അദ്ധ്യായം 1

1 മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ സ്വർഗ്ഗം തുറന്നു ഞാൻ ദിവ്യദർശനങ്ങളെ കണ്ടു.
2 യെഹോയാഖീൻ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,
3 കല്ദയദേശത്തു കെബാർനദീതീരത്തുവെച്ചു ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേൽ വന്നു.
4 ഞാൻ നോക്കിയപ്പോൾ വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽ നിന്നു, തീയുടെ നടുവിൽനിന്നു തന്നേ, ശുക്ളസ്വർണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.
5 അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.
6 ഓരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.
7 അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.
8 അവെക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.
9 അവയുടെ ചിറകുകൾ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരെ മുമ്പോട്ടു പോകും.
10 അവയുടെ മുഖരൂപമോ: അവെക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകുമുഖവും ഉണ്ടായിരുന്നു.
11 ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ; അവയുടെ ചിറകുകൾ മേൽഭാഗം വിടർന്നിരുന്നു; ഈരണ്ടു ചിറകു തമ്മിൽ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറെച്ചും ഇരുന്നു.
12 അവ ഓരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോൾ അവ തിരിയാതെ ആത്മാവിന്നു പോകേണ്ടിയ ഇടത്തേക്കു തന്നേ പോകും.
13 ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയിൽനിന്നു മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു.
14 ജീവികൾ മിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.
15 ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിന്നും നേരെ ഓരോ ചക്രം കണ്ടു.
16 ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവെക്കു നാലിന്നും ഒരു ഭാഷ തന്നേ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.
17 അവെക്കു നാലുഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ല.
18 അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകൾക്കു ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു.
19 ജീവികൾ പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ജീവകൾ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും പൊങ്ങും.
20 ആത്മാവിന്നു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു ചക്രങ്ങൾ അവയോടുകൂടെ പൊങ്ങും.
21 ജീവികളുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു, അവ പോകുമ്പോൾ ഇവയും പോകും; അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും അവയോടുകൂടെ പൊങ്ങും.
22 ജീവികളുടെ തലെക്കു മീതെ ഭയങ്കരമായോരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അതു അവയുടെ തലെക്കു മീതെ വിരിഞ്ഞിരുന്നു.
23 വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകൾ നേക്കുനേരെ വിടർന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാൻ ഓരോന്നിന്നും ഈരണ്ടുണ്ടായിരുന്നു.
24 അവ പോകുമ്പോൾ ചിറകുകളുടെ ഇരെച്ചൽ വലിയ വെള്ളത്തിന്റെ ഇരെച്ചൽപോലെയും സർവ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.
25 അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്മേൽ നിന്നു ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.
26 അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.
27 അവന്റെ അരമുതൽ മേലോട്ടു അതിന്നകത്തു ചുറ്റും തീക്കൊത്ത ശുക്ളസ്വർണ്ണംപോലെ ഞാൻ കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീ പോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.
28 അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.
അദ്ധ്യായം 2

1 അവൻ എന്നോടു: മനുഷ്യപുത്രാ, നിവിർന്നുനിൽക്ക; ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.
2 അവൻ എന്നോടു സംസാരിച്ചപ്പോൾ ആത്മാവു എന്നിൽ വന്നു എന്നെ നിവിർന്നുനില്ക്കുമാറാക്കി; അവൻ എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു.
3 അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, എന്നോടു മത്സരിച്ചിരിക്കുന്ന മത്സരികളായ യിസ്രായേൽമക്കളുടെ അടുക്കൽ ഞാൻ നിന്നെ അയക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെ എന്നോടു അതിക്രമം ചെയ്തിരിക്കുന്നു.
4 മക്കളോ ധാർഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രെ; അവരുടെ അടുക്കലാകുന്നു ഞാൻ നിന്നെ അയക്കുന്നതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയേണം.
5 കേട്ടാലും കേൾക്കാഞ്ഞാലും--അവർ മത്സരഗൃഹമല്ലോ--തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അവർ അറിയേണം.
6 നീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുതു; പറക്കാരയും മുള്ളും നിന്റെ അരികെ ഉണ്ടായിരുന്നാലും തേളുകളുടെ ഇടയിൽ നീ പാർത്താലും അവരുടെ വാക്കു പേടിക്കരുതു; അവർ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്കു പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.
7 അവർ കേട്ടാലും കേൾക്കാഞ്ഞാലും നീ എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്കേണം; അവർ മഹാമത്സരികൾ അല്ലോ.
8 നീയോ, മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്നതു കേൾക്ക; നീ ആ മത്സരഗൃഹംപോലെ മത്സരക്കാരനായിരിക്കരുതു; ഞാൻ നിനക്കു തരുന്നതു നീ വായ്തുറന്നു തിന്നുക.
9 ഞാൻ നോക്കിയപ്പോൾ: ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും അതിൽ ഒരു പുസ്തകച്ചുരുൾ ഇരിക്കുന്നതും കണ്ടു.
10 അവൻ അതിനെ എന്റെ മുമ്പിൽ വിടർത്തി: അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു.
അദ്ധ്യായം 3

1 അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക: ഈ ചുരുൾ തിന്നിട്ടു ചെന്നു യിസ്രായേൽഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു.
2 ഞാൻ വായ്തുറന്നു, അവൻ ആ ചുരുൾ എനിക്കു തിന്മാൻ തന്നു എന്നോടു:
3 മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാൻ അതു തിന്നു; അതു വായിൽ തേൻ പോലെ മധുരമായിരുന്നു.
4 പിന്നെ അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തിന്റെ അടുക്കൽ ചെന്നു എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക.
5 അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതിയുടെ അടുക്കൽ അല്ല, യിസ്രായേൽഗൃഹത്തിന്റെ അടുക്കലത്രേ നിന്നെ അയക്കുന്നതു;
6 അവ്യക്തവാക്കും കനത്ത നാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചുകൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കൽ ഞാൻ നിന്നെ അയച്ചെങ്കിൽ അവർ നിന്റെ വാക്കു കേൾക്കുമായിരുന്നു.
7 യിസ്രായേൽഗൃഹമോ നിന്റെ വാക്കു കേൾക്കയില്ല; എന്റെ വാക്കു കേൾപ്പാൻ അവർക്കു മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രെ.
8 എന്നാൽ ഞാൻ നിന്റെ മുഖം അവരുടെ മുഖത്തിന്നു നേരെ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു.
9 ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവർ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.
10 അവൻ പിന്നെയും എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊൾക.
11 നീ നിന്റെ ജനത്തിൻ പുത്രന്മാരായ പ്രവാസികളുടെ അടുക്കൽ ചെന്നു, അവർ കേട്ടാലും കേൾക്കാഞ്ഞാലും അവരോടു സംസാരിച്ചു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറക.
12 അപ്പോൾ ആത്മാവു എന്നെ എടുത്തു: യഹോവയുടെ മഹത്വം സ്വസ്ഥലത്തുനിന്നു അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകിൽ കേട്ടു.
13 ജീവികളുടെ ചിറകു തമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരെച്ചലും വലിയ മുഴക്കമുള്ളോരു ശബ്ദവും ഞാൻ കേട്ടു.
14 ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെ മേൽ ഉണ്ടായിരുന്നു.
15 അങ്ങനെ ഞാൻ കെബാർനദീതീരത്തു പാർത്ത തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവർ പാർത്തെടത്തു തന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാർത്തു.
16 ഏഴു ദിവസം കഴിഞ്ഞിട്ടു യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതു എന്തെന്നാൽ:
17 മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം.
18 ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമ്മാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അകൃത്യത്തിൽ മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.
19 എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
20 അഥവാ, നീതിമാൻ തന്റെ നീതി വിട്ടുമാറി നീതികേടു പ്രവർത്തിച്ചിട്ടു ഞാൻ അവന്റെ മുമ്പിൽ ഇടർച്ച വെക്കുന്നുവെങ്കിൽ അവൻ മരിക്കും; നീ അവനെ ഓർപ്പിക്കായ്കകൊണ്ടു അവൻ തന്റെ പാപത്തിൽ മരിക്കും; അവൻ ചെയ്ത നീതി അവന്നു കണക്കിടുകയുമില്ല; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.
21 എന്നാൽ നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന്നു നീ നീതിമാനെ ഓർപ്പിച്ചിട്ടു അവൻ പാപം ചെയ്യാതെ ഇരുന്നാൽ, അവൻ പ്രബോധനം കൈക്കൊണ്ടിരിക്കയാൽ അവൻ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
22 യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേൽ വന്നു; അവൻ എന്നോടു: നീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവെച്ചു ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.
23 അങ്ങനെ ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാൻ കെബാർ നദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നില്ക്കുന്നതു കണ്ടു ഞാൻ കവിണ്ണുവീണു.
24 അപ്പോൾ ആത്മാവു എന്നിൽ വന്നു എന്നെ നിവർന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്റെ വീട്ടിന്നകത്തു കതകടെച്ചു പാർക്ക.
25 എന്നാൽ മനുഷ്യപുത്രാ, നിനക്കു അവരുടെ ഇടയിൽ പെരുമാറുവാൻ കഴിയാതവണ്ണം അവർ നിന്നെ കയറുകൊണ്ടു കെട്ടും.
26 നീ ഊമനായി അവർക്കു ശാസകനാകാതെയിരിക്കേണ്ടതിന്നു ഞാൻ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവർ മത്സരഗൃഹമല്ലോ.
27 ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായി തുറക്കും; നീ അവരോടു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേൾക്കുന്നവൻ കേൾക്കട്ടെ; കേൾക്കാത്തവൻ കേൾക്കാതെ ഇരിക്കട്ടെ; അവർ മത്സരഗൃഹമല്ലോ.
അദ്ധ്യായം 4

1 മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്തു നിന്റെ മുമ്പിൽ വെച്ചു അതിൽ യെരൂശലേംനഗരം വരെച്ചു, അതിനെ നിരോധിച്ചു,
2 അതിന്റെനേരെ കൊത്തളം പണിതു വാടകോരി പാളയം അടിച്ചു ചുറ്റും യന്ത്രമുട്ടികളെ വെക്കുക.
3 പിന്നെ ഒരു ഇരുമ്പുചട്ടി എടുത്തു നിനക്കും നഗരത്തിന്നും മദ്ധ്യേ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്റെനേരെ വെച്ചു, അതു നിരോധത്തിൽ ആകേണ്ടതിന്നു അതിനെ നിരോധിക്ക; ഇതു യിസ്രായേൽഗൃഹത്തിന്നു ഒരടയാളം ആയിരിക്കട്ടെ;
4 പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്നു യിസ്രായേൽഗൃഹത്തിന്റെ അകൃത്യം അതിന്മേൽ ചുമത്തുക; നീ ആ വശം കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കേണം.
5 ഞാൻ അവരുടെ അകൃത്യത്തിന്റെ സംവത്സരങ്ങളെ നിനക്കു ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസം നീ യിസ്രായേൽ ഗൃഹത്തിന്റെ അകൃത്യം വഹിക്കേണം.
6 ഇതു തികെച്ചിട്ടു നീ വലത്തുവശം ചരിഞ്ഞു കിടന്നു യെഹൂദാഗൃഹത്തിന്റെ അകൃത്യം നാല്പതു ദിവസം വഹിക്കേണം; ഒരു സംവത്സരത്തിന്നു ഒരു ദിവസംവീതം ഞാൻ നിനക്കു നിയമിച്ചിരിക്കുന്നു.
7 നീ യെരൂശലേമിന്റെ നിരോധത്തിന്നുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വെച്ചു അതിന്നു വിരോധമായി പ്രവചിക്കേണം.
8 നിന്റെ നിരോധകാലം തികയുവോളം നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന്നു ഞാൻ ഇതാ, കയറുകൊണ്ടു നിന്നെ കെട്ടുന്നു.
9 നീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്തു ഒരു പാത്രത്തിൽ ഇട്ടു അവകൊണ്ടു അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അതു തിന്നേണം.
10 നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്കു ഇരുപതു ശേക്കെൽ തൂക്കമായിരിക്കേണം; നേരത്തോടു നേരം നീ അതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.
11 വെള്ളവും അളവുപ്രകാരം ഹീനിൽ ആറിൽ ഒരു ഓഹരി നീ കുടിക്കേണം; നേരത്തോടുനേരം നീ അതു കുടിക്കേണം.
12 നീ അതു യവദോശപോലെ തിന്നേണം; അവർ കാൺകെ നീ മാനുഷമലമായ കാഷ്ഠം കാത്തിച്ചു അതു ചുടേണം.
13 ഇങ്ങനെ തന്നേ യിസ്രായേൽമക്കൾ, ഞാൻ അവരെ നീക്കിക്കളയുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ ആഹാരം മലിനമായി ഭക്ഷിക്കും എന്നു യഹോവ അരുളിച്ചെയ്തു.
14 അതിന്നു ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാൻ ബാല്യംമുതൽ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായിൽ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.
15 അവൻ എന്നോടു: നോക്കുക മാനുഷകാഷ്ഠത്തിന്നു പകരം ഞാൻ നിനക്കു പശുവിൻ ചാണകം അനുവദിക്കുന്നു; അതു കത്തിച്ചു നിന്റെ അപ്പം ചുട്ടുകൊൾക എന്നു കല്പിച്ചു.
16 മനുഷ്യപുത്രാ, അപ്പവും വെള്ളവും അവർക്കു മുട്ടിപ്പോകേണ്ടതിന്നും ഓരോരുത്തനും സ്തംഭിച്ചു അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിന്നും
17 ഞാൻ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവർ തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നും; അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും എന്നു അവൻ എന്നോടു അരുളിച്ചെയ്തു.
അദ്ധ്യായം 5

1 മനുഷ്യപുത്രാ, നീ മൂർച്ചയുള്ളോരു വാൾ എടുത്തു ക്ഷൌരക്കത്തിയായി പ്രയോഗിച്ചു നിന്റെ തലയും താടിയും ക്ഷൌരംചെയ്ക; പിന്നെ തുലാസ്സു എടുത്തു രോമം തൂക്കി വിഭാഗിക്ക.
2 നിരോധകാലം തികയുമ്പോൾ മൂന്നിൽ ഒന്നു നീ നഗരത്തിന്റെ നടുവിൽ തീയിൽ ഇട്ടു ചുട്ടുകളയേണം; മൂന്നിൽ ഒന്നു എടുത്തു അതിന്റെ ചുറ്റും വാൾകൊണ്ടു അടിക്കേണം; മൂന്നിൽ ഒന്നു കാറ്റത്തു ചിതറിച്ചുകളയേണം; അവയുടെ പിന്നാലെ ഞാൻ വാളൂരും.
3 അതിൽനിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്റെ വസ്ത്രത്തിന്റെ കോന്തലെക്കൽ കെട്ടേണം.
4 ഇതിൽനിന്നു പിന്നെയും നീ അല്പം എടുത്തു തീയിൽ ഇട്ടു ചുട്ടുകളയേണം; അതിൽനിന്നു യിസ്രായേൽ ഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും.
5 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങൾ ഉണ്ടു
6 അതു ദുഷ്‌പ്രവൃത്തിയിൽ ജാതികളെക്കാൾ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവർ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവർ അനുസരിച്ചുനടന്നിട്ടുമില്ല.
7 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാൾ അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു
8 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ തന്നേ നിനക്കു വിരോധമായിരിക്കുന്നു; ജാതികൾ കാൺകെ ഞാൻ നിന്റെ നടുവിൽ ന്യായവിധികളെ നടത്തും.
9 ഞാൻ ചെയ്തിട്ടില്ലാത്തതും മേലാൽ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്റെ സകല മ്ളേച്ഛതകളും നിമിത്തം ഞാൻ നിന്നിൽ പ്രവർത്തിക്കും.
10 ആകയാൽ നിന്റെ മദ്ധ്യേ അപ്പന്മാർ മക്കളെ തിന്നും; മക്കൾ അപ്പന്മാരെയും തിന്നും; ഞാൻ നിന്നിൽ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ ഒക്കെയും ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും.
11 അതുകൊണ്ടു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നതു: നിന്റെ എല്ലാ വെറുപ്പുകളാലും സകല മ്ളേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ടു, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കൽനിന്നു മാറ്റിക്കളയും; ഞാൻ കരുണ കാണിക്കയുമില്ല.
12 നിന്നിൽ മൂന്നിൽ ഒന്നു മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവർ നിന്റെ നടുവിൽ മുടിഞ്ഞുപോകും; മൂന്നിൽ ഒന്നു നിന്റെ ചുറ്റും വാൾ കൊണ്ടു വീഴും; മൂന്നിൽ ഒന്നു ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
13 അങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാൻ അവരോടു എന്റെ ക്രോധം തീർത്തു തൃപ്തനാകും; എന്റെ ക്രോധം അവരിൽ നിവർത്തിക്കുമ്പോൾ യഹോവയായ ഞാൻ എന്റെ തീക്ഷ്ണതയിൽ അതിനെ അരുളിച്ചെയ്തു എന്നു അവർ അറിയും.
14 വഴിപോകുന്നവരൊക്കെയും കാൺകെ ഞാൻ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽ ശൂന്യവും നിന്ദയുമാക്കും.
15 ഞാൻ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടെ നിന്നിൽ ന്യായവിധി നടത്തുമ്പോൾ നീ നിന്റെ ചുറ്റുമുള്ള ജാതികൾക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
16 നിങ്ങളെ നശിപ്പിക്കേണ്ടതിന്നു ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങൾ ഞാൻ എയ്യുമ്പോൾ, നിങ്ങൾക്കു ക്ഷാമം വർദ്ധിപ്പിച്ചു നിങ്ങളുടെ അപ്പം എന്ന കോൽ ഒടിച്ചുകളയും. നിന്നെ മക്കളില്ലാതെയാക്കേണ്ടതിന്നു ഞാൻ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിൽ അയക്കും; മഹാമാരിയും കുലയും നിന്നിൽ കടക്കും; ഞാൻ വാളും നിന്റെ നേരെ വരുത്തും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
17
അദ്ധ്യായം 6

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നീ യിസ്രായേൽപർവ്വതങ്ങളുടെ നേരെ മുഖം തിരിച്ചു അവർക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതു:
3 യിസ്രായേൽപർവ്വതങ്ങളേ, യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ നേരെ വാൾ വരുത്തും: ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.
4 നിങ്ങളുടെ ബലിപീഠങ്ങൾ ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങൾ തകർന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിൽ വീഴിക്കും.
5 ഞാൻ യിസ്രായേൽമക്കളുടെ ശവങ്ങളെ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ഇടും; ഞാൻ നിങ്ങളുടെ അസ്ഥികളെ നിങ്ങളുടെ ബലിപീഠങ്ങൾക്കു ചുറ്റും ചിതറിക്കും.
6 നിങ്ങളുടെ ബലിപീഠങ്ങൾ ഇടിഞ്ഞു ശൂന്യമാകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകർന്നു മുടിഞ്ഞുപോകയും നിങ്ങളുടെ സൂര്യസ്തംഭങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ പണികൾ നശിച്ചുപോകയും ചെയ്‍വാൻ തക്കവണ്ണം നിങ്ങൾ പാർക്കുന്നേടത്തൊക്കെയും പട്ടണങ്ങൾ പാഴായും പൂജാഗിരികൾ ശൂന്യമായും തീരും.
7 നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
8 എങ്കിലും നിങ്ങൾ ദേശങ്ങളിൽ ചിതറിപ്പോകുമ്പോൾ വാളിന്നു തെറ്റിപ്പോയവർ ജാതികളുടെ ഇടയിൽ നിങ്ങൾക്കു ഉണ്ടാകേണ്ടതിന്നു ഞാൻ ഒരു ശേഷിപ്പിനെ വെച്ചേക്കും.
9 എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാൻ തകർത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവർ, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയിൽവെച്ചു എന്നെ ഓർക്കും; അവരുടെ സകലമ്ളേച്ഛതകളാലും ചെയ്ത ദോഷങ്ങൾ നിമിത്തം അവർക്കു തങ്ങളോടു തന്നേ വെറുപ്പുതോന്നും.
10 ഞാൻ യഹോവ എന്നു അവർ അറിയും; ഈ അനർത്ഥം അവർക്കു വരുത്തുമെന്നു വെറുതെയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നതു.
11 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിന്റെ ദോഷകരമായ സകലമ്ളേച്ഛതകളുംനിമിത്തം നീ കൈകൊണ്ടടിച്ചു, കാൽകൊണ്ടു ചവിട്ടി, അയ്യോ കഷ്ടം! എന്നു പറക; അവർ വാൾകൊണ്ടും ക്ഷാമം കൊണ്ടും മഹാമാരികൊണ്ടും വീഴും.
12 ദൂരത്തുള്ളവൻ മഹാമാരികൊണ്ടു മരിക്കും; സമീപത്തുള്ളവൻ വാൾകൊണ്ടു വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപ്പെട്ടവനും ക്ഷാമംകൊണ്ടു മരിക്കും; ഇങ്ങനെ ഞാൻ എന്റെ ക്രോധം അവരിൽ നിവർത്തിക്കും.
13 അവർ തങ്ങളുടെ സകലവിഗ്രഹങ്ങൾക്കും സൌരഭ്യവാസന അർപ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പർവ്വത ശിഖരങ്ങളിലും എല്ലാപച്ചമരത്തിൻ കീഴിലും തഴെച്ചിരിക്കുന്ന എല്ലാ കരുവേലകത്തിൻ കീഴിലും അവരുടെ നിഹതന്മാർ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയിൽ വീണു കിടക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
14 ഞാൻ അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ളാമരുഭൂമിയെക്കാൾ അധികം നിർജ്ജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവയെന്നു അവർ അറിയും.
അദ്ധ്യായം 7

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ,
2 മനുഷ്യപുത്രാ, യഹോവയായ കർത്താവു യിസ്രായേൽദേശത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.
3 ഇപ്പോൾ നിനക്കു അവസാനം വന്നിരിക്കുന്നു; ഞാൻ എന്റെ കോപം നിന്റെമേൽ അയച്ചു നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായംവിധിച്ചു നിന്റെ സകലമ്ളേച്ഛതകൾക്കും നിന്നോടു പകരംചെയ്യും.
4 എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
5 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു അനർത്ഥം ഒരു അനർത്ഥം ഇതാ, വരുന്നു!
6 അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്റെ നേരെ ഉണർന്നുവരുന്നു! ഇതാ, അതു വരുന്നു.
7 ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, നാൾ അടുത്തു; മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്റെ ആർപ്പുവിളിയല്ല.
8 ഇപ്പോൾ ഞാൻ വേഗത്തിൽ എന്റെ ക്രോധം നിന്റെമേൽ പകർന്നു, എന്റെ കോപം നിന്നിൽ നിവർത്തിക്കും; ഞാൻ നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായം വിധിച്ചു നിന്റെ സകലമ്ളേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.
9 എന്റെ കണ്ണു ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം ഞാൻ നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നതു എന്നു നിങ്ങൾ അറിയും.
10 ഇതാ, നാൾ; ഇതാ, അതു വരുന്നു; നിന്റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്തു അഹങ്കാരം തളിർത്തിരിക്കുന്നു.
11 സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകയുമില്ല.
12 കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാൽ വാങ്ങുന്നവൻ സന്തോഷിക്കയും വില്ക്കുന്നവൻ ദുഃഖിക്കയും വേണ്ടാ.
13 അവർ ജീവിച്ചിരുന്നാലും വില്ക്കുന്നവന്നു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകലകോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.
14 അവർ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാൽ എന്റെ ക്രോധം അതിന്റെ സകല കോലാഹലത്തിന്മേലും വന്നിരിക്കയാൽ ആരും യുദ്ധത്തിന്നു പോകുന്നില്ല,
15 പുറത്തു വാൾ, അകത്തു മഹാമാരിയും ക്ഷാമവും; വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും; പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിന്നും മഹാമാരിക്കും ഇരയായിത്തീരും.
16 എന്നാൽ അവരിൽവെച്ചു ചാടിപ്പോകുന്നവർ ചാടിപ്പോകയും ഓരോരുത്തനും താന്താന്റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും.
17 എല്ലാകൈകളും തളരും; എല്ലാമുഴങ്കാലുകളും വെള്ളംപോലെ ഒഴുകും.
18 അവർ രട്ടുടുക്കും; ഭീതി അവരെ മൂടും; സകലമുഖങ്ങളിലും ലജ്ജയും എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.
19 അവർ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്നു അവർക്കു മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിന്നും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിപ്പാൻ കഴികയില്ല; അതിനാൽ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറു നിറകയും ഇല്ല; അതു അവർക്കു അകൃത്യഹേതു ആയിരുന്നുവല്ലോ.
20 അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവർ തങ്ങൾക്കു മ്ളേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അതു അവർക്കു മലമാക്കിയിരിക്കുന്നു.
21 ഞാൻ അതു അന്യന്മാരുടെ കയ്യിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്കു കൊള്ളയായും കൊടുക്കും; അവർ അതു അശുദ്ധമാക്കും.
22 ഞൻ എന്റെ മുഖം അവരിൽനിന്നു തിരിക്കും. അവർ എന്റെ വിധിയെ അശുദ്ധമാക്കും; കവർച്ചക്കാർ അതിന്നകത്തു കടന്നു അതിനെ അശുദ്ധമാക്കും.
23 ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക.
24 ഞാൻ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകളെ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.
25 നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അതു ഇല്ലാതെ ഇരിക്കും;
26 അപകടത്തിന്മേൽ അപകടവും ശ്രുതിമേൽ ശ്രുതിയും വന്നുകൊണ്ടിരിക്കും; അവർ പ്രവാചകനോടു ദർശനം അന്വേഷിക്കും; എന്നാൽ പുരോഹിതന്റെ പക്കൽനിന്നു ഉപദേശവും മൂപ്പന്മാരുടെ പക്കൽനിന്നു ആലോചനയും പൊയ്പോകും.
27 രാജാവു ദുഃഖിക്കും പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്റെ കൈകൾ വിറെക്കും; ഞാൻ അവരുടെ നടപ്പിന്നു തക്കവണ്ണം അവരോടു പകരം ചെയ്യും; അവർക്കു ന്യായമായതുപോലെ അവരെ വിധിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.
അദ്ധ്യായം 8

1 ആറാം ആണ്ടു ആറാം മാസം അഞ്ചാം തിയ്യതി, ഞാൻ വീട്ടിൽ ഇരിക്കയും യെഹൂദാമൂപ്പന്മാർ എന്റെ മുമ്പിൽ ഇരിക്കയും ചെയ്തപ്പോൾ അവിടെ യഹോവയായ കർത്താവിന്റെ കൈ എന്റെമേൽ വന്നു.
2 അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ളസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.
3 അവൻ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവു എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യേ ഉയർത്തി ദിവ്യദർശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതിൽക്കൽ കൊണ്ടുചെന്നു; അവിടെ തീഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാ ബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.
4 അവിടെ ഞാൻ സമഭൂമിയിൽ കണ്ട ദർശനം പോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം ഉണ്ടായിരുന്നു.
5 അവൻ എന്നോടു: മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിന്നു വടക്കോട്ടു, പ്രവേശനത്തിങ്കൽ തന്നേ, ആ തിക്ഷണതാബിംബത്തെ കണ്ടു.
6 അവൻ എന്നോടു: മനുഷ്യപുത്രാ, അവർ ചെയ്യുന്നതു, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ളേച്ഛതകൾ തന്നേ, നീ കാണുന്നുവോ? ഇതിലും വലിയ മ്ളേച്ഛതകളെ നീ കാണും എന്നു അരുളിച്ചെയ്തു.
7 അവൻ എന്നെ പ്രാകാരത്തിന്റെ വാതിൽക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.
8 അവൻ എന്നോടു: മനുഷ്യ പുത്രാ, ചുവർ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നാറെ ഒരു വാതിൽ കണ്ടു.
9 അവൻ എന്നോടു: അകത്തു ചെന്നു, അവർ ഇവിടെ ചെയ്യുന്ന വല്ലാത്ത മ്ളേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.
10 അങ്ങനെ ഞാൻ അകത്തു ചെന്നു: വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരെച്ചിരിക്കുന്നതു കണ്ടു.
11 അവയുടെ മുമ്പിൽ യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവു അവരുടെ നടുവിലും ഓരോരുത്തൻ കയ്യിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.
12 അപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, യിസ്രായേൽഗൃഹത്തിന്റെ മൂപ്പന്മാർ ഇരുട്ടത്തു ഓരോരുത്തൻ താന്താന്റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവർ പറയുന്നു എന്നരുളിച്ചെയ്തു.
13 അവർ ഇതിലും വലിയ മ്ളേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവൻ എന്നോടു അരുളിച്ചെയ്തു.
14 അവൻ എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കൽ കൊണ്ടുപോയി, അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ചു കരഞ്ഞുംകൊണ്ടു ഇരിക്കുന്നതു ഞാൻ കണ്ടു.
15 അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ളേച്ഛതകളെ ഇനിയും കാണും എന്നു അരുളിച്ചെയ്തു.
16 അവൻ എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ തങ്ങളുടെ മുതുകു യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു.
17 അപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ളേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിപ്പാൻ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവർ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു?
18 ആകയാൽ ഞാനും ക്രോധത്തോടെ പ്രവർത്തിക്കും; എന്റെ കണ്ണു ആദരിക്കയില്ല; ഞാൻ കരുണ കാണിക്കയുമില്ല; അവർ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കയില്ല എന്നു അരുളിച്ചെയ്തു.
അദ്ധ്യായം 9

1 അനന്തരം ഞാൻ കേൾക്കെ അവൻ അത്യുച്ചത്തിൽ വിളിച്ചു നഗരത്തിന്റെ സന്ദർശനങ്ങളെ അടുത്തു വരുമാറാക്കുവിൻ; ഓരോരുത്തനും നാശകരമായ ആയുധം കയ്യിൽ എടുക്കട്ടെ എന്നു കല്പിച്ചു.
2 അപ്പോൾ ആറു പുരുഷന്മാർ, ഓരോരുത്തനും വെണ്മഴു കയ്യിൽ എടുത്തുകൊണ്ടു വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തൻ ഉണ്ടായിരുന്നു; അവർ അകത്തു ചെന്നു താമ്രയാഗപീഠത്തിന്റെ അരികെ നിന്നു.
3 യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം, അതു ഇരുന്നിരുന്ന കെരൂബിന്മേൽനിന്നു ആലയത്തിന്റെ ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവൻ, ശണവസ്ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.
4 അവനോടു യഹോവ: നീ നഗരത്തിന്റെ നടുവിൽ, യെരൂശലേമിന്റെ നടുവിൽകൂടി ചെന്നു, അതിൽ നടക്കുന്ന സകലമ്ളേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.
5 മറ്റേവരോടു ഞാൻ കേൾക്കെ അവൻ: നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങൾ കരുണ കാണിക്കയുമരുതു.
6 വൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിൻ! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുതു; എന്റെ വിശുദ്ധമന്ദിരത്തിൽ തന്നേ തുടങ്ങുവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ ആലയത്തിന്റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി.
7 അവൻ അവരോടു: നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിൻ; പുറപ്പെടുവിൻ എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി.
8 അവരെ കൊന്നുകളഞ്ഞശേഷം ഞാൻ മാത്രം ശേഷിച്ചു; ഞാൻ കവിണ്ണുവീണു; അയ്യോ, യഹോവയായ കർത്താവേ, യെരൂശലേമിന്മേൽ നിന്റെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു.
9 അതിന്നു അവൻ എന്നോടു: യിസ്രായേൽഗൃഹത്തിന്റെയും യെഹൂദാഗൃഹത്തിന്റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല എന്നു അവർ പറയുന്നുവല്ലോ.
10 ഞാനോ എന്റെ കണ്ണിന്നു ആദരവു തോന്നാതെയും ഞാൻ കരുണ കാണിക്കാതെയും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു അരുളിച്ചെയ്തു.
11 ശണവസ്ത്രം ധരിച്ചു അരയിൽ മഷിക്കുപ്പിയുമായുള്ള പുരുഷൻ: എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു എന്നു വസ്തുത ബോധിപ്പിച്ചു.
അദ്ധ്യായം 10

