.അയിൻ. അയിൻ
121 ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്കു എന്നെ ഏല്പിച്ചുകൊടുക്കരുതേ.
122 അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.
123 എന്റെ കണ്ണു നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.
124 നിന്റെ ദയകൂ തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
125 ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.
126 യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.
127 അതുകൊണ്ടു നിന്റെ കല്പനകൾ എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.
128 ആകയാൽ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാൻ സകല വ്യാജമാർഗ്ഗത്തേയും വെറുക്കുന്നു.പേ. പേ
129 നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു.
130 ">130 നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.
131 ">131 നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ ഞാൻ എന്റെ വായ് തുറന്നു കിഴെക്കുന്നു.
132 തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ.
133 എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
134 മനുഷ്യന്റെ പീഡനത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.
135 അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
136 അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്റെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു.സാദെ. സാദെ
137 യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നേ.
138 നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.
139 എന്റെ വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു എന്റെ എരിവു എന്നെ സംഹരിക്കുന്നു.
140 നിന്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു.
141 ഞാൻ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല.
142 നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.
143 കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു.
144 നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ.കോഫ്. കോഫ്
145 ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; യഹോവേ, ഞാൻ നിന്റെ ചട്ടങ്ങളെ പ്രമാണിക്കും.
146 ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.
147 ഞാൻ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാർത്ഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവെക്കുന്നു.
148 തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.
149 നിന്റെ ദയകൂ തക്കവണ്ണം എന്റെ അപേക്ഷ കേൾക്കേണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
150 ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോടു അവർ അകന്നിരിക്കുന്നു.
151 യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകൾ ഒക്കെയും സത്യം തന്നേ.
152 നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാൻ പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു.രേശ്. രേശ്
153 എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.
154 എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
155 രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.
156 യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
157 എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
158 ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.
159 നിന്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ.
160 നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; നിന്റെ നീതിയുള്ള വിധികൾ ഒക്കെയും എന്നേക്കുമുള്ളവ.ശീൻ. ശീൻ
161 പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനംനിമിത്തം എന്റെ ഹൃദയം പേടിക്കുന്നു.
162 വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു.
163 ഞാൻ ഭോഷ്കു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.
164 നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
165 നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല.
166 യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വെക്കുന്നു; നിന്റെ കല്പനകളെ ഞാൻ ആചരിക്കുന്നു.
167 എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു.
168 ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.തൌ. തൌ
169 യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.
170 എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.
171 നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.
172 നിന്റെ കല്പനകൾ ഒക്കെയും നീതിയായിരിക്കയാൽ എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.
173 നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കയാൽ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.
174 യഹോവേ, ഞാൻ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.
175 നിന്നെ സ്തുിക്കേണ്ടതിന്നു എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ.
176 കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാൻ മറക്കുന്നില്ല.
അദ്ധ്യായം 120

1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു.
2 യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.
3 വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും? നിനക്കു ഇനി എന്തു കിട്ടും?
4 വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നേ.
5 ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്കു അയ്യോ കഷ്ടം!
6 സമാധാനദ്വേഷിയോടുകൂടെ പാർക്കുന്നതു എനിക്കു മതിമതിയായി.
7 ഞാൻ സമാധാനപ്രിയനാകുന്നു; ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു.
അദ്ധ്യായം 121

1 ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
2 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
3 നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
4 യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
5 യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
6 പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
7 യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
അദ്ധ്യായം 122

1 യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
2 യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകൾക്കകത്തു നില്ക്കുന്നു.
3 തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!
4 അവിടേക്കു ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‍വാൻ കയറിച്ചെല്ലുന്നു.
5 അവിടെ ന്യായാസനങ്ങൾ, ദാവീദ്ഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നേ ഇരിക്കുന്നു.
6 യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ.
7 നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.
8 എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാൻ പറയും.
9 നമ്മുടെ ദൈവമായ യഹോവയുടെ ആലയം നിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.
അദ്ധ്യായം 123

1 സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.
2 ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
3 യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
4 സുഖിയന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു.
അദ്ധ്യായം 124

1 യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ
2 മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
3 അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
4 വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു;
5 പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു.
6 നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.
7 വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
8 നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.
അദ്ധ്യായം 125

1 യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു.
2 പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
3 നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല.
4 യഹോവേ, ഗുണവാന്മാർക്കും ഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യേണമേ.
5 എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ്‌പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ. യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.
അദ്ധ്യായം 126