1 അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണായ്‍വന്നു.
2 അവൻ ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചു: നീ കെരൂബിന്റെ കീഴെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടവിൽ ചെന്നു കെരൂബുകളുടെ ഇടയിൽനിന്നു നിന്റെ കൈ നിറയ തീക്കനൽ എടുത്തു നഗരത്തിന്മേൽ വിതറുക എന്നു കല്പിച്ചു; അങ്ങനെ ഞാൻ കാൺകെ അവൻ ചെന്നു,
3 ആ പുരുഷൻ അകത്തു ചെല്ലുമ്പോൾ കെരൂബുകൾ ആലയത്തിന്റെ വലത്തുഭാഗത്തുനിന്നു, മേഘവും അകത്തെ പ്രകാരത്തിൽ നിറഞ്ഞിരുന്നു.
4 എന്നാൽ യഹോവയുടെ മഹത്വം കെരൂബിന്മേൽനിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.
5 കെരൂബുകളുടെ ചിറകുകളുടെ ഇരെച്ചൽ പുറത്തെ പ്രാകാരംവരെ സർവ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേൾപ്പാനുണ്ടായിരുന്നു.
6 എന്നാൽ അവൻ ശണവസ്ത്രം ധരിച്ച പുരുഷനോടു: നീ കെരൂബുകളുടെ ഇടയിൽ നിന്നു, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽനിന്നു തന്നേ, തീ എടുക്ക എന്നു കല്പിച്ചപ്പോൾ അവൻ ചെന്നു ചക്രങ്ങളുടെ അരികെ നിന്നു.
7 ഒരു കെരൂബ് കെരൂബുകളുടെ ഇടയിൽനിന്നു തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യിൽ കൊടുത്തു; അവൻ അതു വാങ്ങി പുറപ്പെട്ടുപോയി.
8 കെരൂബുകളിൽ ചിറകുകൾക്കു കീഴെ മനുഷ്യന്റെ കൈപോലെ ഒന്നു കാണായ്‍വന്നു.
9 ഞാൻ കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഓരോ കെരൂബിന്നരികെ ഓരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.
10 അവയുടെ കാഴ്ചയോ നാലിന്നും ഒരു ഭാഷ ആയിരുന്നു; ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നേ.
11 അവെക്കു നാലു ഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ലാതെ തലനോക്കുന്ന ഇടത്തേക്കു അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോൾ തിരികയുമില്ല.
12 അവയുടെ ദേഹത്തിൽ എങ്ങും മുതുകിലും കയ്യിലും ചിറകിലും ചക്രത്തിലും, നാലിന്നും ഉള്ള ചക്രത്തിൽ തന്നേ, ചുറ്റും അടുത്തടുത്തു കണ്ണു ഉണ്ടായിരുന്നു.
13 ചക്രങ്ങൾക്കോ, ഞാൻ കേൾക്കെ ചുഴലികൾ എന്നു പേർവിളിച്ചു.
14 ഓരോന്നിന്നും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു.
15 കെരൂബുകൾ മേലോട്ടുപൊങ്ങി; ഇതു ഞാൻ കെബാർനദീതീരത്തുവെച്ചു കണ്ട ജീവിതന്നേ.
16 കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വം വിട്ടുമാറുകയില്ല.
17 ജീവിയുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ പൊങ്ങുമ്പോൾ ഇവയും പൊങ്ങും.
18 പിന്നെ യഹോവയുടെ മഹത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിൻ മീതെ വന്നുനിന്നു.
19 അപ്പോൾ കെരൂബുകൾ ചിറകു വിടർത്തി, ഞാൻ കാൺകെ ഭൂമിയിൽനിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോൾ ചക്രങ്ങളും ചേരത്തന്നേ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതിൽക്കൽ ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കു മീതെ നിന്നു.
20 ഇതു ഞാൻ കെബാർ നദീതീരത്തുവെച്ചു യിസ്രായേലിന്റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നേ; അവ കെരൂബുകൾ എന്നു ഞാൻ ഗ്രഹിച്ചു.
21 ഓരോന്നിന്നും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിൻ കീഴെ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു;
22 അവയുടെ മുഖരൂപം വിചാരിച്ചാൽ ഞാൻ കെബാർ നദീതീരത്തുവെച്ചു കണ്ട മുഖങ്ങൾ തന്നെ ആയിരുന്നു; അവയുടെ ഭാഷയും അവ ഒക്കെയും തന്നേ അവ ഓരോന്നും നേരെ മുമ്പോട്ടു തന്നേ പോകും.
അദ്ധ്യായം 11

1 അനന്തരം ആത്മാവു എന്നെ എടുത്തു യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദർശനമുള്ള കിഴക്കെ പടിവാതിൽക്കൽ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനത്തിങ്കൽ ഞാൻ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകൻ യയസന്യാവെയും ബെനായാവിന്റെ മകൻ പെലത്യാവെയും കണ്ടു.
2 അവൻ എന്നോടു: മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.
3 വീടുകളെ പണിവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവർ പറയുന്നു.
4 അതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.
5 അപ്പോൾ യഹോവയുടെ ആത്മാവു എന്റെമേൽ വിണു എന്നോടു കല്പിച്ചതു: നീ പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങൾ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു.
6 നിങ്ങൾ ഈ നഗരത്തിൽ നിഹതന്മാരെ വർദ്ധിപ്പിച്ചു വീഥികളെ നിഹതന്മാരെക്കൊണ്ടു നിറെച്ചുമിരിക്കുന്നു.
7 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ നഗരത്തിന്റെ നടുവിൽ ഇട്ടുകളഞ്ഞ നിഹതന്മാർ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാൻ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിക്കും.
8 നിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെ തന്നേ ഞാൻ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.
9 ഞാൻ നിങ്ങളെ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിച്ചു അന്യന്മാരുടെ കയ്യിൽ ഏല്പിച്ചു നിങ്ങളുടെ ഇടയിൽ ന്യായവിധിനടത്തും.
10 നിങ്ങൾ വാളാൽ വീഴും; യിസ്രായേലിന്റെ അതിരിങ്കൽവെച്ചു ഞാൻ നിങ്ങളെ ന്യായം വിധിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
11 ഈ നഗരം നിങ്ങൾക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങൾ അതിന്നകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്റെ അതിരിങ്കൽവെച്ചു തന്നേ ഞാൻ നിങ്ങളെ ന്യായം വിധിക്കും.
12 എന്റെ ചട്ടങ്ങളിൽ നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്നു അറിയും.
13 ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചു: അപ്പോൾ ഞാൻ കവിണ്ണുവീണു ഉറക്കെ നിലവിളിച്ചു: അയ്യോ, യഹോവയായ കർത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ എന്നു പറഞ്ഞു.
14 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
15 മനുഷ്യപുത്രാ, യഹോവയോടു അകന്നുനില്പിൻ! ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നതു എന്നല്ലോ യെരൂശലേം നിവാസികൾ, നിന്റെ ചാർച്ചക്കാരായ നിന്റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേൽഗൃഹം മുഴുവനോടും പറയുന്നതു.
16 അതുകൊണ്ടു നീ പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവർക്കു കുറയകാലത്തേക്കു ഒരു വിശുദ്ധമന്ദിരമായിരിക്കും.
17 ആകയാൽ നീ പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേർത്തു യിസ്രായേൽദേശം നിങ്ങൾക്കു തരും.
18 അവർ അവിടെ വന്നു, അതിലെ സകലമലിനബിംബങ്ങളെയും മ്ളേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും.
19 അവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവർക്കു കൊടുക്കും.
20 അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.
21 എന്നാൽ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ളേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവർക്കു ഞാൻ അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
22 അനന്തരം കെരൂബുകൾ ചിറകു വിടർത്തു; ചക്രങ്ങളും ചേരത്തന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കുമീതെ ഉണ്ടായിരുന്നു.
23 യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവിൽനിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പർവ്വതത്തിന്മേൽ നിന്നു.
24 എന്നാൽ ആത്മാവു എന്നെ എടുത്തു, ദർശനത്തിൽ ദൈവാത്മാവിനാൽ തന്നേ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കൽ കൊണ്ടു വന്നു; ഞാൻ കണ്ട ദർശനം എന്നെ വിട്ടു പൊങ്ങിപ്പോയി.
25 ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.
അദ്ധ്യായം 12

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവിൽ പാർക്കുന്നു; കാണ്മാൻ കണ്ണുണ്ടെങ്കിലു അവർ കാണുന്നില്ല; കേൾപ്പാൻ ചെവിയുണ്ടെങ്കിലും അവർ കേൾക്കുന്നില്ല; അവർ മത്സരഗൃഹമല്ലോ.
3 ആകയാൽ മനുഷ്യപുത്രാ, നീ യാത്രക്കോപ്പു ഒരുക്കി പകൽസമയത്തു അവർ കാൺകെ പുറപ്പെടുക; അവർ കാൺകെ നിന്റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്രപുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവർ കണ്ടു ഗ്രഹിക്കുമായിരിക്കും.
4 യാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകൽസമയത്തു അവർ കാൺകെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്തു അവർ കാൺകെ പ്രവാസത്തിന്നു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.
5 അവർ കാൺകെ നീ മതിൽ കുത്തിത്തുരന്നു അതിൽകൂടി അതു പുറത്തു കൊണ്ടുപോകേണം.
6 അവർ കാൺകെ നീ അതു തോളിൽ ചുമന്നുകൊണ്ടു ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു ഒരു അടയാളം ആക്കിയിരിക്കുന്നു.
7 എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രക്കോപ്പുപോലെ ഞാൻ എന്റെ സാമാനം പകൽസമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാൻ എന്റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവർ കാൺകെ തോളിൽ ചുമന്നു.
8 എന്നാൽ രാവിലെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
9 മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോടു: നീ എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ?
10 ഈ അരുളപ്പാടു യെരൂശലേമിലെ പ്രഭുക്കന്മാർക്കും അവരുടെ ചുറ്റും പാർക്കുന്ന യിസ്രായേൽ ഗൃഹത്തിന്നൊക്കെയും ഉള്ളതു എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക.
11 ഞാൻ നിങ്ങൾക്കു ഒരടയാളമാകുന്നു എന്നു നീ പറക; ഞാൻ ചെയ്തതുപോലെ അവർക്കു ഭവിക്കും; അവർ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.
12 അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളിൽ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന്നു അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവൻ മുഖം മൂടും.
13 ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്തു ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവെച്ചു മരിക്കും.
14 അവന്റെ ചുറ്റുമുള്ള സഹായക്കാരെ ഒക്കെയും അവന്റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാൻ നാലു ദിക്കിലേക്കും ചിതറിച്ചുകളയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
15 ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ചു ദേശങ്ങളിൽ ചിന്നിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
16 എന്നാൽ അവർ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകലമ്ളേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്നു ശേഷിപ്പിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.
17 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
18 മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടെ വെള്ളം കുടിക്കയും ചെയ്ക.
19 ദേശത്തിലെ ജനത്തോടു നീ പറയേണ്ടതു: യെരൂശലേംനിവാസികളെയും യിസ്രായേൽ ദേശത്തെയും കുറിച്ചു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടു കൂടെ ശൂന്യമായ്പോകുന്നതുകൊണ്ടു അവർ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോട വെള്ളം കുടിക്കയും ചെയ്യും.
20 ജനപുഷ്ടിയുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിർജ്ജനവും ആയിത്തീരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
21 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
22 മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങൾക്കു യിസ്രായേൽ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?
23 അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ ഈ പഴഞ്ചൊല്ലു നിർത്തലാക്കും; അവർ യിസ്രായേലിൽ ഇനി അതു ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദർശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്നു അവരോടു പ്രസ്താവിക്ക.
24 യിസ്രായേൽ ഗൃഹത്തിൽ ഇനി മിത്ഥ്യാദർശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.
25 യഹോവയായ ഞാൻ പ്രസ്താവിപ്പാൻ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാൻ വചനം പ്രസ്താവിക്കയും നിവർത്തിക്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
26 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
27 മനുഷ്യപുത്രാ, യിസ്രായേൽഗൃഹം: ഇവൻ ദർശിക്കുന്ന ദർശനം വളരെനാളത്തേക്കുള്ളതും ഇവൻ പ്രവചിക്കുന്നതു ദീർഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.
28 അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അദ്ധ്യായം 13

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, യിസ്രായേലിൽ പ്രവചിച്ചുപോരുന്ന പ്രവാചകന്മാരെക്കുറിച്ചു നീ പ്രവചിച്ചു, സ്വന്തഹൃദയങ്ങളിൽനിന്നു പ്രവചിക്കുന്നവരോടു പറയേണ്ടതു: യഹോവയുടെ വചനം കേൾപ്പിൻ!
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാർക്കു അയ്യോ കഷ്ടം!
4 യിസ്രായേലേ, നിന്റെ പ്രവാചകന്മാർ ശൂന്യപ്രദേശങ്ങളിലെ കുറക്കന്മാരെപ്പോലെ ആയിരിക്കുന്നു.
5 യഹോവയുടെ നാളിൽ യുദ്ധത്തിൽ ഉറെച്ചുനിൽക്കേണ്ടതിന്നു നിങ്ങൾ ഇടിവുകളിൽ കയറീട്ടില്ല, യിസ്രായേൽഗൃഹത്തിന്നു വേണ്ടി മതിൽ കെട്ടീട്ടുമില്ല.
6 അവർ വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ടു യഹോവയുടെ അരുളപ്പാടു എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായ്‍വരുമെന്നു അവർ ആശിക്കുന്നു.
7 ഞാൻ അരുളിച്ചെയ്യാതിരിക്കെ യഹോവയുടെ അരുളപ്പാടു എന്നു നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ മിത്ഥ്യാദർശനം ദർശിക്കയും വ്യാജപ്രശ്നം പറകയും അല്ലയോ ചെയ്തിരിക്കുന്നതു?
8 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വ്യാജം പ്രസ്താവിച്ചു ഭോഷ്കു ദർശിച്ചിരിക്കകൊണ്ടു ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
9 വ്യാജം ദർശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാർക്കു എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ മന്ത്രിസഭയിൽ അവർ ഇരിക്കയില്ല; യിസ്രായേൽഗൃഹത്തിന്റെ പേർവഴിച്ചാർത്തിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവർ കടക്കയുമില്ല; ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
10 സമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞു അവർ എന്റെ ജനത്തെ ചതിച്ചിരിക്കകൊണ്ടും അതു ചുവർ പണിതാൽ അവർ കുമ്മായം പൂശിക്കളയുന്നതുകൊണ്ടും
11 അടന്നു വീഴുംവണ്ണം കുമ്മായം പൂശുന്നവരോടു നീ പറയേണ്ടതു: പെരുമഴ ചൊരിയും; ഞാൻ ആലിപ്പഴം പൊഴിയിച്ചു കൊടുങ്കാറ്റടിപ്പിക്കും.
12 ചുവർ വീണിരിക്കുന്നു; നിങ്ങൾ പൂശിയ കുമ്മായം എവിടെപ്പോയി എന്നു നിങ്ങളോടു പറകയില്ലയോ?
13 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ക്രോധത്തിൽ ഒരു കൊടുങ്കാറ്റടിക്കുമാറാക്കും; എന്റെ കോപത്തിൽ പെരുമഴ പെയ്യിക്കും; എന്റെ ക്രോധത്തിൽ മുടിച്ചുകളയുന്ന വലിയ ആലിപ്പഴം പൊഴിക്കും.
14 നിങ്ങൾ കുമ്മായം പൂശിയ ചുവരിനെ ഞാൻ ഇങ്ങനെ ഇടിച്ചു നിലത്തു തള്ളിയിട്ടു അതിന്റെ അടിസ്ഥാനം വെളിപ്പെടുത്തും; അതു വീഴും; നിങ്ങൾ അതിന്റെ നടുവിൽ മുടിഞ്ഞു പോകും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
15 അങ്ങനെ ഞാൻ ചുവരിന്മേലും അതിന്നു കുമ്മായം പൂശിയവരുടെ മേലും എന്റെ ക്രോധത്തെ നിവൃത്തിയാക്കീട്ടു നിങ്ങളോടു:
16 ഇനി ചുവരില്ല; അതിന്നു കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ചു പ്രവചിച്ചു, സമാധാനമില്ലാതിരിക്കെ അതിന്നു സമാധാനദർശനങ്ങളെ ദർശിക്കുന്ന യിസ്രായേലിന്റെ പ്രവാചകന്മാരും ഇല്ല എന്നു പറയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
17 നീയോ, മനുഷ്യപുത്രാ, സ്വന്തവിചാരം പ്രവചിക്കുന്നവരായ നിന്റെ ജനത്തിന്റെ പുത്രിമാരുടെനേരെ നിന്റെ മുഖം തിരിച്ചു അവർക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതെന്തെന്നാൽ:
18 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ വേട്ടയാടേണ്ടതിന്നു കയ്യേപ്പുകൾക്കു ഒക്കെയും രക്ഷകളും ഏതു പൊക്കത്തിലും ഉള്ളവരുടെ തലെക്കുതക്ക മൂടുപടങ്ങളും ഉണ്ടാക്കുന്ന സ്ത്രീകൾക്കു അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിൽ ചില ദേഹികളെ വേട്ടയാടി കൊല്ലുകയും നിങ്ങളുടെ ആദായത്തിന്നായി ചില ദേഹികളെ ജീവനോടെ രക്ഷിക്കയും ചെയ്യുന്നു.
19 മരിക്കരുതാത്ത ദേഹികളെ കൊല്ലേണ്ടതിന്നും ജീവിച്ചിരിക്കരുതാത്ത ദേഹികളെ ജീവനോടെ രക്ഷിക്കേണ്ടതിന്നും നിങ്ങൾ, ഭോഷ്കു കേൾക്കുന്ന എന്റെ ജനത്തോടു ഭോഷ്കുപറയുന്നതിനാൽ എന്റെ ജനത്തിന്റെ ഇടയിൽ ഒരു പിടി യവത്തിന്നും ഒരു അപ്പക്കഷണത്തിന്നും വേണ്ടി എന്നെ അശുദ്ധമാക്കിയിരിക്കുന്നു.
20 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ പറവ ജാതികളെപ്പോലെ വേട്ടയാടുന്ന നിങ്ങളുടെ രക്ഷകൾക്കു ഞാൻ വിരോധമായിരിക്കുന്നു; ഞാൻ അവയെ നിങ്ങളുടെ ഭുജങ്ങളിൽനിന്നു പറിച്ചുകീറി, ദേഹികളേ, നിങ്ങൾ പറവജാതികളെപ്പോലെ വേട്ടയാടുന്ന ദേഹികളെ തന്നേ വിടുവിക്കും
21 നിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ പറിച്ചുകീറി എന്റെ ജനത്തെ നിങ്ങളുടെ കയ്യിൽനിന്നു വിടുവിക്കും; അവർ ഇനി നിങ്ങളുടെ കൈക്കൽ വേട്ടയായിരിക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
22 ഞാൻ ദുഃഖിപ്പിക്കാത്ത നീതിമാന്റെ ഹൃദയത്തെ നിങ്ങൾ വ്യാജങ്ങളെക്കൊണ്ടു ദുഃഖിപ്പിക്കയും തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു ജീവരക്ഷ പ്രാപിക്കാതവണ്ണം ദുഷ്ടനെ നിങ്ങൾ ധൈര്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടു
23 നിങ്ങൾ ഇനി വ്യാജം ദർശിക്കയോ പ്രശ്നം പറകയോ ചെയ്കയില്ല; ഞാൻ എന്റെ ജനത്തെ നിങ്ങളുടെ കയ്യിൽനിന്നു വിടുവിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
അദ്ധ്യായം 14

1 യിസ്രായേൽമൂപ്പന്മാരിൽ ചിലർ എന്റെ അടുക്കൽ വന്നു എന്റെ മുമ്പിൽ ഇരുന്നു.
2 അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
3 മനുഷ്യപുത്രാ, ഈ പുരുഷന്മാർ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; അവർ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ?
4 അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിൽ തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു തന്റെ മുമ്പിൽ വെച്ചുംകൊണ്ടു പ്രവാചകന്റെ അടുക്കൽ വരുന്ന ഏവനോടും
5 യഹോവയായ ഞാൻ തന്നേ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തിൽ പിടിക്കേണ്ടതിന്നു അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിന്നു തക്കവണ്ണം ഉത്തരം അരുളും; അവർ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങൾനിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.
6 ആകയാൽ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ അനുതപിച്ചു നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിൻ; നിങ്ങളുടെ സകല മ്ളേച്ഛബിംബങ്ങളിലുംനിന്നു നിങ്ങളുടെ മുഖം തിരിപ്പിൻ.
7 യിസ്രായേൽഗൃഹത്തിലും യിസ്രായേലിൽ വന്നുപാർക്കുന്ന പരദേശികളിലും എന്നെ വിട്ടകന്നു തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു മുമ്പിൽ വെച്ചുകൊണ്ടു പ്രവാചകന്റെ അടുക്കൽ അരുളപ്പാടു ചോദിപ്പാൻ വരുന്ന ഏവനോടും യഹോവയായ ഞാൻ തന്നേ ഉത്തരം അരുളും.
8 ഞാൻ ആ മനുഷ്യന്റെനേരെ മുഖംതിരിച്ചു അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാൻ അവനെ എന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
9 എന്നാൽ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ടു ഒരു വാക്കു പ്രസ്താവിച്ചാൽ യഹോവയായ ഞാൻ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാൻ അവന്റെ നേരെ കൈ നീട്ടി അവനെ യിസ്രായേൽജനത്തിൽനിന്നു സംഹരിച്ചുകളയും.
10 യിസ്രായേൽഗൃഹം ഇനിമേൽ എന്നെ വിട്ടു തെറ്റിപ്പോകയും സകലവിധ ലംഘനങ്ങളുംകൊണ്ടു അശുദ്ധരായിത്തീരുകയും ചെയ്യാതെ അവർ എനിക്കു ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കേണ്ടതിന്നു
11 അവർ തങ്ങളുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവന്റെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെ ആയിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
12 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
13 മനുഷ്യപുത്രാ ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോൾ ഞാൻ അതിന്റെനേരെ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ചു, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽ നിന്നു ഛേദിച്ചുകളയും.
14 നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
15 ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ചു ആരും വഴിപോകാതവണ്ണം അവ അതിനെ നിർജ്ജനമാക്കീട്ടു അതു ശൂന്യമാകയും ചെയ്താൽ,
16 ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ അവർ മാത്രമേ രക്ഷപ്പെടുകയുള്ളു; ദേശമോ ശൂന്യമായിപ്പോകുമെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
17 അല്ലെങ്കിൽ ഞാൻ ആ ദേശത്തിൽ വാൾ വരുത്തി വാളേ, നീ ദേശത്തുകൂടി കടക്കുക എന്നു കല്പിച്ചു മനുഷ്യരെയും മൃഗങ്ങളെയും
18 അതിൽനിന്നു ഛേദിച്ചുകളഞ്ഞാൽ ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ, അവർ മാത്രമേ രക്ഷപ്പെടുകയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
19 അല്ലെങ്കിൽ ഞാൻ ആ ദേശത്തു മഹാമാരി അയച്ചു, അതിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളവാൻ തക്കവണ്ണം എന്റെ ക്രോധം രക്തരൂപേണ അതിന്മേൽ പകർന്നാൽ
20 നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്ത ജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
21 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന്നു വാൾ, ക്ഷാമം ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനർത്ഥകരമായ ന്യായവിധികൾ നാലും കൂടെ അയച്ചാലോ?
22 എന്നാൽ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതിൽ ശേഷിച്ചിരിക്കും; അവർ പുറപ്പെട്ടു നിങ്ങളുടെ അടുക്കൽ വരും; നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കണ്ടു, ഞാൻ യെരൂശലേമിന്നു വരുത്തിയ അനർത്ഥവും അതിന്നു വരുത്തിയ സകലവും ചൊല്ലി ആശ്വാസം പ്രാപിക്കും.
23 നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോൾ നിങ്ങൾക്കു ആശ്വാസമായിരിക്കും; ഞാൻ അതിൽ ചെയ്തിരിക്കുന്നതൊക്കെയും വെറുതെയല്ല ചെയ്തതു എന്നു നിങ്ങൾ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അദ്ധ്യായം 15

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്കു മറ്റു മരത്തെക്കാൾ എന്തു വിശേഷതയുള്ളു?
3 വല്ല പണിക്കും കൊള്ളിപ്പാൻ അതിൽനിന്നു മരം എടുക്കാമോ? എല്ല സാധനവും തൂക്കിയിടേണ്ടതിന്നു അതുകൊണ്ടു ഒരാണി ഉണ്ടാക്കാമോ?
4 അതിനെ തീക്കു ഇരയായി കൊടുക്കുന്നു; തീ അതിന്റെ രണ്ടു അറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു ഇനി അതു വല്ല പണിക്കും കൊള്ളുമോ?
5 അതു മുഴുവനായിരുന്നപ്പോൾതന്നേ ഒരു പണിക്കും കൊള്ളാതിരുന്നു; തീ അതിനെ ദഹിപ്പിക്കയും അതു ദഹിച്ചുപോകയും ചെയ്തശേഷം വല്ല പണിക്കും കൊള്ളുമോ?
6 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: കാട്ടിലെ വൃക്ഷങ്ങളിൽ ഞാൻ തീക്കിരിയാക്കിക്കൊടുത്ത മുന്തിരിവള്ളിയെപ്പോലെ ഞാൻ യെരൂശലേം നിവാസികളെയും ആക്കും.
7 ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കും; അവർ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവർ തീക്കു ഇരയായിത്തീരും; ഞാൻ അവർക്കു വിരോധമായി മുഖം തിരിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
8 അവർ ദ്രോഹം ചെയ്കകൊണ്ടു ഞാൻ ദേശത്തെ ശൂന്യമാക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു
അദ്ധ്യായം 16

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നീ യെരൂശലേമിനോടു അതിന്റെ മ്ളേച്ഛതകളെ അറിയിച്ചു പറയേണ്ടതു;
3 യഹോവയായ കർത്താവു യെരൂശലേമിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉല്പത്തിയും നിന്റെ ജനനവും കനാൻ ദേശത്താകുന്നു; നിന്റെ അപ്പൻ അമോർയ്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.
4 നിന്റെ ജനനവസ്തുതയോ--ജനിച്ചനാളിൽ നിന്റെ പൊക്കിൾ മുറിച്ചില്ല; നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല, തുണി ചുറ്റിയതുമില്ല.
5 നിന്നോടു മനസ്സലിവു തോന്നീട്ടു ഇവയിൽ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാൻ ഒരു കണ്ണിന്നും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ചനാളിൽ തന്നേ അവർക്കു നിന്നോടു വെറുപ്പുതോന്നിയതുകൊണ്ടു നിന്നെ വെളിൻ പ്രദേശത്തു ഇട്ടുകളഞ്ഞു.
6 എന്നാൽ ഞാൻ നിന്റെ സമീപത്തു കൂടി കടന്നുപോകുമ്പോൾ നീ രക്തത്തിൽ കിടന്നുരുളുന്നതു കണ്ടു നിന്നോടു: നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു ഞാൻ നിന്നോടു കല്പിച്ചു.
7 വയലിലെ സസ്യംപോലെ ഞാൻ നിന്നെ പെരുമാറാക്കി; നീ വളർന്നു വലിയ വളായി അതിസൌന്ദര്യം പ്രാപിച്ചു; നിനക്കു ഉന്നതസ്തനവും ദീർഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.
8 ഞാൻ നിന്റെ അരികെ കൂടി കടന്നു നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ടു എന്റെ വസ്ത്രം നിന്റെമേൽ വിരിച്ചു നിന്റെ നഗ്നത മറെച്ചു; ഞാൻ നിന്നോടു സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
9 പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞു എണ്ണപൂശി.
10 ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.
11 ഞാൻ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈക്കു വളയും കഴുത്തിൽ മാലയും ഇട്ടു.
12 ഞാൻ നിന്റെ മൂക്കിന്നു മൂകൂത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ളോരു കിരീടവും വെച്ചു.
13 ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്റെ ഉടുപ്പു ശണപടവും പട്ടും വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവം തേനും എണ്ണയും ഉപജീവിച്ചു ഏറ്റവും സൌന്ദര്യമുള്ളവളായിത്തീർന്നു; നിനക്കു രാജത്വവും സിദ്ധിച്ചു.
14 ഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്റെ സൌന്ദര്യം പരിപൂർണ്ണമായതിനാൽ നിന്റെ കീർത്തി ജാതികളിൽ പരന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
15 എന്നാൽ നീ നിന്റെ സൌന്ദര്യത്തിൽ ആശ്രയിച്ചു, നിന്റെ കീർത്തിഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്റെമേലും നിന്റെ പരസംഗം ചെലവഴിച്ചു; അതു അവന്നുള്ളതായിരുന്നു.
16 നിന്റെ വസ്ത്രങ്ങളിൽ ചിലതു നീ എടുത്തു, പല നിറത്തിൽ പൂജാഗിരികളെ തീർത്തലങ്കരിച്ചു, അവയുടെമേൽ പരസംഗം ചെയ്തു; ഈവക സംഭവിച്ചിട്ടില്ല, സംഭവിക്കയും ഇല്ല.
17 ഞാൻ നിനക്കു തന്ന പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളെ നീ എടുത്തു, പുരുഷരൂപങ്ങളെ ഉണ്ടാക്കി അവയോടു പരസംഗം ചെയ്തു.
18 നിന്റെ വിചിത്രവസ്ത്രങ്ങളെ നീ എടുത്തു അവയെ പുതപ്പിച്ചു, എന്റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പിൽ വെച്ചു.
19 ഞാൻ നിനക്കു തന്ന ആഹാരമായി, നിന്റെ പോഷണത്തിന്നുള്ള നേരിയ മാവും എണ്ണയും തേനും നീ അവയുടെ മുമ്പിൽ സൌരഭ്യവാസനയായി നിവേദിച്ചു; കാര്യം ഇങ്ങനെയായി എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
20 നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവെക്കു ഭോജനബലിയായി അർപ്പിച്ചു.
21 നിന്റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവെക്കു ഏല്പിച്ചുകൊടുത്തതു?
22 എന്നാൽ നിന്റെ സകല മ്ളേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പെ നഗ്നയും അനാവൃതയും ആയി രക്തത്തിൽ കിടന്നുരുണ്ട നിന്റെ യൌവനകാലം ഓർത്തില്ല.
23 നിന്റെ ദുഷ്ടതയൊക്കെയും പ്രവർത്തിച്ചശേഷമോ--നിനക്കുകഷ്ടം, കഷ്ടം! എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു--
24 നീ ഒരു കമാനം പണിതു, സകല വീഥിയിലും ഓരോ പൂജാഗിരി ഉണ്ടാക്കി.
25 എല്ലാ വഴിത്തലക്കലും പൂജാഗിരി പണിതു, നീ നിന്റെ സൌന്ദര്യത്തെ വഷളാക്കി, വഴി പോകുന്ന ഏവന്നും നിന്റെ കാലുകളെ അകത്തി നിന്റെ പരസംഗം വർദ്ധിപ്പിച്ചു.
26 മാംസപുഷ്ടിയുള്ള മിസ്രയീമ്യരായ നിന്റെ അയൽക്കാരോടും നീ പരസംഗംചെയ്തു, എന്നെ കോപിപ്പിക്കേണ്ടതിന്നു നിന്റെ പരസംഗം വർദ്ധിപ്പിച്ചു.
27 അതുകൊണ്ടു ഞാൻ നിന്റെ നേരെ കൈ നീട്ടി, നിന്റെ നിത്യച്ചെലവു കുറെച്ചു, നിന്നെ ദ്വേഷിക്കയും നിന്റെ ദുർമ്മാർഗ്ഗത്തെക്കുറിച്ചു ലജ്ജിക്കയും ചെയ്യുന്ന ഫെലിസ്ത്യ പുത്രിമാരുടെ ഇഷ്ടത്തിന്നു നിന്നെ ഏല്പിച്ചു.
28 മതിവാരത്തവളാകയാൽ നീ അശ്ശൂർയ്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.
29 നീ കനാൻ ദേശത്തും കല്ദയദേശംവരെയും നിന്റെ പരസംഗം വർദ്ധിപ്പിച്ചു; എന്നിട്ടും അതിനാലും നിനക്കു തൃപ്തിവന്നില്ല.
30 നാണം കെട്ട വേശ്യയുടെ പ്രവൃത്തിയായിരിക്കുന്ന ഇതൊക്കെയും ചെയ്തതിൽ, നീ എല്ലാവഴിത്തലെക്കലും കമാനം പണിതു, സമലവീഥിയിലും പൂജാഗിരി ഉണ്ടാക്കിയതിൽ,
31 നിന്റെ ഹൃദയം എത്ര മാരമാൽ പൂണ്ടിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നീ കൂലി നിരസിക്കുന്നതുകൊണ്ടു വേശ്യയെപ്പോലെയല്ല.
32 ഭർത്താവിന്നു പകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!
33 സകല വേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാർക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന്നു നാലുപുറത്തുനിന്നും നിന്റെ അടുക്കൽ വരുവാൻ അവർക്കു കൈക്കൂലി കൊടുക്കയും ചെയ്യുന്നു.
34 നിന്റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്റെ അടുക്കൽ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.
35 ആകയാൽ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേൾക്ക.
36 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാരന്മാരുമായുള്ള നിന്റെ പരസംഗങ്ങളാൽ നിന്റെ പണം ചെലവഴിക്കയും നിന്റെ നഗന്ത അനാവൃതമാകയും ചെയ്കകൊണ്ടു നിന്റെ സകലമ്ളേച്ഛ വിഗ്രഹങ്ങളും നിമിത്തവും നീ അവെക്കു കൊടുത്ത നിന്റെ മക്കളുടെ രക്തംനിമിത്തവും
37 നീ രമിച്ച നിന്റെ സകലജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകെച്ച ഏവരെയും ഞാൻ കൂട്ടിവരുത്തും; ഞാൻ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവർ നിന്റെ നഗ്നത ഒക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പിൽ അനാവൃതമാക്കും.
38 വ്യഭിചരിക്കയും രക്തം ചിന്നുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാൻ നിന്നെ ന്യായം വിധിച്ചു ക്രോധത്തിന്റെയും ജാരശങ്കയുടെയും രക്തം നിന്റെ മേൽ ചൊരിയും
39 ഞാൻ നിന്നെ അവരുടെ കയ്യിൽ ഏല്പിക്കും; അവർ നിന്റെ കമാനം പൊളിച്ചു, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും അവർ നിന്റെ വസ്ത്രം അഴിച്ചു ആഭരണങ്ങളെ എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
40 അവർ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും.
41 അവർ നിന്റെ വീടുകളെ തീവെച്ചു ചുട്ടുകളയും; അനേകം സ്ത്രീകൾ കാൺകെ നിന്റെമേൽ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാൻ നിർത്തലാക്കും; നീ ഇനി ആർക്കും കൂലി കൊടുക്കയില്ല.
42 ഇങ്ങനെ ഞാൻ എന്റെ ക്രോധം നിന്നിൽ നിവർത്തിച്ചിട്ടു എന്റെ തീക്ഷ്ണത നിന്നെ വിട്ടുമാറും; പിന്നെ ഞാൻ കോപിക്കാതെ അടങ്ങിയിരിക്കും.
43 നീ നിന്റെ യൌവനകാലം ഓർക്കാതെ ഇവയാൽ ഒക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ടു, ഞാനും നിന്റെ നടപ്പിന്നു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിന്റെ സകലമ്ളേച്ഛതകൾക്കും പുറമെ നീ ഈ ദുഷ്കർമ്മവും ചെയ്തിട്ടില്ലയോ.
44 പഴഞ്ചൊല്ലു പറയുന്നവനൊക്കെയും: യഥാമാതാതഥാപുത്രീ എന്നുള്ള പഴഞ്ചൊല്ലു നിന്നെക്കുറിച്ചു പറയും.
45 നീ ഭർത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും ഭർത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാർക്കു നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പൻ അമോർയ്യനും അത്രേ.
46 നിന്റെ ജ്യേഷ്ഠത്തി നിന്റെ ഇടത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാർക്കുന്ന ശമർയ്യ; നിന്റെ അനുജത്തി നിന്റെ വലത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാർക്കുന്ന സൊദോം.
47 നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ളേച്ഛതകൾപോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചു.
48 എന്നാണ, നീയും നിന്റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
49 നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗർവ്വവും തീൻ പുളെപ്പും നിർഭയസ്വൈരവും അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല.
50 അവർ അഹങ്കാരികളായി എന്റെ മുമ്പിൽ മ്ളേച്ഛത ചെയ്തു; അതുകൊണ്ടു എനിക്കു ബോധിച്ചതുപോലെ ഞാൻ അവരെ നീക്കിക്കളഞ്ഞു.
51 ശമർയ്യയും നിന്റെ പാപങ്ങളിൽ പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാൾ നിന്റെ മ്ളേച്ഛതകളെ വർദ്ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകലമ്ളേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
52 സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്റെ ലജ്ജ വഹിക്ക; നീ അവരെക്കാൾ അധികം മ്ളേച്ഛതയായി പ്രവർത്തിച്ചരിക്കുന്ന നിന്റെ പാപങ്ങളാൽ അവർ നിന്നെക്കാൾ നീതിയുള്ളവരല്ലോ; അതേ, നീ നിന്റെ സഹോദരിമാരെ നീതീകരിച്ചതിൽ നാണിച്ചു നിന്റെ ലജ്ജ വഹിച്ചുകൊൾക.
53 നീ അവർക്കു ആശ്വാസമായി നിന്റെ ലജ്ജ വഹിക്കേണ്ടതിന്നും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ചു ലജ്ജിക്കേണ്ടതിനും
54 ഞാൻ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമർയ്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവിൽ ഉള്ള നിന്റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.
55 നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; ശമർയ്യവും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂർവ്വാവസ്ഥയിലേക്കു മടങ്ങിവരും.
56 അരാമിന്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്റെ ചുറ്റും നിന്നു നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്തു എന്നപോലെ നിന്റെ ദുഷ്ടത വെളിപ്പെടുന്നതിന്നു മുമ്പെ
57 നിന്റെ ഗർവ്വത്തിന്റെ നാളിൽ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല.
58 നിന്റെ ദുഷ്കർമ്മവും നിന്റെ മ്ളേച്ഛതകളും നീ വഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
59 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിയമം ലംഘിച്ചു സത്യം തുച്ഛീകരിക്കുന്ന നീ ചെയ്തതുപോലെ ഞാൻ നിന്നോടും ചെയ്യും.
60 എങ്കിലും നിന്റെ യൌവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.
61 നിന്റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോൾ, അന്നു നീ നിന്റെ വഴികളെ ഓർത്തു നാണിക്കും; ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; നിന്റെ നിയമപ്രകാരമല്ലതാനും.
62 നീ ചെയ്തതൊക്കെയും ഞാൻ നിന്നോടു ക്ഷമിക്കുമ്പോൾ നീ ഓർത്തു ലജ്ജിച്ചു നാണംനിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിന്നു
63 ഞാൻ നിന്നോടു എന്റെ നിയമം ചെയ്യും; ഞാൻ യഹോവ എന്നു നീ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അദ്ധ്യായം 17

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോടു ഒരു കടങ്കഥ പറഞ്ഞു ഒരു ഉപമ പ്രസ്താവിക്കേണ്ടതു;
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ട തൂവലും ഉള്ളതും പലനിറമായ പപ്പു നിറഞ്ഞതുമായ ഒരു വലിയ കഴുകൻ ലെബനോനിൽ വന്നു ഒരു ദേവദാരുവിന്റെ ശിഖരം എടുത്തു.
4 അവൻ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ചു കച്ചവടമുള്ളോരു ദേശത്തു കൊണ്ടുചെന്നു, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു.
5 അവൻ ദേശത്തിലെ തൈകളിൽ ഒന്നു എടുത്തു ഒരു വിളനിലത്തു നട്ടു; അവൻ അതിനെ വളരെ വെള്ളത്തിന്നരികെ കൊണ്ടുചെന്നു അലരിവൃക്ഷംപോലെ നട്ടു.
6 അതു വളർന്നു, പൊക്കം കുറഞ്ഞു പടരുന്ന മുന്തിരിവള്ളിയായിത്തീർന്നു; അതിന്റെ വള്ളി അവങ്കലേക്കു തിരിയേണ്ടതും അതിന്റെ വേർ അവന്നു കിഴ്പെടേണ്ടതും ആയിരുന്നു; ഇങ്ങനെ അതു മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കയും ചില്ലികളെ നീട്ടുകയും ചെയ്തു.
7 എന്നാൽ വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു; അവൻ അതു നനെക്കേണ്ടതിന്നു ആ മുന്തിരിവള്ളി തന്റെ തടത്തിൽനിന്നു വേരുകളെ അവങ്കലേക്കു തിരിച്ചു കൊമ്പുകളെ അവങ്കലേക്കു നീട്ടി.
8 കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിപ്പാനും നല്ലമുന്തിരിവള്ളി ആയിത്തീരുവാനും തക്കവണ്ണം അതിനെ വളരെ വെള്ളത്തിന്നരികെ നല്ലനിലത്തു നട്ടിരുന്നു.
9 ഇതു സാധിക്കുമോ? അതു വാടിപ്പോകത്തക്കവണ്ണം, അതിന്റെ തളിർത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നേ, അവൻ അതിന്റെ വേരുകളെ മാന്തുകയും കായി പറിച്ചുകളകയും ചെയ്കില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന്നു വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല.
10 അതു നട്ടിരിക്കുന്നു സത്യം; അതു തഴെക്കുമോ? കിഴക്കൻ കാറ്റു തട്ടുമ്പോൾ അതു തീരെ വാടിപ്പോകയില്ലയോ? വളർന്ന തടത്തിൽ തന്നേ അതു ഉണങ്ങിപ്പോകും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു എന്നു നീ പറക.
11 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
12 ഇതിന്റെ അർത്ഥം നിങ്ങൾ അറിയുന്നില്ലയോ എന്നു നീ ആ മത്സരഗൃഹത്തോടു ചോദിച്ചിട്ടു അവരോടു പറയേണ്ടതു: ബാബേൽരാജാവു യെരൂശലേമിലേക്കു വന്നു അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ചു തന്നോടുകൂടെ ബാബേലിലേക്കു കൊണ്ടുപോയി;
13 രാജസന്തതിയിൽ ഒരുത്തനെ അവൻ എടുത്തു അവനുമായി ഒരു ഉടമ്പടി ചെയ്തു അവനെക്കൊണ്ടു സത്യം ചെയ്യിച്ചു;
14 രാജ്യം തന്നെത്താൻ ഉയർത്താതെ താണിരുന്നു അവന്റെ ഉടമ്പടി പ്രമാണിച്ചു നിലനിന്നുപോരേണ്ടതിന്നു അവൻ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.
15 എങ്കിലും അവനോടു മത്സരിച്ചു ഇവൻ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരേണമെന്നു പറവാൻ ദൂതന്മാരെ മിസ്രയീമിലേക്കു അയച്ചു: അവൻ കൃതാർത്ഥനാകുമോ? ഇങ്ങനെ ചെയ്യുന്നവൻ തെറ്റി ഒഴിയുമോ? അല്ല, അവൻ ഉടമ്പടി ലംഘിച്ചിട്ടു വഴുതിപ്പോകുമോ?
16 എന്നാണ, അവനെ രാജാവാക്കിയ രാജാവിന്റെ സ്ഥലമായ ബാബേലിൽ, അവന്റെ അരികെ വെച്ചു തന്നേ, അവൻ മരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അവനോടു ചെയ്ത സത്യം അവൻ ധിക്കരിക്കയും അവനുമായുള്ള ഉടമ്പടി ലംഘിക്കയും ചെയ്തുവല്ലോ.
17 ബഹുജനത്തെ നശിപ്പിച്ചുകളവാൻ തക്കവണ്ണം അവർ വാടകോരി കൊത്തളം പണിയുമ്പോൾ ഫറവോൻ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടും കൂടെ അവന്നുവേണ്ടി യുദ്ധത്തിൽ ഒന്നും പ്രവർത്തിക്കയില്ല.
18 അവൻ ഉടമ്പടി ലംഘിച്ചു സത്യം ധിക്കരിച്ചിരിക്കുന്നു; അവൻ കയ്യടിച്ചിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാൽ അവൻ ഒഴിഞ്ഞുപോകയില്ല.
19 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നാണ, അവൻ ധിക്കരിച്ചിരിക്കുന്ന എന്റെ സത്യവും ലംഘിച്ചിരിക്കുന്ന എന്റെ ഉടമ്പടിയും ഞാൻ അവന്റെ തലമേൽ വരുത്തും.
20 ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കണിയിൽ അകപ്പെടും; ഞാൻ അവനെ ബാബേലിലേക്കു കൊണ്ടുചെന്നു, അവൻ എന്നോടു ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ചു അവിടെവെച്ചു അവനോടു വ്യവഹരിക്കും.
21 അവന്റെ ശ്രേഷ്ഠ യോദ്ധാക്കൾ ഒക്കെയും അവന്റെ എല്ലാപടക്കൂട്ടങ്ങളും വാളാൽ വീഴും; ശേഷിപ്പുള്ളവരോ നാലു ദിക്കിലേക്കും ചിതറിപ്പോകും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തു എന്നു നിങ്ങൾ അറിയും.
22 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാനും ഉയരമുള്ള ദേവദാരുവിന്റെ ഒരു ശിഖരം എടുത്തു നടും; അതിന്റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്നു ഇളയതായിരിക്കുന്ന ഒന്നു ഞാൻ മുറിച്ചെടുത്തു ഉയരവും ഉന്നതവുമായുള്ള ഒരു പർവ്വതത്തിൽ നടും.
23 യിസ്രായേലിന്റെ ഉയർന്ന പർവ്വതത്തിൽ ഞാൻ അതു നടും; അതു കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിച്ചു ഭംഗിയുള്ളോരു ദേവദാരുവായിത്തീരും; അതിന്റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികളൊക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും.
24 യഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി താണിരുന്ന വൃക്ഷത്തെ ഉയർത്തുകയും പച്ചയായുള്ള വൃക്ഷത്തെ ഉണക്കി ഉണങ്ങിയ വൃക്ഷത്തെ തഴെപ്പിക്കയും ചെയ്തിരിക്കുന്നു എന്നു കാട്ടിലെ സകലവൃക്ഷങ്ങളും അറിയും; യഹോവയായ ഞാൻ അതു പ്രസ്താവിച്ചും അനുഷ്ഠിച്ചും ഇരിക്കുന്നു.
അദ്ധ്യായം 18

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു നിങ്ങൾ യിസ്രായേൽദേശത്തു ഒരു പഴഞ്ചൊല്ലു പറയുന്നതു എന്തു?
3 എന്നാണ, നിങ്ങൾ ഇനി യിസ്രായേലിൽ ഈ പഴഞ്ചൊല്ലു പറവാൻ ഇടവരികയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
4 സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.
5 എന്നാൽ ഒരു മനുഷ്യൻ നീതിമാനായിരുന്നു നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ--
6 പൂജാഗിരികളിൽവെച്ചു ഭക്ഷണം കഴിക്കയോ യിസ്രായേൽഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയോ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കൽ ചെല്ലുകയോ ആരോടും അന്യായം പ്രവർത്തിക്കയോ ചെയ്യാതെ
7 കടം വാങ്ങിയവന്നു പണയം മടക്കിക്കൊടുക്കയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവന്നു കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും
8 പലിശെക്കു കൊടുക്കയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കയും നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊൾകയും മനുഷ്യർക്കു തമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ വിധിക്കയും
9 എന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ടു നേരോടേ നടക്കുന്നവൻ നീതിമാൻ - അവൻ നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
10 എന്നാൽ അവന്നു ഒരു മകൻ ജനിച്ചിട്ടു അവൻ നിഷ്കണ്ടകനായിരുന്നു രക്തം ചൊരിക, അവയിൽ ഏതെങ്കിലും ചെയ്ക,
11 ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളിൽ വെച്ചു ഭക്ഷണം കഴിക്ക,
12 കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, എളിയവനോടും ദരിദ്രനോടും അന്യായം ചെയ്ക, പിടിച്ചുപറിക്ക, പണയം മടക്കിക്കൊടുക്കാതിരിക്ക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക,
13 മ്ളേച്ഛത പ്രവർത്തിക്ക, പലിശെക്കു കൊടുക്ക, ലാഭം വാങ്ങുക എന്നീവക ചെയ്യുന്നവനായാൽ അവൻ ജീവിച്ചിരിക്കുമോ? അവൻ ജീവിച്ചിരിക്കയില്ല; അവൻ ഈ മ്ളേച്ഛതകളൊക്കെയും ചെയ്തുവല്ലോ; അവൻ മരിക്കും; അവന്റെ രക്തം അവന്റെ മേൽ വരും.
14 എന്നാൽ അവന്നു ഒരു മകൻ ജനിച്ചിട്ടു അവൻ തന്റെ അപ്പൻ ചെയ്ത സകല പാപങ്ങളും കണ്ടു പേടിച്ചു അങ്ങനെയുള്ളതിനെ ചെയ്യാതെ പർവ്വതങ്ങളിൽവെച്ചു ഭക്ഷണം കഴിക്ക,
15 യിസ്രായേൽഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക,
16 ആരോടെങ്കിലും അന്യായം ചെയ്ക, പണയം കൈവശം വെച്ചുകൊണ്ടിരിക്ക, പിടിച്ചുപറിക്ക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവന്നു അപ്പം കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും
17 നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊൾകയും പലിശയും ലാഭവും വാങ്ങാതിരിക്കയും എന്റെ വിധികളെ നടത്തി എന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്യുന്നു എങ്കിൽ അവൻ അപ്പന്റെ അകൃത്യംനിമിത്തം മരിക്കാതെ ജീവിച്ചിരിക്കും.
18 അവന്റെ അപ്പനോ ക്രൂരപീഡനംചെയ്തു, സഹോദരനോടു പിടിച്ചുപറിച്ചു, തന്റെ ജനത്തിന്റെ ഇടയിൽ കൊള്ളരുതാത്തതു പ്രവർത്തിച്ചതുകൊണ്ടു തന്റെ അകൃത്യത്താൽ മരിക്കും.
19 എന്നാൽ മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ടതല്ലയോ എന്നു നിങ്ങൾ ചോദിക്കുന്നു; മകൻ നീതിയും ന്യായവും പ്രവർത്തിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കും.
20 പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ട; അപ്പൻ മകന്റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.
21 എന്നാൽ ദുഷ്ടൻ താൻ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞു എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ചു, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും.
22 അവൻ ചെയ്ത അതിക്രമങ്ങളിൽ ഓന്നിനെയും അവന്നു കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും.
23 ദുഷ്ടന്റെ മരണത്തിൽ എനിക്കു അല്പമെങ്കിലും താല്പര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കേണമെന്നല്ലയോ എന്റെ താല്പര്യം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
24 എന്നാൽ നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിച്ചു, ദുഷ്ടൻ ചെയ്യുന്ന സകലമ്ളേച്ഛതകളെയുംപോലെ ചെയ്യുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവൻ ചെയ്ത ദ്രോഹത്താലും അവൻ ചെയ്ത പാപത്താലും അവൻ മരിക്കും.
25 എന്നാൽ നിങ്ങൾ: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, കേൾപ്പിൻ; എന്റെ വഴി ചൊവ്വുള്ളതല്ലയോ നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?
26 നീതിമാൻ തന്റെ നിതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതുനിമിത്തം മരിക്കും; അവൻ ചെയ്ത നീതികേടു നിമിത്തം തന്നേ അവൻ മരിക്കും.
27 ദുഷ്ടൻ താൻ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ തന്നെത്താൻ ജീവനോടെ രക്ഷിക്കും.
28 അവൻ ഓർത്തു താൻ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ടു അവൻ മരിക്കാതെ ജീവിച്ചിരിക്കും
29 എന്നാൽ യിസ്രായേൽഗൃഹം: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, എന്റെ വഴികൾ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?
30 അതുകൊണ്ടു യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തന്നും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു: അകൃത്യം നിങ്ങൾക്കു നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന്നു നിങ്ങൾ മനന്തിരിഞ്ഞു നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിൻ.
31 നിങ്ങൾ ചെയ്തിരിക്കുന്ന അതിക്രമങ്ങളൊക്കെയും നിങ്ങളിൽനിന്നു എറിഞ്ഞുകളവിൻ; നിങ്ങൾക്കു പുതിയോരു ഹൃദയത്തെയും പുതിയോരു ആത്മാവിനെയും സമ്പാദിച്ചുകൊൾവിൻ; യിസ്രായേൽഗൃഹമേ നിങ്ങൾ എന്തിനു മരിക്കുന്നു?
32 മരിക്കുന്നവന്റെ മരണത്തിൽ എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ആകയാൽ നിങ്ങൾ മനന്തിരിഞ്ഞു ജീവിച്ചുകൊൾവിൻ.
അദ്ധ്യായം 19

1 നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചു ഒരു വിലാപം ചൊല്ലേണ്ടതു:
2 നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി.
3 അവൾ തന്റെ കുട്ടികളിൽ ഒന്നിനെ വളർത്തി; അതു ഒരു ബാലസിംഹമായിത്തീർന്നു; അതു ഇര തേടി പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
4 ജാതികൾ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു; അവർ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.
5 എന്നാൽ അവൾ താൻ വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.
6 അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ചു ബാലസിംഹമായിത്തീർന്നു, ഇര തേടിപ്പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
7 അവൻ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗർജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായ്പോയി.
8 അപ്പോൾ ജാതികൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്നു അവന്റെ നേരെ വന്നു അവന്റെ മേൽ വല വീശി അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു.
9 അവർ അവനെ കൊളുത്തിട്ടു ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേൽപർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന്നു അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി.
10 നിന്റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിന്നരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ടു അതു ഫലപ്രദവും തഴെച്ചതുമായിരുന്നു.
11 അതിൽ അധിപതികളുടെ ചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളർന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പം കൊണ്ടും പ്രസിദ്ധമായിരുന്നു.
12 എന്നാൽ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കൻ കാറ്റു അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞു ഉണങ്ങിപ്പോയി തീക്കിരയായിത്തീർന്നു.
13 ഇപ്പോൾ അതിനെ മരുഭൂമിയിൽ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.
14 അതിന്റെ കൊമ്പുകളിലെ ഒരു കോലിൽനിന്നു തീ പുറപ്പെട്ടു അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ടു ആധിപത്യത്തിന്നു ചെങ്കോലായിരിപ്പാൻ തക്കബലമുള്ള കോൽ അതിൽനിന്നെടുപ്പാൻ ഇല്ലാതെപോയി; ഇതു ഒരു വിലാപം; ഒരു വിലാപമായിത്തീർന്നുമിരിക്കുന്നു.
അദ്ധ്യായം 20

1 ഏഴാം ആണ്ടു അഞ്ചാം മാസം പത്താം തിയ്യതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിപ്പാൻ വന്നു എന്റെ മുമ്പിൽ ഇരുന്നു.
2 അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
3 മനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നോടു അരുളപ്പാടു ചോദിപ്പാൻ വന്നിരിക്കുന്നുവോ? നിങ്ങൾ എന്നോടു ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു എന്നു അവരോടു പറയേണം.
4 മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ളേച്ഛതകളെ അവരോടു അറിയിച്ചുപറയേണ്ടതു:
5 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ്ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയർത്തി സത്യം ചെയ്തു, മിസ്രയീംദേശത്തുവെച്ചു എന്നെത്തന്നേ അവർക്കു വെളിപ്പെടുത്തിയ നാളിൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു കൈ ഉയർത്തിയുംകൊണ്ടു അവരോടു അരുളിച്ചെയ്തു.
6 ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കുമെന്നും ഞാൻ അവർക്കുവേണ്ടി നോക്കിവെച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതുമായ ദേശത്തിലേക്കു അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയർത്തി സത്യംചെയ്തു.
7 അവരോടു: നിങ്ങൾ ഓരോരുത്തനും താന്താന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്ന മ്ളേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിൻ; മിസ്രയീമ്യ ബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുതു, ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു.
8 അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്റെ കണ്ണിന്മുമ്പിൽ ഇരുന്ന മ്ളേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാൽ ഞാൻ: മിസ്രയീംദേശത്തിന്റെ നടുവിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകർന്നു എന്റെ കോപം അവരിൽ നിവർത്തിക്കും എന്നും അരുളിച്ചെയ്തു.
9 എങ്കിലും അവരുടെ ചുറ്റും പാർക്കയും ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാൻ എന്റെ നാമംനിമിത്തം പ്രവർത്തിച്ചു.
10 അങ്ങനെ ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു മരുഭൂമിയിൽ കൊണ്ടുവന്നു.
11 ഞാൻ എന്റെ ചട്ടങ്ങളെ അവർക്കു കൊടുത്തു, എന്റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും.
12 ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു അവർ അറിയേണ്ടതിന്നു എനിക്കും അവർക്കു ഇടയിൽ അടയാളമായിരിപ്പാൻ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാൻ അവർക്കു കൊടുത്തു.
13 യിസ്രായേൽഗൃഹമോ മരുഭൂമിയിൽവെച്ചു എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; എന്റെ ശബ്ബത്തുകളെയും അവർ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാൻ മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകർന്നു അവരെ സംഹരിക്കുമെന്നു അരുളിച്ചെയ്തു.
14 എങ്കിലും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിന്നു ഞാൻ അതിൻ നിമിത്തം പ്രവർത്തിച്ചു.
15 അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേർന്നിരുന്നതുകൊണ്ടു അവർ എന്റെ വിധികളെ ധിക്കരിച്ചു എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽ
16 ഞാൻ അവർക്കു കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സർവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതും ആയ ദേശത്തേക്കു അവരെ കൊണ്ടു വരികയില്ല എന്നു ഞാൻ മരുഭൂമിയിൽവെച്ചു കൈ ഉയർത്തി സത്യം ചെയ്തു.
17 എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയിൽവെച്ചു അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്കു അവരോടു അയ്യോഭാവം തോന്നി.
18 ഞാൻ മരുഭൂമിയിൽവെച്ചു അവരുടെ മക്കളോടു: നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുതു; അവരുടെ വിധികളെ പ്രമാണിക്കരുതു; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു;
19 ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങൾ എന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിപ്പിൻ;
20 എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയേണ്ടതിന്നു അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു.
21 എന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; അവർ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകർന്നു എന്റെ കോപം അവരിൽ നിവർത്തിക്കും എന്നു അരുളിച്ചെയ്തു.
22 എങ്കിലും ഞാൻ എന്റെ കൈ പിൻവലിക്കയും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു അതുനിമിത്തം പ്രവർത്തിക്കയും ചെയ്തു.
23 അവർ എന്റെ വിധികളെ അനുഷ്ഠിക്കാതെ എന്റെ ചട്ടങ്ങളെ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണു അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ടു,
24 ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്നു മരുഭൂമിയിൽവെച്ചു കൈ ഉയർത്തി അവരോടു സത്യം ചെയ്തു.
25 ഞാൻ അവർക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാൻ ഉതകാത്ത വിധികളെയും കൊടുത്തു.
26 ഞാൻ യഹോവ എന്നു അവർ അറിവാൻ തക്കവണ്ണം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന്നു അവർ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിൽ ഞാൻ അവരെ അവരുടെ സ്വന്തവഴിപാടുകളാൽ അശുദ്ധമാക്കി.
27 അതുകൊണ്ടു മരുഷ്യപുത്രാ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതെന്തെന്നാൽ: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതിൽ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു.
28 അവർക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശത്തേക്കു ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ: ഉയർന്ന എല്ലാകുന്നും തഴെച്ച സകലവൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അർപ്പിക്കയും കോപ ഹേതുകമായ വഴിപാടു കഴിക്കയും സൌരഭ്യവാസന നിവേദിക്കയും പാനിയബലികളെ പകരുകയും ചെയ്തു.
29 നിങ്ങൾ പോകുന്ന പൂജാഗിരി എന്തു എന്നു ഞാൻ അവരോടു ചോദിച്ചു; ഇന്നുവരെയും അതിന്നു പൂജാഗിരി എന്നു പേർ പറഞ്ഞുവരുന്നു.
30 അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നേ അശുദ്ധമാക്കുവാനും അവരുടെ മ്ളേച്ഛവിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്‍വാനും പോകുന്നുവോ?
31 നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവശേം ചെയ്യിക്കുന്നതിനാലും നിങ്ങൾ ഇന്നുവരെ നിങ്ങളുടെ സകലവിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുന്നു; യിസ്രായേൽഗൃഹമേ, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? നിങ്ങൾ ചോദിച്ചാൽ, എന്നാണ ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
32 നാം മരത്തെയും കല്ലിനെയും സേവിച്ചു, ജാതികളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക എന്നു നിങ്ങൾ പറയുന്നതായി നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കയില്ല.
33 എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
34 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ജാതികളിൽനിന്നു പുറപ്പെടുവിക്കയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കയും ചെയ്യും.
35 ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും.
36 മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
37 ഞാൻ നിങ്ങളെ കോലിൻ കീഴെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉൾപ്പെടുത്തും.
38 എന്നോടു മത്സരിച്ചു അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയും; അവർ ചെന്നു പാർക്കുന്ന രാജ്യത്തുനിന്നു ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽദേശത്തു അവർ കടക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
39 യിസ്രായേൽഗൃഹമേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചെന്നു ഓരോരുത്തൻ താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊൾവിൻ; എന്നാൽ പിന്നെത്തേതിൽ നിങ്ങൾ എന്റെ വാക്കു കേൾക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെകൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല.
40 എന്റെ വിശുദ്ധപർവ്വതത്തിൽ യിസ്രായേലിന്റെ ഉന്നത പർവ്വതത്തിൽ തന്നേ, യിസ്രായേൽഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവെച്ചു എന്നെ സേവിക്കുമെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അവിടെ ഞാൻ അവരെ സ്വീകരിക്കും; അവിടെ ഞാൻ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകലനിവേദ്യങ്ങളെയും ആഗ്രഹിക്കും.
41 ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്നരാജ്യങ്ങളിൽ നിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൌരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജാതികൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും.
42 നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശമായ യിസ്രായേൽദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
43 അവിടെവെച്ചു നിങ്ങൾ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നേ മലിനമാക്കിയ സകലക്രിയകളെയും ഓർക്കും; നിങ്ങൾ ചെയ്ത സകല ദോഷവുംനിമിത്തം നിങ്ങൾക്കു നിങ്ങളോടു തന്നേ വെറുപ്പുതോന്നും.
44 യിസ്രായേൽഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികൾക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികൾക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തം തന്നേ ഞാൻ നിങ്ങളോടു പ്രവർത്തിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
45 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
46 മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ചു ദക്ഷിണദേശത്തോടു പ്രസംഗിച്ചു തെക്കെദിക്കിലെ കാട്ടിനോടു പ്രവചിച്ചു തെക്കുള്ള കാട്ടിനോടു പറയേണ്ടതു:
47 യഹോവയുടെ വചനം കേൾക്ക; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിനക്കു തീ വെക്കും; അതു നിന്നിൽ പച്ചയായുള്ള സകലവൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകലവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാലകെട്ടുപോകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാൽ കരിഞ്ഞുപോകും.
48 യഹോവയായ ഞാൻ അതു കത്തിച്ചു എന്നു സകലജഡവും കാണും; അതു കെട്ടുപോകയുമില്ല.
49 അപ്പോൾ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, ഇവൻ മറപൊരുൾ അല്ലോ പറയുന്നതു എന്നു അവർ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.
അദ്ധ്യായം 21