1 യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
2 അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. യഹോവ അവരിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു.
3 യഹോവ ഞങ്ങളിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു.
4 യഹോവേ, തെക്കെനാട്ടിലെ തോടുകളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ.
5 കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.
6 വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.
അദ്ധ്യായം 127

1 യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു.
2 നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു.
3 മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.
4 വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ.
5 അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതിൽക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.
അദ്ധ്യായം 128

1 യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;
2 നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും.
3 നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.
4 യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
5 യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും.
6 നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.
അദ്ധ്യായം 129

1 യിസ്രായേൽ പറയേണ്ടതെന്തെന്നാൽ: അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
2 അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല.
3 ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകളെ അവർ നീളത്തിൽ കീറി.
4 യഹോവ നീതിമാനാകുന്നു; അവൻ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.
5 സീയോനെ പകെക്കുന്നവരൊക്കെയും ലജ്ജിച്ചു പിന്തിരിഞ്ഞുപോകട്ടെ.
6 വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
7 കൊയ്യുന്നവൻ അതുകൊണ്ടു തന്റെ കൈയാകട്ടെ കറ്റ കെട്ടുന്നവൻ തന്റെ മാർവ്വിടം ആകട്ടെ നിറെക്കയില്ല.
8 യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതുമില്ല.
അദ്ധ്യായം 130

1 യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;
2 കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.
3 യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?
4 എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ടു.
5 ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.
6 ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
7 യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക; യഹോവെക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
8 അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.
അദ്ധ്യായം 131

1 യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചരിക്കുന്നില്ല; ഞാൻ നിഗളിച്ചുനടക്കുന്നില്ല; എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.
2 ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്റെ പ്രാണൻ എന്റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു.
3 യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വെച്ചുകൊൾക.
അദ്ധ്യായം 132

1 യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഓർക്കേണമേ.
2 അവൻ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭന്നു നേർന്നതു എന്തെന്നാൽ:
3 ഞാൻ യഹോവെക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ
4 ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
5 ഞാൻ എന്റെ കണ്ണിന്നു ഉറക്കവും എന്റെ കൺപോളെക്കു മയക്കവും കൊടുക്കയില്ല.
6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്തു അതിനെ കണ്ടെത്തിയല്ലോ.
7 നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക.
8 യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്കു എഴുന്നെള്ളേണമേ.
9 നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.
10 നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.
11 ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും
12 നിന്റെ മക്കൾ എന്റെ നിയമത്തെയും ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.
13 യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.
14 അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും;
15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്കു അപ്പംകൊണ്ടു തൃപ്തി വരുത്തും.
16 അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.
17 അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.
18 ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.
അദ്ധ്യായം 133

1 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
2 അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും
3 സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യ മഞ്ഞു പോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.
അദ്ധ്യായം 134

1 അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
2 വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.
3 ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.
അദ്ധ്യായം 135

1 യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ.
2 യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിൻ പ്രാകാരങ്ങളിലും നില്ക്കുന്നവരേ,
3 യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ; അവന്റെ നാമത്തിന്നു കീർത്തനം ചെയ്‍വിൻ; അതു മനോഹരമല്ലോ.
4 യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.
5 യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവു സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.
6 ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
7 അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവൻ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
8 അവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.
9 മിസ്രയീമേ, നിന്റെ മദ്ധ്യേ അവൻ ഫറവോന്റെ മേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
10 അവൻ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
11 അമോർയ്യരുടെ രാജാവായ സീഹോനെയും ബാശാൻ രാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ.
12 അവരുടെ ദേശത്തെ അവൻ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.
13 യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
14 യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവൻ തന്റെ ദാസന്മാരോടു സഹതപിക്കും.
15 ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
16 അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;
17 അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല.
18 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
19 യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക.
20 ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിൻ.
21 യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിൻ.
അദ്ധ്യായം 136

1 യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
2 ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
3 കർത്താധികർത്താവിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
4 ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
5 ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
6 ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
7 വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
8 പകൽ വാഴുവാൻ സൂര്യനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
10 മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
11 അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.
13 ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
14 അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
16 തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
17 മഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
19 അമോർയ്യരുടെ രാജാവായ സീഹോനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
20 ബാശാൻ രാജാവായ ഓഗിനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
21 അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -- അവന്റെ ദയ എന്നേക്കുമുള്ളതു.
22 തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.
23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
24 നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
25 സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
26 സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
അദ്ധ്യായം 137

1 ബാബേൽ നദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു, സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു.
2 അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.
3 ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: സീയോൻ ഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവർ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.
4 ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?
5 യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ.
6 നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.
7 ഇടിച്ചുകളവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിൻ! എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി യഹോവേ, യെരൂശലേമിന്റെ നാൾ ഓർക്കേണമേ.
8 നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവൻ ഭാഗ്യവാൻ. നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.
9
അദ്ധ്യായം 138