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നിന്റെ മുഖം യെരൂശലേമിന്നു നേരെ തിരിച്ചു വിശുദ്ധമന്ദിരത്തിന്നു വിരോധമായി പ്രസംഗിച്ചു യിസ്രായേൽദേശത്തിന്നു വിരോധമായി പ്രവചിച്ചു യിസ്രായേൽദേശത്തോടു പറയേണ്ടതു:
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ നേരെ പുറപ്പെട്ടു എന്റെ വാൾ ഉറയിൽനിന്നു ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളയും.
4 ഞാൻ നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളവാൻ പോകുന്നതുകൊണ്ടു, തെക്കുമുതൽ വടക്കുവരെ സകലജഡത്തിന്നും വിരോധമായി എന്റെ വാൾ ഉറയിൽനിന്നു പുറപ്പെടും.
5 യഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്നു ഊരിയെന്നു സകലജഡവും അറിയും.
6 അതു ഇനി മടങ്ങിപ്പോരികയില്ല. നീയോ, മനുഷ്യപുത്രാ, നിന്റെ നടു ഒടികെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക.
7 എന്തിന്നു നെടുവീർപ്പിടുന്നു എന്നു അവർ നിന്നോടു ചോദിച്ചാൽ നീ ഉത്തരം പറയേണ്ടതു: ഒരു വർത്തമാനംനിമിത്തം തന്നേ; അതു സംഭവിക്കുമ്പോൾ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നു കഴിഞ്ഞു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
8 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
9 മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു വാൾ; ഒരു വാൾ; അതു മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്നു പറക.
10 കുല നടത്തുവാൻ അതിന്നു മൂർച്ചകൂട്ടിയിരിക്കുന്നു; മിന്നുവാൻ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ? അതു എന്റെ മകന്റെ ചെങ്കോലിനെയും സകലവൃക്ഷത്തെയും നിരസിക്കുന്നു.
11 ഉപയോഗിപ്പാൻ തക്കവണ്ണം അവൻ അതു മിനുക്കുവാൻ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്റെ കയ്യിൽ കൊടുപ്പാൻ ഈ വാൾ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
12 മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അതു എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുടെ മേലും വരും അവർ എന്റെ ജനത്തോടുകൂടെ വാളിന്നു ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്ക.
13 അതൊരു പരീക്ഷയല്ലോ; എന്നാൽ നിരസിക്കുന്ന ചെങ്കോൽ തന്നേ ഇല്ലാതെപോയാൽ എന്തു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
14 നീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാൾ, നിഹതന്മാരുടെ വാൾ തന്നേ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാൾ അവരെ ചുറ്റുന്നു.
15 അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിന്നും അവരിൽ പട്ടുപോയവർ പെരുകേണ്ടതിന്നും ഞാൻ വാളിൻ മുനയെ അവരുടെ എല്ലാ വാതിലുകൾക്കും നേരെ വെച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കുലെക്കായി കൂർപ്പിച്ചിരിക്കുന്നു.
16 പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ നിന്റെ വായ്ത്തല തിരിയുന്നെടത്തേക്കു തന്നേ പുറപ്പെടുക.
17 ഞാനും കൈ കൊട്ടി, എന്റെ ക്രോധത്തെ ശമിപ്പിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
18 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
19 മനുഷ്യപുത്രാ, ബാബേൽ രാജാവിന്റെ വാൾ വരേണ്ടതിന്നു നീ രണ്ടു വഴി നിയമിക്ക; രണ്ടും ഒരു ദേശത്തുനിന്നു തന്നേ പുറപ്പെടേണം; ഒരു കൈചൂണ്ടി ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലെക്കൽ നാട്ടുക.
20 അങ്ങനെ വാൾ അമ്മോന്യരുടെ രബ്ബയിലും യെഹൂദയിൽ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിന്നു നീ വഴി നിയമിക്ക.
21 ബാബേൽരാജാവു ഇരുവഴിത്തലെക്കൽ, വഴിത്തിരിവിങ്കൽ തന്നേ, പ്രശ്നം നോക്കുവാൻ നില്ക്കുന്നു; അവൻ തന്റെ അമ്പുകളെ കുലുക്കി കുലദേവന്മാരോടു ചോദിക്കയും കരൾ നോക്കുകയും ചെയ്യുന്നു.
22 യന്ത്രമുട്ടികളെ വെക്കേണ്ടതിന്നും വൻ കുലെക്കായി വായ്പിളർന്നു ആർപ്പുവിളിക്കേണ്ടതിന്നും വാതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെക്കേണ്ടതിന്നും വാട കോരി കൊത്തളം പണിയേണ്ടതിന്നും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്റെ വലങ്കയ്യിൽ വന്നിരിക്കുന്നു.
23 എന്നാൽ അതു അവർക്കു വ്യാജലക്ഷണമായി തോന്നുന്നു; അവർ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാൽ അവർ പിടിക്കപ്പെടേണ്ടതിന്നു അവർ അകൃത്യം ഓർപ്പിക്കുന്നു.
24 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ സകലപ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങൾ പ്രത്യക്ഷമാകത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങൾ വെളിപ്പെട്ടുവരുന്നതിനാൽ നിങ്ങൾ നിങ്ങളുടെ അകൃത്യം ഓർപ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഓർത്തിരിക്കുന്നതുകൊണ്ടും നിങ്ങളെ കയ്യാൽ പിടിക്കും.
25 നിഹതനും ദുഷ്ടനുമായി യിസ്രായേലിന്റെ പ്രഭുവായുള്ളോവേ, അന്ത്യാകൃത്യത്തിന്റെ കാലത്തു നിന്റെ നാൾ വന്നിരിക്കുന്നു.
26 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും; അതു അങ്ങനെ ഇരിക്കയില്ല; ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും.
27 ഞാൻ അതിന്നു ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന്നു അവകാശമുള്ളവൻ വരുവോളം അതു ഇല്ലാതെയിരിക്കും; അവന്നു ഞാൻ അതു കൊടുക്കും.
28 മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
29 അന്ത്യാകൃത്യത്തിന്റെ കാലത്തു, നാൾ വന്നവരായി ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തിൽ വെക്കേണ്ടതിന്നു അവർ നിനക്കു വ്യാജം ദർശിക്കുന്ന നേരത്തും നിനക്കു ഭോഷ്കുലക്ഷണം പറയുന്ന നേരത്തും ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു; അതു മിന്നൽപോലെ മിന്നേണ്ടതിന്നും തിന്നുകളയേണ്ടതിന്നും കുലെക്കായി മിനുക്കിയിരിക്കുന്നു എന്നു പറക.
30 അതിനെ ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തു, നിന്റെ ജന്മദേശത്തു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും,
31 ഞാൻ എന്റെ ക്രോധം നിന്റെമേൽ പകർന്നു എന്റെ കോപാഗ്നി നിന്റെമേൽ ഊതി, മൃഗപ്രായരും നശിപ്പിപ്പാൻ മിടുക്കന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നെ ഏല്പിക്കും.
32 നീ തീക്കിരയായ്തീരും; നിന്റെ രക്തം നിന്റെ ദേശത്തിന്റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഓർക്കയില്ല; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
അദ്ധ്യായം 22

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നീ ന്യായംവിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ? എന്നാൽ നീ അതിന്റെ സകലമ്ളേച്ഛതകളെയും അതിനോടു അറിയിച്ചു പറയേണ്ടതു:
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ കാലം വരുവൻ തക്കവണ്ണം നിന്റെ നടുവിൽ രക്തം ചൊരിഞ്ഞു നിന്നെത്തന്നേ മലിനമാക്കേണ്ടതിന്നു വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!
4 നീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരത്തിയായ്തീർന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നേ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകൾ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാൻ നിന്നെ ജാതികൾക്കു നിന്ദയും സകലദേശങ്ങൾക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
5 നിനക്കു സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവർ ദുഷ്കീർത്തിയും ബഹുതുമുലവും ഉള്ള നിന്നെ പരിഹസിക്കും.
6 യിസ്രായേൽപ്രഭുക്കന്മാർ ഓരോരുത്തനും തന്നാൽ കഴിയുന്നെടത്തോളം രക്തം ചൊരിവാനത്രേ നിന്നിൽ ഇരിക്കുന്നതു.
7 നിന്റെ മദ്ധ്യേ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവെച്ചു അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
8 എന്റെ വിശുദ്ധ വസ്തുക്കളെ നീ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.
9 രക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവർ നിന്നിൽ ഉണ്ടു; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവർ നിന്നിൽ ഉണ്ടു; നിന്റെ നടുവിൽ അവർ ദുഷ്കർമ്മം പ്രവർത്തിക്കുന്നു.
10 നിന്നിൽ അവർ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവെച്ചു അവർ ഋതുമാലിന്യത്തിൽ ഇരിക്കുന്നവളെ വഷളാക്കുന്നു.
11 ഒരുത്തൻ തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ളേച്ഛത പ്രവർത്തിക്കുന്നു; മറ്റൊരുത്തൻ തന്റെ മരുമകളെ ദുർമ്മര്യാദ പ്രവർത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തൻ നിന്നിൽവെച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.
12 രക്തംചൊരിയേണ്ടതിന്നു അവർ നിന്നിൽ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
13 നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാൻ കൈകൊട്ടും:
14 ഞാൻ നിന്നോടു കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നില്ക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവൃത്തിക്കയും ചെയ്യും.
15 ഞാൻ നിന്നെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചു നിന്റെ മലിനത നിങ്കൽനിന്നു നീക്കും.
16 ജാതികൾ കാൺകെ നീ നിന്നിൽത്തന്നേ മലിനയായ്തീരും; ഞാൻ യഹോവ എന്നു നീ അറിയും.
17 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
18 മനുഷ്യപുത്രാ, യിസ്രായേൽഗൃഹം എനിക്കു കിട്ടുമായ്തീർന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവിൽ താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവർ വെള്ളിയുടെ കിട്ടമായ്തീർന്നിരിക്കുന്നു;
19 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എല്ലാവരും കിട്ടമായ്തീർന്നിരിക്കകൊണ്ടു ഞാൻ നിങ്ങളെ യെരൂശലേമിന്റെ നടുവിൽ കൂട്ടും.
20 വെള്ളിയും താമ്രവും ഇരിമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവിൽ ഇട്ടു ഊതി ഉരുക്കുന്നതുപോലെ ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും.
21 ഞാൻ നിങ്ങളെ കൂട്ടി എന്റെ ക്രോധാഗ്നിയെ നിങ്ങളുടെ മേൽ ഊതും; അങ്ങനെ നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും.
22 ഉലയുടെ നടുവിൽ വെള്ളി ഉരുകിപ്പോകുന്നതു പോലെ, നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും; യഹോവയായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ പകർന്നിരിക്കുന്നു എന്നു നിങ്ങൾ അറിയും.
23 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
24 മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടതു: ക്രോധദിവസത്തിൽ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും.
25 അതിന്റെ നടുവിൽ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ടു; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവർ ദേഹികളെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളെയും വലിയേറിയ വസ്തുക്കളെയും അപഹരിച്ചുകൊണ്ടു അവർ അതിന്റെ നടുവിൽ വിധവമാരെ വർദ്ധിപ്പിക്കുന്നു.
26 അതിലെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവർ ശുദ്ധവും അശുദ്ധവും തമ്മിൽ വേറുതിരിക്കുന്നില്ല; മലിനവും നിർമ്മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാൻ അവരുടെ മദ്ധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറെച്ചുകളയുന്നു.
27 അതിന്റെ നടുവിലെ പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന്നു ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.
28 അതിലെ പ്രവാചകന്മാർ വ്യാജം ദർശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ടു അവർക്കു കുമ്മായം തേക്കുന്നു.
29 ദേശത്തിലെ ജനം ഞെരുക്കം ചെയ്കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു.
30 ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന്നു ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.
31 ആകയാൽ ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്നു എന്റെ കോപാഗ്നികൊണ്ടു അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിന്നു തക്കവണ്ണം ഞാൻ അവർക്കു പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അദ്ധ്യായം 23

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു.
3 അവർ മിസ്രയീമിൽവെച്ചു പരസംഗംചെയ്തു; യൌവനത്തിൽ തന്നേ അവർ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി.
4 അവരിൽ മൂത്തവൾക്കു ഒഹൊലാ എന്നും ഇളയവർക്കു ഒഹൊലീബാ എന്നു പേരായിരുന്നു; അവർ എനിക്കുള്ളവരായിരുന്നു പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമർയ്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.
5 എന്നാൽ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;
6 അവൾ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂർയ്യജാരന്മാരെ മോഹിച്ചു.
7 അശ്ശൂർയ്യശ്രേഷ്ഠന്മാരായവരോടു ഒക്കെയും തന്റെ വേശ്യാവിദ്യകളെ ചെലവഴിച്ചു, താൻ മോഹിച്ചുപോന്ന ഏവരുടെയും സകലവിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താൻ മലിനയാക്കി.
8 മിസ്രയീമിൽനിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവൾ വിട്ടില്ല; അവർ അവളുടെ യൌവനത്തിൽ അവളോടുകൂടെ ശയിച്ചു, അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേൽ ചൊരിഞ്ഞു.
9 അതുകൊണ്ടു ഞാൻ അവളെ അവളുടെ ജാരന്മാരുടെ കയ്യിൽ, അവൾ മോഹിച്ചിരുന്ന അശ്ശൂർയ്യരുടെ കയ്യിൽതന്നേ, ഏല്പിച്ചു.
10 അവർ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാൾകൊണ്ടു കൊല്ലുകയും ചെയ്തു; അവർ അവളുടെമേൽ വിധി നടത്തിയതുകൊണ്ടു അവൾ സ്ത്രീകളുടെ ഇടയിൽ ഒരു നിന്ദാപാത്രമായിത്തീർന്നു.
11 എന്നാൽ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്റെ കാമവികാരത്തിൽ അവളെക്കാളും തന്റെ വേശ്യാവൃത്തിയിൽ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്വം പ്രവർത്തിച്ചു.
12 മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായ സമീപസ്ഥരായ അശ്ശൂർയ്യരെ മോഹിച്ചു,
13 അവളും തന്നെത്താൻ മലിനയാക്കി എന്നു ഞാൻ കണ്ടു; ഇരുവരും ഒരു വഴിയിൽ തന്നേ നടന്നു.
14 അവൾ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ടു എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,
15 കല്ദയദേശം ജന്മഭൂമിയായുള്ള ബാബേൽക്കാരുടെ രൂപത്തിൽ അരെക്കു കച്ചകെട്ടി തലയിൽ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേൽ വരെച്ചിരിക്കുന്നതു അവൾ കണ്ടു.
16 കണ്ട ഉടനെ അവൾ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.
17 അങ്ങനെ ബാബേൽക്കാർ പ്രേമശയനത്തിന്നായി അവളുടെ അടുക്കൽ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായ്തീർന്നു; പിന്നെ അവൾക്കു അവരോടു വെറുപ്പുതോന്നി.
18 ഇങ്ങനെ അവൾ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോൾ എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.
19 എന്നിട്ടും അവൾ മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്റെ യൌവനകാലം ഓർത്തു പരസംഗം വർദ്ധിപ്പിച്ചു.
20 കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.
21 ഇങ്ങനെ നിന്റെ യൌവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.
22 അതുകൊണ്ടു ഒഹൊലീബയേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽക്കാർ, കല്ദയർ ഒക്കെയും, പെക്കോദ്യർ, ശോവ്യർ,
23 കോവ്യർ, അശ്ശൂർയ്യർ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാൻ നിനക്കു വിരോധമായി ഉണർത്തി ചുറ്റും നിന്റെ നേരെ വരുത്തും.
24 അവർ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവർ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാൻ ന്യായവിധി അവർക്കു ഭരമേല്പിക്കും; അവർ തങ്ങളുടെ ന്യായങ്ങൾക്കു അനുസാരമായി നിന്നെ ന്യായം വിധിക്കും.
25 ഞാൻ എന്റെ തീക്ഷ്ണത നിന്റെ നേരെ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോടു പെരുമാറും; അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവർ വാൾകൊണ്ടു വീഴും; അവർ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവർ തീക്കിരയാകും.
26 അവർ നിന്റെ വസ്ത്രം ഉരിഞ്ഞു ആഭരണങ്ങളെ എടുത്തുകളയും.
27 ഇങ്ങനെ ഞാൻ നിന്റെ ദുർമ്മര്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിർത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഓർക്കുകയുമില്ല.
28 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നീ പകെക്കുന്നവരുടെ കയ്യിൽ, നിനക്കു വെറുപ്പു തോന്നുന്നവരുടെ കയ്യിൽ തന്നേ ഏല്പിക്കും.
29 അവർ പകയോടെ നിന്നോടു പെരുമാറി നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുർമ്മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
30 നീ ജാതികളോടു ചേന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.
31 നീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ടു ഞാൻ അവളുടെ പാനപാത്രം നിന്റെ കയ്യിൽ തരും.
32 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ചു നിന്ദെക്കും പരിഹാസത്തിന്നും വിഷയമായ്തീരും; അതിൽ വളരെ കൊള്ളുമല്ലോ.
33 സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമർയ്യരുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.
34 നീ അതു കുടിച്ചു വറ്റിച്ചു ഉടെച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
35 ആകയാൽ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്നു എന്നെ നിന്റെ പിറകിൽ എറിഞ്ഞുകളകകൊണ്ടു നീ നിന്റെ ദുർമ്മര്യാദയും പരസംഗവും വഹിക്ക.
36 പിന്നെയും യഹോവ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാൽ അവരുടെ മ്ളേച്ഛതകളെ അവരോടു അറിയിക്ക.
37 അവർ വ്യഭിചാരം ചെയ്തു, അവരുടെ കയ്യിൽ രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവർ വ്യഭിചാരം ചെയ്തു; അവർ എനിക്കു പ്രസവിച്ച മക്കളെ അവെക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
38 ഒന്നുകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നാളിൽ തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.
39 അവർ തങ്ങളുടെ മക്കളെ വിഗ്രഹങ്ങൾക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവർ എന്റെ ആലയത്തിന്റെ നടുവിൽ ചെയ്തതു.
40 ഇതുകൂടാതെ ദൂരത്തുനിന്നു വന്ന പുരുഷന്മാർക്കു അവർ ആളയച്ചു; ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്ന ഉടനെ അവർ വന്നു; അവർക്കു വേണ്ടി നീ കുളിച്ചു, കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞു,
41 ഭംഗിയുള്ളോരു കട്ടിലിന്മേൽ ഇരുന്നു, അതിന്റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു;
42 നിർഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടു കൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ചു, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവർ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വെക്കയും ചെയ്തു.
43 അപ്പോൾ ഞാൻ: കിഴവിയായവൾ വ്യഭിചാരം ചെയ്യും; ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.
44 അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.
45 എന്നാൽ നീതിമാന്മാരായ പുരുഷന്മാർ വ്യഭിചാരിണികൾക്കു തക്ക ന്യായപ്രകാരവും രക്തപാതകികൾക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവർ വ്യഭിചാരിണികളല്ലോ; അവരുകട കയ്യിൽ രക്തവും ഉണ്ടു.
46 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവർച്ചെക്കും ഏല്പിക്കും.
47 ആ സഭ അവരെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.
48 ഇങ്ങനെ നിങ്ങളുടെ ദുർമ്മര്യാദപോലെ ചെയ്യാതിരിപ്പാൻ സകലസ്ത്രീകളുടെ ഒരു പാഠം പഠിക്കേണ്ടതിന്നു ഞാൻ ദുർമ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.
49 അങ്ങനെ അവർ നിങ്ങളുടെ ദുർമ്മര്യാദെക്കു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
അദ്ധ്യായം 24

1 ഒമ്പതാം ആണ്ടു പത്താം മാസം, പത്താം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, ഈ തിയ്യതി ഇന്നത്തെ തിയ്യതി തന്നേ, എഴുതിവെക്കുക; ഇന്നുതന്നേ ബാബേൽരാജാവു യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.
3 നീ മത്സരഗൃഹത്തോടു ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വെക്ക; വെച്ചു അതിൽ വെള്ളം ഒഴിക്ക.
4 മാംസകഷണങ്ങൾ, തുട കൈക്കുറകു മുതലായ നല്ല കഷണങ്ങൾ ഒക്കെയും തന്നേ എടുത്തു അതിൽ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങൾകൊണ്ടു അതിനെ നിറെക്കുക.
5 ആട്ടിൻ കൂട്ടത്തിൽനിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്നു, അതിന്റെ കീഴെ വിറകു അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികൾ അതിന്നകത്തു കിടന്നു വേകട്ടെ.
6 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തു ക്ളാവുള്ളതും ക്ളാവു വീട്ടുപോകാത്തതുമായ കുട്ടുകത്തിന്നു, രക്തപാതകമുള്ള നഗരത്തിന്നു തന്നേ, അയ്യോ കഷ്ടം! അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്ക; ചീട്ടു അതിന്മേൽ വീണിട്ടില്ല.
7 അവൾ ചൊരിങ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യേ ഉണ്ടു; അവൾ അതു വെറും പാറമേലത്രേ ചൊരിഞ്ഞതു; മണ്ണുകൊണ്ടു മൂടുവാൻ തക്കവണ്ണം അതു നിലത്തു ഒഴിച്ചില്ല.
8 ക്രോധം വരുത്തേണ്ടതിന്നും പ്രതികാരം ചെയ്യേണ്ടതിന്നും ഞാൻ, അവൾ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേൽ തന്നേ നിർത്തിയിരിക്കുന്നു.
9 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രക്തപാതകങ്ങളുടെ നഗരത്തിന്നു അയ്യോ കഷ്ടം! ഞാൻ വിറകുകൂമ്പാരം വലുതാക്കും.
10 വിറകു കൂട്ടുക; തീ കത്തിക്ക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികൾ വെന്തുപോകട്ടെ.
11 അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന്നു അതിന്റെ കറ അതിൽ ഉരുകേണ്ടതിന്നും അതിന്റെ ക്ളാവു ഇല്ലാതെയാകേണ്ടതിന്നും അതു ഒഴിച്ചെടുത്തു കനലിന്മേൽ വെക്കുക.
12 അവൾ അദ്ധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ളാവു അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ളാവു തീയാലും വിട്ടുപോകുന്നില്ല.
13 നിന്റെ മലിനമായ ദുർമ്മര്യാദനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാൽ ഞാൻ എന്റെ ക്രോധം നിന്റെമേൽ തീർക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായ്തീരുകയില്ല.
14 യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാൻ അതു അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല, നിന്റെ നടപ്പിന്നും ക്രിയകൾക്കും തക്കവണ്ണം അവർ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
15 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
16 മനുഷ്യപുത്രാ, ഞാൻ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒരേ അടിയാൽ നിങ്കൽനിന്നു എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീർ വാർക്കുകയോ ചെയ്യരുതു.
17 നീ മൌനമായി നെടുവീർപ്പിട്ടുകൊൾക; മൃതവിലാപം കഴിക്കരുതു; തലെക്കു തലപ്പാവു കെട്ടി കാലിന്നു ചെരിപ്പിടുക; അധരം മൂടരുതു; മറ്റുള്ളവർ കൊടുത്തയക്കുന്ന അപ്പം തിന്നുകയും അരുതു.
18 അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്തു എന്റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാൻ പിറ്റെ രാവിലെ ചെയ്തു.
19 അപ്പോൾ ജനം എന്നോടു: നീ ഈ ചെയ്യുന്നതിന്റെ അർത്ഥം എന്തു? ഞങ്ങൾക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.
20 അതിന്നു ഞാൻ അവരോടു ഉത്തരം പറഞ്ഞതു: യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
21 നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഗർവ്വിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കും; നിങ്ങൾ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും.
22 ഞാൻ ചെയ്തതു പോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങൾ അധരം മൂടാതെയും മറ്റുള്ളവർ കൊടുത്തയക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.
23 നിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പു കാലിലും ഇരിക്കും; നിങ്ങൾ വിലപിക്കയോ കരകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നേ ക്ഷയിച്ചു തമ്മിൽ തമ്മിൽ നോക്കി ഞരങ്ങും.
24 ഇങ്ങനെ യെഹെസ്കേൽ നിങ്ങൾക്കു ഒരടയാളം ആയിരിക്കും; അവൻ ചെയ്തതുപോലെ ഒക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
25 മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അവരിൽനിന്നു എടുത്തുകളയുന്ന നാളിൽ
26 ആ നാളിൽ തന്നേ, ചാടിപ്പോകുന്ന ഒരുത്തൻ നിന്റെ അടുക്കൽ വന്നു വസ്തുത നിന്നെ പറഞ്ഞു കേൾപ്പിക്കും;
27 ചാടിപ്പോയവനോടു സംസാരിപ്പാൻ അന്നു നിന്റെ വായ് തുറക്കും; നീ ഇനി മൌനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്കു ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.
അദ്ധ്യായം 25

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ചു അവരെക്കുറിച്ചു പ്രവചിച്ചു അമ്മോന്യരോടു പറയേണ്ടതു:
3 യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമായ്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായ്തീർന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ടു
4 ഞാൻ നിന്നെ കിഴക്കുള്ളവർക്കു കൈവശമാക്കിക്കൊടുക്കും; അവർ നിങ്കൽ പാളയമടിച്ചു, നിവാസങ്ങളെ ഉണ്ടാക്കും; അവർ നിന്റെ ഫലം തിന്നുകയും നിന്റെ പാൽ കുടിക്കയും ചെയ്യും.
5 ഞാൻ രബ്ബയെ ഒട്ടകങ്ങൾക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിൻ കൂട്ടങ്ങൾക്കു താവളവും ആക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
6 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാൽകൊണ്ടു ചവിട്ടി സർവ്വനിന്ദയോടുംകൂടെ ഹൃദയപൂർവ്വം സന്തോഷിച്ചതുകൊണ്ടു,
7 ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ ജാതികൾക്കു കവർച്ചയായി കൊടുക്കും; ഞാൻ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ചു ദേശങ്ങളിൽ നിന്നു മുടിച്ചു നശപ്പിച്ചുകളയും; ഞാൻ യഹോവ എന്നു നീ അറിയും.
8 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ടു,
9 ഞാൻ മോവാബിന്റെ പാർശ്വത്തെ അതിന്റെ അതൃത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കീർയ്യഥയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവെച്ചു
10 അവയെ അമ്മോന്യർ ജാതികളുടെ ഇടയിൽ ഓർക്കപ്പെടാതെ ഇരിക്കേണ്ടതിന്നു അമ്മോന്യരോടുകൂടെ കഴിക്കുള്ളവർക്കു കൈവശമാക്കിക്കൊടുക്കും.
11 ഇങ്ങനെ ഞാൻ മോവാബിൽ ന്യായവിധി നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.
12 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി ഏറ്റവും കുറ്റം ചെയ്തിരിക്കുന്നു.
13 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ ഏദോമിന്റേ നേരെ കൈ നീട്ടി അതിൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചു അതിനെ ശൂന്യമാക്കിക്കളയും; തേമാൻ മുതൽ ദേദാൻ വരെ അവർ വാളിനാൽ വീഴും.
14 ഞാൻ എന്റെ ജനമായ യിസ്രായേൽമുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവർ എന്റെ കോപത്തിന്നും എന്റെ ക്രോധത്തിന്നും തക്കവണ്ണം എദോമിനോടു ചെയ്യും; അപ്പോൾ അവർ എന്റെ പ്രതികാരം അറിയും എന്നു യഹേഅവയായ കർത്താവിന്റെ അരുളപ്പാടു.
15 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഫെലിസ്ത്യർ പ്രതികാരം ചെയ്തു പൂർവ്വദ്വേഷത്തോടും നാശം വരുത്തുവാൻ നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയിരിക്കകൊണ്ടു
16 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടൽക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.
17 ഞാൻ ക്രോധശിക്ഷകളോടുകൂടെ അവരോടു മഹാപ്രതികാരം നടത്തും; ഞാൻ പ്രതികാരം അവരോടു നടത്തുമ്പോൾ, ഞാൻ യഹോവ എന്നു അവർ അറിയും.
അദ്ധ്യായം 26