1 ഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും.
2 ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.
3 ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിൻ വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
5 അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ.
6 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.
7 ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.
8 യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
അദ്ധ്യായം 139

1 യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു;
2 ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.
3 എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.
4 യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.
5 നീ മുമ്പും പിമ്പും എന്നെ അടെച്ചു നിന്റെ കൈ എന്റെമേൽ വെച്ചിരിക്കുന്നു.
6 ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു.
7 നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?
8 ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു.
9 ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ
10 അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.
11 ഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ
12 ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ.
13 നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.
14 ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
15 ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല.
16 ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;
17 ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു!
18 അവയെ എണ്ണിയാൽ മണലിനെക്കാൾ അധികം; ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കുന്നു.
19 ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു; രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിൻ.
20 അവർ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു; നിന്റെ ശത്രുക്കൾ നിന്റെ നാമം വൃഥാ എടുക്കുന്നു.
21 യഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ? നിന്നോടു എതിർത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?
22 ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.
23 ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.
24 വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.
അദ്ധ്യായം 140

1 യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ.
2 അവർ ഹൃദയത്തിൽ അനർത്ഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു;
3 അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ.
4 യഹോവേ, ദുഷ്ടന്റെ കയ്യിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു.
5 ഗർവ്വികൾ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വെച്ചിരിക്കുന്നു. സേലാ.
6 നീ എന്റെ ദൈവം എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേൾക്കേണമേ.
7 എന്റെ രക്ഷയുടെ ബലമായി കർത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം ഇടുന്നു.
8 യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ.
9 എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,--അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.
10 തീക്കനൽ അവരുടെ മേൽ വീഴട്ടെ; അവൻ അവരെ തീയിലും എഴുന്നേൽക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.
11 വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനിൽക്കയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
12 യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു.
13 അതേ, നീതിമാന്മാർ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യും; നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.
അദ്ധ്യായം 141

1 യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാൻ നിന്നോടു അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കേണമേ.
2 എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.
3 യഹോവേ, എന്റെ വായക്കു ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാക്കേണമേ.
4 ദുഷ്‌പ്രവൃത്തിക്കാരോടുകൂടെ ദുഷ്‌പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയുമരുതേ.
5 നീതിമാൻ എന്നെ അടിക്കുന്നതു ദയ; അവൻ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്കു പ്രാർത്ഥനയേയുള്ളു.
6 അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്നു തള്ളിയിടും; എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവയെ കേൾക്കും.
7 നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതിൽക്കൽ ചിതറിക്കിടക്കുന്നു.
8 കർത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.
9 അവർ എനിക്കു വെച്ചിരിക്കുന്ന കണിയിലും ദുഷ്‌പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.
10 ഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.
അദ്ധ്യായം 142

1 ഞാൻ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോടു യാചിക്കുന്നു.
2 അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു.
3 എന്റെ ആത്മാവു എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാതയെ അറിയുന്നു. ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്കു ഒരു കണി ഒളിച്ചുവെച്ചിരിക്കുന്നു.
4 വലത്തോട്ടു നോക്കി കാണേണമേ; എന്നെ അറിയുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്കു പോയ്പോയിരിക്കുന്നു; എന്റെ പ്രാണന്നു വേണ്ടി ആരും കരുതുന്നില്ല.
5 യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്തു എന്റെ ഓഹരിയും ആകുന്നു എന്നു ഞാൻ പറഞ്ഞു.
6 എന്റെ നിലവിളിക്കു ചെവി തരേണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ.
7 ഞാൻ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യേണ്ടതിന്നു എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; നീ എന്നോടു ഉപകാരം ചെയ്തിരിക്കയാൽ നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.
അദ്ധ്യായം 143

1 യഹോവേ, എന്റെ പ്രാർത്ഥന കേട്ടു, എന്റെ യാചനകൾക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.
2 അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതെ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.
3 ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
4 ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.
5 ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.
6 ഞാൻ എന്റെ കൈകളെ നിങ്കലേക്കു മലർത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു. സേലാ.
7 യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.
8 രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ.
9 യഹോവേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാൻ മറവിന്നായി വരുന്നു.
10 നിന്റെ ഇഷ്ടം ചെയ്‍വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.
11 യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്നു ഉദ്ധരിക്കേണമേ.
12 നിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെ ഒക്കെയും നശിപ്പിക്കേണമേ; ഞാൻ നിന്റെ ദാസൻ ആകുന്നുവല്ലോ.
അദ്ധ്യായം 144