1 പതിനൊന്നാം ആണ്ടു ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചു: നന്നായി, ജാതികളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവർ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായ്തീർന്നിരിക്കയാൽ ഞാൻ നിറയും എന്നു സോർ പറയുന്നതുകൊണ്ടു
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.
4 അവർ സോരിന്റെ മതിലുകളെ നശിപ്പിച്ചു, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും.
5 അതു സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിന്നുള്ള സ്ഥലമായ്തീരും; ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അതു ജാതികൾക്കു കവർച്ചയായ്തീരും.
6 നാട്ടുപുറത്തുള്ള അതിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; ഞാൻ യഹോവ എന്നു അവർ അറിയും.
7 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ സോരിന്നുനേരെ വരുത്തും.
8 അവൻ നാട്ടുപുറത്തുള്ള നിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെ നേരെ കൊത്തളം പണിതു വാടകോരി നിന്റെ നേരെ ഒരു മറ നിർത്തും.
9 അവൻ നിന്റെ മതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെച്ചു കോടാലികൊണ്ടു നിന്റെ ഗോപുരങ്ങളെ തകർത്തുകളയും.
10 അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ടു നിന്റെ മതിലുകൾ കുലുങ്ങിപ്പോകും.
11 തന്റെ കുതിരകളുടെ കുളമ്പുകൊണ്ടു അവൻ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും.
12 അവർ നിന്റെ സമ്പത്തു കവർന്നു നിന്റെ ചരകൂ കൊള്ളയിട്ടു നിന്റെ മതിലുകൾ ഇടിച്ചു നിന്റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും.
13 നിന്റെ പാട്ടുകളുടെ ഘോഷം ഞാൻ ഇല്ലാതാക്കും; നിന്റെ വീണകളുടെ നാദം ഇനി കേൾക്കയുമില്ല.
14 ഞാൻ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
15 യഹോവയായ കർത്താവു സോരിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിഹതന്മാർ ഞരങ്ങുമ്പോഴും നിന്റെ നടുവിൽ സംഹാരം നടക്കുമ്പോഴും നിന്റെ വീഴ്ചയുടെ ഒച്ചയാൽ ദ്വീപുകൾ നടുങ്ങിപ്പോകയില്ലയോ?
16 അപ്പോൾ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികളെ നീക്കി വിചിത്രവസ്ത്രങ്ങളെ അഴിച്ചുവെക്കും; അവർ വിറയൽ പൂണ്ടു നിലത്തിരുന്നു മാത്രതോറും വിറെച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും.
17 അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയും: സമുദ്രസഞ്ചാരികൾ പാർത്തതും കീർത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകലനിവാസികൾക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ!
18 ഇപ്പോൾ നിന്റെ വീഴ്ചയുടെ നാളിൽ ദ്വീപുകൾ വിറെക്കും; അതെ, സമുദ്രത്തിലെ ദ്വീപുകൾ നിന്റെ നിര്യാണത്തിങ്കൽ ഭ്രമിച്ചുപോകും.
19 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ നിവാസികൾ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാൻ നിന്റെമേൽ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,
20 ഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ പുരാതനജനത്തിന്റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിന്നും നീ ജീവനുള്ളവരുടെ ദേശത്തു നിലനിൽക്കാതെയിരിക്കേണ്ടതിന്നും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ പുരാതനശൂന്യങ്ങളിൽ തന്നേ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാർപ്പിക്കയും ചെയ്യും.
21 ഞാൻ നിന്നെ ശീഘ്രനാശത്തിന്നു ഏല്പിക്കും; നീ ഇല്ലാതെ ആയ്പോകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അദ്ധ്യായം 27

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടതു:
3 തുറമുഖങ്ങളിൽ പാർക്കുന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയുള്ളോവേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ പൂർണ്ണസുന്ദരിയാകുന്നു എന്നു നീ പറഞ്ഞിരിക്കുന്നു.
4 നിന്റെ രാജ്യം സമുദ്രമദ്ധ്യേ ഇരിക്കുന്നു; നിന്നെ പണിതവർ നിന്റെ സൌന്ദര്യത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു.
5 സെനീരിലെ സരളമരംകൊണ്ടു അവർ നിന്റെ പാർശ്വം ഒക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന്നു അവർ ലെബാനോനിൽനിന്നു ദേവദാരുക്കളെ കൊണ്ടുവന്നു.
6 ബാശാനിലെ കരുവേലംകൊണ്ടു അവർ നിന്റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളിൽനിന്നുള്ള പുന്നമരത്തിൽ ആനക്കൊമ്പു പതിച്ചു നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു.
7 നിനക്കു കൊടിയായിരിക്കേണ്ടതിന്നു നിന്റെ കപ്പൽപായ് മിസ്രയീമിൽനിന്നുള്ള വിചിത്രശണപടംകൊണ്ടു ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിൽനിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.
8 സീദോനിലെയും സർവ്വാദിലെയും നിവാസികൾ നിന്റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ നിന്റെ മാലുമികൾ ആയിരുന്നു.
9 ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ ഓരായപ്പണിക്കാരായിരുന്നു; സമുദ്രത്തിലെ എല്ലാകപ്പലുകളും അവയുടെ കപ്പൽക്കാരും നിന്റെ കച്ചവടം നടത്തേണ്ടതിന്നു നിന്നിൽ ഉണ്ടായിരുന്നു.
10 പാർസികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നു; അവർ പരിചയും തലക്കോരികയും നിന്നിൽ തൂക്കി നിനക്കു ഭംഗി പിടിപ്പിച്ചു.
11 അർവ്വാദ്യർ നിന്റെ സൈന്യത്തോടുകൂടെ ചുറ്റും നിന്റെ മതിലുകളിന്മേലും ഗമ്മാദ്യർ നിന്റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവർ നിന്റെ മതിലുകളിന്മേൽ ചുറ്റും ചരിപ തൂക്കി നിന്റെ സൌന്ദര്യത്തെ പരിപൂർണ്ണമാക്കി.
12 തർശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പു, വെള്ളീയം, കാരീയം എന്നിവ അവർ നിന്റെ ചരക്കിന്നു പകരം തന്നു.
13 യാവാൻ, തൂബാൽ, മേശൿ എന്നിവർ നിന്റെ വ്യാപാരികൾ ആയിരുന്നു; അവർ ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിന്നു പകരം തന്നു.
14 തോഗർമ്മാഗൃഹക്കാർ നിന്റെ ചരക്കിന്നു പകരം കുതിരകളെയും പടകൂതിരകളെയും കോവർകഴുതകളെയും തന്നു.
15 ദെദാന്യർ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു കപം കൊണ്ടുവന്നു.
16 നിന്റെ പണിത്തരങ്ങളുടെ പ്പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവർ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും നിന്റെ ചരക്കിന്നു പകരം തന്നു.
17 യെഹൂദയും യിസ്രായേൽദേശവും നിന്റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിന്നു പകരം തന്നു.
18 ദമ്മേശേൿ നിന്റെ പണിത്തരങ്ങളുടെ പെരുപ്പം നിമിത്തവും സകലവിധസമ്പത്തിന്റെയും പെരുപ്പം നിമിത്തവും ഹെൽബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ടു നിന്റെ വ്യാപാരി ആയിരുന്നു.
19 വെദാന്യരും ഊസാലിലെ യാവാന്യരും നിന്റെ ചരക്കുകൊണ്ടു വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്റെ ചരക്കിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
20 ദെദാൻ കുതിരപ്പുറത്തിടുന്ന വിശിഷ്ടപടം കൊണ്ടു നിന്റെ വ്യാപാരിയായിരുന്നു;
21 അരബികളും കേദാർപ്രഭുക്കന്മാരൊക്കെയും നിനക്കധീനരായ വ്യാപാരികൾ ആയിരുന്നു; കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ടു അവർ നിന്റെ കച്ചവടക്കാരായിരുന്നു;
22 ശെബയിലെയും രമയിലെയും വ്യാപാരികൾ നിന്റെ കച്ചവടക്കാരായിരുന്നു; അവർ മേത്തരമായ സകലവിധ പരിമളതൈലവും സകലവിധ രത്നങ്ങളും പൊന്നും നിന്റെ ചരക്കിന്നു പകരം തന്നു.
23 ഹാരാനും കല്നെയും ഏദെനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്റെ കച്ചവടക്കാരായിരുന്നു.
24 അവർ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതെപ്പുകളും പരവതാനികളും ബലത്തിൽ പിരിച്ച കയറുകളും നിന്റെ ചരക്കിന്നു പകരം തന്നു.
25 തർശീശ് കപ്പലുകൾ നിനക്കു ചരകൂ കൊണ്ടു വന്നു; നീ പരിപൂർണ്ണയും സമുദ്രമദ്ധ്യേ അതിധനികയും ആയിത്തീർന്നു.
26 നിന്റെ തണ്ടേലന്മാർ നിന്നെ പുറങ്കടലിലേക്കു കൊണ്ടു പോയി; കിഴക്കൻ കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു.
27 നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പൽക്കാരും മാലുമികളും ഓരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകല യോദ്ധാക്കളും നിന്റെ അകത്തുള്ള സർവ്വജനസമൂഹത്തോടും കൂടെ നിന്റെ വീഴ്ചയുടെ നാളിൽ സമുദ്രമദ്ധ്യേ വീഴും.
28 നിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പൽകൂട്ടങ്ങൾ നടുങ്ങിപ്പോകും.
29 തണ്ടേലന്മാരൊക്കെയും കപ്പൽക്കാരും കടലിലെ മാലുമികൾ എല്ലാവരും കപ്പലുകളിൽനിന്നു ഇറങ്ങി കരയിൽ നില്ക്കും.
30 അവർ കൈപ്പോടെ ഉറക്കെ നിലവിളിച്ചു തലയൽ പൂഴി വാരിയിട്ടു ചാരത്തിൽ കിടന്നുരുളുകയും
31 നിന്നെച്ചൊല്ലി മൊട്ടയടിച്ച രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടെ കരകയും ചെയ്യും.
32 തങ്ങളുടെ ദുഃഖത്തിൽ അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു വിലപിക്കുന്നതു: സമുദ്രമദ്ധ്യേ നശിച്ചുപോയ സോരിനെപ്പോലെ ഏതൊരു നഗരമുള്ളു?
33 നിന്റെ ചരകൂ സമുദ്രത്തിൽ നിന്നു കയറിവന്നപ്പോൾ, നീ ഏറിയ വംശങ്ങൾക്കു തൃപ്തിവരുത്തി നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ടു ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.
34 ഇപ്പോൾ നീ സമുദ്രത്തിൽനിന്നു തകർന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്റെ ആഴത്തിൽ വീണിരിക്കുന്നു.
35 ദ്വീപുവാസികളൊക്കെയും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാർ ഏറ്റവും ഭയപ്പെട്ടു മുഖം വാടി നില്ക്കുന്നു.
36 ജാതികളിലെ വ്യാപാരികൾ നിന്നെക്കുറിച്ചു ചൂളകുത്തുന്നു: നിനക്കു ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും.
അദ്ധ്യായം 28

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യൻ മാത്രമായിരിക്കെ: ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമദ്ധ്യേ ദൈവാസനത്തിൽ ഇരിക്കുന്നു എന്നു പറഞ്ഞു.
3 നീ ദൈവഭാവം നടിച്ചതുകൊണ്ടു--നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറെച്ചുവെക്കാകുന്ന ഒരു രഹസ്യവുമില്ല;
4 നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവെച്ചു;
5 നീ മഹാ ജ്ഞാനംകൊണ്ടു കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു--
6 അതുകൊണ്ടു തന്നേ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
7 നീ ദൈവഭാവം നടിക്കയാൽ ഞാൻ ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും; അവർ നിന്റെ ജ്ഞാനശോഭയുടെ നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.
8 അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യേ നിഹതന്മാരെപ്പോലെ മരിക്കും.
9 നിന്നെ കുത്തിക്കൊല്ലുന്നവന്റെ കയ്യിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ: ഞാൻ ദൈവം എന്നു നീ പറയുമോ?
10 അന്യജാതിക്കാരുടെ കയ്യാൽ നീ അഗ്രചർമ്മികളെപ്പോലെ മരിക്കും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
11 യഹോയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
12 മനുഷ്യപുത്രാ, നീ സോർ രാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൌന്ദര്യസമ്പൂർണ്ണനും തന്നേ.
13 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
14 നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു.
15 നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു.
16 നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാൻ നിന്നെ അശുദ്ധൻ എന്നു എണ്ണി ദേവപർവ്വതത്തിൽ നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു.
17 നിന്റെ സൌന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു.
18 നിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ടു ഞാൻ നിന്റെ നടുവിൽനിന്നു ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.
19 ജാതികളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും; നിനക്കു ശിഘ്രനാശം ഭവിച്ചിട്ടു നീ സദാകാലത്തേക്കും ഇല്ലാതെയാകും.
20 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
21 മനുഷ്യപുത്രാ, നീ സീദോന്നു നേരെ മുഖംതിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു:
22 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സീദോനേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നടുവിൽ എന്നെത്തന്നേ മഹത്വീകരിക്കും; ഞാൻ അതിൽ ന്യായവിധികളെ നടത്തി എന്നെത്തന്നേ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
23 ഞാൻ അതിൽ മഹാമാരിയും അതിന്റെ വീഥികളിൽ രക്തവും അയക്കും; ചുറ്റിലും നിന്നു അതിന്റെ നേരെ വരുന്ന വാൾകൊണ്ടു നിഹതന്മാരായവർ അതിന്റെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു അവർ അറിയും.
24 യിസ്രായേൽഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലുംനിന്നു കുത്തുന്ന പറക്കാരയും നോവിക്കുന്ന മുള്ളും ഇനി അവർക്കുണ്ടാകയില്ല; ഞാൻ യഹോവയായ കർത്താവു എന്നു അവർ അറിയും.
25 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽഗൃഹത്തെ അവർ ചിതറിപ്പോയിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു ശേഖരിച്ചു. ജാതികൾ കാൺകെ എന്നെത്തന്നേ അവരിൽ വിശുദ്ധീകരിക്കുമ്പോൾ, ഞാൻ എന്റെ ദാസനായ യാക്കോബിന്നു കൊടുത്ത ദേശത്തു അവർ പാർക്കും.
26 അവർ അതിൽ നിർഭയമായി വസിക്കും; അതെ, അവർ വീടുകളെ പണിതു മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കും; അവരുടെ ചുറ്റുമുള്ളവരായി അവരെ നിന്ദിക്കുന്ന ഏവരിലും ഞാൻ ന്യായവിധികളെ നടത്തുമ്പോൾ അവർ നിർഭയമായി വസിക്കും; ഞാൻ അവരുടെ ദൈവമായ യഹോവ എന്നു അവർ അറിയും.
അദ്ധ്യായം 29

1 പത്താം ആണ്ടു, പത്താം മാസം, പന്ത്രണ്ടാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോന്റെ നേരെ മുഖംതിരിച്ചു അവനെക്കുറിച്ചും എല്ലാ മിസ്രയീമിനെക്കുറിച്ചും പ്രവചിച്ചു പറയേണ്ടതെന്തെന്നാൽ:
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീംരാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവിൽ കിടന്നു: ഈ നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
4 ഞാൻ നിന്റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലിൽ പറ്റുമാറാക്കി നിന്നെ നിന്റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യം ഒക്കെയും നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കും.
5 ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ ഒക്കെയും മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിൻ പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.
6 മിസ്രയീംനിവാസികൾ യിസ്രായേൽഗൃഹത്തിന്നു ഒരു ഓടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാൻ യഹോവ എന്നു അറിയും.
7 അവർ നിന്നെ കയ്യിൽ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ തോൾ ഒക്കെയും കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.
8 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ നേരെ വാൾ വരുത്തി നിങ്കൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.
9 മിസ്രയീംദേശം പാഴും ശൂന്യവുമായ്തീരും; ഞാൻ യഹോവ എന്നു അവർ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്നു അവൻ പറഞ്ഞുവല്ലോ.
10 അതുകൊണ്ടു ഞാൻ നിനക്കും നിന്റെ നദികൾക്കും വിരോധമായിരുന്നു മിസ്രയീംദേശത്തെ സെവേനെഗോപുരം മുതൽ കൂശിന്റെ അതൃത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
11 മനുഷ്യന്റെ കാൽ അതിൽകൂടി കടന്നുപോകയില്ല; മൃഗത്തിന്റെ കാൽ അതിൽ ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്കു അതിൽ നിവാസികൾ ഇല്ലാതെയിരിക്കും.
12 ഞാൻ മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും.
13 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നാല്പതു സംവത്സരം കഴിഞ്ഞിട്ടു ഞാൻ മിസ്രയീമ്യരെ അവർ ചിന്നിപ്പോയിരിക്കുന്ന ജാതികളിൽനിന്നു ശേഖരിക്കും.
14 ഞാൻ മിസ്രയീമിന്റെ പ്രവാസം മാറ്റി അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്കു മടക്കിവരുത്തും; അവിടെ അവർ ഒരു ഹീനരാജ്യമായിരിക്കും.
15 അതു രാജ്യങ്ങളിൽവെച്ചു അതിഹീനമായിരിക്കും; ഇനി ജാതികൾക്കു മേലായി അതു തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജാതികളുടെമേൽ വാഴാതവണ്ണം ഞാൻ അവരെ കുറെച്ചുകളയും.
16 യിസ്രായേൽഗൃഹം തിരിഞ്ഞു അവരെ നോക്കുമ്പോൾ, അതു ഇനി അവരുടെ അകൃത്യം ഓർപ്പിക്കുന്നതായോരു ശരണമായിരിക്കയില്ല; ഞാൻ യഹോവയായ കർത്താവു എന്നു അവർ അറിയും.
17 ഇരുപത്തേഴാം ആണ്ടു, ഒന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
18 മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ് നേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേലി ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.
19 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യന്നു: ഞാൻ മിസ്രയീംദേശത്തെ ബാബേൽരാജാവായ നെബൂഖദ്നേസരിന്നു കൊടുക്കും; അവൻ അതിലെ സമ്പത്തു എടുത്തു അതിനെ കൊള്ളയിട്ടു കവർച്ചചെയ്യും; അതു അവന്റെ സൈന്യത്തിന്നു പ്രതിഫലമായിരിക്കും.
20 ഞാൻ അവന്നു മിസ്രയീംദേശത്തെ അവൻ ചെയ്തവേലെക്കു പ്രതിഫലമായി കൊടുക്കുന്നു; അവർ എനിക്കായിട്ടല്ലോ പ്രവർത്തിച്ചതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
21 അന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന്നു ഒരു കൊമ്പു മുളെക്കുമാറാക്കി അവരുടെ നടുവിൽ നിനക്കു തുറന്ന വായ് നല്കും; ഞാൻ യഹോവ എന്നു അവർ അറിയും.
അദ്ധ്യായം 30

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അയ്യോ, കഷ്ട ദിവസം! എന്നു മുറയിടുവിൻ.
3 നാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാൾ അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നേ ആയിരിക്കും.
4 മിസ്രയീമിന്റെ നേരെ വാൾ വരും; മിസ്രയീമിൽ നിഹതന്മാർ വീഴുകയും അവർ അതിലെ സമ്പത്തു അപഹരിക്കയും അതിന്റെ അടിസ്ഥാനങ്ങൾ ഇടിക്കയും ചെയ്യുമ്പോൾ കൂശിൽ അതിവേദനയുണ്ടാകും.
5 കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയിൽപെട്ട ദേശക്കാരും അവരോടുകൂടെ വാൾകൊണ്ടു വീഴും.
6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിനെ താങ്ങുന്നവർ വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
7 അവർ ശൂന്യദേശങ്ങളുടെ മദ്ധ്യേ ശൂന്യമായ്പോകും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും.
8 ഞാൻ മിസ്രയീമിന്നു തീ വെച്ചിട്ടു അതിന്റെ സഹായക്കാരൊക്കെയും തകർന്നുപോകുമ്പോൾ ഞാൻ യഹോവയെന്നു അവർ അറിയും.
9 ആ നാളിൽ ദൂതന്മാർ നിശ്ചിന്തന്മാരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന്നു കപ്പലുകളിൽ കയറി എന്റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ മിസ്രയീമിന്റെ നാളിൽ എന്നപോലെ അവർക്കു അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു.
10 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ കയ്യാൽ മിസ്രയീമിന്റെ പുരുഷാരത്തെ ഇല്ലാതാക്കും.
11 ദേശത്തെ നശിപ്പിക്കേണ്ടതിന്നു അവനെയും അവനോടുകൂടെ ജാതികളിൽ ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവർ മിസ്രയീമിന്റെ നേരെ വാൾ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറെക്കും.
12 ഞാൻ നദികളെ വറ്റിച്ചു ദേശത്തെ ദുഷ്ടന്മാർക്കു വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജാതികളുടെ കയ്യാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
13 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂർത്തികളെ നോഫിൽനിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാൻ മിസ്രയീംദേശത്തു ഭയം വരുത്തും.
14 ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാന്നു തീ വെക്കും, നോവിൽ ന്യായവിധി നടത്തും,
15 മിസ്രയീമിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.
16 ഞാൻ മിസ്രയീമിന്നു തീ വെക്കും; സീൻ അതിവേദനയിൽ ആകും; നോവ് പിളർന്നുപോകും; നോഫിന്നു പകൽസമയത്തു വൈരികൾ ഉണ്ടാകും.
17 ആവെനിലെയും പി-ബേസെത്തിലെയും യൌവനക്കാർ വാൾകൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും.
18 ഞാൻ മിസ്രയീമിന്റെ നുകം ഒടിച്ചു അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോൾ തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
19 ഇങ്ങനെ ഞാൻ മിസ്രയീമിൽ ന്യായവിധികളെ നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.
20 പതിനൊന്നാമാണ്ടു, ഒന്നാം മാസം ഏഴാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
21 മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അതു വാൾ പിടിപ്പാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന്നു അതിന്നു മരുന്നുവെച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.
22 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മിസ്രയീംരാജാവായ ഫറവോന്നു വിരോധമായിരിക്കുന്നു; ഞാൻ അവന്റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നേ, ഒടിച്ചുകളയും; വാളിനെ ഞാൻ അവന്റെ കയ്യിൽനിന്നു വീഴിച്ചുകളകയും ചെയ്യും.
23 ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും.
24 ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാളിനെ അവന്റെ കയ്യിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാൻ ഒടിച്ചുകളയും; മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവർ അവന്റെ മുമ്പിൽ ഞരങ്ങും.
25 ഇങ്ങനെ ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തു; ഫറവോന്റെ ഭുജങ്ങൾ വീണുപോകും; ഞാൻ എന്റെ വാളിനെ ബാബേൽരാജാവിന്റെ കയ്യിൽ കൊടുത്തിട്ടു അവൻ അതിനെ മിസ്രയീംദേശത്തിന്റെ നേരെ ഓങ്ങുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
26 ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാൻ യഹോവ എന്നു അവർ അറിയും.
അദ്ധ്യായം 31

1 പതിനൊന്നാം ആണ്ടു, മൂന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടതു: നിന്റെ മഹത്വത്തിൽ നീ ആർക്കു സമൻ?
3 അശ്ശൂർ ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളർച്ചയോടും കൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു.
4 വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്കു അയച്ചുകൊടുത്തു.
5 അതുകൊണ്ടു അതു വളർന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടർന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.
6 അതിന്റെ ചില്ലികളിൽ ആകാശത്തിലെ പറവ ഒക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗം ഒക്കെയും പെറ്റുകിടന്നു; അതിന്റെ തണലിൽ വലിയ ജാതികളൊക്കെയും പാർത്തു.
7 ഇങ്ങനെ അതിന്റെ വേർ വളരെ വെള്ളത്തിന്നരികെ ആയിരുന്നതുകൊണ്ടു അതു വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു.
8 ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്കു അതിനെ മറെപ്പാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല.
9 കൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാൻ അതിന്നു ഭംഗിവരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു.
10 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു വളർന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്റെ ഹൃദയം തന്റെ വളർച്ചയിങ്കൽ ഗർവ്വിച്ചുപോയതുകൊണ്ടു
11 ഞാൻ അതിനെ ജാതികളിൽ ബലവാനായവന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനോടു ഇടപെടും; അതിന്റെ ദുഷ്ടത നിമിത്തം ഞാൻ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
12 ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാർ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകൾ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകൾ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്തു ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകലജാതികളും അതിന്റെ തണൽ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി.
13 വീണുകിടക്കുന്ന അതിന്റെ തടിമേൽ ആകാശത്തിലെ പറവ ഒക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗം ഒക്കെയും വരും.
14 വെള്ളത്തിന്നരികെയുള്ള സകലവൃക്ഷങ്ങളും ഉയരം ഹേതുവായി ഗർവ്വിക്കയോ തുഞ്ചം മേഘങ്ങളോളം നീട്ടുകയോ വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും തങ്ങളുടെ ഉയർച്ചയിങ്കൽ നിഗളിച്ചു നിൽക്കയോ ചെയ്യാതിരിക്കേണ്ടതിന്നു തന്നേ; അവരൊക്കെയും മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു മരണത്തിന്നു ഏല്പിക്കപ്പെട്ടിരിക്കുന്നു.
15 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു പാതാളത്തിൽ ഇറങ്ങിപ്പോയ നാളിൽ ഞാൻ ഒരു വിലാപം കഴിപ്പിച്ചു; അതിന്നുവേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാൻ തക്കവണ്ണം അതിന്റെ നദികളെ തടുത്തു; അതുനിമിത്തം ഞാൻ ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകല വൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചു പോയി.
16 ഞാൻ അതിനെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ, അതിന്റെ വീഴ്ചയുടെ മുക്കത്തിങ്കൽ ഞാൻ ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകല വൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്തു ആശ്വാസം പ്രാപിച്ചു.
17 അവയും അതിനോടുകൂടെ വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജാതികളുടെ മദ്ധ്യേ പാർത്തവർ തന്നേ.
18 അങ്ങനെ നീ മഹത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോടു തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടെ നീ അഗ്രചർമ്മികളുടെ ഇടയിൽ കിടക്കും. ഇതു ഫറവോനും അവന്റെ സകലപുരുഷാരവും തന്നേ എാന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അദ്ധ്യായം 32

1 പന്ത്രണ്ടാം ആണ്ടു, പന്ത്രണ്ടാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: ജാതികളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽകൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു.
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെ മേൽ എന്റെ വലയെ വീശിക്കും; അവർ എന്റെ വലയിൽ നിന്നെ വലിച്ചെടുക്കും;
4 ഞാൻ നിന്നെ കരെക്കു വലിച്ചിടും; നിന്നെ വെളിൻ പ്രദേശത്തു എറിഞ്ഞുകളയും; ആകാശത്തിലെ പറവ ഒക്കെയും നിന്റെമേൽ ഇരിക്കുമാറാക്കി സർവ്വഭൂമിയിലെയും മൃഗങ്ങൾക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും.
5 ഞാൻ നിന്റെ മാംസത്തെ പർവ്വതങ്ങളിന്മേൽ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്വരകളെ നിറെക്കും.
6 ഞാൻ നിന്റെ ചെളിനിലത്തെ മലകളോളം നിന്റെ രക്തംകൊണ്ടു നനെക്കും; നീർച്ചാലുകൾ നിന്നാൽ നിറയും.
7 നിന്നെ കെടുത്തുകളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാൻ സാര്യനെ മേഘംകൊണ്ടു മറെക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല.
8 ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെ ഒക്കെയും ഞാൻ നിന്റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്റെ ദേശത്തിൽ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
9 നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേക ജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.
10 ഞാൻ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെ നിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും താന്താന്റെ പ്രാണനെ ഓർത്തു മാത്രതോറും വിറെക്കും.
11 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ വാൾ നിന്റെ നേരെ വരും.
12 വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളിൽവെച്ചു ഉഗ്രന്മാർ; അവർ മിസ്രയീമിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.
13 വളരെ വെള്ളത്തിന്നരികെനിന്നു ഞാൻ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും ഇനിമേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല.
14 ആ കാലത്തു ഞാൻ അവരുടെ വെള്ളം തെളിയുമാറാക്കി അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
15 ഞാൻ മിസ്രയീംദേശത്തെ പാഴാക്കി ദേശം ശൂന്യമായി അതിലുള്ളതൊക്കെയും ഇല്ലാതാകുമ്പോഴും ഞാൻ അതിലെ നിവാസികളെ ഒക്കെയും നശിപ്പിക്കുമ്പോഴും, ഞാൻ യഹോവ എന്നു അവർ അറിയും.
16 അവർ അതിനെക്കുറിച്ചു വിലപിക്കുന്ന വിലാപം ഇതത്രേ; ജാതികളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ മിസ്രയീമിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
17 പന്ത്രണ്ടാം ആണ്ടു, ആ മാസം പതിനഞ്ചാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
18 മനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ചു അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.
19 സൌന്ദര്യത്തിൽ നീ ആരെക്കാൾ വിശേഷപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്നു അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക.
20 വാളാൽ നിഹതന്മാരായവരുടെ നടുവിൽ അവർ വീഴും; വാൾ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിൻ.
21 വീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്നു അവനോടു സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ നിഹതന്മാരയവർ ഇറങ്ങിച്ചെന്നു അവിടെ കിടക്കുന്നു.
22 അവിടെ അശ്ശൂരും അതിന്റെ സർവ്വസമൂഹവും ഉണ്ടു; അവന്റെ ശവക്കുഴികൾ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണവർ തന്നേ.
23 അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ അങ്ങെയറ്റത്തിരിക്കുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണിരിക്കുന്നു.
24 അവിടെ ഏലാമും അതിന്റെ ശവക്കുഴിയുടെ ചുറ്റും അതിന്റെ സകലപുരുഷാരവും ഉണ്ടു; അവർ എല്ലാവരും വാളാൽ നിഹതന്മാരായി വീണു അഗ്രചർമ്മികളായി ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു അവർ നീതി പരത്തി; എങ്കിലും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു.
25 നിഹതന്മാരുടെ മദ്ധ്യേ അവർ അതിന്നു അതിന്റെ സകലപുരുഷാരത്തിന്നും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരൊക്കെയും അഗ്രചർമ്മികളായി വാളാൽ നിഹതന്മാരാകുന്നു; ജീവനുള്ളവരുടെ ദേശത്തു അവർ ഭീതി പരത്തിയിരിക്കയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; നിഹതന്മാരുടെ മദ്ധ്യേ അതു കിടക്കുന്നു.
26 അവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ടു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവർ ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയിരിക്കയാൽ അവരൊക്കെയും അഗ്രചർമ്മികളായി വാളാൽ നിഹതന്മാരായിരിക്കുന്നു.
27 അവർ ജീവനുള്ളവരുടെ ദേശത്തു വീരന്മാർക്കു ഭീതി ആയിരുന്നതുകൊണ്ടു തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിന്മേൽ ചുമന്നും തങ്ങളുടെ വാളുകളെ തലെക്കു കീഴെ വെച്ചുംകൊണ്ടു അഗ്രചർമ്മികളിൽ പട്ടുപോയ വീരന്മാരായി പടക്കോപ്പോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ?
28 നീയോ അഗ്രചർമ്മികളുടെ കൂട്ടത്തിൽ തകർന്നുപോകയും വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും ചെയ്യും.
29 അവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ടു; അവർ തങ്ങളുടെ വല്ലഭത്വത്തിൽ വാളാൽ നിഹതന്മാരായവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചർമ്മികളോടും കുഴിയിൽ ഇറങ്ങുന്നവരോടും കൂടെ കിടക്കുന്നു.
30 അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും നിഹതന്മാരോടു കൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ടു; അവർ തങ്ങളുടെ വല്ലഭത്വത്താൽ പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവർ അഗ്രചർമ്മികളായി വാളാൽ നിഹതന്മാരായവരോടുകൂടെു കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കയും ചെയ്യുന്നു.
31 അവരെ ഫറവോൻ കണ്ടു തന്റെ സകലപുരുഷാരത്തെയും കുറിച്ചു ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാൽ നിഹതന്മാരായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
32 ഞാനല്ലോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയതു; ഫറവോനും അവന്റെ പുരുഷാരമൊക്കെയും വാളാൽ നിഹതന്മാരായവരോടുകൂടെ അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അദ്ധ്യായം 33

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ;
2 മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പ്രവചിച്ചു പറയേണ്ടതു: ഞാൻ ഒരു ദേശത്തിന്റെ നേരെ വാൾ വരുത്തുമ്പോൾ, ആ ദേശത്തിലെ ജനം തങ്ങളുടെ കൂട്ടത്തിൽനിന്നു ഒരു പുരുഷനെ തിരഞ്ഞെടുത്തു കാവൽക്കാരനായി വെച്ചാൽ,
3 ദേശത്തിന്റെ നേരെ വാൾ വരുന്നതു കണ്ടിട്ടു അവൻ കാഹളം ഊതി ജനത്തെ ഓർമ്മപ്പെടുത്തുമ്പോൾ
4 ആരെങ്കിലും കാഹളനാദം കേട്ടു കരുതിക്കൊള്ളാതെ ഇരുന്നാൽ വാൾ വന്നു അവനെ ഛേദിച്ചുകളയുന്നു എങ്കിൽ അവന്റെ രക്തം അവന്റെ തലമേൽ തന്നേ ഇരിക്കും.
5 അവൻ കാഹളനാദം കേട്ടിട്ടു കരുതിക്കൊണ്ടില്ല; അവന്റെ രക്തം അവന്റെമേൽ ഇരിക്കും; കരുതിക്കൊണ്ടിരുന്നുവെങ്കിൽ അവൻ തന്റെ പ്രാണനെ രക്ഷിക്കുമായിരുന്നു.
6 എന്നാൽ കാവൽക്കാരൻ വാൾ വരുന്നതു കണ്ടു കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ടു വാൾ വന്നു അവരുടെ ഇടയിൽനിന്നു ഒരുത്തനെ ഛേദിച്ചുകളയുന്നു എങ്കിൽ, ഇവൻ തന്റെ അകൃത്യംനിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും അവന്റെ രക്തം ഞാൻ കാവൽക്കാരനോടു ചോദിക്കും.
7 അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കി വെച്ചിരിക്കുന്നു, നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ഓർമ്മപ്പെടുത്തേണം.
8 ഞാൻ ദുഷ്ടനോടു: ദുഷ്ടാ, നീ മരിക്കും എന്നു കല്പിക്കുമ്പോൾ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിവാൻ കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ ദുഷ്ടൻ തന്റെ അകൃത്യംനിമിത്തം മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.
9 എന്നാൽ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയേണ്ടതിന്നു നീ അവനെ ഓർമ്മപ്പെടുത്തീട്ടും അവൻ തന്റെ വഴി വിട്ടുതിരിയാഞ്ഞാൽ, അവൻ തന്റെ അകൃത്യംനിമിത്തം മരിക്കും, നീയോ, നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
10 അതുകൊണ്ടു മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തോടു പറയേണ്ടതു: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെ മേൽ ഇരിക്കുന്നു; അവയാൽ ഞങ്ങൾ ക്ഷയിച്ചുപോകുന്നു; ഞങ്ങൾ എങ്ങനെ ജീവിച്ചിരിക്കും എന്നു നിങ്ങൾ പറയുന്നു.
11 എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.
12 മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പറയേണ്ടതു: നീതിമാൻ അതിക്രമം ചെയ്യുന്ന നാളിൽ അവന്റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിയുന്ന നാളിൽ തന്റെ ദുഷ്ടതയാൽ ഇടറിവീഴുകയില്ല; നീതിമാൻ പാപം ചെയ്യുന്ന നാളിൽ, അവന്നു തന്റെ നീതിയാൽ ജീവിപ്പാൻ കഴികയുമില്ല.
13 നീതിമാൻ ജീവിക്കുമെന്നു ഞാൻ അവനോടു പറയുമ്പോൾ, അവൻ തന്റെ നീതിയിൽ ആശ്രയിച്ചു അകൃത്യം പ്രവർത്തിക്കുന്നു എങ്കിൽ, അവന്റെ നീതിപ്രവൃത്തികൾ ഒന്നും അവന്നു കണക്കിടുകയില്ല; അവൻ ചെയ്ത നീതികേടുനിമിത്തം അവൻ മരിക്കും.
14 എന്നാൽ ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു പറയുമ്പോൾ അവൻ തന്റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കയും
15 പണയം തിരികെ കൊടുക്കയും അപഹരിച്ചതു മടക്കിക്കൊടുക്കയും നീതികേടു ഒന്നും ചെയ്യാതെ ജീവന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്താൽ അവൻ മരിക്കാതെ ജീവിക്കും.
16 അവൻ ചെയ്ത പാപം ഒന്നും അവന്നു കണക്കിടുകയില്ല; അവൻ നീതിയും ന്യായവും പ്രവർത്തിച്ചിരിക്കുന്നു; അവൻ ജീവിക്കും.
17 എന്നാൽ നിന്റെ സ്വജാതിക്കാർ: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; അവരുടെ വഴിയത്രേ ചൊവ്വില്ലാതെയിരിക്കുന്നതു.
18 നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ തന്നേ മരിക്കും.
19 എന്നാൽ ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ ജീവിക്കും.
20 എന്നിട്ടും കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു നിങ്ങൾ പറയുന്നു; യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ നടപ്പിന്നു തക്കവണ്ണം ന്യായംവിധിക്കും.
21 ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ടു, പത്താം മാസം, അഞ്ചാം തിയ്യതി, യെരൂശലേമിൽനിന്നു ചാടിപ്പോയ ഒരുത്തൻ എന്റെ അടുക്കൽ വന്നു: നഗരം പിടിക്കപ്പെട്ടുപോയി എന്നു പറഞ്ഞു.
22 ചാടിപ്പോയവൻ വരുന്നതിന്റെ തലെനാൾ വൈകുന്നേരം യഹോവയുടെ കൈ എന്റെമേൽ വന്നു; രാവിലെ അവൻ എന്റെ അടുക്കൽ വരുമ്പോഴേക്കു യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ടു ഞാൻ പിന്നെ മിണ്ടാതെ ഇരുന്നില്ല.
23 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ,
24 യിസ്രായേൽദേശത്തിലെ ശൂന്യസ്ഥലങ്ങളിൽ പാർക്കുന്നവർ: അബ്രഹാം ഏകനായിരിക്കെ അവന്നു ദേശം അവകാശമായി ലഭിച്ചു; ഞങ്ങളോ പലരാകുന്നു; ഈ ദേശം ഞങ്ങൾക്കു അവകാശമായി ലഭിക്കും എന്നു പറയുന്നു.
25 അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മാംസം രക്തത്തോടുകൂടെ തിന്നുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയും രക്തം ചൊരികയും ചെയ്യുന്നു;
26 നിങ്ങൾ ദേശത്തെ കൈവശമാക്കുമോ? നിങ്ങൾ നിങ്ങളുടെ വാളിൽ ആശ്രയിക്കയും മ്ളേച്ഛത പ്രവർത്തിക്കയും ഓരോരുത്തനും തന്റെ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയും ചെയ്യുന്നു; നിങ്ങൾ ദേശത്തെ കൈവശമാക്കുമോ?
27 നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നാണ, ശൂന്യസ്ഥലങ്ങളിൽ പാർക്കുന്നവർ വാൾകൊണ്ടു വീഴും; വെളിൻ പ്രദേശത്തുള്ളവരെ ഞാൻ മൃഗങ്ങൾക്കു ഇരയായി കൊടുക്കും; ദുർഗ്ഗങ്ങളിലും ഗുഹകളിലും ഉള്ളവരോ മഹാമാരികൊണ്ടു മരിക്കും.
28 ഞാൻ ദേശത്തെ പാഴും ശൂന്യവും ആക്കും; അതിന്റെ ബലത്തിന്റെ പ്രതാപം നിന്നുപോകും; യിസ്രായേൽപർവ്വതങ്ങൾ ആരും വഴിപോകാതവണ്ണം ശൂന്യമായിത്തീരും.
29 അവർ ചെയ്ത സകല മ്ളേച്ഛതകളും നിമിത്തം ഞാൻ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
30 മനുഷ്യപുത്രാ, നിന്റെ സ്വജാതിക്കാർ മതിലുകൾക്കരികത്തും വീട്ടുവാതിൽക്കലുംവെച്ചു നിന്നെക്കുറിച്ചു സംഭാഷിച്ചു: യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു എന്തെന്നു വന്നു കേൾപ്പിൻ എന്നു തമ്മിൽതമ്മിലും ഓരോരുത്തൻ താന്താന്റെ സഹോദരനോടും പറയുന്നു.
31 സംഘം കൂടിവരുന്നതുപോലെ അവർ നിന്റെ അടുക്കൽവന്നു എന്റെ ജനമായിട്ടു നിന്റെ മുമ്പിൽ ഇരുന്നു നിന്റെ വചനങ്ങളെ കേൾക്കുന്നു; എന്നാൽ അവർ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.
32 നീ അവർക്കു മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുത്തന്റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവർ നിന്റെ വചനങ്ങളെ കേൾക്കുന്നു; ചെയ്യുന്നില്ലതാനും.
33 എന്നാൽ അതു സംഭവിക്കുമ്പോൾ--ഇതാ, അതു വരുന്നു--അവർ തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അറിയും.
അദ്ധ്യായം 34

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, യിസ്രായേലിന്റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്ക; നീ പ്രവചിച്ചു അവരോടു, ഇടയന്മാരോടു തന്നേ, പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നേ മേയിക്കുന്ന യിസ്രായേലിന്റെ ഇടയന്മാർക്കു അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാർ മേയിക്കേണ്ടതു?
3 നിങ്ങൾ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കയും തടിച്ചിരിക്കുന്നവയെ അറുക്കയും ചെയ്യുന്നു; ആടുകളെ നിങ്ങൾ മേയിക്കുന്നില്ലതാനും.
4 നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു.
5 ഇടയൻ ഇല്ലായ്കകൊണ്ടു അവ ചിതറിപ്പോയി; ചിതറിപ്പോയിട്ടു അവ കാട്ടിലെ സകലമൃഗങ്ങൾക്കും ഇരയായിത്തീർന്നു.
6 എന്റെ ആടുകൾ എല്ലാമലകളിലും ഉയരമുള്ള എല്ലാകുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തിൽ ഒക്കെയും എന്റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല.
7 അതുകൊണ്ടു ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ;
8 എന്നാണ ഇടയനില്ലായ്കകൊണ്ടത്രേ എന്റെ ആടുകൾ കവർച്ചയായിപ്പോകയും എന്റെ ആടുകൾ കാട്ടിലെ സകലമൃഗത്തിന്നും ഇരയായിത്തീരുകയും ചെയ്തതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്ക കൊണ്ടു,
9 ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ:
10 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കയ്യിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്നു അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകൾ അവർക്കു ഇരയാകാതെയിരിക്കേണ്ടതിന്നു ഞാൻ അവയെ അവരുടെ വായിൽ നിന്നു വിടുവിക്കും.
11 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും.
12 ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ തന്റെ ആട്ടിൻ കൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തിൽ ചിതറിപ്പോയ സകലസ്ഥലങ്ങളിലും നിന്നു അവയെ വിടുവിക്കും.
13 ഞാൻ അവയെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു ദേശങ്ങളിൽ നിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും.
14 നല്ല മേച്ചൽപുറത്തു ഞാൻ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയർന്ന മലകൾ അവെക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്ടിയുള്ള മേച്ചൽപുറത്തു മേയുകയും ചെയ്യും.
15 ഞാൻ തന്നേ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
16 കാണാതെപോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാൽ കൊഴുത്തതിനെയും ഉരത്തതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ അവയെ മേയിക്കും.
17 നിങ്ങളോ, എന്റെ ആടുകളേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആടിന്നും ആടിന്നും മദ്ധ്യേയും ആട്ടുകൊറ്റന്മാർക്കും കോലാട്ടുകൊറ്റന്മാർക്കും മദ്ധ്യേയും ന്യായം വിധിക്കുന്നു.
18 നിങ്ങൾ നല്ല മേച്ചൽ മേഞ്ഞിട്ടു മേച്ചലിന്റെ ശേഷിപ്പിനെ കാൽകൊണ്ടു ചവിട്ടിക്കളയുന്നതും തെളിഞ്ഞ വെള്ളം കുടിച്ചിട്ടു ശേഷിപ്പുള്ളതിനെ കാൽകൊണ്ടു കലക്കിക്കളയുന്നതും നിങ്ങൾക്കു പോരായോ?
19 നിങ്ങൾ കാൽകൊണ്ടു ചവിട്ടിയതു എന്റെ ആടുകൾ തിന്നുകയും നിങ്ങൾ കാൽകൊണ്ടു കലക്കിയതു അവ കുടിക്കയും ചെയ്യേണമോ?
20 അതുകൊണ്ടു യഹോവയായ കർത്താവു അവയോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ തടിച്ച ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും മദ്ധ്യേ ന്യായം വിധിക്കും.
21 ദീനം പിടിച്ചവയെ നിങ്ങൾ പരക്കെ ചിതറിക്കുവോളം പാർശ്വംകൊണ്ടും തോൾകൊണ്ടും ഉന്തി അവയെ ഒക്കെയും കൊമ്പുകൊണ്ടു ഇടിക്കുന്നതിനാൽ
22 ഞാൻ എന്റെ ആട്ടിൻ കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.
23 അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.
24 അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
25 ഞാൻ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും.
26 ഞാൻ അവയെയും എന്റെ കുന്നിന്നും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കിവെക്കും; ഞാൻ തക്ക സമയത്തു മഴപെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.
27 വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കയും ഞാൻ അവരുടെ നുകക്കഴികളെ പൊട്ടിച്ചു, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കയ്യിൽനിന്നു അവരെ വിടുവിക്കയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
28 അവർ ഇനി ജാതികൾക്കു കവർച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവർ നിർഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
29 ഞാൻ അവർക്കു കീർത്തിയുള്ളോരു നടുതല വെച്ചുണ്ടാക്കും; അവർ ഇനി ദേശത്തു പട്ടണി കിടന്നു നശിക്കയില്ല; ജാതികളുടെ നിന്ദ ഇനി വഹിക്കയുമില്ല.
30 ഇങ്ങനെ അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരോടുകൂടെ ഉണ്ടെന്നും യിസ്രായേൽഗൃഹമായിരിക്കുന്ന അവർ എന്റെ ജനമാകുന്നു എന്നും അവർ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
31 എന്നാൽ എന്റെ മേച്ചൽപുറത്തെ ആടുകളായി എന്റെ ആടുകളായുള്ളോരേ, നിങ്ങൾ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അദ്ധ്യായം 35

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നീ സെയീർ പർവ്വതത്തിന്നു നേരെ മുഖം തിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു അതിനോടു പറയേണ്ടതു:
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സെയീർപർവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.
4 ഞാൻ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാൻ യഹോവയെന്നു നീ അറിയും.
5 നീ നിത്യവൈരം ഭാവിച്ചു, യിസ്രായേൽമക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്തു അവരെ വാളിന്നു ഏല്പിച്ചുവല്ലോ.
6 അതുകൊണ്ടു: എന്നാണ, ഞാൻ നിന്നെ രക്തമാക്കിത്തീർക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
7 അങ്ങനെ ഞാൻ സെയീർപർവ്വതത്തെ പാഴും ശൂന്യവുമാക്കി, ഗതാഗതം ചെയ്യുന്നവരെ അതിൽ നിന്നു ഛേദിച്ചുകളയും.
8 ഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറെക്കും നിന്റെ കുന്നുകളിലും താഴ്വരകളിലും നിന്റെ സകലനദികളിലും വാളാൽ നിഹതന്മാരായവർ വീഴും.
9 ഞാൻ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെയിരിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
10 യഹോവ അവിടെ ഉണ്ടായിരിക്കെ: ഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അതു കൈവശമാക്കും എന്നു നീ പറഞ്ഞിരിക്കകൊണ്ടു
11 എന്നാണ, നീ അവരോടു നിന്റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിന്നും അസൂയെക്കും ഒത്തവണ്ണം ഞാനും പ്രവർത്തിക്കും; ഞാൻ നിനക്കു ന്യായം വിധിക്കുമ്പോൾ ഞാൻ അവരുടെ ഇടയിൽ എന്നെത്തന്നേ വെളിപ്പെടുത്തും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
12 യിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിരിക്കുന്നു; അവ ഞങ്ങൾക്കു ഇരയായി നല്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ അവയെക്കുറിച്ചു നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങളെ ഒക്കെയും യഹോവയായ ഞാൻ കേട്ടിരിക്കുന്നു എന്നു നീ അറിയും.
13 നിങ്ങൾ വായ്കൊണ്ടു എന്റെ നേരെ വമ്പു പറഞ്ഞു എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ പെരുക്കി; ഞാൻ അതു കേട്ടിരിക്കുന്നു.
14 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സർവ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ നിന്നെ ശൂന്യമാക്കും.
15 യിസ്രായേൽഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും; സെയീർപർവ്വതവും എല്ലാ ഏദോമുമായുള്ളാവേ, നീ ശൂന്യമായ്പോകും; ഞാൻ യഹോവയെന്നു അവർ അറിയും.
അദ്ധ്യായം 36

1 നീയോ, മനുഷ്യപുത്രാ, യിസ്രായേൽപർവ്വതങ്ങളോടു പ്രവചിച്ചുപറയേണ്ടതു: യിസ്രായേൽപർവ്വതങ്ങളേ, യഹോവയുടെ വചനം കേൾപ്പിൻ!
2 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളെക്കുറിച്ചു: നന്നായി; പുരാതനഗിരികൾ ഞങ്ങൾക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.
3 അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജാതികളിൽ ശേഷിച്ചവർക്കു കൈവശമായിത്തീരത്തക്കവണ്ണം അവർ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും നിങ്ങൾ വായാളികളുടെ അധരങ്ങളിൽ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീർന്നിരിക്കകൊണ്ടും യിസ്രായേൽപർവ്വതങ്ങളേ,
4 യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിർജ്ജനവും ചുറ്റുമുള്ള ജാതികളിൽ ശേഷിച്ചവർക്കു കവർച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
5 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളിൽ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാൻ നിശ്ചയമായി എന്റെ തീക്ഷ്ണതാഗ്നിയോടെ സംസാരിക്കും; അവർ എന്റെ ദേശത്തെ കവർച്ചക്കായി തള്ളിക്കളവാൻ തക്കവണ്ണം അതിനെ പൂർണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടെ തങ്ങൾക്കു അവകാശമായി നിയമിച്ചുവല്ലോ.
6 അതുകൊണ്ടു നീ യിസ്രായേൽ ദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാൻ എന്റെ തീക്ഷ്ണതയോടും എന്റെ ക്രോധത്തോടും കൂടെ സംസാരിക്കുന്നു.
7 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജാതികൾ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാൻ കൈ ഉയർത്തി സത്യം ചെയ്യുന്നു.
8 നിങ്ങളോ, യിസ്രായേൽപർവ്വതങ്ങളേ, എന്റെ ജനമായ യിസ്രായേൽ വരുവാൻ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവർക്കു വേണ്ടി ഫലം കായ്പിൻ.
9 ഞാൻ നിങ്ങൾക്കു അനുകൂലമായിരിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും.
10 ഞാൻ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നേ, വർദ്ധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.
11 ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വർദ്ധിപ്പിക്കും; അവർ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാൻ നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാർപ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്കു ചെയ്യും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
12 ഞാൻ നിങ്ങളിൽ മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നേ, സഞ്ചരിക്കുമാറാക്കും; അവർ നിന്നെ കൈവശമാക്കും; നീ അവർക്കു അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.
13 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; അവർ നിന്നോടു: നീ മനുഷ്യരെ തിന്നുകളകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ടു,
14 നീ ഇനിമേൽ മനുഷ്യരെ തിന്നുകളകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല; എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
15 ഞാൻ ഇനി നിന്നെ ജാതികളുടെ നിന്ദ കേൾപ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
16 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
17 മനുഷ്യപുത്രാ, യിസ്രായേൽ ഗൃഹം തങ്ങളുടെ ദേശത്തു പാർത്തിരുന്നപ്പോൾ, അവർ അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികൾകൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പു ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.
18 അവർ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടു മലിനമാക്കിയതുനിമിത്തവും ഞൻ എന്റെ ക്രോധം അവരുടെമേൽ പകർന്നു.
19 ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു; അവർ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിന്നും പ്രവൃത്തികൾക്കും തക്കവണ്ണം ഞാൻ അവരെ ന്യായം വിധിച്ചു.
20 അവർ ജാതികളുടെ ഇടയിൽ ചെന്നുചേർന്നപ്പോൾ, ഇവർ യഹോവയുടെ ജനം, അവന്റെ ദേശം വിട്ടുപോകേണ്ടിവന്നവർ എന്നു അവർ അവരെക്കുറിച്ചു പറയുമാറാക്കിയതിനാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.
21 എങ്കിലും യിസ്രായേൽഗൃഹം ചെന്നുചേർന്ന ജാതികളുടെ ഇടയിൽ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ചു എനിക്കു അയ്യോഭാവം തോന്നി.
22 അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങൾ ചെന്നുചേർന്ന ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധ നാമംനിമിത്തം അത്രേ ഞാൻ അങ്ങനെ ചെയ്യുന്നതു.
23 ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജാതികൾ കാൺകെ ഞാൻ എന്നെത്തന്നേ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
24 ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു കൂട്ടി സകലദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.
25 ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായി തീരും, ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും.
26 ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.
27 ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.
28 ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു നിങ്ങൾ പാർക്കും; നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും.
29 ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വർദ്ധിപ്പിക്കും.
30 നിങ്ങൾ ഇനിമേൽ ജാതികളുടെ ഇടയിൽ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന്നു ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വർദ്ധിപ്പിക്കും.
31 അപ്പോൾ നിങ്ങൾ നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഓർത്തു നിങ്ങളുടെ അകൃത്യങ്ങൾ നിമിത്തവും മ്ളേച്ഛതകൾ നിമിത്തവും നിങ്ങൾക്കു നിങ്ങളോടു തന്നേ വെറുപ്പു തോന്നും.
32 നിങ്ങളുടെ നിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നതു എന്നു നിങ്ങൾക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു; യിസ്രായേൽഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിൻ.
33 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കുന്ന നാളിൽ നിങ്ങളുടെ പട്ടണങ്ങളിൽ ഞാൻ ആളെ പാർപ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.
34 വഴിപോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.
35 ശൂന്യമായ്ക്കിടന്നിരുന്ന ദേശം ഏദെൻ തോട്ടം പോലെയായ്തീർന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീർന്നുവല്ലോ എന്നു അവർ പറയും.
36 ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാൻ പണിതു, ശൂന്യപ്രദേശത്തു നടുതല വെച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികൾ അന്നു അറിയും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവർത്തിക്കയും ചെയ്യും.
37 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹം എന്നോടു അപേക്ഷിച്ചിട്ടു ഞാൻ ഒന്നുകൂടെ ചെയ്യും: ഞാൻ അവർക്കു ആളുകളെ ആട്ടിൻ കൂട്ടത്തെപ്പോലെ വർദ്ധിപ്പിച്ചുകൊടുക്കും.
38 ശൂന്യമായ്പോയിരുന്ന പട്ടണങ്ങൾ വിശുദ്ധമായ ആട്ടിൻ കൂട്ടംപോലെ, ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിൻ കൂട്ടംപോലെ തന്നേ, മനുഷ്യരാകുന്ന ആട്ടിൻ കൂട്ടം കൊണ്ടു നിറയും; ഞാൻ യഹോവ എന്നു അവർ അറിയും.
അദ്ധ്യായം 37

1 യഹോവയുടെ കൈ എന്റെമേൽ വന്നു യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവിൽ നിറുത്തി; അതു അസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു.
2 അവൻ എന്നെ അവയുടെ ഇടയിൽ കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്വരയുടെ പരപ്പിൻ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.
3 അവൻ എന്നോടു: മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ എന്നു ചോദിച്ചു; അതിന്നു ഞാൻ: യഹോവയായ കർത്താവേ, നീ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
4 അവൻ എന്നോടു കല്പിച്ചതു: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ചു അവയോടു പറയേണ്ടതു: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ!
5 യഹോവയായ കർത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിക്കേണ്ടതിന്നു ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും.
6 ഞാൻ നിങ്ങളുടെമേൽ ഞരമ്പുവെച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങൾ ജീവിക്കേണ്ടതിന്നു നിങ്ങളിൽ ശ്വാസം വരുത്തും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
7 എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു.
8 പിന്നെ ഞാൻ നോക്കി: അവയുടെ മേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കുപൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു.
9 അപ്പോൾ അവൻ എന്നോടു കല്പിച്ചതു: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്നു ഈ നിഹതന്മാർ ജീവിക്കേണ്ടതിന്നു അവരുടെ മേൽ ഊതുക.
10 അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ചു ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു.
11 പിന്നെ അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു, ഞങ്ങൾ തീരേ മുടിഞ്ഞിരിക്കുന്നു എന്നു അവർ പറയുന്നു.
12 അതുകൊണ്ടു നീ പ്രവചിച്ചു അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും.
13 അങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
14 നിങ്ങൾ ജീവക്കേണ്ടതിന്നു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു യഹോവയുടെ അരുളപ്പാടു.
15 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
16 മനുഷ്യപുത്രാ, നീ ഒരു കോൽ എടുത്തു അതിന്മേൽ: യെഹൂദെക്കും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോൽ എടുത്തു അതിന്മേൽ: എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.
17 പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേർക്കുക; അവ നിന്റെ കയ്യിൽ ഒന്നായിത്തീരും.
18 ഇതിന്റെ താല്പര്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാർ നിന്നോടു ചോദിക്കുമ്പോൾ, നീ അവരോടു പറയേണ്ടതു:
19 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിൻ കോലിനെയും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽഗോത്രങ്ങളെയും എടുത്തു അവരെ അവനോടു, യെഹൂദയുടെ കോലിനോടു തന്നേ, ചേർത്തു ഒരു കോലാക്കും; അവർ എന്റെ കയ്യിൽ ഒന്നായിരിക്കും.
20 നീ എഴുതിയ കോലുകൾ അവർ കാൺകെ നിന്റെ കയ്യിൽ ഇരിക്കേണം.
21 പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.
22 ഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.
23 അവർ ഇനി വിഗ്രഹങ്ങളാലും മ്ളേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.
24 എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.
25 എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.
26 ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.
27 എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
28 എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.
അദ്ധ്യായം 38

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലെ ഗോഗിന്റെ നേരെ നീ മുഖം തിരിച്ചു അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു;
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
4 ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്നെയും നിന്റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സർവ്വായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്തു ഒരു മഹാസമൂഹത്തെയും
5 അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാർസികൾ, കൂശ്യർ, പൂത്യർ, ഗോമെരും
6 അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗർമ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.
7 ഒരുങ്ങിക്കൊൾക! നീയും നിന്റെ അടുക്കൽ കൂടിയിരിക്കുന്ന നിന്റെ സമൂഹമൊക്കെയും ഒരുങ്ങിക്കൊൾവിൻ! നീ അവർക്കു മേധാവി ആയിരിക്ക.
8 ഏറിയനാൾ കഴിഞ്ഞിട്ടു നീ സന്ദർശിക്കപ്പെടും; വാളിന്നു ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപർവ്വതങ്ങളിൽ തന്നേ, എന്നാൽ അവർ ജാതികളുടെ ഇടയിൽനിന്നു വന്നു എല്ലാവരും നിർഭയമായി വസിക്കും.
9 നീ മഴക്കോൾപോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും.
10 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളിൽ നിന്റെ ഹൃദയത്തിൽ ചില ആലോചനകൾ തോന്നും;
11 നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിന്നും കവർച്ച ചെയ്യേണ്ടതിന്നും ശൂന്യമായ്ക്കിടന്നിട്ടും വീണ്ടും നിവാസികളുള്ള സ്ഥലങ്ങൾക്കു നേരെയും ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരെയും കൈ നീട്ടേണ്ടതിന്നും
12 ഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകും കൂടാതെ നിർഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരെ ഞാൻ ചെല്ലും എന്നും നീ പറയും.
13 ശെബയും ദെദാനും തർശീശ് വർത്തകന്മാരും അതിലെ സകല ബാലസിംഹങ്ങളും നിന്നോടു: നീ കൊള്ളയിടുവാനോ വന്നതു? കവർച്ചചെയ്‍വാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിപ്പാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്റെ സമൂഹത്തെ കൂട്ടിയിരിക്കുന്നതു എന്നു പറയും.
14 ആകയാൽ മനുഷ്യപുത്രാ, നീ പ്രവചിച്ചു ഗോഗിനോടു പറയേണ്ടതു. യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേൽ നിർഭയമായി വസിക്കുന്ന അന്നാളിൽ നീ അതു അറികയില്ലയോ?
15 നീയും നിന്നോടുകൂടെ പലജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്റെ ദിക്കിൽനിന്നു, വടക്കെ അറ്റത്തുനിന്നു തന്നേ, വരും.
16 ദേശത്തെ മറെക്കേണ്ടതിന്നുള്ള ഒരു മേഘംപോലെ നീ എന്റെ ജനമായ യിസ്രായേലിന്റെ നേരെ വരും; ഗോഗേ, അന്ത്യകാലത്തു ജാതികൾ കാൺകെ ഞാൻ എന്നെത്തന്നേ നിങ്കൽ വിശുദ്ധീകരിക്കുമ്പോൾ അവർ എന്നെ അറിയേണ്ടതിന്നു ഞാൻ നിന്നെ എന്റെ ദേശത്തിന്റെ നേരെ വരുത്തും.
17 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിന്നു വിരോധമായി വരുത്തും എന്നു പണ്ടത്തെ കാലത്തു അനേകം സംവത്സരങ്ങളായി പ്രവചിച്ചുപോന്ന അവരുടെ പ്രവാചകന്മാരായ എന്റെ ദാസന്മാർമുഖാന്തരം ഞാൻ അന്നു അരുളിച്ചെയ്തതു നിന്നെക്കുറിച്ചല്ലയോ?
18 യിസ്രായേൽദേശത്തിന്നു വിരോധമായി ഗോഗ് വരുന്ന അന്നാളിൽ എന്റെ ക്രോധം എന്റെ മൂക്കിൽ ഉജ്ജ്വലിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
19 അന്നാളിൽ നിശ്ചയമായിട്ടു യിസ്രായേൽദേശത്തു ഒരു വലിയ ഭൂകമ്പം ഉണ്ടാകും എന്നു ഞാൻ എന്റെ തീക്ഷ്ണതയിലും എന്റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു.
20 അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന ഇഴജാതിയൊക്കെയും ഭൂതലത്തിലെ സകലമനുഷ്യരും എന്റെ സന്നിധിയിൽ വിറെക്കും; മലകൾ ഇടിഞ്ഞുപോകും; കടുന്തൂക്കങ്ങൾ വീണുപോകും; എല്ലാ മതിലും നിലംപരിചാകും.
21 ഞാൻ എന്റെ സകല പർവ്വതങ്ങളോടും അവന്റെ നേരെ വാളെടുപ്പാൻ കല്പിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ഓരോരുത്തന്റെ വാൾ അവനവന്റെ സഹോദരന്നു വിരോധമായിരിക്കും.
22 ഞാൻ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാൻ അവന്റെമേലും അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വർഷിപ്പിക്കും.
23 ഇങ്ങനെ ഞാൻ എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാൺകെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.
അദ്ധ്യായം 39