1 എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന്നു എന്റെ കൈകളെയും പോരിന്നു എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.
2 എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നേ.
3 യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തു? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം?
4 മനുഷ്യൻ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.
5 യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ.
6 മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങൾ എയ്തു അവരെ തോല്പിക്കേണമേ.
7 ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തിൽനിന്നും അന്യജാതിക്കാരുടെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമേ!
8 അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
9 ദൈവമേ, ഞാൻ നിനക്കു പുതിയോരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാൻ നിനക്കു കീർത്തനം ചെയ്യും.
10 നീ രാജാക്കന്മാർക്കു ജയം നല്കുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.
11 അന്യജാതിക്കാരുടെ കയ്യിൽനിന്നു എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
12 ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴെച്ചു വളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകൾപോലെയും ഇരിക്കട്ടെ.
13 ഞങ്ങളുടെ കളപ്പുരകൾ വിവിധധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.
14 ഞങ്ങളുടെ കാളകൾ ചുമടു ചുമക്കട്ടെ; മതിൽ തകർക്കുന്നതും പടെക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതിരിക്കട്ടെ.
15 ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളതു; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.
അദ്ധ്യായം 145

1 എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
2 നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
3 യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.
4 തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
5 നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും നിന്റെ അത്ഭുതകാര്യങ്ങളെയും ഞാൻ ധ്യാനിക്കും.
6 മനുഷ്യർ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാൻ നിന്റെ മഹിമയെ വർണ്ണിക്കും.
7 അവർ നിന്റെ വലിയ നന്മയുടെ ഓർമ്മയെ പ്രസിദ്ധമാക്കും; നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.
8 യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.
9 യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.
10 യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും.
11 മനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു
12 അവർ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.
13 നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
14 വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു.
15 എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവർക്കു ഭക്ഷണം കൊടുക്കുന്നു.
16 നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.
17 യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
18 യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു.
19 തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.
20 യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവൻ നശിപ്പിക്കും;
21 എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകലജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.
അദ്ധ്യായം 146

1 യഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക.
2 ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.
3 നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
4 അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
5 യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
6 അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
7 പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
8 യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
9 യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.
10 യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ.
അദ്ധ്യായം 147

1 യഹോവയെ സ്തുതിപ്പിൻ. യഹോവയെ സ്തുതിപ്പിൻ; നമ്മുടെ ദൈവത്തിന്നു കീർത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ.
2 യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
3 മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
4 അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു.
5 നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.
6 യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവൻ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.
7 സ്തോത്രത്തോടെ യഹോവെക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന്നു കീർത്തനം ചെയ്‍വിൻ;
8 അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു ഭൂമിക്കായി മഴ ഒരുക്കുന്നു; അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.
9 അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കകൂഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
10 അശ്വബലത്തിൽ അവന്നു ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല.
11 തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
12 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക;
13 അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
14 അവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു.
15 അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു.
16 അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.
17 അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ?
18 അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.
19 അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
20 അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല.
അദ്ധ്യായം 148

1 യഹോവയെ സ്തുതിപ്പിൻ; സ്വർഗ്ഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ.
2 അവന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ; അവന്റെ സർവ്വസൈന്യവുമേ, അവനെ സ്തുതിപ്പിൻ;
3 സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ; പ്രകാശമുള്ള സകലനക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിൻ.
4 സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിൻ.
5 അവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
6 അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.
7 തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ.
8 തീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,
9 പർവ്വതങ്ങളും സകലകുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
10 മൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
11 ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,
12 യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
13 ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.
14 തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു.
അദ്ധ്യായം 149

1 യഹോവയെ സ്തുതിപ്പിൻ. യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ.
2 യിസ്രായേൽ തന്നെ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ; സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ.
3 അവർ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീർത്തനം ചെയ്യട്ടെ.
4 യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ടു അലങ്കരിക്കും.
5 ഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ; അവർ തങ്ങളുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.
6 അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിന്നും
7 അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിന്നും
8 എഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിന്നും തന്നേ.
9 അതു അവന്റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു.
അദ്ധ്യായം 150

1 യഹോവയെ സ്തുതിപ്പിൻ. യഹോവയെ സ്തുതിപ്പിൻ; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ; അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിൻ.
2 അവന്റെ വീര്യപ്രവൃത്തികൾ നിമിത്തം അവനെ സ്തുതിപ്പിൻ; അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിൻ.
3 കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിൻ.
4 തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിൻ.
5 ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ.
6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.