1 നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
2 ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ചു യിസ്രായേൽ പർവ്വതങ്ങളിൽ വരുത്തും.
3 നിന്റെ ഇടങ്കയ്യിൽനിന്നു ഞാൻ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യിൽനിന്നു നിന്റെ അമ്പു വീഴിക്കും.
4 നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപർവ്വതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.
5 നീ വെളിൻ പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
6 മാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയക്കും; ഞാൻ യഹോവ എന്നു അവർ അറിയും
7 ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും.
8 ഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ഇതത്രേ ഞാൻ അരുളിച്ചെയ്ത ദിവസം.
9 യിസ്രായേലിന്റെ പട്ടണങ്ങളിൽ വസിക്കുന്നവർ പുറപ്പെട്ടു പരിച, പലക, വില്ലു, അമ്പു, കുറുവടി, കുന്തം മുതലായ ആയുധങ്ങളെ എടുത്തു തീ കത്തിക്കും; അവർ അവയെക്കൊണ്ടു ഏഴു സംവത്സരം തീ കത്തിക്കും.
10 പറമ്പിൽനിന്നു വിറകു പെറുക്കുകയോ കാട്ടിൽനിന്നു ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നേ അവർ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവർ കൊള്ളയിടുകയും തങ്ങളെ കവർച്ച ചെയ്തവരെ കവർച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
11 അന്നു ഞാൻ ഗോഗിന്നു യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിന്നു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നേ; വഴിപോക്കർക്കു അതു വഴിമുടക്കമായ്തീരും; അവിടെ അവർ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കം ചെയ്യും; അവർ അതിന്നു ഹാമോൻ-ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്നു പേർ വിളിക്കും.
12 യിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീർത്തു ദേശത്തെ വെടിപ്പാക്കുവാൻ ഏഴു മാസം വേണ്ടിവരും.
13 ദേശത്തിലെ ജനം എല്ലാംകൂടി അവരെ അടക്കംചെയ്യും; ഞാൻ എന്നെത്തന്നേ മഹത്വീകരിക്കുന്ന നാളിൽ അതു അവർക്കു കീർത്തിയായിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
14 ദേശമെല്ലാം വെടിപ്പാക്കേണ്ടതിന്നു അതിൽ ശേഷിച്ച ശവങ്ങളെ അടക്കുവാൻ ദേശത്തിൽ ചുറ്റി സഞ്ചരിക്കുന്ന നിത്യപ്രവൃത്തിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവർ പരിശോധന കഴിക്കും.
15 ദേശത്തു ചുറ്റി സഞ്ചരിക്കുന്നവർ സഞ്ചരിക്കുമ്പോൾ അവരിൽ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിന്നരികെ ഒരു അടയാളം വെക്കും; അടക്കം ചെയ്യുന്നവർ അതു ഹാമോൻ-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കംചെയ്യും.
16 ഒരു നഗരത്തിന്നും ഹമോനാ (പുരുഷാരം) എന്നു പേരുണ്ടാകും; ഇങ്ങനെ അവർ ദേശത്തെ വെടിപ്പാക്കും.
17 മനുഷ്യപുത്രാ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നതു: നിങ്ങൾ കൂടിവരുവിൻ; നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യേണ്ടതിന്നു ഞാൻ യിസ്രായേൽപർവ്വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്കു വേണ്ടി അറുപ്പാൻ പോകുന്ന എന്റെ യാഗത്തിന്നു നാലുപുറത്തു നിന്നും വന്നുകൂടുവിൻ.
18 നിങ്ങൾ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം; അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നേ.
19 ഞാൻ നിങ്ങൾക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തിൽനിന്നു നിങ്ങൾ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.
20 ഇങ്ങനെ നിങ്ങൾ എന്റെ മേശയിങ്കൽ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
21 ഞാൻ എന്റെ മഹത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെമേൽ വെച്ച എന്റെ കയ്യും സകല ജാതികളും കാണും.
22 അങ്ങനെ അന്നുമുതൽ മേലാൽ, ഞാൻ തങ്ങളുടെ ദൈവമായ യഹോവയെന്നു യിസ്രായേൽഗൃഹം അറിയും.
23 യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവർ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാൻ എന്റെ മുഖം അവർക്കു മറെച്ചു, അവരൊക്കെയും വാൾകൊണ്ടു വീഴേണ്ടതിന്നു അവരെ അവരുടെ വൈരികളുടെ കയ്യിൽ ഏല്പിച്ചു എന്നും ജാതികൾ അറിയും.
24 അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങൾക്കും തക്കവണ്ണം ഞാൻ അവരോടു പ്രവർത്തിച്ചു എന്റെ മുഖം അവർക്കു മറെച്ചു.
25 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇപ്പോൾ ഞാൻ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേൽഗൃഹത്തോടൊക്കെയും കരുണ ചെയ്തു എന്റെ വിശുദ്ധനാമംനിമിത്തം തീക്ഷ്ണത കാണിക്കും.
26 ഞാൻ അവരെ ജാതികളുടെ ഇടയിൽനിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽ നിന്നു അവരെ ശേഖരിച്ചു പല ജാതികളും കാൺകെ എന്നെത്തന്നേ അവരിൽ വിശുദ്ധീകരിച്ചശേഷം
27 ആരും അവരെ ഭയപ്പെടുത്താതെ അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കുമ്പോൾ, തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സർവ്വദ്രോഹങ്ങളും മറക്കും.
28 ഞാൻ അവരെ ജാതികളുടെ ഇടയിൽ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരിൽ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്നു അവർ അറിയും.
29 ഞാൻ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കയാൽ ഇനി എന്റെ മുഖം അവർക്കു മറെക്കയുമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അദ്ധ്യായം 40

1 ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കൽ പത്താം തിയ്യതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടിൽ, അന്നേ തിയ്യതി തന്നേ യഹോവയുടെ കൈ എന്റെ മേൽ വന്നു എന്നെ അവിടേക്കു കൊണ്ടുപോയി.
2 ദിവ്യദർശനങ്ങളിൽ അവൻ എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയർന്ന ഒരു പർവ്വതത്തിന്മേൽ നിർത്തി; അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു.
3 അവൻ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചെക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കയ്യിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതിൽക്കൽനിന്നു.
4 ആ പുരുഷൻ എന്നോടു: മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാൻ നിന്നെ കാണിപ്പാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക; ഞാൻ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നതു; നീ കാണുന്നതൊക്കെയും യിസ്രായേൽഗൃഹത്തോടു അറിയിക്ക എന്നു കല്പിച്ചു.
5 എന്നാൽ ആലയത്തിന്നു പുറമെ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്റെ കയ്യിൽ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡു ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവൻ മതിൽ അളന്നു; വീതി ഒരു ദണ്ഡു, ഉയരം ഒരു ദണ്ഡു;
6 പിന്നെ അവൻ കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിങ്കൽ ചെന്നു അതിന്റെ പതനങ്ങളിൽ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡു; മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡു;
7 ഓരോ മാടത്തിന്നും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; മാടങ്ങൾ തമ്മിൽ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്റെ ഉമ്മരപ്പടി അകത്തു ഗോപുരത്തിന്റെ പൂമുഖത്തിന്നരികെ ഒരു ദണ്ഡായിരുന്നു.
8 അവൻ ഗോപുരത്തിന്റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡു.
9 അവൻ ഗോപുരത്തിന്റെ പൂമുഖം അളന്നു; അതു എട്ടു മുഴവും അതിന്റെ കട്ടളക്കാലുകൾ ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്റെ പൂമുഖം അകത്തോട്ടായിരുന്നു.
10 കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിന്നും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടളക്കാലുകൾക്കു ഒരേ അളവും ആയിരുന്നു.
11 അവൻ ഗോപുരപ്രവേശനത്തിന്റെ വീതി അളന്നു; പത്തു മുഴം; ഗോപുരത്തിന്റെ നീളം അളന്നു: പതിമൂന്നു മുഴം.
12 മാടങ്ങളുടെ മുമ്പിൽ ഇപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും അപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഓരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.
13 അവൻ ഒരു മാടത്തിന്റെ മേല്പുരമുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു; വാതിലോടു വാതിൽ ഇരുപത്തഞ്ചു മുഴമായിരുന്നു.
14 അവൻ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിന്റെ മാടങ്ങൾ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.
15 പ്രവേശനവാതിലിന്റെ മുൻഭാഗം തുടങ്ങി അകത്തെ വാതിൽക്കലെ പൂമുഖത്തിന്റെ മുൻഭാഗംവരെ അമ്പുത മുഴമായിരുന്നു.
16 ഗോപുരത്തിന്നും പൂമുഖത്തിന്നും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു; ആ ജാലകങ്ങൾ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.
17 പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിന്നു ചുറ്റും മണ്ഡപങ്ങളും ഓരോ കല്തളവും ഉണ്ടായിരുന്നു; കല്തളത്തിങ്കൽ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.
18 കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കലളം.
19 പിന്നെ അവൻ താഴത്തെ ഗോപുരത്തിന്റെ മുൻഭാഗം മുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു.
20 വടക്കോട്ടു ദർശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവൻ അളന്നു.
21 അതിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
22 അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താൽ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു.
23 അകത്തെ പ്രാകാരത്തിന്നു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിന്നു നേരെ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരം മുതൽ മറ്റെ ഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.
24 പിന്നെ അവൻ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ടു ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവൻ ഈ അളവുപോലെ തന്നേ അളന്നു.
25 ആ ജാലകങ്ങൾ പോലെ ഇതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
26 അതിലേക്കു കയറുവാൻ ഏഴു പതനം ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന്നു അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു.
27 അകത്തെ പ്രാകാരത്തിന്നു തെക്കോട്ടു ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടു ഒരു ഗോപുരം മുതൽ മറ്റെഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.
28 പിന്നെ അവൻ തെക്കെ ഗോപുരത്തിൽകൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടു ചെന്നു; അവൻ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നേ അളന്നു.
29 അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.
30 പൂമുഖങ്ങൾ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.
31 അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
32 പിന്നെ അവൻ എന്നെ കിഴക്കു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവൻ ഗോപുരത്തെ ഈ അളവുപോലെ തന്നേ അളന്നു.
33 അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നു അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു;
34 അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
35 പിന്നെ അവൻ എന്നെ വടക്കെ ഗോപുരത്തിലേക്കു കൊണ്ടുചെന്നു, ഈ അളവുപോലെ തന്നേ അതും അളന്നു.
36 അവൻ അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിന്നു ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
37 അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
38 അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തിൽകൂടി ആയിരുന്നു; അവിടെ അവർ ഹോമയാഗം കഴുകും.
39 ഗോപുരത്തിന്റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.
40 ഗോപുരപ്രവേശനത്തിങ്കൽ കയറുമ്പോൾ പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്റെ മറുവശത്തു രണ്ടുമേശയും ഉണ്ടായിരുന്നു.
41 ഗോപുരത്തിന്റെ പാർശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേൽ അവർ യാഗങ്ങളെ അറുക്കും.
42 ഹോമയാഗത്തിന്നുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെ മേൽ അവർ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങൾ വെക്കും.
43 അകത്തു ചുറ്റിലും നാലു വിരൽ നീളമുള്ള കൊളുത്തുകൾ തറെച്ചിരുന്നു; എന്നാൽ മേശകളുടെ മേൽ നിവേദിതമാംസം വെക്കും.
44 അകത്തെ ഗോപുരത്തിന്നു പുറത്തു, അകത്തെ പ്രാകാരത്തിൽ തന്നേ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കെ ഗോപുരത്തിന്റെ പാർശ്വത്തു തെക്കോട്ടു ദർശനമുള്ളതായിരുന്നു; മറ്റേതു തെക്കെ ഗോപുരത്തിന്റെ പാർശ്വത്തു വടക്കോട്ടു ദർശനമുള്ളതായിരുന്നു.
45 അവൻ എന്നോടു കല്പിച്ചതു: തെക്കോട്ടു ദർശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളതു.
46 വടക്കോട്ടു ദർശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളതു; ഇവർ യഹോവെക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്റെ പുത്രന്മാരാകുന്നു.
47 അവൻ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുൻ വശത്തായിരുന്നു.
48 പിന്നെ അവൻ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവൻ പൂമുഖത്തിന്റെ മുറിച്ചുവർ അളന്നു, ഇപ്പുറത്തുള്ളതു അഞ്ചു മുഴം; അപ്പുറത്തുള്ളതു അഞ്ചു മുഴം; മുറിച്ചുവരിന്റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.
49 പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്തു; മുറിച്ചുവരുകൾക്കരികെ ഇപ്പുറത്തു ഒന്നും അപ്പുറത്തു ഒന്നുമായി തൂണുകൾ ഉണ്ടായിരുന്നു.
അദ്ധ്യായം 41

1 അനന്തരം അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്തു ആറു മുഴവും അപ്പുറത്തു ആറു മുഴവും ആയിരുന്നു.
2 പ്രവേശനത്തിന്റെ വീതി പത്തു മുഴവും പ്രവേശനത്തിന്റെ പാർശ്വഭിത്തികൾ ഇപ്പുറത്തു അഞ്ചു മുഴവും അപ്പുറത്തു അഞ്ചു മുഴവും ആയിരുന്നു; അവൻ മന്ദിരം അളന്നു: അതിന്റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം, പിന്നെ അവൻ അകത്തേക്കു ചെന്നു, പ്രവേശനത്തിന്റെ മുറിച്ചവരുകളെ അളന്നു: കനം രണ്ടു മുഴവും പ്രവേശനത്തിന്റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേു മുഴവുമായിരുന്നു.
3
4 അവൻ അതിന്റെ നീളം അളന്നു: ഇരുപതുമുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇതു അതിവിശുദ്ധസ്ഥലം എന്നു അവൻ എന്നോടു കല്പിച്ചു,
5 പിന്നെ അവൻ ആലയത്തിന്റെ ചുവർ അളന്നു: കനം ആറു മുഴം: ആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം.
6 എന്നാൽ പുറവാരമുറികൾ ഒന്നിന്റെ മേൽ ഒന്നായി മൂന്നു നിലയായും നിലയിൽ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിന്നും പുറവാരമുറികൾക്കും ഇടയിലുള്ള ചുവരിന്മേൽ പിടിപ്പാൻ തക്കവണ്ണം ചേർന്നിരുന്നു; എന്നാൽ തുലാങ്ങൾ ആലയഭിത്തിക്കകത്തു ചെന്നില്ല.
7 പുറവാരമുറികൾ ആലയത്തിന്റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്നു ചുറ്റും മുറിക്കകത്തു മേലോട്ടു മേലോട്ടു വീതി കൂടും; അതുകൊണ്ടു പുരവാരത്തിന്റെ വിസ്താരം മേലോട്ടു മേലോട്ടു ഏറും; താഴത്തെ നിലയിൽനിന്നു നടുവിലത്തേതിൽകൂടി മേലത്തെ നിലയിൽ കയറാം.
8 ഞാൻ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ളോരു തറ കണ്ടു; പുറവാരമുറികളുടെ അടിസ്ഥാനങ്ങൾ ഒരു മുഴു ദണ്ഡായിരുന്നു; പരിഗളംവരെ ആറുമുഴം.
9 പുറവാരത്തിന്റെ പുറമെയുള്ള ചുവരിന്റെ കനം അഞ്ചു മുഴമായിരുന്നു;
10 എന്നാൽ ആലയത്തിന്റെ പുറവാരമുറികൾക്കും മണ്ഡപങ്ങൾക്കും ഇടയിൽ ആലയത്തിന്നു ചുറ്റും ഇരുപതുമുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.
11 പുറവാരത്തിന്റെ വാതിലുകൾ തിണ്ണെക്കു നേരെ ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.
12 മുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവർ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
13 അവൻ ആലയം അളന്നു: നീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ചുവരുകളും അളന്നു; അതിന്നും നൂറു മുഴം നീളം.
14 ആലയത്തിന്റെ മുൻഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.
15 പിന്നെ അവൻ മുറ്റത്തിന്റെ പിൻപുറത്തു അതിന്നെതിരെയുള്ള കെട്ടിടത്തിന്റെ നീളവും അതിന്നു ഇപ്പുറത്തും അപ്പുറത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം; അകത്തെ മന്ദിരത്തിന്നും പ്രാകാരത്തിന്റെ പൂമുഖങ്ങൾക്കും ഉമ്മരപ്പടികൾക്കും
16 അഴിയുള്ള ജാലകങ്ങൾക്കും ഉമ്മരപ്പടിക്കു മേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകൾക്കും നിലംതൊട ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.
17 അകത്തെ ആലയത്തിൻ വാതിലിന്റെ മേൽഭാഗംവരെയും പുറമെയും ചുറ്റും എല്ലാചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.
18 കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിന്നും കെരൂബിന്നും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിന്നു ഈരണ്ടു മുഖവും ഉണ്ടായിരുന്നു.
19 മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.
20 നിലംമുതൽ വാതിലിന്റെ മേലറ്റംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി.
21 മന്ദിരത്തിന്നു ചതുരമായുള്ള മുറിച്ചുവരുകളും വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽ യാഗപീഠംപോലെയുള്ളൊന്നും ഉണ്ടായിരുന്നു.
22 യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടുമുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവൻ എന്നോടു: ഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.
23 മന്ദിരത്തിന്നും അതിവിശുദ്ധമന്ദിരത്തിന്നും ഈരണ്ടു കതകു ഉണ്ടായിരുന്നു.
24 കതകുകൾക്കു ഈരണ്ടു മടകൂ കതകു ഉണ്ടായിരുന്നു; ഒരു കതകിന്നു രണ്ടു മടക്കുകതകു; മറ്റെ കതകിന്നു രണ്ടു മടക്കുകതകു.
25 ചുവരുകളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പിൽ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.
26 പൂമുഖത്തിന്റെ പാർശ്വങ്ങളിൽ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.
അദ്ധ്യായം 42

1 അനന്തരം അവൻ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്കു എന്നെ കൊണ്ടുചെന്നു.
2 അതിന്റെ മുൻഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.
3 അകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.
4 മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു.
5 കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും നടുവിലത്തേവയിൽനിന്നും എടുത്തതിനെക്കാൾ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽനിന്നു നടപ്പുരകൾക്കു എടുത്തുപോന്നിരുന്നതുകൊണ്ടു അവ നീളം കുറഞ്ഞവ ആയിരുന്നു.
6 അവ മൂന്നു നിലയായിരുന്നു; എന്നാൽ അവെക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു.
7 പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുൻ വശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു.
8 പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാൽ മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു;
9 പുറത്തെ പ്രാകാരത്തിൽനിന്നു ഇവയിലേക്കു കടന്നാൽ കിഴക്കോട്ടു ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.
10 കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലെക്കൽ മുറ്റത്തിന്നെതിരായും കെട്ടിടത്തിന്നെതിരായും മണ്ഡപങ്ങൾ ഉണ്ടായിരുന്നു.
11 അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിന്നൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാപുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നേ.
12 തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കൽ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കൽ തന്നേ.
13 പിന്നെ അവൻ എന്നോടു കല്പിച്ചതു: മുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. ആ സ്ഥലം വിശുദ്ധമല്ലോ.
14 പുരോഹിതന്മാർ വിശുദ്ധമന്ദിരത്തുനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതിൽ പ്രവേശിപ്പാൻ; ശുശ്രൂഷെക്കുള്ള തങ്ങളുടെ വസ്ത്രം അവർ അവിടെ വെച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറെ വസ്ത്രം ധരിച്ചിട്ടേ അവർ ജനത്തിന്നുള്ള സ്ഥലത്തു ചെല്ലാവു.
15 അവൻ അകത്തെ ആലയം അളന്നു തീർന്നശേഷം, കിഴക്കോട്ടു ദർശനമുള്ള വാതിൽക്കൽ കൂടി എന്നെ കൊണ്ടു ചെന്നു അവിടം ചുറ്റും അളന്നു.
16 അവൻ കിഴക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
17 അവൻ വടക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
18 അവൻ തെക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
19 അവൻ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ടു അളന്നു; അഞ്ഞൂറു മുഴം.
20 ഇങ്ങനെ അവൻ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേറുതിരിപ്പാൻ തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതിൽ അതിന്നു ചുറ്റും ഉണ്ടായിരുന്നു.
അദ്ധ്യായം 43

1 അനന്തരം അവൻ എന്നെ ഗോപുരത്തിലേക്കു, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നേ, കൊണ്ടുചെന്നു;
2 അപ്പോൾ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.
3 ഇതു ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിപ്പാൻ ഞാൻ വന്നപ്പോൾ കണ്ട ദർശനംപോലെ തന്നേ; ഈ ദർശനങ്ങൾ കെബാർ നദീതീരത്തുവെച്ചു ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; അപ്പോൾ ഞാൻ കവിണ്ണുവീണു.
4 യഹോവയുടെ തേജസ്സു കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.
5 ആത്മാവു എന്നെ എടുത്തു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സു ആലയത്തെ നിറെച്ചിരുന്നു.
6 ആ പുരുഷൻ എന്റെ അടുക്കൽ നില്ക്കുമ്പോൾ, ആലയത്തിൽ നിന്നു ഒരുത്തൻ എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു.
7 അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, ഇതു ഞാൻ എന്നേക്കും യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേൽഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങൾകൊണ്ടും
8 എനിക്കും അവർക്കും ഇടയിൽ ഒരു ചുവർ മാത്രം ഉണ്ടായിരിക്കത്തക്കവണ്ണം തങ്ങളുടെ ഉമ്മരപ്പടി എന്റെ ഉമ്മരപ്പടിയും തങ്ങളുടെ കട്ടള എന്റെ കട്ടളയും ആക്കുന്നതുകൊണ്ടും എന്റെ വിശുദ്ധനാമത്തെ ഇനി അശുദ്ധമാക്കേണ്ടതല്ല; അവർ ചെയ്ത മ്ളേച്ഛതകളാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയിരിക്കുന്നു; അതുകൊണ്ടു ഞാൻ എന്റെ കോപത്തിൽ അവരെ നശിപ്പിച്ചു.
9 ഇപ്പോൾ അവർ തങ്ങളുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എങ്കൽനിന്നു ദൂരത്താക്കിക്കളയട്ടെ; എന്നാൽ ഞാൻ അവരുടെ മദ്ധ്യേ എന്നേക്കും വസിക്കും.
10 മനുഷ്യപുത്രാ, യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന്നു നീ ഈ ആലയം അവരെ കാണിക്ക; അവർ അതിന്റെ മാതൃക അളക്കട്ടെ.
11 അവർ ചെയ്ത സകലത്തെയും കുറിച്ചു അവർ ലജ്ജിച്ചാൽ നീ ആലയത്തിന്റെ ആകൃതിയും വിധാനവും പുറപ്പാടുകളും പ്രവേശനങ്ങളും അതിന്റെ ആകൃതി ഒക്കെയും സകല വ്യവസ്ഥകളും അതിന്റെ രൂപമൊക്കെയും അതിന്റെ സകല നിയമങ്ങളും അവരെ അറിയിച്ചു, അവർ അതിന്റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ചു അനുഷ്ഠിക്കേണ്ടതിന്നു അതിനെ ഒക്കെയും അവർ കാൺകെ എഴുതിവെക്കുക.
12 ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പർവ്വതത്തിന്റെ മുകളിൽ അതിന്റെ അതൃത്തിക്കകമെല്ലാം അതി വിശുദ്ധമായിരിക്കേണം; അതേ, ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം.
13 മുഴപ്രകാരം യാഗപീഠത്തിന്റെ അളവു ആവിതു--മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും--: ചുവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വക്കുഒരു ചാൺ. യാഗപീഠത്തിന്റെ ഉയരമാവിതു:
14 നിലത്തെ ചുവടുമുതൽ താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും; താഴത്തെ തട്ടുമുതൽ വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കേണം.
15 ഇങ്ങനെ മേലത്തെ യാഗപീഠം നാലു മുഴം; യാഗപീഠത്തിന്റെ അടുപ്പിൽനിന്നു മേലോട്ടു നാലു കൊമ്പു ഉണ്ടായിരിക്കേണം;
16 യാഗപീഠത്തിന്റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കേണം.
17 അതിന്റെ നാലു പുറവുമുള്ള തട്ടു പതിന്നാലു മുഴം നീളവും പതിന്നാലു മുഴം വീതിയും അതിന്റെ ചുറ്റുമുള്ള വക്കുഅര മുഴവും ചുവടു ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്റെ പതനങ്ങൾ കിഴക്കോട്ടായിരിക്കേണം.
18 പിന്നെ അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ യാഗപീഠം ഉണ്ടാക്കുന്ന നാളിൽ അതിന്മേൽ ഹോമയാഗം കഴിക്കേണ്ടതിന്നും രക്തം തളിക്കേണ്ടതിന്നും അതിനെക്കുറിച്ചുള്ള ചട്ടങ്ങൾ ആവിതു:
19 എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തു വരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാർക്കു നീ പാപയാഗമായി ഒരു കാളക്കുട്ടിയെ കൊടുക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
20 നീ അതിന്റെ രക്തത്തിൽ കുറെ എടുത്തു യാഗപീഠത്തിന്റെ നാലു കൊമ്പിലും തട്ടിന്റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി അതിന്നു പാപപരിഹാരവും പ്രായശ്ചിത്തവും വരുത്തേണം.
21 പിന്നെ നീ പാപയാഗത്തിന്നു കാളയെ എടുത്തു ആലയത്തിൽ നിയമിക്കപ്പെട്ട സ്ഥലത്തു വിശുദ്ധമന്ദിരത്തിന്റെ പുറമെ വെച്ചു ദഹിപ്പിക്കേണം.
22 രണ്ടാം ദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അർപ്പിക്കേണം; അവർ കാളയെക്കൊണ്ടു യാഗപീഠത്തിന്നു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിന്നു പാപപരിഹാരം വരുത്തേണം.
23 അതിന്നു പാപപരിഹാരം വരുത്തിത്തീർന്നശേഷം, നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽ നിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും അർപ്പിക്കേണം.
24 നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം; പുരോഹിതന്മാർ അവയുടെമേൽ ഉപ്പു വിതറിയശേഷം അവയെ യഹോവെക്കു ഹോമയാഗമായി അർപ്പിക്കേണം.
25 ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഓരോ കോലാട്ടിനെ അർപ്പിക്കേണം; അവർ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽനിന്നു ഒരു ആട്ടുകൊറ്റനെയും അർപ്പിക്കേണം.
26 അങ്ങനെ അവർ ഏഴുദിവസം യാഗപീഠത്തിന്നു പ്രായശ്ചിത്തം വരുത്തിയും അതിനെ നിർമ്മലീകരിച്ചുംകൊണ്ടു പ്രതിഷ്ഠ കഴിക്കേണം.
27 ഈ ദിവസങ്ങൾ തികെച്ചശേഷം എട്ടാം ദിവസവും മുമ്പോട്ടും പുരോഹിതന്മാർ യാഗപീഠത്തിന്മേൽ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അർപ്പിക്കേണം. അങ്ങനെ എനിക്കു നിങ്ങളിൽ പ്രസാദമുണ്ടാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അദ്ധ്യായം 44

1 അനന്തരം അവൻ എന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാൽ അതു അടെച്ചിരുന്നു.
2 അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: ഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതിൽകൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം.
3 പ്രഭുവോ അവൻ പ്രഭുവായിരിക്കയാൽ യഹോവയുടെ സന്നിധിയിൽ ഭോജനം കഴിപ്പാൻ അവിടെ ഇരിക്കേണം; അവൻ ആ ഗോപുരത്തിന്റെ പൂമുഖത്തുകൂടി അകത്തു കടക്കയും അതിൽകൂടി പുറത്തു പോകയും വേണം.
4 പിന്നെ അവൻ എന്നെ വടക്കെ ഗോപുരംവഴിയായി ആലയത്തിന്റെ മുമ്പിൽ കൊണ്ടുചെന്നു; ഞാൻ നോക്കി, യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ടു കവിണ്ണുവീണു.
5 അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്റെ സകല വ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ചു ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ നല്ലവണ്ണം ശ്രദ്ധവെച്ചു കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേൾക്ക; ആലയത്തിലേക്കുള്ള പ്രവേശനത്തെയും വിശുദ്ധമന്ദിരത്തിൽനിന്നുള്ള പുറപ്പാടുകളെയും നീ നല്ലവണ്ണം കുറിക്കൊൾക.
6 യിസ്രായേൽഗൃഹക്കരായ മത്സരികളോടു നീ പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങളുടെ സകല മ്ളേച്ഛതകളും മതിയാക്കുവിൻ.
7 നിങ്ങൾ എന്റെ ആഹാരമായ മേദസ്സും രക്തവും അർപ്പിക്കുമ്പോൾ, എന്റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന്നു നിങ്ങൾ ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മികളായ അന്യജാതിക്കാരെ എന്റെ വിശുദ്ധമന്ദിരത്തിൽ ഇരിപ്പാൻ കൊണ്ടുവന്നതിനാൽ നിങ്ങളുടെ സകല മ്ളേച്ഛതകൾക്കും പുറമെ നിങ്ങൾ എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.
8 നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളുടെ കാര്യം വിചാരിക്കാതെ അവരെ എന്റെ വിശുദ്ധമന്ദിരത്തിൽ കാര്യവിചാരണെക്കു ആക്കിയിരിക്കുന്നു.
9 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മിയായ യാതൊരു അന്യജാതിക്കാരനും തന്നേ, എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുതു.
10 യിസ്രായേൽ തെറ്റിപ്പോയ കാലത്തു എന്നെ വിട്ടകന്നു പോയവരും എന്നെ വിട്ടു തെറ്റി വിഗ്രഹങ്ങളോടു ചേർന്നവരുമായ ലേവ്യർ തന്നേ തങ്ങളുടെ അകൃത്യം വഹിക്കേണം.
11 അവർ എന്റെ വിശുദ്ധമന്ദിരത്തിൽ ആലയത്തിന്റെ പടിവാതിൽക്കൽ എല്ലാം ശുശ്രൂഷകന്മാരായി കാവൽനിന്നു ആലയത്തിൽ ശുശ്രൂഷ ചെയ്യേണം; അവർ ജനത്തിന്നുവേണ്ടി ഹോമയാഗവും ഹനനയാഗവും അറുത്തു അവർക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ മുമ്പിൽ നിൽക്കേണം.
12 അവർ അവരുടെ വിഗ്രഹങ്ങളുടെ മുമ്പാകെ ശുശ്രൂഷചെയ്തു, യിസ്രായേൽഗൃഹത്തിന്നു അകൃത്യഹേതുവായ്തീർന്നതുകൊണ്ടു ഞാൻ അവർക്കു വിരോധമായി കൈ ഉയർത്തി സത്യം ചെയ്തിരിക്കുന്നു; അവർ തങ്ങളുടെ അകൃത്യം വഹിക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
13 അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാനും അതിവിശുദ്ധങ്ങളായ എന്റെ സകല വിശുദ്ധവസ്തുക്കളെയും തൊടുവാനും എന്നോടു അടുത്തുവരാതെ തങ്ങളുടെ ലജ്ജയും തങ്ങൾ ചെയ്ത മ്ളേച്ഛതകളും വഹിക്കേണം.
14 എന്നാൽ ആലയത്തിന്റെ എല്ലാ വേലെക്കും അതിൽ ചെയ്‍വാനുള്ള എല്ലാറ്റിന്നും ഞാൻ അവരെ അതിൽ കാര്യവിചാരകന്മാരാക്കി വെക്കും.
15 യിസ്രായേൽമക്കൾ എന്നെ വിട്ടു തെറ്റിപ്പോയ കാലത്തു എന്റെ വിശുദ്ധമന്ദിരത്തിന്റെ കാര്യവിചാരണ നടത്തിയിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തുവരികയും മേദസ്സും രക്തവും എനിക്കു അർപ്പിക്കേണ്ടതിന്നു എന്റെ മുമ്പാകെ നിൽക്കയും വേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
16 അവർ എന്റെ വിശുദ്ധമന്ദിരത്തിൽ കടന്നു എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്റെ മേശയുടെ അടുക്കൽ വരികയും എന്റെ കാര്യവിചാരണ നടത്തുകയും വേണം.
17 എന്നാൽ അകത്തെ പ്രാകാരത്തിന്റെ വാതിലുകൾക്കകത്തു കടക്കുമ്പോൾ അവർ ശണവസ്ത്രം ധരിക്കേണം; അകത്തെ പ്രാകാരത്തിന്റെ വാതിൽക്കലും ആലയത്തിന്നകത്തും ശുശ്രൂഷചെയ്യുമ്പോൾ ആട്ടിൻ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കരുതു.
18 അവരുടെ തലയിൽ ശണംകൊണ്ടുള്ള തലപ്പാവും അരയിൽ ശണംകൊണ്ടുള്ള കാല്ക്കുപ്പായവും ഉണ്ടായിരിക്കേണം; വിയർപ്പുണ്ടാകുന്ന യാതൊന്നും അവർ ധരിക്കരുതു.
19 അവർ പുറത്തെ പ്രാകാരത്തിലേക്കു, പുറത്തെ പ്രാകാരത്തിൽ ജനത്തിന്റെ അടുക്കലേക്കു തന്നേ, ചെല്ലുമ്പോൾ തങ്ങളുടെ വസ്ത്രത്താൽ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന്നു തങ്ങൾ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളിൽ വെച്ചിട്ടു വേറെ വസ്ത്രം ധരിക്കേണം.
20 അവർ തല ക്ഷൌരം ചെയ്കയോ തലമുടി നീട്ടുകയോ ചെയ്യാതെ കത്രിക്ക മാത്രമേ ചെയ്യാവു.
21 യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ചു അകത്തെ പ്രാകാരത്തിൽ കടക്കരുതു.
22 വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ ഭാര്യയായി എടുക്കാതെ അവർ യിസ്രായേൽഗൃഹത്തിലെ സന്തതിയിലുള്ള കന്യകമാരെയോ ഒരു പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കേണം.
23 അവർ വിശുദ്ധമായതിന്നും സാമാന്യമായതിന്നും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന്നു ഉപദേശിച്ചു, മലിനമായതും നിർമ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം.
24 വ്യവഹാരത്തിൽ അവർ ന്യായം വിധിപ്പാൻ നിൽക്കേണം; എന്റെ വിധികളെ അനുസരിച്ചു അവർ ന്യായം വിധിക്കേണം; അവർ ഉത്സവങ്ങളിലൊക്കെയും എന്റെ പ്രമാണങ്ങളും ചട്ടങ്ങളും ആചരിക്കയും എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കയും വേണം.
25 അവർ മരിച്ച ആളുടെ അടുക്കൽ ചെന്നു അശുദ്ധരാകരുതു; എങ്കിലും അപ്പൻ, അമ്മ, മകൻ, മകൾ, സഹോദരൻ, ഭർത്താവില്ലാത്ത സഹോദരി എന്നിവർക്കുവേണ്ടി അശുദ്ധരാകാം.
26 അവന്റെ ശുദ്ധീകരണം കഴിഞ്ഞശേഷം ഏഴു ദിവസം എണ്ണേണം.
27 വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യേണ്ടതിന്നു അവൻ അകത്തെ പ്രാകാരത്തിൽ വിശുദ്ധമന്ദിരത്തിലേക്കു പോകുന്ന ദിവസത്തിൽ അവൻ പാപയാഗം അർപ്പിക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
28 അവരുടെ അവകാശമോ, ഞാൻ തന്നേ അവരുടെ അവകാശം; നിങ്ങൾ അവർക്കു യിസ്രായേലിൽ സ്വത്തു ഒന്നും കൊടുക്കരുതു; ഞാൻ തന്നേ അവരുടെ സ്വത്താകുന്നു.
29 അവർ ഭോജനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവകൊണ്ടു ഉപജീവനം കഴിക്കേണം; യിസ്രായേലിൽ നിവേദിതമായതൊക്കെയും അവർക്കുള്ളതായിരിക്കേണം.
30 സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടും പുരോഹിതന്മാർക്കുള്ളതായിരിക്കേണം; നിന്റെ വീട്ടിന്മേൽ അനുഗ്രഹം വരുത്തേണ്ടതിന്നു നിങ്ങളുടെ തരിമാവിന്റെ ആദ്യഭാഗവും പുരോഹിതന്നു കൊടുക്കേണം.
31 താനേ ചത്തതും പറിച്ചുകീറിപ്പോയതുമായ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതൻ തിന്നരുതു.
അദ്ധ്യായം 45

1 ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോൾ, നിങ്ങൾ ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവെക്കു വഴിപാടായി അർപ്പിക്കേണം; അതു ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കേണം; അതു ചുറ്റുമുള്ള എല്ലാ അതിരോളവും വിശുദ്ധമായിരിക്കേണം.
2 അതിൽ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി ചതുരശ്രമായോരു ഇടം വിശുദ്ധസ്ഥലത്തിന്നു ആയിരിക്കേണം; അതിന്നു ചുറ്റുപാടു അമ്പതു മുഴം സ്ഥലം വെളിൻ പ്രദേശം ആയികിടക്കേണം.
3 ആ അളവിൽ നിന്നു നീ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും അളക്കേണം; അതിൽ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കേണം;
4 അതു ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അതു യഹോവെക്കു ശുശ്രൂഷചെയ്‍വാൻ അടുത്തു വരുന്നവരായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർക്കുള്ളതായിരിക്കേണം; അതു അവരുടെ വീടുകൾക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിന്നുള്ള വിശുദ്ധസ്ഥലവുമായിരിക്കേണം.
5 പിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ളതു ആലയത്തിന്റെ ശുശ്രൂഷകന്മാരായ ലേവ്യർക്കു പാർപ്പാൻ ഗ്രാമങ്ങൾക്കായുള്ള സ്വത്തായിരിക്കേണം.
6 വിശുദ്ധാംശമായ വഴിപാടിന്റെ പാർശ്വത്തിൽ നഗരസ്വത്തായി അയ്യായിരം മുഴം വീതിയിലും ഇരുപത്തയ്യായിരം മുഴം നീളത്തിലും ഒരു സ്ഥലം നിയമിക്കേണം; അതു യിസ്രായേൽഗൃഹത്തിന്നൊക്കെയും ഉള്ളതായിരിക്കേണം.
7 പ്രഭുവിന്നുള്ളതോ വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും മുമ്പിൽ പടിഞ്ഞാറുവശത്തു പടിഞ്ഞാറോട്ടും കിഴക്കുവശത്തു കിഴക്കോട്ടും ആയിരിക്കേണം; അതിന്റെ നീളം ദേശത്തിന്റെ പടിഞ്ഞാറെ അതിരുമുതൽ കിഴക്കെ അതിരുവരെയുള്ള അംശങ്ങളിൽ ഒന്നിനോടു ഒത്തിരിക്കേണം.
8 അതു യിസ്രായേലിൽ അവന്നുള്ള സ്വത്തായിരിക്കേണം; എന്റെ പ്രഭുക്കന്മാർ ഇനി എന്റെ ജനത്തെ പീഡിപ്പിക്കാതെ ദേശത്തെ യിസ്രായേൽഗൃഹത്തിലെ അതതു ഗോത്രത്തിന്നു കൊടുക്കേണം.
9 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ പ്രഭുക്കന്മാരേ, മതിയാക്കുവിൻ! സാഹസവും കവർച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിൻ; എന്റെ ജനത്തോടു പിടിച്ചുപറിക്കുന്നതു നിർത്തുവിൻ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
10 ഒത്ത തുലാസ്സും ഒത്ത ഏഫയും ഒത്ത ബത്തും നിങ്ങൾക്കുണ്ടായിരിക്കേണം.
11 ഏഫയും ബത്തും ഒരു പ്രമാണമായിരിക്കേണം; ബത്തു ഹോമെരിന്റെ പത്തിൽ ഒന്നും ഏഫാ ഹോമെരിന്റെ പത്തിൽ ഒന്നും ആയിരിക്കേണം; അതിന്റെ പ്രമാണം ഹോമെരിന്നൊത്തതായിരിക്കേണം.
12 ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരാ ആയിരിക്കേണം; അഞ്ചു ശേക്കെൽ അഞ്ചത്രേ, പത്തു ശേക്കെൽ പത്തത്രേ, അമ്പതു ശേക്കെൽ ഒരു മാനേ എന്നിങ്ങനെ ആയിരിക്കേണം;
13 നിങ്ങൾ വഴിപാടു കഴിക്കേണ്ടതു എങ്ങിനെ എന്നാൽ: ഒരു ഹോമെർ കോതമ്പിൽനിന്നു ഏഫയുടെ ആറിലൊന്നും ഒരു ഹോമെർ യവത്തിൽനിന്നു ഏഫയുടെ ആറിലൊന്നും കൊടുക്കേണം.
14 എണ്ണെക്കുള്ള പ്രമാണം: പത്തു ബത്ത് കൊള്ളുന്ന ഹോമെരായ ഒരു കോരിൽനിന്നു ബത്തിന്റെ പത്തിലൊന്നു കൊടുക്കേണം; പത്തു ബത്ത് ഒരു ഹോമെർ.
15 പ്രായശ്ചിത്തം വരുത്തേണ്ടതിന്നു ഭോജനയാഗമായും ഹോമയാഗമായും സമാധാന യാഗങ്ങളായും യിസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചൽപുറങ്ങളിലെ ഇരുനൂറു ആടുള്ള ഒരു കൂട്ടത്തിൽനിന്നു ഒരു കുഞ്ഞാടിനെ കൊടുക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
16 ദേശത്തെ സകലജനവും യിസ്രായേലിന്റെ പ്രഭുവിന്നു വേണ്ടിയുള്ള ഈ വഴിപാടിന്നായി കൊടുക്കേണം.
17 ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേൽഗൃഹത്തിന്റെ ഉത്സവസമയങ്ങളിലൊക്കെയും ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിപ്പാൻ പ്രഭു ബാദ്ധ്യസ്ഥനാകുന്നു; യിസ്രായേൽഗൃഹത്തിന്നു പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവൻ പാപയാഗവും ഭോജനയാഗവും ഹോമയാഗവം സമാധാനയാഗങ്ങളും അർപ്പിക്കേണം.
18 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം തിയ്യതി നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ എടുത്തു വിശുദ്ധമന്ദിരത്തിന്നു പാപപരിഹാരം വരുത്തേണം.
19 പുരോഹിതൻ പാപയാഗത്തിന്റെ രക്തത്തിൽ കുറെ എടുത്തു ആലയത്തിന്റെ മുറിച്ചുവരിലും യാഗപീഠത്തിന്റെ തട്ടിന്റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്റെ ഗോപുരത്തിന്റെ മുറിച്ചുവരിലും പുരട്ടേണം.
20 അങ്ങനെ തന്നേ നീ ഏഴാം മാസം ഒന്നാം തിയ്യതിയും അബദ്ധത്താലും ബുദ്ധിഹീനതയാലും പിഴെച്ചു പോയവന്നു വേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങൾ ആലയത്തിന്നു പ്രായശ്ചിത്തം വരുത്തേണം.
21 ഒന്നാം മാസം പതിന്നാലാം തിയ്യതിമുതൽ നിങ്ങൾ ഏഴു ദിവസത്തേക്കു പെസഹപെരുനാൾ ആചരിച്ചു പുളിപ്പില്ലാത്ത അപ്പം തിന്നേണം.
22 അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.
23 ഉത്സവത്തിന്റെ ഏഴു ദിവസവും അവൻ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അർപ്പിക്കേണം; പാപയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻ കുട്ടിയെയും അർപ്പിക്കേണം.
24 കാള ഒന്നിന്നു ഒരു ഏഫയും ആട്ടുകൊറ്റൻ ഒന്നിന്നു ഒരു ഏഫയും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണയും വീതം അവൻ ഭോജനയാഗം അർപ്പിക്കേണം.
25 ഏഴാം മാസം പതിനഞ്ചാം തിയ്യതിക്കുള്ള ഉത്സവത്തിൽ അവൻ ഈ ഏഴു ദിവസം എന്നപോലെ പാപയാഗത്തിന്നും ഹോമയാഗത്തിന്നും ഭോജനയാഗത്തിന്നും എണ്ണെക്കും തക്കവണ്ണം അർപ്പിക്കേണം.
അദ്ധ്യായം 46

1 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടെച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസ്യദിവസത്തിലും അതു തുറന്നിരിക്കേണം.
2 എന്നാൽ പ്രഭു പുറത്തുനിന്നു ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്നു, ഗോപുരത്തിന്റെ മുറിച്ചുവരിന്നരികെ നിൽക്കേണം; പുരോഹിതൻ അവന്റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കുമ്പോൾ അവൻ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം: എന്നാൽ ഗോപുരം സന്ധ്യവരെ അടെക്കാതെയിരിക്കേണം.
3 ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.
4 പ്രഭു ശബ്ബത്തുനാളിൽ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കേണം.
5 ഭോജനയാഗമായി അവൻ മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം.
6 അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനേയും അർപ്പിക്കേണം; ഇവയുടെ ഊനമില്ലാത്തവ ആയിരിക്കേണം.
7 ഭോജനയാഗമായി അവൻ കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം.
8 പ്രഭു വരുമ്പോൾ അവൻ ഗോപുരത്തിന്റെ പൂമുഖം വഴിയായി കടക്കയും ആ വഴിയായി തന്നേ പുറത്തേക്കു പോകയും വേണം.
9 എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ വടക്കെ ഗോപുരംവഴിയായി നമസ്കരിപ്പാൻ വരുന്നവൻ തെക്കെഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കെ ഗോപുരംവഴിയായി വരുന്നവൻ വടക്കെ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താൻ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിന്നെതിരെയുള്ളതിൽകൂടി പുറത്തേക്കു പോകേണം.
10 അവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവർ പോകുമ്പോൾ അവനുംകൂടെ പോകയും വേണം.
11 വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫെക്കു ഒരു ഹീൻ എണ്ണയും വീതം ആയിരിക്കേണം.
12 എന്നാൽ പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവെക്കു അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദർശനമുള്ള ഗോപുരം അവന്നു തുറന്നു കൊടുക്കേണം; അവൻ ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം; അവൻ പുറത്തേക്കു പോയ ശേഷം ഗോപുരം അടെക്കേണം.
13 ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവെക്കു ഹോമയാഗമായി അർപ്പിക്കേണം; രാവിലെതോറും അതിനെ അർപ്പിക്കേണം.
14 അതിന്റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയിൽ ആറിലൊന്നും നേരിയ മാവു കുഴക്കേണ്ടതിന്നു ഹീനിൽ മൂന്നിലൊന്നു എണ്ണയും അർപ്പിക്കേണം; അതു ഒരു ശാശ്വതനിയമമായി യഹോവെക്കുള്ള നിരന്തരഭോജനയാഗം.
15 ഇങ്ങനെ അവർ രാവിലെതോറും നിരന്തരഹോമയാഗമായി കുഞ്ഞാടിനെയും ഭോജനയാഗത്തെയും എണ്ണയെയും അർപ്പിക്കേണം.
16 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ പുത്രന്മാരിൽ ഒരുത്തന്നു ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു അവന്റെ അവകാശമായി അവന്റെ പുത്രന്മാർക്കുള്ളതായിരിക്കേണം; അതു അവകാശമായി അവരുടെ കൈവശം ഇരിക്കേണം.
17 എന്നാൽ അവൻ തന്റെ ദാസന്മാരിൽ ഒരുത്തന്നു തന്റെ അവകാശത്തിൽനിന്നു ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു വിടുതലാണ്ടുവരെ അവന്നുള്ളതായിരിക്കേണം; പിന്നത്തേതിൽ അതുപ്രഭുവിന്നു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാർക്കു തന്നേ ഇരിക്കേണം.
18 പ്രഭു ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുതു; എന്റെ ജനത്തിൽ ഓരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാൻ അവൻ സ്വന്ത അവകാശത്തിൽനിന്നു തന്നേ തന്റെ പുത്രന്മാർക്കു അവകാശം കൊടുക്കേണം.
19 പിന്നെ അവൻ ഗോപുരത്തിന്റെ പാർശ്വത്തിലുള്ള പ്രവേശനത്തിൽകൂടി എന്നെ വടക്കോട്ടു ദർശനമുള്ളതായി, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞൻ പടിഞ്ഞാറെ അറ്റത്തു ഒരു സ്ഥലം കണ്ടു.
20 അവൻ എന്നോടു: പുരോഹിതന്മാർ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതു ആകുന്നു; അവർ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു അവയെ പുറത്തു, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിപ്പാൻ തന്നേ എന്നു അരുളിച്ചെയ്തു.
21 പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു മൂലെക്കലും ചെല്ലുമാറാക്കി; പ്രാകാരത്തിന്റെ ഓരോ മൂലയിലും ഓരോ മുറ്റം ഉണ്ടായിരുന്നു.
22 പ്രാകാരത്തിന്റെ നാലു മൂലയിലം നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടെക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു മൂലയിലും ഉള്ള അവ നാലിന്നും ഒരേ അളവായിരുന്നു.
23 അവെക്കു നാലിന്നും ചുറ്റും ഒരു പന്തി കല്ലു കെട്ടിയിരുന്നു; ഈ കൽനിരകളുടെ കീഴെ ചുറ്റും അടുപ്പു ഉണ്ടാക്കിയിരുന്നു.
24 അവൻ എന്നോടു: ഇവ ആലയത്തിന്റെ ശുശ്രൂഷകന്മാർ ജനത്തിന്റെ ഹനനയാഗം പാകം ചെയ്യുന്ന വെപ്പുപുരയാകുന്നു എന്നു അരുളിച്ചെയ്തു.
അദ്ധ്യായം 47

1 അവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മടക്കിക്കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്തു കീഴെനിന്നു യാഗപീഠത്തിന്നു തെക്കുവശമായി ഒഴുകി.
2 അവൻ വടക്കോട്ടുള്ള ഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടു ചെന്നു പുറത്തെ വഴിയായി കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു.
3 ആ പുരുഷൻ കയ്യിൽ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽ കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി.
4 അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.
5 അവൻ പിന്നെയും ആയിരം മുഴം അളന്നു; അതു എനിക്കു കടപ്പാൻ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാൻ വഹിയാത്ത ഒരു നദിയായിത്തീർന്നു.
6 അവൻ എന്നോടു: മനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.
7 ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു.
8 അപ്പോൾ അവൻ എന്നോടു അരുളിച്ചെയ്തതു: ഈ വെള്ളം കിഴക്കെ ഗലീലയിലേക്കു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലിൽ വീഴുന്നു; കഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും.
9 എന്നാൽ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീർന്നിട്ടു സകലവും ജീവിക്കും.
10 അതിന്റെ കരയിൽ ഏൻ-ഗതി മുതൽ ഏൻ-എഗ്ളയീംവരെ മീൻപിടിക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും.
11 എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും കഴിനിലങ്ങളും പത്ഥ്യമായ്‍വരാതെ ഉപ്പുപടനെക്കായി വിട്ടേക്കും.
12 നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാൻ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.
13 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിർവിവരം: യോസേഫിന്നു രണ്ടു പങ്കു ഇരിക്കേണം.
14 നിങ്ങളുടെ പിതാക്കന്മാർക്കു നല്കുമെന്നു ഞാൻ കൈ ഉയർത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങൾക്കു എല്ലാവർക്കും ഭേദംകൂടാതെ അതു അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങൾക്കു അവകാശമായി വരും.
15 ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്ളോൻ വഴിയായി
16 സെദാദ്വരെയും ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്റെ അതിരിന്നും ഹമാത്തിന്റെ അതിരിന്നും ഇടയിലുള്ള സിബ്രയീമും ഹൌറാന്റെ അതിരിങ്കലുള്ള നടുഹാസേരും
17 ഇങ്ങനെ അതിർ സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
18 കിഴക്കു ഭാഗമോ ഹൌറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവെക്കും യിസ്രായേൽദേശത്തിന്നും ഇടയിൽ യോർദ്ദാൻ ആയിരിക്കേണം; വടക്കെ അതിർ മുതൽ കിഴക്കെ കടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കെഭാഗം.
19 തെക്കുഭാഗമോ തെക്കോട്ടു താമാർമുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീം തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.
20 പടിഞ്ഞാറുഭാഗമോ: തെക്കെ അതിർമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറെ ഭാഗം.
21 ഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം.
22 നിങ്ങൾ അതിനെ നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്നവരായി നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികൾക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവർ നിങ്ങൾക്കു യിസ്രായേൽമക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവർക്കു യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കേണം.
23 പരദേശി വന്നു പാർക്കുന്ന ഗോത്രത്തിൽ തന്നേ നിങ്ങൾ അവന്നു അവകാശം കൊടുക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അദ്ധ്യായം 48

1 എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ആവിതു: വടക്കെ അറ്റംമുതൽ ഹെത്ളോൻ വഴിക്കരികെയുള്ള ഹമാത്ത്‌വരെ വടക്കോട്ടു ദമ്മേശെക്കിന്റെ അതിരിങ്കലുള്ള ഹസർ-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഓഹരി ഒന്നു.
2 ദാന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ ആശേരിന്റെ ഓഹരി ഒന്നു.
3 ആശേരിന്റെ അതിരിങ്കൽ കിഴക്കെഭാഗം മുതൽ പടിഞ്ഞാറെഭാഗംവരെ നഫ്താലിയുടെ ഓഹരി ഒന്നു.
4 നഫ്താലിയുടെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ മനശ്ശെയുടെ ഓഹരി ഒന്നു.
5 മനശ്ശെയുടെ അതിരിങ്കൽ കിഴക്കുഭാഗംമുതൽ പടിഞ്ഞാറെ ഭാഗംവരെ എഫ്രയീമിന്റെ ഓഹരി ഒന്നു.
6 എഫ്രയീമിന്റെ അതിരിങ്കൽ കിഴക്കെഭാഗം മുതൽ പടിഞ്ഞാറെഭാഗംവരെ രൂബേന്റെ ഓഹരി ഒന്നു.
7 രൂബേന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ യെഹൂദയുടെ ഓഹരി ഒന്നു.
8 യെഹൂദയുടെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങൾ അർപ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം.
9 നിങ്ങൾ യഹോവെക്കു അർപ്പിക്കേണ്ടുന്ന വഴിപാടു ഇരുപത്തയയായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം.
10 ഈ വിശുദ്ധവഴിപാടു പുരോഹിതന്മാർക്കു ഉള്ളതായിരിക്കേണം; അതു വടക്കു ഇരുപത്തയ്യായിരംമുഴം നീളവും പടിഞ്ഞാറു പതിനായിരം മുഴം വീതിയും കിഴക്കു പതിനായിരം മുഴം വീതിയും തെക്കു ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നേ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം.
11 അതു എന്റെ കാര്യവിചാരണ നടത്തുകയും യിസ്രായേൽമക്കൾ തെറ്റിപ്പോയ കാലത്തു ലേവ്യർ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കേണം.
12 അങ്ങനെ അതു അവർക്കു ലേവ്യരുടെ അതിരിങ്കൽ ദേശത്തിന്റെ വഴിപാടിൽനിന്നു ഒരു വഴിപാടും അതി പരിശുദ്ധവുമായിരിക്കേണം.
13 പുരോഹിതന്മാരുടെ അതിരിന്നൊത്തവണ്ണം ലേവ്യർക്കു ഉരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നേ.
14 അവർ അതിൽ ഒട്ടും വിൽക്കരുതു; കൈമാറ്റം ചെയ്യരുതു; ദേശത്തിന്റെ ആദ്യഫലമായ ഇതു അന്യർക്കു കൈവശം കൊടുക്കയുമരുതു; അതു യഹോവെക്കു വിശുദ്ധമല്ലോ.
15 എന്നാൽ ഇരുപത്തയ്യായിരംമുഴം വീതിയിൽ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിന്നു വാസസ്ഥലവും വെളിൻ പ്രദേശവുമായ സാമാന്യഭൂമിയും നഗരം അതിന്റെ നടുവിലും ആയിരിക്കേണം.
16 അതിന്റെ അളവു ആവിതു: വടക്കെഭാഗം നാലായിരത്തഞ്ഞൂറും തെക്കെഭാഗം നാലായിരത്തഞ്ഞൂറും കിഴക്കെഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറെഭാഗം നാലായിരത്തഞ്ഞൂറും മുഴം.
17 നഗരത്തിന്നുള്ള വെളിൻ പ്രദേശമോ; വടക്കോട്ടു ഇരുനൂറ്റമ്പതും തെക്കോട്ടു ഇരുനൂറ്റമ്പതും കിഴക്കോട്ടു ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ടു ഇരുനൂറ്റമ്പതും മുഴം.
18 എന്നാൽ വിശുദ്ധവഴിപാടിന്നു ഒത്ത നീളത്തിൽ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിപ്പുള്ളതു വിശുദ്ധവഴിപാടിന്നു ഒത്തവണ്ണം തന്നേ ആയിരിക്കേണം; അതിന്റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം.
19 യിസ്രായേലിന്റെ സർവ്വഗോത്രങ്ങളിലുംനിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാർ അതിൽ കൃഷിചെയ്യേണം.
20 വഴിപാടിടം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കേണം. നഗരസ്വത്തോടുകൂടെ ഈ വിശുദ്ധവഴിപാടിടം സമചതുരമായി നിങ്ങൾ അർപ്പിക്കേണം.
21 ശേഷിപ്പോ പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ കിഴക്കെ അതിരിങ്കലും പടിഞ്ഞാറു ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഓഹരികൾക്കൊത്തവണ്ണം തന്നേ; ഇതു പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവിൽ ആയിരിക്കേണം;
22 പ്രഭുവിന്നുള്ളതിന്റെ നടുവിൽ ലേവ്യർക്കുള്ള സ്വത്തു മുതല്ക്കും നഗരസ്വത്തുമുതല്ക്കും യെഹൂദയുടെ അതിരിന്നും ബെന്യാമീന്റെ അതിരിന്നും ഇടയിൽ ഉള്ളതു പ്രഭുവിന്നുള്ളതായിരിക്കേണം.
23 ശേഷമുള്ള ഗോത്രങ്ങൾക്കോ: കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ബെന്യാമിന്നു ഓഹരി ഒന്നു.
24 ബെന്യാമീന്റെ അതിരിങ്കൽ കഴിക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗമവരെ ശിമെയോന്നു ഓഹരി ഒന്നു.
25 ശിമെയൊന്റെ അതിരിങ്കൽ കിഴക്കെഭാഗം മുതൽ പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന്നു ഓഹരി ഒന്നു.
26 യിസ്സാഖാരിന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ സെബൂലൂന്നു ഓഹരി ഒന്നു.
27 സെബൂലൂന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ഗാദിന്നു ഓഹരി ഒന്നു.
28 ഗാദിന്റെ അതിരിങ്കൽ തെക്കോട്ടു തെക്കെ ഭാഗത്തു അതിർ താമാർമുതൽ മെരീബത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം.
29 നിങ്ങൾ ചീട്ടിട്ടു യിസ്രായേൽഗോത്രങ്ങൾക്കു അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതു തന്നേ; അവരുടെ ഓഹരികൾ ഇവതന്നേ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
30 നഗരത്തിന്റെ പരിമാണമാവിതു: വടക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം.
31 നഗരത്തിന്റെ ഗോപുരങ്ങൾ യിസ്രായേൽഗോത്രങ്ങളുടെ പേരുകൾക്കു ഒത്തവണ്ണമായിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്നു; യെഹൂദയുടെ ഗോപുരം ഒന്നു; ലേവിയുടെ ഗോപുരം ഒന്നു.
32 കിഴക്കുഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു: യോസേഫിന്റെ ഗോപുരം ഒന്നു; ബെന്യാമീന്റെ ഗോപുരം ഒന്നു; ദാന്റെ ഗോപുരം ഒന്നു.
33 തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു; ശിമെയോന്റെ ഗോപുരം ഒന്നു; യിസ്സാഖാരിന്റെ ഗോപുരം ഒന്നു; സെബൂലൂന്റെ ഗോപുരം ഒന്നു.
34 പടിഞ്ഞാറെഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു: ഗാദിന്റെ ഗോപുരം ഒന്നു; ആശേരിന്റെ ഗോപുരം ഒന്നു; നഫ്താലിയുടെ ഗോപുരം ഒന്നു.
35 അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.